ചൈനയില്‍ ജന്മമെടുത്ത് ജപ്പാനില്‍ വളര്‍ന്ന് ലോകമെമ്പാടും പ്രചരിച്ചതാണ് ‘ബോണ്‍സായ്’ വൃക്ഷങ്ങളെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ പുരാതനഭാരതത്തില്‍ ‘വാമന വൃക്ഷകല’ എന്ന പേരില്‍ ഇത് നിലനിന്നിരുന്നു എന്നതിന് ശാര്‍ങ്ധര പദ്ധതിയും വൃക്ഷായുര്‍വേദവും സാക്ഷ്യം വഹിക്കുന്നു. അഥര്‍വ്വവേദം, ചരക-ശുശ്രുത-വാഗ്ഭട സംഹിതകള്‍ എന്നിവയിലും വാമനകൗതുകം എന്ന പേരില്‍ വൃക്ഷങ്ങളെ രൂപമാറ്റത്തിന് വിധേയമാക്കുന്ന സമ്പ്രദായം വിവരിക്കുന്നുണ്ട്.
മൂന്ന് കൈപ്പാട് ആഴത്തില്‍ ഇഷ്ടികക്കൂട്ടില്‍ വളര്‍ത്തുന്ന വൃക്ഷം ചെറുതായിരിക്കുമ്പോള്‍ത്തന്നെ പൂക്കുകയും, ഫലിക്കുകയും ചെയ്യും. ഒരാള്‍ താഴ്ചയില്‍ ഇഷ്ടികക്കൂട്ടില്‍ വളര്‍ത്തുമ്പോഴും വൃക്ഷങ്ങള്‍ പെട്ടെന്ന് ഫലങ്ങള്‍ നല്കും. ചെടികളെ ബോണ്‍സായിയാക്കി പരിണമിപ്പിക്കുന്ന പ്രക്രിയകളും പുരാണകൃതികളില്‍ വിവരിക്കുന്നുണ്ട്. നെയ്യ്, ചാണകം, ഇന്തുപ്പ്, അജമാംസം, തേന്‍ എന്നിവ പ്രയോഗിക്കുന്നതിനെക്കുറിച്ചും പറയുന്നുണ്ട്. അരയാല്‍ വൃക്ഷം ഇപ്രകാരം വാമനരൂപമാക്കുമ്പോള്‍ ക്ഷീരസേചനം ചെയ്യുവാന്‍ വൃക്ഷായുര്‍വേദം നിര്‍ദ്ദേശിക്കുന്നുണ്ട്.
വാമനവൃക്ഷകല ശീലിക്കുമ്പോള്‍ ചെയ്യേണ്ട പ്രാര്‍ത്ഥനയും പ്രത്യേകം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ”ബ്രഹ്‌മാവിനെ വേരുകളിലും വിഷ്ണുവിനെ മധ്യഭാഗത്തും ശിവനെ അഗ്രഭാഗത്തും പേറുന്ന വൃക്ഷരാജാവിന് നമസ്‌കാരം!”. സുഗ്രീവന്റെ സ്വകാര്യവനത്തെക്കുറിച്ച് വര്‍ണ്ണിക്കുന്നതിനിടയില്‍ വാല്മീകി രാമായണത്തില്‍ വാമനവൃക്ഷം പരാമര്‍ശിക്കുന്നത് കാണാം. സുഗ്രീവന്റെ അമ്മാവനായ ദാധിമുഖന്‍ കിഷ്‌ക്കിന്ധയിലെ ചെറിയൊരു കുന്നിന്‍ മുകളില്‍ മധുവനം എന്ന പേരില്‍ വര്‍ഷം മുഴുവനും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന ബോണ്‍സായ്കള്‍ പരിപാലിച്ചിരുന്നു. രാമായണകാലത്ത് കിഷ്‌ക്കിന്ധയില്‍ സ്ഥലപരിമിതി ഉണ്ടായിരുന്നുവെന്നും അതാണ് വാമനകലയിലേക്ക് തിരിയുവാന്‍ പ്രേരണയായതെന്നും കരുതാം. ഫലപുഷ്പങ്ങളാല്‍ നിറഞ്ഞിരുന്ന ആ മധുവനം രാജകീയമായിത്തന്നെ പരിപാലിക്കപ്പെട്ടിരുന്നുവത്രെ. മൂന്ന് കാലാവസ്ഥാപ്രകൃതത്തിനും ഇണങ്ങുംവിധം ഇവിടെ വൃക്ഷങ്ങള്‍ ക്രമീകരിച്ചിരുന്നുവത്രെ.
