കേരളത്തില്‍ ജീവിക്കുന്ന ഒരാള്‍ ഗാന്ധിജിയെക്കാള്‍ കൂടുതല്‍ ഹിറ്റ്‌ലറെ സ്‌നേഹിച്ചു പോയാല്‍, ആ മനുഷ്യനെ മാതൃകയാക്കിയാല്‍, ഒരിക്കലും ആ വ്യക്തിയെ കുറ്റംപറയാന്‍ പറ്റില്ല. കാരണം ഈ നാട്ടില്‍ ഗാന്ധിജിയേക്കാള്‍ എത്രയോ കൂടുതലായാണ് ഹിറ്റ്‌ലറും ഫാസിസം എന്ന വാക്കും ഉപയോഗിക്കപ്പെടുന്നത്. സത്യത്തില്‍ ഫാസിസം ഹിറ്റ്‌ലറുടെ വകയല്ല. അത് മുസ്സോളിനി രൂപപ്പെടുത്തിയെടുത്ത ഐഡിയോളജി ആണ്. അതിനോട് സാദൃശ്യമുള്ളതെങ്കിലും കുറച്ചൊക്കെ വ്യത്യസ്തമായ നിലപാടുകള്‍ ആയിരുന്നു നാസിസ്റ്റുകള്‍ക്കുള്ളത്. എങ്കിലും ഹിറ്റ്‌ലറോട് ചേര്‍ത്ത് കേരളത്തില്‍ നാസിസം ഉപയോഗിക്കാറില്ല പകരം ഫാസിസമേ പറയൂ. പാവം മുസ്സോളിനിയുടെ പ്രത്യയശാസ്ത്രത്തിന്റ പിതൃത്വം മലയാളികള്‍ ഹിറ്റ്‌ലര്‍ക്കാണ് കൊടുക്കുന്നത്.
പ്രശസ്തനാകാന്‍ എല്ലാ മനുഷ്യര്‍ക്കും ആഗ്രഹമുണ്ട്. താന്‍ ചെയ്യുന്നത് മറ്റുള്ളവര്‍ അംഗീകരിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാവില്ല. അതിന് നന്മയുടെ വഴി തന്നെ എല്ലാവരും തിരഞ്ഞെടുത്തുകൊള്ളണമെന്നില്ല. പ്രശസ്തനാകാന്‍ വേണ്ടി മാത്രം കൊലപാതകങ്ങള്‍ ചെയ്തവരും ചാവേറുകളായവരും എത്രയോ ഉണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തു തന്നെ പാര്‍ലമെന്റില്‍ ബോംബെറിയാന്‍ പോയ സംഘത്തില്‍ ഭഗത്‌സിംഗിനുണ്ടായിരുന്ന അമിതാവേശവും സ്വയം പ്രദര്‍ശന വ്യഗ്രതയും കാരണമാണ് ആ ദൗത്യം വിജയിക്കാതെ പോയതെന്ന് കൂട്ടത്തിലുണ്ടായിരുന്ന ഭട്‌കേശ്വര്‍ ദത്ത് പരാതി പറഞ്ഞതായി വായിച്ചിട്ടുണ്ട്. ലോകത്തില്‍ അറിയപ്പെടുന്ന തീവ്രവാദി ആക്രമണങ്ങളെല്ലാം അനിവാര്യമായ ഒരു കാരണത്തോടുള്ള ആഭിമുഖ്യം കൊണ്ടുമാത്രം സംഭവിക്കുന്നതല്ല. അക്രമം നടത്തിയിട്ടായാലും തന്റെ പേര് എല്ലാവരും അറിയണം എന്ന വ്യഗ്രത കൊണ്ട് ചിലര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കൂടിയാണ്.
