ബാലസാഹിത്യരംഗത്തും, ചരിത്രരചനാരംഗത്തും, ആത്മകഥാ സാഹിത്യരംഗത്തും, യാത്രാവിവരണസാഹിത്യ രംഗത്തും മലയാളക്കരയില്‍ മുമ്പേ നടന്ന പാച്ചുമൂത്തത് ലോട്ടറി സമ്പ്രദായം മലയാളക്കരയില്‍ ആദ്യം കൊണ്ടുവന്നയാള്‍, സാഹിത്യപ്രവര്‍ത്തകരംഗത്തെ ആദ്യ സംഘാടകന്‍ അങ്ങനെ പലതിനും തുടക്കംകുറിച്ച വ്യക്തിയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബഹുമുഖ പ്രതിഭയായ പാച്ചുമൂത്തതിന്റെ ജീവിതം ഗവേഷണരംഗത്തെ ചില പരാമര്‍ശങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ആയുര്‍വ്വേദം, ജ്യോതിശാസ്ത്രം, ചരിത്രം, ഭാഷയുടേയും സാഹിത്യത്തിന്റേയും വിവിധ തലങ്ങള്‍-എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ മികവുതെളിയിച്ച അസാമാന്യ മനീഷിയാണ് പാച്ചുമൂത്തത്. ഇങ്ങിനെ ഒരു പണ്ഡിതന്‍ നമ്മുടെ ഇടയില്‍ ജീവിച്ചിരുന്നു എന്ന കാര്യം ഇന്ന് പലരും വിസ്മരിച്ചിരിക്കുന്നു.
1814 ജൂണ്‍ 5-ന് (989 ഇടവം 25 ഞായറാഴ്ച പൂരാടം നക്ഷത്രത്തില്‍) പടിഞ്ഞാറേടത്ത് നീലകണ്ഠന്‍ മൂത്തതിന്റെ പുത്രനായി പരമേശ്വരന്‍ മൂത്തത് ജനിച്ചു. ബാലാരിഷ്ടയും യോഗാരിഷ്ടയും ദാരിദ്ര്യവും കൂടിച്ചേര്‍ന്നതായിരുന്നു പരമേശ്വരന്റെ ബാല്യം. ക്ഷേത്രത്തില്‍നിന്നുകിട്ടുന്ന ‘അനുഭവം’ മാത്രമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. ഭക്ഷണത്തിനും വസ്ത്രത്തിനും പോലും ബുദ്ധിമുട്ടായിരുന്നു. പതിനൊന്നുവയസ്സുവരെ അക്ഷരജ്ഞാനം മാത്രമേ ലഭിച്ചിരുന്നുള്ളൂ. പിന്നീട് ഏകദേശം ഒരു വ്യാഴവട്ടക്കാലം തൃപ്രയാറും പെരുവനത്തും വൈക്കത്തുമായി താമസിച്ച് തൃപ്രങ്ങോട്ട് കുഞ്ഞുണ്ണി മൂത്തത്, വെച്ചൂര്‍ തേവലക്കാട്ട് മൂത്തത്, നല്ലൂര്‍ക്കണ്ടി നമ്പൂതിരി, താഴയ്ക്കാട്ട് കണ്ണന്‍ പൊതുവാള്‍, തിരുനക്കര ചോഴിയത്ത് നമ്പൂതിരി, ചിദംബരം പിച്ചു ശാസ്ത്രികള്‍ തുടങ്ങി നിരവധി പണ്ഡിതശ്രേഷ്ഠന്മാരുടെ ശിഷ്യത്വം സ്വീകരിച്ച് കാവ്യ നാടകാലങ്കാരങ്ങളും, തര്‍ക്കസംഗ്രഹവും, അഷ്ടാദ്ധ്യായിയും വ്യാകരണവും പാഠകവും വൈദ്യവും സ്വായത്തമാക്കി. കൊടുങ്ങല്ലൂര്‍ കളരിയുമായും പരമേശ്വരന്‍ ബന്ധപ്പെട്ടു. ഇക്കാലത്ത് ക്ഷേത്രങ്ങളില്‍ പാഠകമവതരിപ്പിച്ച് ലഭിക്കുന്ന പ്രതിഫലത്തിലൂടെയാണ് അഷ്ടിക്കും യാത്രാച്ചിലവിനും പരമേശ്വരന്‍ വക കണ്ടെത്തിയിരുന്നത്.