വൃക്ഷായുര്‍വേദത്തില്‍ വിചിത്രവിധാനം എന്നൊരു സമ്പ്രദായം പറയുന്നുണ്ട്. വൃക്ഷങ്ങളെ വള്ളികളാക്കാനും കുള്ളന്മാരായി നിലനിര്‍ത്താനും, അതിഫലങ്ങള്‍ നല്കാനും, ഫലപ്രാപ്തി കൂട്ടാനും കഴിയുമെന്ന് പറയുന്നു. സദാപുഷ്പത്വാസദാഫലത്വ, ഗന്ധസമുത്പതി (പ്രത്യേക ഗന്ധമുണ്ടാക്കുന്നത്), വിത്തുകളില്ലാത്ത പഴങ്ങള്‍, വര്‍ണ്ണപരിവര്‍ത്തന (പൂക്കളുടെ നിറംമാറ്റുന്നത്), പുഷ്പരിവര്‍ത്തി (പൂക്കള്‍ അപ്പാടെ കളഞ്ഞത്), ഗന്ധപരിവര്‍ത്തന (പുഷ്പഗന്ധം മാറ്റുന്നത്), ഗന്ധബന്ധന (മണമില്ലാതാക്കുന്നത്), വല്ലരിഫുല്വത (വള്ളികള്‍ പൂക്കുന്നത്), ലതത്വ (വൃക്ഷങ്ങളെ വള്ളികളാക്കുന്നത്), വാമനത്വ (വൃക്ഷങ്ങളെ കുള്ളന്മാരാക്കുന്നത്), മിശ്രത (ക്രോസ് ബ്രീഡിംഗ്), ഫലാസിരപകത (ദീര്‍ഘകാലം ഫലങ്ങള്‍ ഉണ്ടാകാനും വൈകി പഴുക്കാനുമുള്ളത്), അപകഫല (പഴക്കുന്നതിനെ തടയുന്നത്), നാശ (കൃഷിമൊത്തം നശിപ്പിക്കുന്നത്), ദിഗ്രഹായു (ആയുസ്സ് നീട്ടുന്നത്), പുനര്‍നവീകരണം. (വീണ്ടും വളര്‍ത്തിയെടുക്കല്‍), തല്ക്കാലഫലത (പെട്ടെന്ന് ഫലവത്താക്കുന്നത്), വിയോനിജനന (മറ്റുസസ്യങ്ങളില്‍ വളരുന്നത്) തുടങ്ങിയ സമ്പ്രദായങ്ങള്‍ നിലനിന്നിരുന്നതായി ജേണല്‍ ഓഫ് എമേര്‍ജിക്ക് ടെക്‌നോളജിക്കല്‍ ആന്റ് ഇന്നോവേറ്റീവ് റിസേര്‍ച്ച്, നവംബര്‍ 2022ല്‍ പരാമര്‍ശിക്കുന്നു.

പുരാതനഭാരതത്തില്‍ വൈദ്യന്മാര്‍ സസ്യങ്ങളുടെ അഞ്ചുഭാഗങ്ങള്‍ (പഞ്ചാംഗ) – വേര്, തൊലി, ഇല, പൂവ്, ഫലം എന്നിവ ഔഷധനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നു. ഇവ വനാന്തര്‍ഭാഗങ്ങളിലാണ് സുലഭമായിരുന്നത്. ചികിത്സകര്‍ക്ക് ഇവയെ ലഭ്യമാക്കുന്നതിനാണ് ഇത്തരം ഔഷധസസ്യങ്ങളേയും വൃക്ഷങ്ങളേയും നട്ടുവളര്‍ത്താന്‍ തുടങ്ങിയത്. കുറച്ചു സ്ഥലത്ത് കൂടുതല്‍ വളര്‍ത്തുവാനും യാത്രകളില്‍ മൊബൈല്‍ ക്ലിനിക്കുപോലെ കൂടെ കരുതുവാനും വേണ്ടിയാകണം ഇവയെ കുള്ളന്മാരാക്കി സംരക്ഷിക്കാന്‍ തുടങ്ങിയത്. തുളസിയും മറ്റും വര്‍ഷങ്ങളോളം നുള്ളി നിലനിര്‍ത്തുക പതിവായിരുന്നു.
