നീ വരുന്നില്ലേ രാധേ!
രാവുറങ്ങുവാനിനി
മാത്ര നേരമേയുള്ളൂ
മായുന്നു നക്ഷത്രങ്ങള്‍.
നീ വരുന്നില്ലേ രാധേ!
നീരദ നികുഞ്ജത്തില്‍
പൂത്തു നില്‍ക്കുന്നൂ നിശാ-
ഗന്ധിയാം ചന്ദ്രക്കല.
രാക്കുയില്‍ നീട്ടിപ്പാടും
പാട്ടിലെ വിരഹത്തില്‍
ചുട്ടുപൊള്ളുന്നൂ നീല
ക്കടമ്പും കവിതയും.
യമുനാ പുളിനങ്ങ
ളിപ്പൊഴും കാതോര്‍ക്കുന്നു
നിറയൗവനങ്ങള്‍ തന്‍
മദനോത്സവം കാണാന്‍.
നീ വരുന്നില്ലേ രാധേ
ചന്ദനം മണക്കുന്ന
മന്ദമാരുത കര-
സ്പര്‍ശന സുഖം പൂകാന്‍.
നീ വരുന്നില്ലേ രാധേ
പ്രണയം തുളുമ്പുന്ന
ചുണ്ടിലെ പുല്ലാങ്കുഴ
ലുമ്മ വച്ചുണര്‍ത്തുവാന്‍!