അരനൂറ്റാണ്ടിലേറെ കാലം സ്വയം മറന്ന്, സ്വന്തം കുടുംബത്തെ പോലും മറന്ന്, സ്ഥാനമാനങ്ങളോ പ്രശസ്തിയോ ഒട്ടും ആഗ്രഹിക്കാതെ അനീതിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടിയ ‘സെയ്ദ് മുഹമ്മദ് ആനക്കയം’ എന്ന കൂരിമണ്ണില്‍ വലിയമണ്ണില്‍ സെയ്ദ് മുഹമ്മദ് അന്തരിച്ചു. 2024 ഏപ്രില്‍ 8 തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടര മണിക്കായിരുന്നു അന്ത്യം. മൃതദേഹം പുള്ളിയിലങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ അടക്കം ചെയ്തു. ഇദ്ദേഹത്തിന്റെ ദേഹവിയോഗം സമൂഹത്തിന് ഒരു തീരാനഷ്ടമാണ്.
പൗരപ്രമുഖനായ കെ.വി. കുഞ്ഞിപ്പോക്കര്‍ കുട്ടി ഹാജിയുടെയും കെ.വി.കുഞ്ഞിപ്പാത്തുമ്മയുടെയും മകനായി 1949 ജൂണ്‍ മാസത്തില്‍ കല്ലേങ്ങല്‍ വീട്ടിലാണ് സെയ്ദ് മുഹമ്മദ് ജനിച്ചത്. 1921 ഓഗസ്റ്റ് 30 നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള മാപ്പിള കലാപകാരികളാല്‍ നിര്‍ദ്ദയം വധിക്കപ്പെട്ട ഖാന്‍ ബഹാദൂര്‍ ചേക്കുട്ടി എന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ സെയ്തുമുഹമ്മദിന്റെ പിതാമഹന്റെ ജ്യേഷ്ഠസഹോദരനായിരുന്നു എന്നത് ശ്രദ്ധേയമാണ്.
സാമൂഹ്യ പ്രവര്‍ത്തകയായ നാണത്ത് സുഹ്‌റ ആണ് ഭാര്യ. മൂത്ത മകന്‍ അഡ്വക്കറ്റ് സാബു മഞ്ചേരിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇളയ മകന്‍ ഡോക്ടര്‍ രോഷിത് ബ്രിട്ടനിലാണ്. മകള്‍ രേഖ അജ്മാനില്‍ (യു.എ.ഇ.) ഫാര്‍മസിസ്റ്റുമാണ്. സെയ്ദ് തന്റെ മൂന്നു മക്കളെയും നല്ല വിദ്യാഭ്യാസവും യുക്തിചിന്തയും നല്‍കി വളര്‍ത്തി. റുഖിയ ഹജ്ജുമ്മ ഏക സഹോദരിയാണ്.
മഞ്ചേരി ഹൈസ്‌കൂള്‍, ഫാറൂഖ് കോളേജ് ഫറോക്ക്, എന്‍.എസ്.എസ്. കോളേജ് മഞ്ചേരി എന്നീ സ്ഥാപനങ്ങളിലായിരുന്നു സെയ്ദിന്റെ വിദ്യാഭ്യാസം. അതീവ സത്യസന്ധനും മനുഷ്യ സ്‌നേഹിയും പരോപകാരിയും നിഷ്‌കളങ്കനുമായിരുന്നു സെയ്ദ് മുഹമ്മദ്. ആനക്കയത്തെ ഒരു ജന്മി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹം വളരെ ചെറുപ്പത്തില്‍ തന്നെ ജന്മിത്തത്തിനെതിരെ സ്വന്തം പിതാവിന്റെ തൊഴിലാളികളെത്തന്നെ സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചു കൊണ്ടാണ് തന്റെ പൊതുജീവിതം ആരംഭിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കെ സെയ്ദിനെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലരാണ് അദ്ദേഹത്തോട് ഖുര്‍ആന്‍ പഠിക്കാന്‍ നിര്‍ദ്ദേശിച്ചത്. അതനുസരിച്ച് ഖുര്‍ആന്‍ പരിഭാഷ വാങ്ങി വായിച്ചതാണ് സെയ്ദ് മുഹമ്മദിന്നു ഇസ്‌ലാം മതവിശ്വാസം നഷ്ടപ്പെടാന്‍ കാരണമായത്. ഖുര്‍ആന്‍ വായന പൂര്‍ത്തിയാക്കിയ ഉടനെ തന്നെ ‘ഖുര്‍ആനിലെ ദൗര്‍ബ്ബല്യങ്ങള്‍’ എന്ന പേരില്‍, അതിലുള്ള അബദ്ധങ്ങളും വൈരുദ്ധ്യങ്ങളും അശാസ്ത്രീയതകളും അക്കമിട്ട് നിരത്തിക്കൊണ്ട് ഒരു ലഘുലേഖ തയ്യാറാക്കി. അത് സ്വന്തം പണം മുടക്കി അച്ചടിപ്പിച്ച് കൂലിക്കാരെ നിയോഗിച്ചു മഞ്ചേരിയിലും മലപ്പുറത്തും ആനക്കയത്തുമൊക്കെ വിതരണം ചെയ്യിച്ചു. വെള്ളിയാഴ്ച പള്ളികള്‍ക്ക് മുമ്പിലും നോട്ടീസ് വിതരണം നടത്തി! ഇതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ യുക്തിവാദ പ്രവര്‍ത്തനം. 