പരമേശ്വരന് മഹാരോഗവും വൈക്കത്തപ്പന്റെ അനുഗ്രഹവും ഇരുപത്തിയാറാം വയസ്സില്‍ മഹാരോഗം (കുഷ്ഠം) പരമേശ്വരനെ പിടികൂടി. ചികിത്സകൊണ്ട് കാര്യമായ പ്രയോജനമൊന്നും കാണാതായപ്പോള്‍ മഹാഭിഷഗ്വരനായ മഹാദേവനെത്തന്നെ (വൈക്കത്തപ്പനെ) ശരണം പ്രാപിക്കുവാന്‍ പരമേശ്വരന്‍ തീര്‍ച്ചയാക്കി. വൈക്കത്തമ്പലത്തില്‍ സംവത്സരഭജനമിരുന്നു. പ്രതീക്ഷിച്ച ഫലം സിദ്ധിക്കാത്തതിനാല്‍ 1845 ജനുവരി 30-മുതല്‍ വലിയ ഭജനമാരംഭിച്ചു. ഭജനരീതി ക്ലേശകരമായിരുന്നുവെങ്കിലും പാച്ചുമൂത്തത് ‘വലിയഭജനം’ നിര്‍വിഘ്നപരിസമാപ്തിയിലെത്തിച്ചു. തുടര്‍ന്ന് 12 ദിവസം ഉദയനാപുരത്തും ഭജനമിരുന്നു. 1020 മേടമാസത്തില്‍ പാച്ചുമൂത്തതിന് വസൂരി രോഗവും ബാധിച്ചു. രോഗം അതികലശലായി, പാച്ചുമൂത്തത് അബോധാവസ്ഥയിലായി. എപ്പോള്‍ വേണമെങ്കിലും അന്ത്യം സംഭവിക്കാമെന്ന അവസ്ഥയിലായിരുന്നു പാച്ചുമൂത്തത്. വൈക്കത്തപ്പന്‍ പ്രത്യക്ഷപ്പെട്ട അസുലഭ അനുഭവത്തെക്കറിച്ച് ആത്മകഥയില്‍ പാച്ചുമൂത്തത് പറയുന്നു. ”……മൂന്നാംദിവസം രാത്രിയില്‍ നാലാംയാമത്തില്‍ അതിധവളമായ തേജസ്സോടെ ചതുര്‍ബാഹുവായ ശ്രീപരമേശ്വരന്റെ സ്വരൂപം അടുക്കല്‍ കണ്ടു. മുണ്ടനായിട്ട് കയ്യില്‍ ഒരുവടിയും ഭസ്മരുദ്രാക്ഷങ്ങളും അലങ്കാരങ്ങളും ധരിച്ച് കൗതുകമായ ചെറുപ്പത്തോടുകൂടി ഒരാളും കൂടെയുണ്ട്. ആ സ്വരൂപം കണ്ടപ്പോഴത്തെ ആനന്ദം ഓര്‍ത്താല്‍ ഇപ്പോഴും അന്തക്കരണത്തില്‍ ആനന്ദശീതളമുണ്ടാകുന്നു. എന്റെമേല്‍ ഭസ്മമിട്ടു…. പിന്നെ കിടക്കുന്ന കട്ടിലിന്റെ നാലുപുറവും ഭസ്മം വരച്ചു. കൂടെവന്ന ഭൃത്യനെ തലയ്ക്കല്‍ നിര്‍ത്തിയിട്ട് മറഞ്ഞു…”യാഥാര്‍ത്ഥ്യമായാലും സ്വപ്നമായാലും പാച്ചുമൂത്തതിന്റെ മനസ്സില്‍ വൈക്കത്തപ്പന്റേയും ഉദയനാപുരത്തപ്പന്റേയും രൂപങ്ങള്‍ രൂഢമൂലമായിരുന്നു എന്നത് അവിതര്‍ക്കമാണ്. തുടര്‍ന്ന് രോഗത്തിന് ക്രമേണ ശാന്തത കൈവരികയും 22-ാം ദിവസം കുളിക്കുകയും ദേഹത്തിലെ പൊറ്റകളെല്ലാം അടര്‍ന്നുപോകുകയും ചെയ്തു. ശരീരം നല്ലനിറത്തോടുകൂടി കാണപ്പെടുകയും പരിപൂര്‍ണ്ണ ആരോഗ്യവാനായിത്തീരുകയും ചെയ്തു.