കേരളത്തില്‍ ഇത്തരത്തില്‍ പ്രശസ്തി ദാഹിയായ ഒരു യുവാവ് ഉണ്ടെങ്കില്‍ അയാള്‍ ഒരിക്കലും ഗാന്ധിയുടെ വഴി തെരഞ്ഞെടുക്കാന്‍ ഇടയില്ല. മറിച്ച് ഹിറ്റ്‌ലറുടെ വഴിയേ തെരഞ്ഞെടുക്കൂ! കാരണം ഇവിടെ ഗാന്ധിയെ കേള്‍ക്കുന്നതിന്റെ ആയിരം ഇരട്ടി ഹിറ്റ്‌ലറെ കേള്‍ക്കേണ്ടി വരുന്നുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍, മതതീവ്രവാദികള്‍, യുക്തിവാദികള്‍, ആക്ടിവിസ്റ്റുകള്‍, നക്‌സലൈറ്റുകള്‍, ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരും വ്യാപകമായി ഉപയോഗിക്കുന്ന വാക്കാണ് ഫാസിസം. അതിന്റെ പ്രയോക്താവ് എന്ന് തെറ്റിദ്ധരിച്ച് ഹിറ്റ്‌ലറെയും അവരിങ്ങനെ ഉദ്ധരിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ജര്‍മ്മനിയുടേതിന് തുല്യമായ സാഹചര്യമാണത്രെ! എങ്കിലും എന്തുകൊണ്ടോ നാസിസം എന്നു പറയില്ല. മുസ്സോളിനിയുടെ വാക്കേ അവര്‍ ഹിറ്റലറോട് ചേര്‍ത്ത് ഉപയോഗിക്കൂ!
ഇന്ത്യ പോലെ എല്ലാവിധ സ്വാതന്ത്ര്യങ്ങളും അനുഭവിക്കുന്ന മണ്ണില്‍ നിന്നുകൊണ്ട് ഫാസിസം എന്നൊക്കെ വിളിച്ചുകൂവാന്‍ എളുപ്പമാണ്. അതൊരുതരം സുഖമുള്ള വാക്കുമാണ്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള നാസിസമോ, ഫാസിസമോ ഉണ്ടായിരുന്നുവെങ്കില്‍ ഇതില്‍ എത്രപേര്‍ ഉണ്ടാകുമായിരുന്നു പ്രതികരിക്കാന്‍? ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ആരെയും ശകാരിക്കാം ആര്‍ക്കുവേണമെങ്കിലും ഫാസിസ്റ്റ് എന്നോ നാസിസ്റ്റ് എന്നോ ഒക്കെ വിളിക്കാം. ഒരു പോലീസും തിരക്കി വീട്ടില്‍ വരില്ല. എന്നാല്‍ ജര്‍മ്മനിയിലേതിനു സമാനമായ അന്തരീക്ഷം ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍ ഈ ബുദ്ധിജീവി നാട്യക്കാര്‍ക്ക് ആര്‍ക്കെങ്കിലും സംസാരിക്കാന്‍ ധൈര്യം ഉണ്ടാകുമായിരുന്നോ?
ജര്‍മ്മന്‍ നാസിസത്തെ പോലെ വംശീയ ഉന്മൂലനമൊന്നും ഉണ്ടായില്ലെങ്കിലും അതിന്റെ തീരെ ചെറിയ ഒരു പതിപ്പായിരുന്നു 1975-ല്‍ ഇന്ത്യയില്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ. അന്ന് ഇപ്പോഴത്തെ ഫാസിസ്റ്റ് വിരുതന്മാരില്‍ ഒരാള്‍ പോലും പ്രതിഷേധിക്കാന്‍ ധൈര്യപ്പെട്ടില്ല. വിപ്ലവകാരികള്‍ എല്ലാം മാപ്പ് എഴുതി കൊടുത്തു പുറത്തിറങ്ങുകയാണ് ഉണ്ടായത്. ആകെ പ്രതിഷേധിച്ചവര്‍ ഇപ്പോള്‍ ഫാസിസ്റ്റുകള്‍ എന്ന വിളി കേള്‍ക്കേണ്ടി വരുന്നവര്‍ മാത്രമാണ്. അവരില്‍ പലരും ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടി ജയിലിലായിരുന്നു. ഈ ലേഖകന്‍ അന്നൊരു ചെറിയ കുട്ടിയായിരുന്നെങ്കിലും അന്നത്തെ അനുഭവങ്ങള്‍ പങ്കുവെച്ച പലരില്‍ നിന്നും ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.