അശോകന്റെ ഭരണകാലത്ത് ബുദ്ധമതസ്വാധീനത്താല്‍ ബോണ്‍സായ് വൃക്ഷകല പോഷിപ്പിച്ചിരുന്നതായി കാണാം. അശോകന്റെ അനുചരന്മാര്‍ ശ്രീലങ്കയിലേക്ക് ചെടിച്ചട്ടികളില്‍ ബോധിവൃക്ഷങ്ങള്‍ കൊണ്ടുപോയിരുന്നു. ബുദ്ധസന്ന്യാസിമാരും ഔഷധത്തിനായി വാമന വൃക്ഷകല ഉപയോഗപ്പെടുത്തിയിരുന്നതായി കാണാം. ബുദ്ധസന്ന്യാസിമാര്‍ തന്നെയാവാം ഈ വിദ്യ ചൈനയിലും തുടര്‍ന്ന് ജപ്പാനിലും പ്രചരിപ്പിച്ചത്. ചൈനയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും തങ്ങളുടെ കൊട്ടാരങ്ങളില്‍ ബോണ്‍സായ് വൃക്ഷങ്ങള്‍ വലിയതോതില്‍ പരിപാലിച്ചിരുന്നു. ജപ്പാനില്‍ ബോണ്‍സായ് വിപുലമായിട്ട് അഞ്ചു നൂറ്റാണ്ടിലേറെയായി. തുടര്‍ന്ന് ലോകത്താകമാനം വൃക്ഷപ്രേമികള്‍ വലിയതോതില്‍ ബോണ്‍സായ് പ്രിയരായിമാറി.
മൈസൂരില്‍ അവധൂത ദത്തപീഠം ഡോ. ഗണപതി സച്ചിദാനന്ദസ്വാമിയുടെ ആശ്രമത്തില്‍ കിഷ്‌ക്കിന്ധമൂലിക എന്ന പേരില്‍ വിപുലമായൊരു ബോണ്‍സായ് തോട്ടമുണ്ട്. നക്ഷത്രവനമായിട്ടാണ് ഇവ സംരക്ഷിച്ചുപോരുന്നത്. സ്വാമിയുടെ ‘മൈ ബോണ്‍സായ്’ എന്ന പുസ്തകത്തില്‍ സുഗ്രീവന്റെ വനപാലനത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരു സംഗീതജ്ഞന്‍ കൂടിയായ സ്വാമി വൃക്ഷങ്ങളുടെ സംഗീതാഭിമുഖ്യത്തെക്കുറിച്ച് കണ്ടെത്തിയ വിവരങ്ങള്‍ കൗതുകകരമാണ്. ഓരോ വൃക്ഷത്തിനും രാഗങ്ങളുമായി ബന്ധമുണ്ടത്രെ. വൃക്ഷങ്ങളുമായി ആശയവിനിമയം നടത്താനും അവയുടെ സംഗീതാഭിമുഖ്യം തിരിച്ചറിയാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. 2016 ല്‍ ഏറ്റവും കൂടുതല്‍ ബോണ്‍സായ് വൃക്ഷശേഖരത്തിന്റെ (2649) പേരില്‍ സ്വാമിയുടെ ശേഖരം വാര്‍ത്തകളില്‍ ഇടംപിടിക്കയുണ്ടായി. നവി മുംബൈയിലെ ‘സുരൂപ്’ ബോണ്‍സായ് സ്റ്റുഡിയോയ്ക്ക് 100 വര്‍ഷം പഴക്കമുണ്ട്. പ്യൂര്‍ട്ടോറിക്ക, തെക്കന്‍ ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം കൊണ്ടുവന്ന വൃക്ഷങ്ങള്‍ ഇവിടെയുണ്ട്.