ഇരുകൈകളിലും വീരശൃംഖല
വലിയ ഭജനത്തില്‍കൂടി ഉയിര്‍ത്തെഴുന്നേറ്റ പാച്ചുമൂത്തത് തന്റെ കര്‍മ്മരംഗത്ത് മുഴുകി. കൊച്ചി ദിവാന്‍ ശങ്കരവാര്യര്‍, കൊച്ചി വലിയ തമ്പുരാന്‍ തുടങ്ങിയ പ്രമുഖരെ ചികിത്സിച്ച് രോഗം ഭേദപ്പെടുത്തിയ പാച്ചുമൂത്തതിന് കൊച്ചിത്തമ്പുരാനില്‍നിന്നും ഇരുകൈകളിലും വീരശൃംഖല ലഭിച്ചു. കണ്ണമ്പ്ര നേത്യാരമ്മയുടെ രോഗം ചികിത്സിച്ചു ഭേദമാക്കിയതിന് തൃശ്ശൂരില്‍ തീപ്പെട്ട തമ്പുരാനും പാച്ചുമൂത്തതിന് വീരശൃംഖല നല്‍കി. കൊട്ടാരത്തില്‍നിന്ന് പ്രത്യേക ആനുകൂല്യത്തോടെ എറണാകുളത്ത് താമസമാക്കി. കൊല്ലവര്‍ഷം 1029-ല്‍ തിരുവിതാംകൂര്‍ ജഡ്ജിയെ ചികിത്സിക്കുവാനായി നിയമിതനായി. ക്രമേണ പാച്ചുമൂത്തതിന്റെ പ്രവര്‍ത്തനരംഗം അനന്തപുരിയിലാകുകയും അവിടെ കൊട്ടാരം വൈദ്യനായി നിയമിതനാകുകയും ചെയ്തു.
രോഗനിര്‍ണ്ണയത്തിലും ചികിത്സാവിധിയിലും പാച്ചുമൂത്തത് പ്രഥമഗണനീയനായി. പാച്ചുമൂത്തതിന്റെ ചികിത്സാനിപുണതയുടെ അംഗീകാരമായി തിരുവിതാംകൂര്‍ മഹാരാജാവ് പാച്ചുമൂത്തതിനെ വീരശൃംഖല അണിയിക്കുകയും കുടുംബത്തിലേക്ക് പല ആനുകൂല്യങ്ങളും അനുവദിക്കുകയുമുണ്ടായി. തിരുവിതാംകൂര്‍ കൊട്ടാരംവൈദ്യനായി പ്രതിമാസ ശമ്പളത്തില്‍ നിയമിക്കുകയും ചെയ്തു. കൊല്ലവര്‍ഷം 1049-ല്‍ പാച്ചുമൂത്തതിന്റെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്ന് സ്വര്‍ണ്ണമാലയും സ്വര്‍ണ്ണംകെട്ടിയ വടിയും ഉപഹാരമായി നല്‍കി. കൊട്ടാരത്തില്‍ സാധാരണയില്‍ കവിഞ്ഞ സ്വാതന്ത്ര്യവും പാച്ചുമൂത്തതിനുണ്ടായിരുന്നു. അതുമാത്രമല്ല, വൈക്കത്ത് തെക്കേനടയില്‍ പാച്ചുമൂത്തതിന് കൊട്ടാരത്തില്‍നിന്ന് ഒരു മഠം പണിതുകൊടുക്കുകയും ചെയ്തു.
