റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗം കെ.എസ്.ഹരിഹരന്‍ വല്ലാത്ത പൊല്ലാപ്പിലാണ് പെട്ടത്. വായ തുറക്കാനും വയ്യ അടയ്ക്കാനും വയ്യ. വടകരയിലെ ഒരു പ്രസംഗത്തില്‍ ശൈലജ ടീച്ചര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നതാണ് കേസ്. സ്വന്തം പാര്‍ട്ടി വരെ ഹരിഹരനെ തള്ളിപ്പറഞ്ഞു. നാക്കുപിഴ പറ്റി എന്നു സമ്മതിച്ച് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.അതുകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ സി.പി.എം. തയ്യാറില്ല. ഹരിഹരനെ കയ്യില്‍കിട്ടാത്തതുകൊണ്ട് വീടിന് ബോംബെറിഞ്ഞ് അവര്‍ ആശ്വാസം കണ്ടെത്തി. എന്നാലും അതൊന്നും പോരെന്നാണ് സി.പി.എം.നിലപാട്.ഖേദപ്രകടനത്തോടെ ‘ച്യാപ്റ്റര്‍ ക്ലോസ്ഡ്’ എന്ന് യു.ഡി.എഫിലെ കെ.മുരളീധരന്‍ പറയുന്നു. രണ്ടിനും നടുക്ക് വായ തുറക്കാനും അടക്കാനും വയ്യാതെ ആര്‍.എം.പി. നേതാവ് നില്ക്കുന്നു; ദയനീയമായി. ഇതിനിടയ്ക്ക് ഞമ്മക്കും കിട്ടണം ഒരു മാപ്പപേക്ഷ എന്ന മട്ടില്‍ സമസ്തക്കാരും നിലപാടെടുക്കുന്നു. അവരുടെ കുട്ടിപ്പട്ടാളമായ എസ്.കെ.എസ്.എസ്.എഫ്. പറയുന്നത് തങ്ങളുടെ നേതാവ് ഫൈസിയെ ഹരിഹരന്‍ അപമാനിച്ചു എന്നാണ്. പാലസ്തീന്‍ അനുകൂല പൊതുയോഗത്തിനിടക്ക് ഫൈസി സ്റ്റേജിന്റെ പുറകില്‍ പോയി നിസ്‌കരിച്ചതിനെ അദ്ദേഹം കളിയാക്കിയത്രേ.
ഇവിടെയൊക്കെ തിളച്ചുമറിയുന്നത് വര്‍ഗ്ഗീയതയാണ്. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയതാണ് ഇടതും വലതും തമ്മിലുള്ള ഈ വര്‍ഗ്ഗീയ വിഷം ചീറ്റല്‍. അതിപ്പോഴും തുടരുകയാണ്. അതിന്റെ ഭാഗമാണ് ശൈലജ ടീച്ചര്‍ക്കെതിരായ പരാമര്‍ശവും. വടകരയെ ചുട്ടു ഭസ്മമാക്കാന്‍ ശക്തിയുള്ള വര്‍ഗ്ഗീയതയുടെ ലാവ തിളച്ചു മറിയുന്ന അഗ്‌നിപര്‍വ്വതങ്ങളാണ് ഈ ഇരു മുന്നണികളും എന്നത് പകല്‍ പോലെ വ്യക്തമായി. എന്നാല്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ ഇത് തിരിച്ചറിയുന്നില്ല.ഈ വിഷം ചീറ്റല്‍ തുടര്‍ന്നാല്‍ തങ്ങള്‍ക്ക് ദോഷം വരുമെന്ന് മുന്നണിനേതാക്കള്‍ തിരിച്ചറിഞ്ഞു.സി. പി.എം. ജില്ല സെക്രട്ടറി മോഹനന്‍ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണ്. സര്‍വ്വകക്ഷി യോഗം വിളിച്ച് തമ്മിലടി നിര്‍ത്താനാണ് ആലോചന. സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് നേതാക്കള്‍ കെട്ടിപ്പിടിച്ച് പിരിഞ്ഞാല്‍ അവര്‍ ജനങ്ങളിലേക്ക് പമ്പു ചെയ്ത വര്‍ഗ്ഗീയ വിഷത്തിന് പരിഹാരമാകുമോ?