വരനും വധുവും കൂടി അഗ്‌നിക്കു ചുറ്റും ഏഴു തവണ പ്രദക്ഷണം വെക്കുന്ന സപ്തപദി എന്ന ചടങ്ങ് നടന്നില്ലെങ്കില്‍ ഹിന്ദു വിവാഹമാകില്ലേ? കഴിഞ്ഞ ഏപ്രില്‍ 19 ന് സുപ്രീം കോടതിയുടെ ഒരു ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് വന്നപ്പോഴാണ് ഈ സംശയം ഉണ്ടായത്. ഇതു ചെയ്യാതെ വിവാഹിതരായി പിന്നീട് വിവാഹമോചനത്തിനെത്തിയ രണ്ടു പൈലറ്റുമാരുടെ പരാതിയിലുള്ള വിധിയിലാണ് ഇങ്ങനെയൊരു കാര്യം പറയുന്നത്. ബി.വി.നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് സിഹും ആയിരുന്നു ജഡ്ജിമാര്‍. വിവാഹം എന്നത് പാട്ടിനും നൃത്തത്തിനും വിരുന്നിനും സദ്യയ്ക്കുമൊന്നുമുള്ളതല്ല എന്ന വിലയിരുത്തലില്‍ വിയോജിപ്പുണ്ടാവില്ല. അതു വാണിജ്യ ഇടപാടല്ല-വികസിച്ചു വരുന്ന ഒരു കുടുംബത്തിന് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന പദവി നേടുന്ന സ്ത്രീ-പുരുഷന്മാരുടെ ബന്ധം സ്ഥാപിക്കാനുള്ള ആഘോഷമാണ് എന്നതും ശരി തന്നെ. എന്നാല്‍ സപ്തപദി നടത്താത്ത വിവാഹം സാധുവല്ല എന്നു വിധിക്കുന്നത് ശരിയാണോ എന്നാണ് ചിന്തിക്കേണ്ടത്.
വിശ്വാസങ്ങളെ പോലെ ആചാരങ്ങളിലെയും വൈവിധ്യമാണ് ഹിന്ദുവിന്റെ പ്രത്യേകത. വിവാഹം തന്നെ എട്ട് സമ്പ്രദായപ്രകാരമുണ്ട്. ബ്രാഹ്‌മ,ദ്വൈത, ആര്‍ഷ, പ്രജാപത്യ, ഗാന്ധര്‍വ്വ , അസുര, രാക്ഷസ, പൈശാചിക എന്നിവയാണവ. അതുപോലെ ആചാരങ്ങളിലും വ്യത്യസ്തതയുണ്ട്. കാലത്തിനും പ്രദേശത്തിനും സമുദായത്തിനുമനുസരിച്ച് മാറ്റമുണ്ട്. ഈ വസ്തുതകള്‍ കാണുമ്പോള്‍ ഒരു ആചാരത്തിനു മാത്രം സാധുത നല്‍കുന്നത് പ്രശ്‌നമാവില്ലേ എന്നാണ് സംശയം. ആചാരങ്ങളുടെ കാര്യത്തില്‍ കോടതി തീരുമാനമെടുക്കുന്നതിനു പകരം ഹിന്ദു ആചാര്യന്മാര്‍ക്ക് അതു വിട്ടുകൊടുക്കുന്നതല്ലേ നല്ലത്?