വലിയഭജനം
വൈക്കത്തപ്പന്റെ തിരുസന്നിധിയില്‍ നടത്താറുള്ളതായി രേഖപ്പെടുത്തി കാണുന്നതായ അതിവിശിഷ്ടമായ ഒരു ഭജനരീതിയാണ് വലിയ ഭജനം എന്ന പേരില്‍ അറിയപ്പെടുന്നത്. ഭാര്‍ഗ്ഗവപുരാണത്തില്‍ നിര്‍ദ്ദേശിച്ചതും രോമഹര്‍ഷണന്‍ അനുവര്‍ത്തിച്ച രീതിയിലുള്ളതെന്ന് പറയുന്ന ഭജനക്രമം ഇവിടെ ഉദ്ധരിക്കുന്നു. ഈശ്വരാനുഗ്രഹവും ദൃഢനിശ്ചയവും ഇച്ഛാശക്തിയുമുള്ളവര്‍ക്കുമാത്രമെ വലിയഭജനം പൂര്‍ത്തിയാക്കുവാന്‍ കഴിയുകയുളളു. 360 ദിവസം നീണ്ടുനില്‍ക്കുന്നതാണ് വലിയ ഭജനത്തിന്റെ കാലദൈര്‍ഘ്യം. ഇതിനെ 40 ദിവസം വീതമുള്ള 9 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഇക്കാലത്ത് ഊണും ഉറക്കവുമെല്ലാം ക്ഷേത്രമതില്‍ക്കെട്ടിനുള്ളിലായിരിക്കും. മലമൂത്രവിസര്‍ജ്ജനാദികള്‍ക്കുമാത്രമെ ക്ഷേത്രസങ്കേതത്തിന് പുറത്തുപോകുവാന്‍ പാടുള്ളു. മാത്രമല്ല ഊണിനും ഉറക്കത്തിനും മറ്റു ദിനചര്യയിലും കടുത്ത നിയന്ത്രണമുണ്ട്. ആരോഹവ്രതമെന്ന ഒന്നാം മണ്ഡലത്തില്‍ ഉച്ചപ്പൂജയ്ക്കുശേഷം ഉപ്പും മുളകുംമാത്രം ചേര്‍ത്ത് നിവേദ്യാന്നം ഒരുനേരം ഭക്ഷിക്കാം. രണ്ടാം മണ്ഡലകാലം മൗനവ്രതമാചരിക്കണം. ഉപ്പും പുളിയുമില്ലാത്ത നിവേദ്യാന്നം ഒരുനേരം ഭക്ഷിക്കാം. ഇതിനെ സ്ഥിതിമണ്ഡലമെന്നുവിളിക്കുന്നു. മൂന്നാംമണ്ഡലത്തില്‍ ആരോഹവ്രതമാവര്‍ത്തിക്കുന്നു. ഉദയാസ്തമയമെന്നു വിശേഷിപ്പിക്കുന്ന നാലാം മണ്ഡലത്തില്‍ മൗനവ്രതത്തോടെ ആരോഹവ്രതമനുഷ ്ഠിക്കണം. അഞ്ചാംമണ്ഡലത്തിലും ആരോഹവ്രതംതന്നെ. ആറാമതും ഏഴാമതും ഒന്നിടവിട്ട് മണ്ഡലവ്രതമനുഷ്ഠിക്കണം. തുടങ്ങുന്ന