1974ലാണ് മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്. ആധുനികതയും അല്പം കാല്പനികതയും ചാലിച്ചെഴുതിയ ആ കൃതി അക്കാലത്തെ യുവജനങ്ങളെ വായനയിലേയ്ക്ക് വലിച്ചടുപ്പിച്ച ഒന്നായിരുന്നു. ചെറിയ ക്ലാസില്‍ പഠിച്ചിരുന്ന ഞാനും 78ലോ മറ്റോ ആ നോവല്‍ വായിച്ചിരുന്നു. ചെറിയ കുട്ടിയായിരുന്നിട്ടും മനസ്സില്‍ എന്തോ ഒരു വിങ്ങല്‍ അനുഭവപ്പെട്ടത് ഇപ്പോഴും ഓര്‍ക്കുന്നു. ആധുനിക ഫിക്ഷനില്‍ ഒന്നാം നിരക്കാരനായി എനിക്കെപ്പോഴും തോന്നിയിട്ടുള്ള നോവലിസ്റ്റ് മുകുന്ദന്‍ തന്നെയാണ്. കാക്കനാടനോ വിജയനോ ആനന്ദോ ഒന്നും മുകുന്ദന്റേതുപോലെ തീവ്രമായ വായനാനുഭവം നല്‍കുന്നില്ല.
മുകുന്ദനോട് ഏറ്റവും നല്ല ആധുനിക നോവല്‍ ഏതെന്നു ചോദിച്ചാല്‍, വിനയംകൊണ്ട് അദ്ദേഹം വിജയന്റെ ‘ഖസാക്ക്’ എന്നേ പറയുകയുള്ളൂ. എന്നാല്‍ ഖസാക്ക് ഒരു ആധുനിക നോവലെന്നു പറയാന്‍ കഴിയുമെന്നു തോന്നുന്നില്ല. പാലക്കാടന്‍ ഗ്രാമത്തിലെ സവിശേഷമായ ജീവിതാവസ്ഥകളും രവിയെന്ന മനുഷ്യന്റെ അഗമ്യഗമനത്തിന്റെ പാപ ചിന്തകളും പേറുന്ന ഖസാക്ക് ആധുനികപൂര്‍വ്വ കൃതി എന്നേ പറയാനാവൂ. മുകുന്ദന്റെ ദല്‍ഹി, മയ്യഴി, ഈ ലോകം അതിലൊരു മനുഷ്യന്‍ തുടങ്ങിയ കൃതികളിലെ നായകന്മാരെപ്പോലെ പുതിയകാലത്ത് സ്വത്വം നഷ്ടപ്പെടുന്ന വ്യക്തിയല്ല ഖസാക്കിലെ രവി. താന്‍ ചെയ്തുപോയ ഒരു പാപകര്‍മ്മത്തെക്കുറിച്ച് ചിന്തിച്ച് അശ്വത്ഥാമാവിനെപ്പോലെ അലയുന്ന അയാള്‍ ആധുനികനേയല്ല. ആദമിന്റെയും ഹൗവ്വയുടെയും കാലം മുതലേയുള്ള പാപബോധത്തിന്റെ സന്താനമാണ്. എന്നാല്‍ മുകുന്ദന്റെയും ആനന്ദിന്റെയും നായകന്മാര്‍ പുതിയകാല ജീവിതസാഹചര്യങ്ങളില്‍ സ്വത്വം നഷ്ടപ്പെടുന്ന അസ്തിത്വവാദികളാണ്. ആനന്ദിന്റെ കൃതികള്‍ കൂടുതല്‍ ഗഹനങ്ങളാണെങ്കിലും മുകുന്ദന്റെ കൃതികള്‍ പകരുന്ന വായനാനുഭവം അവ നല്‍കുന്നില്ല. കാല്പനികതയുടെ വസന്തകാലത്ത് രമണന്‍ പകര്‍ന്ന വായനാനുഭവത്തിന് ഏതാണ്ടു തുല്യമാണ് ആധുനികതയുടെ തുടക്കത്തില്‍ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’ മലയാളത്തിലെ യുവാക്കള്‍ക്കു പ്രദാനം ചെയ്തത്.