ഔഷധങ്ങളെന്ന നിലയിലാണ് അതിപുരാതനകാലത്ത് വാമനവൃക്ഷകല ആരംഭിച്ചതെങ്കിലും ഇന്നത് ലോകം മുഴുവന്‍ പടര്‍ന്ന് വൃക്ഷാഭിമുഖ്യത്തിന്റെ പ്രതീകമായി മാറിയിരിക്കുന്നു. ബോണ്‍സായ് ആര്‍ട്ടിസ്റ്റിന് കഠിനമായ ക്ഷമയും വൈദഗ്ധ്യവും ഉണ്ടായിരിക്കണം. വാമന വൃക്ഷകലയേക്കാള്‍ പ്രകൃതിയോടും ദൈവത്തോടും ചേര്‍ന്ന് നില്ക്കുന്ന മറ്റൊരു കലയില്ലെന്ന് പ്രശസ്ത ജാപ്പനീസ് ബോണ്‍സായ് ആര്‍ട്ടിസ്റ്റ് തോഷിയോ കവമോട്ടോ പറയുന്നു. വംശനാശം സംഭവിക്കുന്ന അപൂര്‍വ്വ വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനും ഈ കല ഉപയുക്തമായിട്ടുണ്ട്. നഗരവല്ക്കരണത്തിന്റെ ഭാഗമായുള്ള നഗരകാന്താരങ്ങള്‍ക്ക് വൃക്ഷസാമീപ്യം നല്‍കാന്‍ വാമനവൃക്ഷങ്ങള്‍ സഹായകമാകുന്നു. അംബരചുംബികളായ കൂറ്റന്‍ മന്ദിരസമുച്ചയങ്ങളിലും ബോണ്‍സായ്കള്‍ സജീവമാകുന്നു. ഇടുങ്ങിയ പൊതുസ്ഥലങ്ങളിലും ഹോട്ടലുകളിലും സൗന്ദര്യവല്ക്കരണത്തിന്റെ ഭാഗമായി ബോണ്‍സായ്കള്‍ ഇടംതേടുന്നു.
മഹാരാഷ്ട്ര സര്‍ക്കാര്‍ പൂനക്കടുത്ത് ഒരു വര്‍ഷത്തെ ബോണ്‍സായ് ഡിപ്ലോമ കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ ഓഫ് യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് എന്റര്‍പ്രണര്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഇന്‍ ബോണ്‍സായ് മെയ്ന്റനന്‍സ് നടത്തുന്നുണ്ട്. ഗോവയിലെ രാജ്ഭവനില്‍ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍പിള്ള വിപുലമായൊരു ബോണ്‍സായ് ഗാര്‍ഡന്‍ ആരംഭിക്കുകയും ‘വാമനവൃക്ഷകല’ എന്നൊരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ രംഗത്തെ പുത്തനുണര്‍വ്വിന് പ്രചോദകമാകുംവിധം പുതിയൊരു ചുവടുവയ്പായി ഇതിനെ കാണാം. മൈസൂരിനടുത്ത് പാണ്ഡവപുരത്ത് വിഷ്ണു ട്രി ആര്‍ട്ട് ബോണ്‍സായ് ഗാലറി ഈ രംഗത്തെ യുവകര്‍ഷക മുന്നേറ്റത്തിന്റെ മികച്ച ഉദാഹരണമാണ്. അവിടെ ബോണ്‍സായ് വൃക്ഷങ്ങളും നഴ്‌സറിയും വില്പനക്ക് സജ്ജമാണ്.
കുഞ്ചന്‍നമ്പ്യാര്‍ കാലനില്ലാത്ത കാലത്ത് മനുഷ്യ ബോണ്‍സായ്കള്‍ കൊണ്ട് പൊറുതിമുട്ടിയ ഒരു കാലം വരച്ചിടുന്നുണ്ട്. മനുഷ്യരെ ചെറിയ ഭരണികളിലടച്ചു വയ്ക്കുന്ന ഒരുകാലം! മനുഷ്യാധിവാസത്താല്‍ ഭൂവിസൃതി പരിമിതപ്പെടുന്ന നഗരകാന്താരങ്ങളില്‍ ബോണ്‍സായ്കള്‍ അനുഗ്രഹമാകും.