ദിവസം ഉദയാസ്തമയംപോലെ, രാത്രിയിലും വ്രതമനുഷ്ഠിക്കണം. അത്താഴശീവേലി കഴിഞ്ഞാല്‍ വിളക്കുമാടത്തിനുപുറത്ത് പ്രദക്ഷിണം വയ്ക്കണം. ഉറങ്ങാന്‍ പാടില്ല. അടുത്തദിവസം നടതുറന്ന് തൊഴുതാല്‍ വ്രതമഴിയും. പിറ്റേദിവസം ആരോഹമണ്ഡലം പോലെ. ഇങ്ങനെ 80 ദിവസംകൊണ്ട് 40 രാത്രി വ്രതമനുഷ്ഠിക്കണം. ഇതില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരുനേരം ഭക്ഷണം എന്ന നിലക്ക് 80 ദിവസത്തിനുള്ളില്‍ 40 നേരം ഭക്ഷണമേ ഉണ്ടാകു. ഈ മണ്ഡലം അഹോരാത്രവ്രതം എന്നറിയപ്പെടുന്നു. എട്ടാമത്തെ മണ്ഡലം ആരോഹവ്രതംതന്നെ. അവസാനത്തെ മണ്ഡലത്തിന് അമൃതഘ്നം എന്നുപറയുന്നു. ഭക്ഷണവും നിദ്രയും പാടെ ഉപേക്ഷിക്കണം. അത്താഴ ശീവേലിക്കുശേഷം നിവേദിച്ച പാലും പഴവും അല്‍പ്പം കഴിക്കാം. ചില മണ്ഡലങ്ങളില്‍ ഭജനത്തിന് മുടക്കം വന്നുപെട്ടാല്‍ വീണ്ടും തുടക്കംമുതല്‍ ആചരിക്കണം. വളരെ ക്ലേശകരമായ ഈ രീതിയില്‍ വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കുന്നതാണ് വലിയഭജനം. രാമപുരത്തുവാര്യരും വൈക്കത്ത് പാച്ചുമൂത്തതും വലിയഭജനം അനുഷ്ഠിച്ചിരുന്നതായി കാണുന്നു.
വട്ടപ്പളളിമഠം സ്ഥാനികന്‍
കൊല്ലവര്‍ഷം 1045-ല്‍ ശുചീന്ദ്രത്ത് വട്ടപ്പളളി സ്ഥാനീകന്‍ സ്ഥാനത്തേക്ക് പിന്‍തലമുറക്കാര്‍ ഇല്ലാതെവന്നപ്പോള്‍ തല്‍സ്ഥാനത്തേക്ക് ആയില്ല്യം തിരുനാള്‍ മഹാരാജാവ് ദത്ത് പൂകിച്ചത് പാച്ചുമൂത്തതിനേയും അനുജന്‍ നീലകണ്ഠന്‍ മൂത്തതിനേയുമായിരുന്നു. അങ്ങിനെയാണ് വൈക്കം പടിഞ്ഞാറേടത്ത് പാച്ചുമൂത്തത് വട്ടപ്പള്ളി സ്ഥാനീകനായത്.