മുകുന്ദന്റെ കഥാപാത്രങ്ങളെപ്പോലെ ജീവിക്കാന്‍ തുനിഞ്ഞ എത്രയോ ചെറുപ്പക്കാര്‍ അക്കാലത്തുണ്ടായിരുന്നു. കൂടുതല്‍ പേര്‍ വായിക്കുന്നതുകൊണ്ട് ഒരു കൃതി മഹത്താവണമെന്നില്ല. എന്നാല്‍ ധാരാളം വായിക്കപ്പെടുന്നതെല്ലാം മോശം കൃതികളുമല്ല. മയ്യഴി ആയിരങ്ങളെ രസിപ്പിച്ച കൃതിയാണ്. അതുകൊണ്ട് നിരൂപകര്‍ അതിനെക്കുറിച്ച് ഒരു മുന്‍വിധി എഴുതി. അത്രയൊന്നും വായിക്കപ്പെടാത്ത ആധുനികതയുടെ പകര്‍ത്തിയെഴുത്തായ ചില കൃതികള്‍ക്കു നല്‍കിയ അംഗീകാരം അവര്‍ മയ്യഴിക്കു കൊടുക്കുന്നില്ല. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ മലയാളത്തിലെ മഹത്തായ നോവലുകളില്‍ ഒന്നാണ്. 2024 അതിന്റെ പ്രസിദ്ധീകരണത്തിന്റെ 50-ാം വര്‍ഷം എന്ന നിലയില്‍ ആഘോഷിക്കപ്പെടേണ്ടതാണ്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഖസാക്കിനേക്കാളും ആള്‍ക്കൂട്ടത്തെക്കാളും എന്നെ രസിപ്പിച്ച കൃതി മയ്യഴിയാണെന്നു പറയുന്നതിനു മടിതോന്നുന്നില്ല.
‘മയ്യഴി ഒഴുകിവന്ന വഴികളിലൂ’ ടെ എന്ന പേരില്‍ ഭാഷാപോഷിണിയില്‍ മുകുന്ദന്‍ തന്നെ എഴുതിയ ഒരു ലേഖനവും കൂടാതെ മൂന്നു കുറിപ്പുകളും ചേര്‍ത്തിരിക്കുന്നു. അതില്‍ കഴിഞ്ഞു മഹത്തായ ഈ കൃതിയെക്കുറിച്ചുള്ള മലയാളിയുടെ വിചാരങ്ങള്‍. നോവലിസ്റ്റ് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് അദ്ദേഹത്തിന്റെയും മലയാളത്തിന്റെയും ഭാഗ്യമാണ്. കഴിവതും വിവാദങ്ങളില്‍ നിന്നകന്ന് തന്റേതുമാത്രമായ ഒരു ലോകത്ത് ജീവിക്കുന്ന മുകുന്ദന്‍ മലയാളത്തിന്റെ ഇതിഹാസകാരനായ എഴുത്തുകാരന്‍ തന്നെയാണ്. യഥാര്‍ത്ഥ ഇതിഹാസകാരനെ തഴഞ്ഞ് അല്പവിഭവന്മാരെയാണ് നമ്മള്‍ കൊണ്ടാടിക്കൊണ്ടിരിക്കുന്നത്. കാലത്തിനൊപ്പം വളരാന്‍ കഴിഞ്ഞു എന്നതാണ് മയ്യഴിയുടെ എഴുത്തുകാരന്റെ വിജയം. അദ്ദേഹം പഴയ രീതിയില്‍ത്തന്നെ തുടര്‍ന്നില്ല. പുതിയകാലത്തിനനുസരിച്ച് മാറാന്‍ തയ്യാറായി. ഈ സ്വയം നവീകരണമാണ് മുകുന്ദനെ ഇന്നും പ്രസക്തനാക്കി നിലനിര്‍ത്തുന്നത്. ആകെ രണ്ടോ മൂന്നോ നോവല്‍ തട്ടിക്കൂട്ടി അതിന്റെ പുറത്തു മാത്രം ജീവിച്ചുപോന്ന എഴുത്തുകാരുടെ ഇടയില്‍ മുകുന്ദന്‍ ഒരപവാദമാണ്. ശ്രദ്ധേയമായ രണ്ടു ഡസനിലധികം കൃതികള്‍ അദ്ദേഹത്തിനുണ്ട്. ഈ എഴുത്തുകാരനെ ആഘോഷിക്കുകയാണ് മലയാളി ചെയ്യേണ്ടത്.
