ആത്മഹര്‍ഷത്തിന്‍ പടവുകളേറി ഞാന്‍
കുടജശൈലത്തിലെത്തിയ നാളുകള്‍
വിമല വിശ്രുത വാഴ്‌വിന്‍ തഴപ്പുകള്‍
വിമുഖമായെന്നെ നോക്കിയ നാളുകള്‍
ചിരപരിചിത മന്ദാര കന്ദളം
പുതിയ പാഠം പഠിപ്പിച്ച വേളകള്‍
ഹരിത നീരാള മാമല മേടുകള്‍
ലളിത രൂപം വരച്ചുമായിക്കവേ
മതിയിലക്ഷര മാത്രകളാകവേ
പുതിയ കാവ്യപ്രപഞ്ചം തുറക്കുന്നു.
കുളിരു പൂക്കുന്ന സൗപര്‍ണ്ണികയ്ക്കകം
വിബുധ കല്ലോല ജാലം വിളിക്കുന്നു.
എഴുതിമായ്ക്കാന്‍ കഴിവെഴും ജീവിത
പ്രവഹമാണെന്റെ സന്ദേശമെന്നതും
ഗഹന കാന്താരസീമകള്‍ ചുറ്റിലും
പുതിയ താളുകള്‍ നിത്യനിവേദ്യങ്ങള്‍.
അണയുവാന്‍ വെമ്പിനില്‍ക്കും വിളക്കുകള്‍
പതിയെ മന്ത്രിപ്പൂ നിത്യം തെളിയണം.
നിത്യമുത്സവപ്പന്തല്‍ത്തണലിലായ്
നിത്യ കല്യാണ ഗാത്രി വരുംന്നേരം
ഞാനറിയാതെ ചേതന മന്ത്രിപ്പൂ
നിത്യഷോഡശമന്ത്രാങ്കുരങ്ങളെ
രാവിലിന്നെന്റെ കണ്ണിന്നുകൂട്ടായ്
പാരിലൂറുന്ന വാക്കിനു നാദമായ്
നേരിനാഴങ്ങള്‍ തേടും കവിതയായ്
അക്ഷരങ്ങളാമക്ഷതം സാക്ഷിയായ്
നീ വിരിയാവൂ ഹൃത് പത്മരേഖയായ്
നാവിന്‍ നാദ കദംബ വിപിനമായ്.