മലയാളക്കരയിലെ ആദ്യലോട്ടറി
കേരളക്കരയില്‍ ലോട്ടറി ആരംഭിച്ചത് ഇ.എം.എസ് മുഖ്യമന്ത്രിയും പി.കെ.കുഞ്ഞ് ധനകാര്യമന്ത്രിയും ആയിരുന്നപ്പോഴാണെന്നാണ് എല്ലാവരും ധരിച്ചുവച്ചിട്ടുള്ളത്. എന്നാല്‍ അതിനും എത്രയോമുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1875ല്‍ (മലയാളവര്‍ഷം 1050) ഇന്ത്യയില്‍തന്നെ ആദ്യമായി ടിക്കറ്റ് ഒന്നിന് ഒരുരൂപ നിരക്കില്‍ ലോട്ടറിക്ക് നാന്ദി കുറിച്ചത് വൈക്കത്ത് പാച്ചുമൂത്തതായിരുന്നു. ശുചീന്ദ്രം ക്ഷേത്രഗോപുരനിര്‍മ്മാണത്തിന് ധനം സമാഹരിക്കുന്നതിനു വേണ്ടിയാണ് പാച്ചുമൂത്തത് ലോട്ടറി നടത്തിപ്പിനൊരുങ്ങിയത്.
സ്വര്‍ണ്ണക്കൊടിമരം
1878-ലാണ് വൈക്കം മഹാദേവക്ഷേത്രത്തില്‍ ആദ്യ സ്വര്‍ണ്ണക്കൊടിമരം സ്ഥാപിച്ചത്. പാച്ചുമൂത്തതിന്റെ താല്‍പ്പര്യപ്രകാരമാണ് മഹാരാജാവ് അന്നതിന് അനുവാദം നല്‍കിയത്.
സാഹിത്യരംഗത്ത്
പാച്ചുമൂത്തതിന്റെ രചനകള്‍ സാഹിത്യത്തിലെ ഒരുശാഖയില്‍ ഒതുക്കാവുന്നവയല്ല. മറിച്ച്, ആത്മകഥ, യാത്രാവിവരണം, ചരിത്രം, തുള്ളല്‍, ആട്ടക്കഥ, വ്യാകരണം, വൈദ്യം, അശൗചശാസ്ത്രം, ബാലസാഹിത്യം തുടങ്ങി വിജ്ഞാനത്തിന്റെ വിവിധ മേഖലകളുമായും സാഹിത്യത്തിന്റെ വിഭിന്ന മണ്ഡലങ്ങളുമായും അവ ബന്ധപ്പെട്ടുകിടക്കുന്നു. പാച്ചുമൂത്തതിന്റെ രചനകളില്‍ മുചുകുന്ദമോക്ഷം ആട്ടക്കഥയാണ് കണ്ടെത്തിയിട്ടുള്ള കൃതികളില്‍ ഏറ്റവും പഴക്കം ചെന്നതെന്ന് ഉളളൂര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീരാമവര്‍മ്മചരിതം എന്നപേരില്‍ തിരുവിതാംകൂര്‍ രാജാക്കന്മാരെപ്പറ്റി പരാമര്‍ശിക്കുന്ന 8 സര്‍ഗ്ഗങ്ങളുള്ള ഒരു സംസ്‌കൃതകാവ്യം പാച്ചുമൂത്തത് രചിച്ചിട്ടുണ്ട്. പ്രസ്തുതകൃതി ‘രാമവര്‍മ്മ മഹാരാജ ചരിത്രം’ എന്നപേരിലാണ് വടക്കുംകൂര്‍ കേരള സാഹിത്യചരിത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ആയില്യം തിരുനാളിന്റെ ചരിത്രമാണ് പ്രമേയം. ആ ഗ്രന്ഥത്തിന് പ്രമേയത്തേക്കാള്‍ പ്രാധാന്യം ഒരു വ്യാകരണഗ്രന്ഥം എന്ന നിലയിലാണെന്നും അഷ്ടാദ്ധ്യായിയിലെ ഓരോ അധ്യായത്തേയും അടിസ്ഥാനമാക്കിയാണ് ഓരോ സര്‍ഗ്ഗവും