1982 ല്‍ തയ്യാറാക്കിയ പ്രസ്തുത ലഘുലേഖ ചില യുക്തിവാദികളുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവര്‍ അതിന്റെ ഉത്ഭവം അന്വേഷിച്ചു കണ്ടെത്തി. അങ്ങനെയാണ് സെയ്ദ് മുഹമ്മദ് യുക്തിവാദ സംഘടനകളുമായി ബന്ധപ്പെട്ട് തുടങ്ങുന്നത്. സമാന ചിന്താഗതിക്കാരായ ഏതാനും സുഹൃത്തുക്കളുമായി ചേര്‍ന്ന് പിന്നീട് അദ്ദേഹം നിരന്തരമായ ഇസ്‌ലാംമത വിമര്‍ശനം നടത്തി. മേല്പറഞ്ഞ ഖുര്‍ആന്‍ വിമര്‍ശന ലഘുലേഖയ്ക്ക് മതപണ്ഡിതനായ സി.എന്‍. അഹദ് മൗലവി ‘യുക്തിവാദികളുടെ പച്ച നുണകള്‍’എന്ന പേരില്‍ ഒരു മറുപടി പുസ്തകം പ്രസിദ്ധപ്പെടുത്തി. ആ മറുപടിക്കുള്ള വിശദമായ പ്രതികരണമാണ് സെയ്ദിന്റെ ആദ്യത്തെ യുക്തിവാദ ഗ്രന്ഥമായി പ്രസിദ്ധീകരിക്കപ്പെട്ട ‘അഹമ്മദ് മൗലവിയുടെ പച്ച നുണകള്‍’.
പിന്നീട് വിശ്രമമില്ലാതെ ഇസ്ലാമിനെ യുക്തിയുക്തം വിമര്‍ശിക്കുന്ന നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പുറത്ത് വന്നു. മലയാളത്തിലെ മിക്ക പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു; ദല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന തേരാളി മാസികയിലും യുക്തിരേഖ, യുക്തിവാദി, യുക്തിവിചാരം, യുക്തിരാജ്യം, രണരേഖ തുടങ്ങിയ മാസികകളിലും എഴുതിയിട്ടുണ്ട്. കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന രണരേഖയുടെ പത്രാധിപരും ആയിരുന്നു. തന്റെ അന്ത്യശ്വാസം വരെയും ആ ധീരകൃത്യം അദ്ദേഹം നിര്‍വ്വഹിച്ചു. സെയ്ദിന്റെ മറ്റൊരു ഗ്രന്ഥമാണ് പ്രശസ്ത യുക്തിചിന്തകന്‍ എ.വി.ജോസിന്റെ സമഗ്ര ജീവചരിത്രം ‘യുക്തിവിചാരം ജോസ്’ എന്ന പേരില്‍ 2005ല്‍ പ്രസിദ്ധീകൃതമായത്. കൂടാതെ ‘ഇസ്‌ലാമിന്റെ തനിനിറം’, ‘മുഹമ്മദ് – പ്രചരണവും യാഥാര്‍ത്ഥ്യവും’ തുടങ്ങിയ പത്തോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇവയില്‍ മുഹമ്മദ് പ്രചാരണവും യാഥാര്‍ത്ഥ്യവും എന്ന കൃതിയെ പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. പ്രമുഖ ഇറാനിയന്‍ പണ്ഡിതനും രാഷ്ട്രതന്ത്രജ്ഞനുമായിരുന്ന അലി ദസ്തിയുടെTwenty Three Years A study of the Prophetic Career of Muhammad (ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ – മുഹമ്മദിന്റെ പ്രവാചക ജീവിതത്തെ കുറിച്ചുള്ള ഒരു പഠനം) വളരെ ആധികാരികമായ ഒരു ഇസ്ലാം വിമര്‍ശന ഗ്രന്ഥമാണ്. പഹ്ലവി ഭരണ കാലത്ത് ഒരു സെനറ്ററായിരുന്ന അലി ദസ്തി 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം തടവിലാക്കപ്പെടുകയും, കഠിനമായ പീഡനങ്ങള്‍ക്കു വിധേയനായി, രണ്ടു വര്‍ഷത്തിനകം തടവറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. മേല്പറഞ്ഞ ഗ്രന്ഥം അലി ദസ്തി തന്റെ ജീവിതകാലത്തു പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. അദ്ദേഹത്തിന്റെ മരണശേഷമാണ് അത് വെളിച്ചം കണ്ടത്. എന്നാല്‍, സെയ്ദ് മുഹമ്മദ്, അബ്ദുല്ല മേപ്പയൂര്‍ (മരണം ഒക്ടോബര്‍ 2022) എന്ന സുഹൃത്തിന്റെ സഹകരണത്തോടെ, ആ ഗ്രന്ഥത്തിലെ പ്രധാന ആശയങ്ങള്‍ ക്രോഡീകരിച്ചു എ.ഡി.2000 ല്‍ പ്രസിദ്ധീകരിച്ചു. ഈ അമൂല്യ പഠനം സെയ്ദ് മുഹമ്മദിന്റെ അസാമാന്യ ധീരതയും സാഹസികതയും വ്യക്തമാക്കുന്നു.