മാതൃഭൂമിയില്‍ ജെ.പ്രഭാഷ് ഹിറ്റ്‌ലറുടെ ആത്മകഥാപരമായ (മെയ് 26) മാനിഫെസ്റ്റോയുടെ നൂറാം വാര്‍ഷികത്തെക്കുറിച്ച് വിപുലമായ ഒരു ലേഖനം എഴുതിയിരിക്കുന്നു. വി.ഡി.സവര്‍ക്കറെയും എം.എസ് ഗോള്‍വല്‍ക്കറെയും ഹിറ്റ്‌ലറോട് താരതമ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിചാര ശീലമുള്ളവര്‍ക്ക് ഇത് വായിക്കുമ്പോള്‍ ചിരിക്കുവാനേ കഴിയൂ. ജീവിതത്തില്‍ കഞ്ചാവ് കണ്ടിട്ടില്ലാത്ത ഒരു കുട്ടിയുടെ മുന്നില്‍ നിന്ന് ഒരു എക്‌സൈസ് ഉദ്യോഗസ്ഥനോ സൈക്കോളജിക്കല്‍ കൗണ്‍സിലറോ ഒരു കഞ്ചാവ് ബീഡി കാണിച്ചിട്ട് ‘ദാ ഇതുപോലെ ഇത് വലിച്ചു കയറ്റാന്‍ പാടില്ല’ എന്ന് ഒരു ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുന്നതിന് തുല്യമാണ് പ്രഭാഷിനെ പോലുള്ളവരുടെ എഴുത്തു കൊണ്ടുള്ള പ്രയോജനം. മെയിന്‍ കാംഫ് (ങലശി ഗമാുള) ഒരുതരത്തിലും പ്രാധാന്യമുള്ള കൃതിയല്ല. അതിന്റെ ആദ്യ പതിപ്പില്‍ നിറയെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളും ആയിരുന്നു എന്നും കേട്ടിട്ടുണ്ട്. കമ്മ്യൂണിസവും ദേശീയതയും ക്രിസ്ത്യാനിറ്റിയും തെറ്റായി മനസ്സിലാക്കിയ വേണ്ടത്ര വിദ്യാഭ്യാസമോ സാമൂഹ്യ ബോധമോ ഒന്നും ഇല്ലാതിരുന്ന ഒരു പ്രാകൃത മനുഷ്യനായിരുന്ന ഹിറ്റ്‌ലറെ നിരന്തരം ഉദ്ധരിക്കുകയും അതിന് സമാനമായ അന്തരീക്ഷമാണ് ഇന്ത്യയിലെന്ന് മുറവിളി കൂട്ടുകയും ചെയ്തുകൊണ്ടിരുന്നാല്‍ ഏതെങ്കിലും ചില വികൃത മനസ്‌കര്‍ക്ക് ഹിറ്റ്‌ലറോടും അയാളുടെ ചിന്താ പദ്ധതികളോടും ആരാധനയുണ്ടായാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല.
ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടവും സംവിധാനവുമെല്ലാം സമ്പൂര്‍ണ്ണ ജനാധിപത്യത്തിലധിഷ്ഠിതമാണ്. അതില്‍ ചില പാര്‍ട്ടികള്‍ പരാജയപ്പെടുകയും താരതമ്യേന അഴിമതി കുറഞ്ഞവര്‍ വിജയിക്കുകയും ചെയ്യുന്നത് സ്വാഭാവികം. അഴിമതി കണ്ടു മടുത്തിട്ടാണ് ഭാരതീയര്‍ നിലവില്‍ ഉണ്ടായിരുന്ന പാര്‍ട്ടികളെ അധികാരത്തില്‍ നിന്നിറക്കിയതും മറ്റുചിലരെ കയറ്റിയതും. ഇറങ്ങിക്കഴിഞ്ഞവര്‍ ഉടന്‍തന്നെ ജനാധിപത്യം മരിച്ചു, ഫാസിസം വന്നു എന്നൊക്കെ നിലവിളിക്കുന്നത് പരിഹാസ്യമാണ്. ആ നിലവിളി വലിയ ദാര്‍ശനിക സ്വഭാവത്തോടെ ആവര്‍ത്തിക്കുന്നത് മുകളില്‍ സൂചിപ്പിച്ചതുപോലെ സ്വേച്ഛാധിപത്യ പ്രവണതകള്‍ക്ക് വെള്ളവും വളവും നല്‍കലാണ്. ലേഖനത്തിന്റെ തലക്കെട്ട് തന്നെ ‘മെയിന്‍ കാംഫിന്റെ വിചാരധാരകള്‍’ എന്നാണ്. എം. എസ്.