രചിച്ചിരിക്കുന്നതെന്നും വടക്കുംകൂര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. മേല്‍പ്പുത്തൂരിന്റെ രാജസൂയം എന്ന പ്രബന്ധത്തിന് തയ്യാറാക്കിയ വ്യാഖ്യാനമാണ് അര്‍ത്ഥ വിമര്‍ശിനി. നാല് ഖണ്ഡങ്ങളുള്ള ‘ഹൃദയപ്രിയം’ അഷ്ടാംഗഹൃദയത്തിന്റെ ലഘു സംഗ്രഹമാണ്. പാച്ചുമൂത്തതിന്റെ ശ്രദ്ധേയമായ മറ്റൊരു വൈദ്യശാസ്ത്ര ഗ്രന്ഥമാണ് 12 ഖണ്ഡങ്ങളിലായി രചിച്ചിരിക്കുന്ന സുഖസാധകം. മഴമംഗലത്തിന്റെ മഹിഷമാംഗല്യശൗചം എന്ന ഗ്രന്ഥത്തെ ആശ്രയിച്ചു രചിച്ചതാണ് സുഖബോധകം എന്ന അശൗച ശാസ്ത്രം. കൊല്ലവര്‍ഷം 1027-28 കാലഘട്ടത്തില്‍ കൊച്ചി മഹാരാജാവായിരുന്ന വീരകേരളവര്‍മ്മയുമൊന്നിച്ച് കാശിയിലേക്ക് നടത്തിയ യാത്രയെ ആസ്പദമാക്കി രചിച്ചവയാണ് കാശിയാത്രാവര്‍ണ്ണനം എന്ന തുള്ളലും, കാശിയാത്രാപ്രബന്ധം എന്ന സംസ്‌കൃത യാത്രാവിവരണവും. കേരളത്തിലെ വിവിധ ജാതികളെക്കുറിച്ചും രീതികളെക്കുറിച്ചും പെരുമാക്കന്മാരുടെ വാഴ്ചയെക്കുറിച്ചും പ്രതിപാദിക്കുന്ന കൃതിയാണ് കേരളവിശേഷ നിയമം. പാച്ചുമൂത്തതിന്റെ ജന്മഗൃഹത്തില്‍നിന്നും കുചേലവൃത്തം എന്നൊരു ആട്ടക്കഥ വടക്കുംകൂറിന് ലഭിച്ചിട്ടുണ്ട്. അഷ്ടമിപ്പാന പാച്ചുമൂത്തതിന്റേതാണെന്ന് സി കെ മൂസ്സതും അത് അനുജന്‍ നീലകണ്ഠന്‍മൂത്തതിന്റേതാണെന്ന് ഉള്ളൂരും അഭിപ്രയപ്പെടുന്നു. അത് പാച്ചുമൂത്തതിന്റേതുതന്നെയെന്ന് അഭിപ്രയമുള്ള പല പ്രമുഖരുമുണ്ട്
സാഹിത്യ നിപുണതക്ക് ആയില്ല്യം തിരുനാളിന്റെ പ്രകീര്‍ത്തനം
‘നമ്മുടെ അടുക്കല്‍ ചിരകാലാശ്രിതനും പ്രീതിപാത്രവുംആയിരിക്കുന്ന വൈക്കത്ത് പാച്ചുമൂത്തത് ഈയിടെയില്‍ ഉണ്ടാക്കിയതായ വൈദ്യവിഷയകമായും സന്മാര്‍ഗ്ഗവിഷയകമായും ഉള്ള രണ്ടുപുസ്തകങ്ങളേയും നാം കണ്ടു സന്തോഷിച്ചിരിക്കുന്നു. അവകള്‍ ജനങ്ങള്‍ക്ക് ഉപയോഗികളായി ഭവിക്കണമെന്നുള്ള ഗ്രന്ഥകര്‍ത്താവിന്റെ ശ്ലാഘനീയ ഉദ്ദേശ്യത്തേയും നാം അനുമോദിക്കുന്നു. പാച്ചുമൂത്തതിന് വ്യാകരണത്തിലും വൈദ്യത്തിലും ജ്യോതിഷത്തിലും ഉളള പാണ്ഡിത്യത്തേയും കവനപരിചയത്തേയും ഇതിനുമുന്‍പില്‍ത്തന്നെ നാം അറിഞ്ഞു നല്ലപോലെ സമ്മതിച്ചിട്ടുള്ളതാകുന്നു’.
