പാലക്കാട്: സമാജത്തിന്റെ പരമോന്നതിയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന് പറഞ്ഞു. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ഉത്തരകേരള സംഘശിക്ഷാവര്‍ഗിന്റെ സമാപന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏജ് ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി വിളമ്പത്ത് രവീന്ദ്രന് അധ്യക്ഷത വഹിച്ചു.ലോകം ഇന്ന് ലോകം ഇന്ന് ഭാരതത്തെ ഉറ്റുനോക്കുകയാണെന്ന് കെ.പി. രാധാകൃഷ്ണന് പറഞ്ഞു. ഏതു വിഷയത്തിലും ഭാരതത്തിന്റെ അഭിപ്രായത്തിനായി കാതോര്‍ക്കുന്നു. രാജ്യം പ്രാപിച്ച വളര്‍ച്ചയുടെയും വികാസത്തിന്റെയും കരുത്താണ് ഇതിനുകാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുര്‍ബലമായ ശബ്ദത്തെ ആരുംതന്നെ ഗൗനിച്ചില്ല. എന്നാലിന്ന് ചിത്രം വ്യത്യസ്തമാണ്. പരിഹാസത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലഘട്ടം പിന്നിട്ട സംഘം അംഗീകാരം നേടിയതിന്റെ തെളിവാണിത്. സംഘത്തെക്കുറിച്ച് ലോകമൊട്ടാകെ സര്‍വകലാശാലാതലങ്ങളില്‍ ചര്‍ച്ചകളും പഠനവും ഗവേഷണവും നടക്കുന്നു. അതിനാല്‍ത്തന്നെ കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞ കാലത്തെ നാം കരുതലോടെ വീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുകൂലാന്തരീക്ഷത്തെ സാഹചര്യ നിരപേക്ഷമാക്കുകയാണ് വേണ്ടത്.പൊതുസമൂഹത്തോടുള്ള നമ്മുടെ കടപ്പാട് വര്‍ധിക്കുകയാണ്. അതിനനുസൃതമായി മനസും പ്രവര്‍ത്തനവും കരുപ്പിടിപ്പിക്കണം.
സമൂഹത്തിനുവേണ്ടി നമുക്കെന്തുചെയ്യാന്‍ കഴിഞ്ഞെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. സമാജസേവനത്തിലൂടെ മാത്രമെ നമുക്ക് രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ. അതിനനുസൃതമായ പദ്ധതിയാണ് രൂപപ്പെടുത്തേണ്ടത്. പ്രശ്നങ്ങളില്‍ വിശകലനവും പരിഹാരവും പ്രായോഗിക ബുദ്ധിയും രൂപപ്പെടുത്തിയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഭാരതമെന്ന സങ്കല്പം ഓരോ വ്യക്തിയിലും കത്തിജ്വലിപ്പിക്കാന്‍ നമ്മുടെ പ്രവര്‍ത്തനത്തിലൂടെ കഴിയണം. അതുവഴി രാഷ്ട്രത്തിന്റെ പുരോഗതിയും നേടാന്‍ കഴിയും. കാലഘട്ടം നമ്മുടേതാണെന്ന ചിന്ത ഓരോരുത്തരിലും ഉയര്‍ന്നാല്‍ രാജ്യത്തെ സ്വയം പര്യാപ്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗ് സര്‍വാധികാരി കെ.പി. രാജേന്ദ്രന്, വര്‍ഗ് കാര്യവാഹ് ഒ. രാഗേഷ്, പാലക്കാട് വിഭാഗ് പ്രൗഢപ്രമുഖ് ജി. ബേബി എന്നിവര്‍ സംസാരിച്ചു.