ഗോള്‍വല്‍ക്കറുടെ ‘വിചാരധാര’യെ ഹിറ്റ്‌ലറുടെ കൃതിയുമായി താരതമ്യം ചെയ്താണ് പ്രഭാഷ് എഴുതുന്നത്. ഇതുകൊണ്ട് പ്രയോജനമൊന്നും ഇല്ലെന്ന് അദ്ദേഹം വൈകാതെ മനസ്സിലാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സച്ചിദാനന്ദന്‍ മാതൃഭൂമിയില്‍ ‘ദ്രൗപതിയുടെ ആത്മഗതം’ എന്നൊരു കഥ എഴുതിയിരിക്കുന്നു. കഷ്ടം! എന്നേ പറയാന്‍ കഴിയൂ. “Nadir of degeneration’–(അപചയത്തിന്റെ നെല്ലിപ്പലക) എന്നെല്ലാതെ എന്തുപറയാന്‍. ഒരു കവിക്ക് സംഭവിച്ചിരുക്കുന്ന അധഃപതനം അല്ലാതെ മറ്റൊന്താണ് ഇത്? പാഞ്ചാലിയെ കൊണ്ട് കൃഷ്ണനെ പ്രണയിപ്പിക്കാനാണ് പ്രഭാവര്‍മ്മ പണ്ട് ‘ശ്യാമമാധവം’ എഴുതിയത്. ഇപ്പോള്‍ സച്ചിദാനന്ദന്‍ അതേ പാഞ്ചാലിയെ കൊണ്ട് കര്‍ണ്ണനെ പ്രണയിപ്പിക്കാന്‍ ശ്രമിക്കുന്നു. എം.ടി. രണ്ടാമൂഴത്തില്‍ പറഞ്ഞുവെച്ചത് സൈരന്ധ്രിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായിരുന്നു എങ്കിലും ആത്മാര്‍ത്ഥമായി അര്‍ജ്ജുനനെ മാത്രമേ സ്‌നേഹിച്ചിരുന്നുള്ളൂ എന്നാണ്. പാവം പാഞ്ചാലി! സച്ചിദാനന്ദന്‍ പറഞ്ഞതിലും നന്നായി ഇതൊക്കെ പി.കെ. ബാലകൃഷ്ണന്‍ ‘ഇനി ഞാന്‍ ഉറങ്ങട്ടേ’യില്‍ പറഞ്ഞു. കര്‍ണ്ണന്‍ സൂത പുത്രനായിരുന്നതുകൊണ്ട് സൂതന്മാര്‍ താഴ്ന്ന ജാതിക്കാരാണ് എന്ന് തെറ്റിദ്ധരിച്ച് ഒരു പ്രത്യേക വാത്സല്യം ആ കഥാപാത്രത്തോട് കാണിക്കുന്നത് കേരളത്തിലെ ചില ജാതിവാദികളുടെ സ്ഥിരം പണിയാണ്. സത്യത്തില്‍ സൂതന്മാര്‍ താഴ്ന്ന ജാതി വിഭാഗത്തില്‍ പെട്ടവരെല്ല. ബ്രാഹ്‌മണസ്ത്രീയില്‍ ക്ഷത്രിയനു ജനിക്കുന്നവരാണ് സൂതന്മാര്‍. ക്ഷത്രിയസ്ത്രീകളില്‍ വൈശ്യന്മാര്‍ക്ക് ജനിക്കുന്ന കുട്ടികളും ബ്രാഹ്‌മണസ്ത്രീകളില്‍ ശൂദ്രന്മാര്‍ക്ക് ജനിക്കുന്ന കുട്ടികളും സൂതന്മാരാകും എന്നു മനുസ്മൃതിയില്‍ കാണുന്നു. മൂന്നു രീതിയിലായാലും സൂതന്മാര്‍ താഴ്ന്ന ജാതിയില്‍ പെടുന്നില്ല. അപഥസഞ്ചാരത്തിന്റെ ഫലമായി ജനിച്ചതിന്റെ പതിത്യമേ സൂതന്മാര്‍ക്കുള്ളൂ. ‘പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’ എന്ന കുഞ്ചന്‍നമ്പ്യാരുടെ ഈരടി പോലെ കവിതയൊന്നും പഴയതുപോലെ ഏല്‍ക്കാത്തതുകൊണ്ടാവാം പാഞ്ചാലിയെ ആക്ഷേപിച്ച് ശ്രദ്ധ പിടിച്ചുപറ്റാമെന്ന് പാവം കവി വിചാരിച്ചത്.