അമ്പത്തിയാറാം വയസ്സില്‍ വിവാഹിതനായ പാച്ചുമൂത്തത് രണ്ടുവര്‍ഷത്തിനുള്ളില്‍ വിധുരനായി. മഹാമാരിയെത്തുടര്‍ന്ന് അനുജനും കുടുംബവും മരിച്ചപ്പോള്‍ കുടുംബം അന്യം നിന്നുപോകാതിരിക്കുന്നതിനായി പാച്ചുമൂത്തത് വീണ്ടും വിവാഹിതനായി. ഈ ദാമ്പത്യത്തില്‍ രണ്ടുപുത്രന്മാരുമുണ്ടായി. ഇവരുടെ പിന്‍തലമുറയില്‍പ്പെട്ടവരാണ് ശുചീന്ദ്രം വട്ടപ്പളളിമഠം സ്ഥാനീകരായി തുടര്‍ന്നുവരുന്നത്.
പ്രവചനവും അന്ത്യവും
1882 മെയ്മാസത്തില്‍ (1057 ഇടവം) പാച്ചുമൂത്തതിന് ജലദോഷത്തിന്റെ ചെറിയ ഉപദ്രവം തുടങ്ങുകയും ക്രമേണ അത് വര്‍ദ്ധിക്കുകയുമുണ്ടായി. രാജകല്‍പ്പനപ്രകാരം ശിഷ്യന്‍ കവിയൂര്‍ പരമേശ്വരന്‍ മൂത്തത് ചികിത്സകനായി ശുചീന്ദ്രത്ത് എത്തി. എന്നാല്‍ ശ്വാസതടസ്സത്തിന് കുറവുണ്ടായില്ല. കര്‍ക്കിടകം അവസാനം വിശാഖം തിരുനാളിന് പാച്ചുമൂത്തത് ഇങ്ങനെ ഒരു കത്തെഴുതി. ‘നാലഞ്ചുദിവസം കൂടി തിരുമനസ്സിലെ ആശ്രയത്തില്‍ ഇരുന്ന് ഇഹലോകസുഖത്തെ ത്യജിക്കണമെന്ന് വിചാരിക്കുന്നു’. ഈ കത്തെഴുതിയതിന്റെ 5-ാം നാള്‍ പാച്ചുമൂത്തത് ഇഹലോകവാസം വെടിഞ്ഞു. ‘ആകാര സദൃശപ്രജ്ഞ പ്രജ്ഞയാ സദൃശാഗമ അഗമൈ സദൃശാരംഭ ആരംഭ സദൃശോദയ’ ആകൃതിക്കൊത്ത ബുദ്ധിവൈഭവം, ബുദ്ധിക്കൊത്ത വിദ്യാഭ്യാസം, വിദ്യാഭ്യാസത്തിനൊത്ത കര്‍മ്മം, കര്‍മ്മത്തിനനുയോജ്യമായ ഫലപ്രാപ്തി-രഘുവംശ കാവ്യത്തിലെ ഈ വരികള്‍ രാജാക്കന്മാര്‍ക്കുമാത്രമല്ല, അപൂര്‍വ്വം ചില മനുഷ്യര്‍ക്കും യോജിക്കുന്നതാണെന്ന് പാച്ചുമൂത്തത് സ്വജീവിതംകൊണ്ട് തെളിയിച്ചിരിക്കുന്നു.
കടപ്പാട്: വൈക്കത്ത് പാച്ചുമൂത്തത് സ്മാരക ഫൗണ്ടഷന്‍ പ്രസിഡന്റ് പ്രൊഫ. ഡോ. പി. നാരായണനോട്.