തൃശ്ശൂരിലേക്ക് അങ്കം വെട്ടാന്‍ ചേകവനായാണ് കിങ്ങിണിക്കുട്ടന്‍ പോയത്. തിരിച്ചു പോന്നതോ ചാവേറായിക്കൊണ്ട്! തിരിച്ചെത്തിയതും മുറിയില്‍ കയറി വാതിലടച്ച് ഒരൊറ്റ ഇരിപ്പാണ്. മിണ്ടാട്ടമില്ല ആരെയും കാണാന്‍ കൂട്ടാക്കാതെ ഒറ്റയിരിപ്പ്! താനിനി പൊതുരംഗത്തേക്കില്ല എന്ന് കൊള്ളി മുറിച്ചിട്ടു കഴിഞ്ഞു. പത്രക്കാര്‍ വീടിന്റെ ഗെയിറ്റില്‍ കാവലിരുന്ന് ലൈവ് കൊടുത്തു. എന്നിട്ടും കോണ്‍ഗ്രസ്സിന് ഒരു കുലുക്കവുമില്ല കോഴിക്കോട്ടു വഴി പോകവെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ വീട്ടില്‍ കയറി നോക്കി. കിങ്ങിണിക്കുട്ടല്‍ വഴങ്ങുന്നില്ല. നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ച വീരശൂര പരാക്രമി, ആര്‍എസ്എസ്സിനെ കണ്ണുരുട്ടി പേടിപ്പിച്ച ഭയങ്കരന്‍ തുടങ്ങി എന്തൊക്കെ സ്തുതിഗീതങ്ങളാണ് മണിയടി സംഘം സംഘഗാനമായി ആലപിച്ചത്. പാണന്‍ പാട്ടിന്റെ ഈണത്തില്‍ പത്രക്കാര്‍ മദ്ദളം കൊട്ടാന്‍ തുടങ്ങിയതോടെ തൃശ്ശൂര്‍ അങ്കത്തില്‍ താന്‍ തന്നെ ജയിച്ചു എന്ന് ഉറപ്പിക്കുകയും ചെയ്തു. അങ്കം കഴിഞ്ഞ ഉടനെ തൃശ്ശൂരില്‍ താമര വിരിയില്ല എന്നു പ്രഖ്യാപിച്ച കിങ്ങിണിക്കുട്ടന്‍ ബി.ജെ.പി മൂന്നാം സ്ഥാനത്തേ എത്തൂ എന്നും തറപ്പിച്ചുപറഞ്ഞു.
തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ കിങ്ങിണിക്ക് ഒരു കാര്യം ബോധ്യമായി. തന്നെ തന്റെ പാര്‍ട്ടിക്കാര്‍ തന്നെ പാലം വലിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ബൂത്തുകമ്മറ്റി പോലുമുണ്ടാക്കിയില്ല. അവര്‍ പ്രവര്‍ത്തിക്കാതെ കള്ളക്കണക്കെഴുതി പണം തട്ടി പറ്റിക്കുകയും ചെയ്തു. അങ്കത്തിനിറങ്ങും മുമ്പ് നേര്‍പെങ്ങള്‍ പത്മജ പറഞ്ഞതാണ്, ഗുലുമാലിന് പോകണ്ട എന്ന്. അത് പുറംകാലുകൊണ്ട് തട്ടിത്തെറിപ്പിച്ചായിരുന്നു ചേകവന്‍ തൃശ്ശൂര്‍ക്കു പോയത്. എല്ലാം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ്സുകാരോ സഖ്യകക്ഷിനേതാക്കളോ കിങ്ങിണിക്കുട്ടന്റെ വീടിന്റെ വഴിയില്‍ പോലും വന്നില്ല. ചാവേറായ മുരളിക്കുവേണ്ടി രണ്ടു തുള്ളി കണ്ണീരെങ്കിലും ഒഴുക്കാന്‍ ഉണ്ടായത് കുഞ്ഞാലിക്കുട്ടി മാത്രം. ചാവേറിന്റെ കുടീരത്തില്‍ അഭിവാദ്യം മുഴക്കി കയ്യുയര്‍ത്താന്‍ ലീഗുകാരെങ്കിലും ഉണ്ടായതു ഭാഗ്യം.
കെ.പി.സി.സി പ്രസിഡന്റ് കസേര തരാമെന്നു സുധാകരന്‍ പറഞ്ഞു നോക്കി. അതുക്കും മീതെയാണ് കിങ്ങിണിക്കുട്ടന്റെ കണക്കുകൂട്ടല്‍. വയനാട്ടില്‍ രാഹുല്‍ഗാന്ധി ഒഴിയുന്ന സീറ്റില്‍ കുറഞ്ഞ് ഒന്നും തന്നെ തനിക്കു വേണ്ട എന്ന പിടിവാശിയിലാണ് അദ്ദേഹം. അതു കിട്ടും വരെ പാര്‍ട്ടിക്കകത്ത് കിങ്ങിണിക്കുട്ടന്‍ ഒടിഞ്ഞ വാളുമായി അങ്കം പയറ്റിക്കൊണ്ടിരിക്കും.