കവിത എന്ന പേരില്‍ എന്തൊക്കെയോ തട്ടിക്കൂട്ടി കവിയായി നടക്കുന്ന ധാരാളംപേര്‍ നമ്മുടെ നാട്ടിലുണ്ടല്ലോ. അക്കൂട്ടത്തില്‍ ഒരാളാണ് പി.രാമനും എന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ ഒരു കവിതയും ശ്രദ്ധിക്കപ്പെട്ടതായി ഇന്നുവരെയും കണ്ടിട്ടില്ല. മാധ്യമം വാരികയില്‍ (മെയ് 20-27) ഒരു കവിത എഴുതിയിട്ടുണ്ട് ഈ കവി. കവിതയുടെ പേര് ‘പൗര’- കവി ഉദ്ദേശിച്ചത് ‘പൗരി’ എന്നായിരുന്നു. പൗരന്‍ എന്നതിന്റെ സ്ത്രീലിംഗം ‘പൗര’ എന്നല്ല ‘പൗരി’ എന്നാണ്. അക്കാര്യം കവിക്കും പത്രാധിപര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ‘പൗര’ എന്നാല്‍ പുരത്തെ സംബന്ധിച്ച, രാജ്യത്തെ സംബന്ധിച്ച എന്നൊക്കെയേ അര്‍ത്ഥമുള്ളൂ. ‘പൗരി’ക്ക് പകരം ‘പൗര’ ഉപയോഗിച്ചു എന്ന തെറ്റ് മാത്രമല്ല, കവിതയെന്ന് പറയാന്‍ യാതൊന്നും തന്നെയില്ല എന്നും പറ യേണ്ടിവരുന്നു. രാവിലെ വന്ന് ഒരു സ്ത്രീ വോട്ടിട്ടു പേലും. അവസാനവും മറ്റൊരു സ്ത്രീ വന്നത്രെ! നല്ല കാര്യം. അവരുടെ പൗരബോധം അംഗീകരിക്കേണ്ടതുതന്നെ.
അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറ്റവും പ്രയാസം ഹാസ്യമാണ്. ഹാസ്യം കൈകാര്യം ചെയ്യുന്നവര്‍ക്ക് മറ്റേത് വേഷവും നന്നായി ചെയ്യാന്‍ കഴിയും. അടൂര്‍ഭാസി നല്ല വില്ലനും നായകനും ഒക്കെയായി തിളങ്ങിയിട്ടുണ്ട്. ജഗതിക്കും ഏതു വേഷവും ഇണങ്ങുമായിരുന്നെങ്കിലും അപൂര്‍വ്വമാേയ അദ്ദേഹത്തിനു മറ്റു വേഷങ്ങള്‍ കിട്ടിയിട്ടുള്ളൂ. ഇന്നസെന്റ് ഹാസ്യം പോലെ മറ്റു വേഷങ്ങളും നന്നായി ചെയ്തിട്ടുണ്ട്. ഹാസ്യം ഉപേക്ഷിച്ച് മറ്റു കഥാപാത്രങ്ങളായി തിളങ്ങിയത് സുരാജ് വെഞ്ഞാറമൂടിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഈ സകലകലാവല്ലഭത്വം പലര്‍ക്കും അത്ര സഹിക്കാനായില്ല. അതുകൊണ്ട് ഇപ്പോള്‍ വേഷങ്ങള്‍ കുറഞ്ഞിരിക്കുന്നു. നായകനാണെങ്കിലും നന്നായി ഹാസ്യവും കൈകാര്യം ചെയ്യാന്‍ കഴിയുന്നു എന്നത് മോഹന്‍ലാലിന്റെ ഒരു പ്ലസ് പോയിന്റ് ആണ്. മറ്റു നായകന്മാര്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേക കഴിവ്! അതൊക്കെ കണക്കിലെടുത്താവണം ലാലിനെ ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന് വിളിക്കുന്നത്. മാധ്യമം വാരികയില്‍ വിജിത്ത് എം.സി. ‘അല്ലാ തമാശ്യാക്യാണ്…’ എന്നപേരില്‍ ഹാസ്യനടന്മാരെക്കുറിച്ച് എഴുതിയിരിക്കുന്നു. നായകനടന്മാര്‍ക്കു മാത്രമേ നല്ല നടനുള്ള അവാര്‍ഡ് കൊടുക്കൂ എന്ന വിചിത്രമായ നിലപാട് നമ്മുടെ നാട്ടിലുള്ളതുകൊണ്ട് ഭാസി, ശങ്കരാടി, ഒടുവില്‍, ബഹദൂര്‍ തുടങ്ങിയ മഹാനടന്മാര്‍ ശ്രദ്ധിക്കപ്പെടാതെ പോയി.