ആദ്യകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ഇസ്‌ലാം മതവിമര്‍ശനത്തില്‍ നിന്ന് പിന്തിരിയണമെന്നു ആവശ്യപ്പെട്ടതിനാല്‍ പാര്‍ട്ടി വിടുകയാണുണ്ടായത്. യുക്തിചിന്തകന്‍ എന്നതിലുപരി സെയ്ദ് മുഹമ്മദ് ഒരു തികഞ്ഞ രാജ്യസ്‌നേഹിയും ദേശീയവാദിയും ആയിത്തീരുകയും ബിജെപി, ആര്‍എസ്എസ് ആശയങ്ങളോട് യോജിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തു. ജന്മഭൂമി ദിനപത്രം, കേസരി വാരിക എന്നിവയില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. ഇസ്‌ലാമിക ശരീഅത്തിന്റെ അശാസ്ത്രീയത ഊന്നിപ്പറഞ്ഞു. അത് മാറ്റേണ്ടത് അത്യന്താപേക്ഷിതമാണെന്നു വാദിച്ചു.
1984 ലാണ് സെയ്ദും കുടുംബവും ഒരു ഊരുവിലക്കിനു വിധേയരായത്. തന്റെ മാതാവ് മരിച്ചപ്പോള്‍ അദ്ദേഹം പള്ളിയില്‍ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തില്ല. അതില്‍ കോപിഷ്ഠനായ പിതാവ് സെയ്ദിനു താന്‍ കൊടുത്തിരുന്ന നാല് ഏക്കര്‍ സ്ഥലം പുള്ളിയിലങ്ങാടി ജുമാ മസ്ജിദിനു വഖഫ് ചെയ്യാന്‍ നിര്‍ബന്ധിച്ചു. അതുപ്രകാരം താന്‍ ഇഷ്ടമില്ലാതെ പള്ളിക്കു കൊടുത്തിരുന്ന സ്ഥലം അവിശ്വാസിയായ സെയ്ദ് തിരിച്ച് ആവശ്യപ്പെട്ടു. പള്ളി അധികാരികള്‍ അതു തിരിച്ചു കൊടുത്തില്ല എന്ന് മാത്രമല്ല അദ്ദേഹത്തിനും കുടുംബത്തിനും ഊരുവിലക്ക് കല്പിക്കുകയും ചെയ്തു. അതില്‍ ശക്തമായി പ്രതിഷേധിച്ച സെയ്ദ് മുഹമ്മദിന് തന്റെ പിതാവുമായുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിച്ചു.
ഉദാരമതിയായ മനുഷ്യസ്‌നേഹി, സാമൂഹ്യസേവകന്‍, ത്യാഗി വര്യന്‍, ആഡംബര ജീവിതത്തിലോ, പ്രശസ്തിയിലോ, ധനസമ്പാദനത്തിലോ താല്പര്യമില്ലാത്ത നിഷ്‌കളങ്ക ഹൃദയന്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരെ സധൈര്യം പോരാടിയ യുക്തി ചിന്തകന്‍, തികഞ്ഞ ദേശീയവാദി, എന്നീ നിലകളില്‍ അരനൂറ്റാണ്ടിലേറെക്കാലം ഉജ്ജ്വലമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകി മാതൃകാജീവിതം നയിച്ച ഈ സത്യാന്വേഷിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സന്താപത്തില്‍ പങ്കു ചേരുന്നു!