മാങ്ങാട് രത്‌നാകരന്‍ പത്രപ്രവര്‍ത്തകനാണെന്നതു ശരിതന്നെ. പക്ഷേ കവിത എഴുതേണ്ടതുണ്ടോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടേ. ജര്‍മ്മന്‍കാരനായ ജോര്‍ജ് ഗ്രോസ്സിന്റെ (ഏലീൃഴല ഏൃീ്വെ) പേരും വച്ച് ‘ആത്മകഥാശീര്‍ഷകം’ എന്നു തലക്കെട്ടും നല്‍കി ഒരു ചെറിയ കസര്‍ത്ത് നടത്തിയാല്‍ കവിതയാകില്ല. ഗ്രോസ് നല്ല ചിത്രകാരനായിരുന്നുവെന്ന് ചിത്രകലയില്‍ പരിജ്ഞാനമുള്ളവര്‍ പറയുന്നു. പക്ഷേ മാങ്ങാട് രത്‌നാകരനും ഗ്രോസും തമ്മിലെന്ത്? ചിത്രകലയെ സാഹിത്യത്തോട് അടുപ്പിക്കുന്നത് നല്ലതു തന്നെ. വല്ല വിദേശികളും വന്നുവാങ്ങിയാലേ നമ്മുടെ നാട്ടിലെ ചിത്രകാരന്മാരുടെ രചനകള്‍ക്ക് വിലകിട്ടാറുള്ളൂ. പഴയകാലത്ത് ചുവര്‍ചിത്രങ്ങളും മറ്റുമായി ചിത്രകാരന്മാര്‍ ഇവിടെയും ആദരിക്കപ്പെട്ടിരുന്നു. എന്നാല്‍ പാശ്ചാത്യനാടുകളില്‍ ചിത്രകാരന്മാര്‍ക്ക് കിട്ടിയ അംഗീകാരം നമുക്ക് ഒരിക്കലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. രാജാരവിവര്‍മ്മയെപ്പോലെ അപൂര്‍വ്വം ചിലര്‍ എല്ലാവരുടേയും പ്രശംസ നേടിയെടുത്തിട്ടുണ്ടെങ്കിലും പൊതുവെ ചിത്രകലയെ നമ്മള്‍ പരിഗണിക്കാറില്ല. അതുകൊണ്ട് പുതിയ കാലത്ത് നല്ല ചിത്രകാരന്മാര്‍ പലരും പടിഞ്ഞാറേയ്ക്ക് ചേക്കേറുകയുണ്ടായി. കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒക്കെ വന്നതുകൊണ്ട് ഇനി ചിത്രകാരന്മാര്‍ തന്നെ വേണ്ട എന്ന സ്ഥിതി വരുമെന്നു തോന്നുന്നു. ചിത്രകലയെ കവിതയുമായി ചേര്‍ത്തു വയ്ക്കാന്‍ നോക്കിയതു നല്ല കാര്യം. പക്ഷേ കവിതയ്ക്ക് കവിതതന്നെ വേണമല്ലോ!
മനുഷ്യന്റെ ഉടല്‍ ഒരു അത്ഭുത പ്രതിഭാസമാണ്. തലച്ചോറിന്റെ ഭാഗമായുള്ള കോടാനുകോടി നാഡീകോശങ്ങള്‍. 86 ബില്യണ്‍ ഉണ്ടത്രേ അവയുടെ എണ്ണം. സെറിബ്രല്‍ കോര്‍ട്ടക്‌സില്‍ മാത്രം 16 ബില്യണ്‍. അവയുടെ അതിസങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍. ഒരു മനുഷ്യായുസ്സു മുഴുവന്‍ സൂക്ഷിച്ചുവയ്ക്കുന്ന ഓര്‍മകള്‍. മരിച്ചുപോയ മനുഷ്യരുടെ രൂപം അപ്പടി സൂക്ഷിക്കുന്ന മനസ്സ്. നിദ്രയിലെ സവിശേഷ മാനസികഭാവങ്ങള്‍, സ്വപ്‌നം എന്ന അത്ഭുതം. അങ്ങനെ മനസ്സെന്ന അത്ഭുത പ്രപഞ്ചം. 24 മണിക്കൂറും മിടിക്കുന്ന ഹൃദയം. കിഡ്‌നിയിലെ ശുദ്ധീകരണപ്രവര്‍ത്തനം. ആമാശയത്തിന്റെ സങ്കീര്‍ണ്ണമായ പചനക്രിയകള്‍. കൃത്യമായ വിരേചനം, സ്വാദ്, മണം, സ്പര്‍ശം, രതിക്രിയയുടെ തിരിച്ചറിയാനാവത്ത ആനന്ദം അങ്ങനെ എത്ര ചിന്തിച്ചാലും തീരാത്ത മനുഷ്യന്റെ ഉടലനുഭവങ്ങള്‍. ഒന്നിന് മറ്റൊന്നിനോട് ബന്ധമില്ലാത്ത വിധം വ്യത്യസ്തമാണ് ഓരോ അവയവവും. എന്നാല്‍ എല്ലാം ഏകോപിക്കപ്പെട്ടിരിക്കുന്നു. ഉടലിന്റെ സവിശേഷതകളിലേയ്ക്ക് ഒന്നെത്തിനോക്കാനാണ് സുധീഷ് കോട്ടേമ്പ്രം ‘ഉയിര്‍പ്പുമുട്ടല്‍’ എന്ന കവിതയിലൂടെ ശ്രമിക്കുന്നത് (ഭാഷാപോഷിണി). പുതുമയുള്ള എഴുത്ത്. പുത്തന്‍ തിരിച്ചറിവുകള്‍. കവിത ഗദ്യമെങ്കിലും മനോഹരം.
