സുന്നി മുസ്ലിങ്ങളുടെ മതസംഘടനയായ സമസ്തയില്‍ പൊരിഞ്ഞ ബദര്‍ യുദ്ധം നടക്കുകയാണ്. ബദര്‍ യുദ്ധത്തിന്റെ പ്രത്യേകത അത് മതയുദ്ധമായിരുന്നു എന്നതാണല്ലോ. അതിലെ വിജയമാണ് ഇസ്ലാമിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ല്. അതുപോലെ തന്നെയാണ് സമസ്തയുടെയും കഥ. ബദര്‍ യുദ്ധം മുഹമ്മദിന്റെ സൈന്യവും മക്കക്കാരുടെ സൈന്യവും തമ്മിലായിരുന്നു. ഇവിടെ യുദ്ധം സമസ്തയിലെ പച്ചക്കാരും ചുകപ്പന്മാരും തമ്മിലാണ്. രണ്ടുകൂട്ടരും പറയുന്നത് തങ്ങളാണ് മുഹമ്മദിന്റെ സൈന്യം, എതിരാളികള്‍ കുഴപ്പക്കാരാണ് എന്നാണ്. ബദര്‍ യുദ്ധത്തില്‍ വാളും കുതിരയും ഒട്ടകവുമൊക്കെയായിരുന്നു യുദ്ധസാമഗ്രികള്‍. ഇവിടെ അതു കാലത്തിനനുസരിച്ച് മാറി നാക്കും പേനയും സാമൂഹ്യ മാധ്യമവുമൊക്കെയായി എന്നു മാത്രം. ബദര്‍ യുദ്ധം തുടക്കം ദ്വന്ദ്വയുദ്ധത്തിലായിരുന്നു. ഇവിടെയും അങ്ങനെത്തന്നെ. രണ്ടിടത്തും പിന്നെ പരക്കെ യുദ്ധമായി. അന്ന് യുദ്ധം ബദറില്‍ ഒതുങ്ങി. ഇന്നത്തെ യുദ്ധം സമസ്തക്കകവും വിട്ട് ഗള്‍ഫ് വരെ എത്തിയിരിക്കുന്നു. സമസ്ത പത്രത്തിന്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന പരിപാടി വരെ തര്‍ക്കവിഷയമായി.
രണ്ടു മതയുദ്ധത്തിലും രാഷ്ട്രീയവും അധികാരവും വിഷയം തന്നെ. ബദര്‍ യുദ്ധത്തോടെ മുഹമ്മദിന്റെ അധികാരം ഉറപ്പാക്കി. സമസ്ത യുദ്ധത്തില്‍ അധികാരം ഉറപ്പിക്കാന്‍ ലീഗും സി.പി.എമ്മും മത്സരിക്കുന്നു. ഹക്കീം ഫൈസി, ബഹവുദ്ദീന്‍ നഖ്‌വി തുടങ്ങിയ പോരാളികള്‍ ലീഗുപക്ഷത്തെ വില്ലാളികളാണ്. മറുവശത്ത് മുസ്തഫ മുണ്ടുപാലം, മുക്കം ഉമര്‍ ഫൈസി, അബ്ദുള്‍ ഹമീദ് ഫൈസി തുടങ്ങിയ വമ്പന്മാര്‍. ഇവരൊക്കെ 40 അംഗ മുഷാവരയിലെ മതപണ്ഡിതന്മാര്‍ കൂടിയാണ്. തിരഞ്ഞെടുപ്പ് ബാങ്കില്‍ ലീഗിന്റെ സ്ഥിരനിക്ഷേപമാണ് സമസ്ത വഴിയുള്ള മുസ്ലിം കൂട്ടവോട്ടുകള്‍. അതിലാണ് കെ.ടി. ജലീലും കെ.എസ്.ഹംസയും പോലുള്ളവര്‍ വിള്ളലുണ്ടാക്കിയത്. മഞ്ചേരി, പൊന്നാനി മണ്ഡലങ്ങളില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് ശതമാനം കുറഞ്ഞത് ഈ യുദ്ധത്തിന്റെ ബാക്കിപത്രമാണ്. മുഖ്യമന്ത്രി വിജയന്‍ സഖാവ് തങ്ങളുടെ ഏതാവശ്യവും നിറവേറ്റി തരുമെന്ന അവസ്ഥയില്‍ എന്തിന് ലീഗുകാര്‍ക്ക് വേണ്ടി പണിയെടുക്കണമെന്നാണ് ജിഫ്രി തങ്ങളുടെ നിലപാട്. മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴക്കുന്നവര്‍ ആരെന്ന് ഇപ്പോഴെങ്കിലും കേരള ജനത തിരിച്ചറിയുന്നുണ്ടോ?