ഭാഷാപോഷിണിയിലെ കെ.വിശ്വനാഥിന്റെ കഥ ‘സുഗന്ധിയുടെ സാമ്രാജ്യങ്ങള്‍’ ക്രൂരനായ ഒരച്ഛന്റെ തന്റേടിയായ മകളെ അവതരിപ്പിക്കുന്നു. കഥയില്‍ പറയുന്നതരം സ്ത്രീകള്‍ ഉണ്ടാവും. ചലച്ചിത്രത്തില്‍ മാത്രമേ അത്തരം സ്ത്രീകളെ നമ്മള്‍ പരിചയിച്ചിട്ടുള്ളൂ; പിന്നെ കഥകളിലും. ഭര്‍ത്താക്കന്മാരെ മാറിമാറി സ്വീകരിക്കുകയും മടുക്കുമ്പോള്‍ പുറന്തള്ളുകയും ചെയ്തിട്ടുള്ള സ്ത്രീകളെക്കുറിച്ച് പണ്ട് പല കഥകളും കേട്ടിട്ടുണ്ട്. അത്തരക്കാരെ ജീവിതത്തില്‍ എവിടെയും കണ്ടിട്ടില്ല. വിശ്വനാഥ് അത്തരത്തില്‍ ഒരാളെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. ലജ്ജാവതികളായ ശാലീനസുന്ദരികളെ മാത്രം അവതരിപ്പിച്ചാല്‍ പോരല്ലോ.
പണ്ടുവായിച്ച എമിലിസോളയുടെ നാനയാണ് (Emile Zola – Nana)) പെട്ടെന്ന് ഓര്‍മ്മയിലേക്ക് വരുന്നത്. 1880 ല്‍ ഫ്രഞ്ചില്‍ പ്രസിദ്ധീകരിച്ച 20 ഭാഗങ്ങളുള്ള ഒരു നോവല്‍ സീരിസില്‍ പെട്ടതാണത്രേ ഈ നോവല്‍. പണ്ടുകാലത്ത് ഇതിന്റെ മലയാളം തര്‍ജ്ജമയ്ക്ക് കേരളത്തിലെ വായനശാലകളില്‍ വലിയ ഡിമാന്റ് ആയിരുന്നു. നെപ്പോളിയന്‍ മൂന്നാമന്റെ കാലത്തെ ഫ്രഞ്ച് സമൂഹത്തെയാണത്രേ സോള വരച്ചു കാണിക്കുന്നത്. തന്റെ സൗന്ദര്യംകൊണ്ട് പാരീസിനെ മുഴുവന്‍ വലവീശിപ്പിടിക്കുന്ന നാന ഒടുവില്‍ എല്ലാവരാലും അകറ്റപ്പെട്ട് വസൂരിബാധിതയായി അങ്ങേയറ്റം വികൃതരൂപിണിയായി മരിക്കുന്നു. ഉടലിന്റെ സൗന്ദര്യം കൊണ്ട് എല്ലാം കീഴടക്കാമെന്ന് വ്യാമോഹിച്ച ‘നാനാ’ ഒടുവില്‍ ജീവിതത്തിന്റെ നിഷ്ഫലത തിരിച്ചറിയുന്നു. അക്കാലത്ത് ലോകത്തിലെ എല്ലാഭാഷകളിലേയ്ക്കും നോവല്‍ തര്‍ജ്ജമ ചെയ്യപ്പെട്ടിരുന്നു. ലൈംഗികത മുഴച്ചു നില്‍ക്കുന്ന അവതരണരീതിയാണ് നോവലിനെ പ്രശസ്തമാക്കിയതെങ്കിലും സൗന്ദര്യത്തിന്റെ ക്ഷണികതയും നിഷ്ഫലതയും അവതരിപ്പിക്കുക വഴി നോവലിസ്റ്റ് കൃതിയെ വിശ്വോത്തരമാക്കി. വിശ്വനാഥിന്റെ കഥ നാനയെ ഓര്‍മ്മിപ്പിച്ചെങ്കിലും തമ്മില്‍ സാദൃശ്യമൊന്നുമില്ല. ഉച്ഛൃംഖലയായ ഒരു സാധാരണ പെണ്ണിന്റെ കഥ – അത്രമാത്രമേയുള്ളൂ.
ഭാഷാപോഷിണിയില്‍ വേറെയും രണ്ടു കഥകള്‍ കൂടിയുണ്ട്. അതിലൊന്ന് വി.നടരാജന്റെ ”വാഴ്ത്തപ്പെട്ടവന്റെ തീ നായ്ക്കള്‍” ആണ്. മനഷ്യരെ സ്‌നേഹിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ സമ്പന്നന്മാര്‍ നായ്ക്കളെ സ്‌നേഹിക്കുന്നുണ്ട്. നായ്ക്കള്‍ക്കുവേണ്ടി ഒരു വര്‍ഷം കോടികള്‍ ചെലവാക്കാറുണ്ടുപോലും. ഈ നാട്ടിലെ നായ്ക്കളോട് ആര്‍ക്കും വലിയ ഭ്രമമില്ല. പടിഞ്ഞാറുനിന്നും കൊണ്ടുവരുന്ന നായ്ക്കള്‍ക്കായി കൃത്രിമമായ ശൈത്യകാലാവസ്ഥ പോലും സൃഷ്ടിക്കുന്നുണ്ട് ചില കോടീശ്വരന്മാര്‍. സ്വന്തമായി വീടില്ലാത്ത 20 കോടിയോളം മനുഷ്യരുള്ള രാജ്യത്താണ് നമ്മുടെ പൊങ്ങച്ചക്കാരായ കോടീശ്വരന്മാര്‍ നായ്ക്കള്‍ക്കായി കോടികള്‍ ചെലവാക്കുന്നത്. അവരുടെ മൗലികാവകാശത്തില്‍ നമുക്ക് ഇടപെടാന്‍ അവകാശമില്ലല്ലോ! അത്തരത്തില്‍ ഒരു കോടീശ്വരനെയാണ് കഥയില്‍ നടരാജന്‍ വരച്ചുകാണിക്കുന്നത് കഥയില്‍ പുതുമ ഒന്നുമില്ല.
സുഭാഷ് ഓട്ടുംപുറത്തിന്റെ കഥ അപരിചിത കാമുകന്‍ (ഭാഷാപോഷിണി) യാഥാര്‍ത്ഥ്യത്തിനും ഭ്രമാത്മകതയ്ക്കും ഇടയിലൂടെ സഞ്ചരിച്ച് നമ്മളെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. മരണം, ജീവിതം, പ്രണയം എന്നിവയൊക്കെ കഥാകൃത്ത് സൂക്ഷ്മമായി വിശകലനം ചെയ്യുന്നുണ്ട്. മൂന്നും നമ്മുടെ വിശകലനങ്ങള്‍ക്കു വഴങ്ങാത്ത ദുരൂഹതകളാണെന്ന യഥാര്‍ത്ഥ്യത്തെ സ്ഥാപിക്കാനും കഥാകൃത്തിനു കഴിയുന്നു. ‘അശോകേട്ടന്‍’ എന്ന ഗ്രാമീണ കഥാപാത്രത്തിലൂടെ ജീവിതത്തിന്റെ ദുര്‍ഗ്രഹതകളെ അനാവരണം ചെയ്യുന്ന സുഭാഷും ഒട്ടുംപുറത്തിന്റെ കഥ മെച്ചപ്പെട്ട രചനയാണ്.