പണ്ഡിതന്മാരായ വിദേശപാതിരിമാരും മതപരിവര്‍ത്തനത്തിന് ആക്കം കൂട്ടാന്‍ പലതും ഭാരതത്തില്‍ ചെയ്തുകൂട്ടിയിട്ടുണ്ട്. അന്നത്തെ കാലത്ത് ഹിന്ദുസമൂഹത്തിലെ സമുന്നതരായവരെ, വിശിഷ്യ പണ്ഡിതരായ ബ്രാഹ്‌മണരെയും മറ്റും, ചതുരുപായങ്ങള്‍ പ്രയോഗിച്ച് കെണിയില്‍ വീഴ്ത്തി മതംമാറ്റാന്‍ ആസൂത്രിതമായ ശ്രമം തുടങ്ങി. നമ്മുടെ ശാസ്ത്രങ്ങള്‍ എല്ലാം പരമാബദ്ധപഞ്ചാംഗങ്ങളാണെന്ന് അവരെക്കൊണ്ടു പ്രാദേശികഭാഷകളില്‍ വരെ പുസ്തകങ്ങളെഴുതിച്ചു. ഹിന്ദുതത്വചിന്തയെ അശാസ്ത്രീയമാണെന്നു ഹിന്ദുക്കളെ ബോധ്യപ്പെടുത്തണമെങ്കില്‍ അവരുടെ ഇടയില്‍ത്തന്നെ ഉള്ളവരായ ബ്രാഹ്‌മണരെ ഉപയോഗിക്കണം എന്നു മനസ്സിലാക്കിയിട്ടാണ് പാതിരിമാര്‍ ബ്രാഹ്‌മണരെ പാട്ടിലാക്കാനുള്ള ശ്രമം നടത്തിയത്. അങ്ങനെ അവരുടെ വലയില്‍ വീണ രണ്ട് ബ്രാഹ്‌മണ പണ്ഡിതരാണ്. Nehemia Neelakantha Sasthry Gore (1825- 1895), Rev. Prof. K. M.Banerjee എന്നിവര്‍. ഇവര്‍ ഹിന്ദുതത്വചിന്തയെ താഴ്ത്തിക്കെട്ടാന്‍ എഴുതിയ പുസ്തകങ്ങളാണ് A Rational Refutation of Hindu Philosophical Systems, Dialogues on the Hindu Philosophy എന്നിവ. സി.വി.വാസുദേവഭട്ടതിരി ഭാരതീയദര്‍ശനങ്ങള്‍ (നാഷണല്‍ ബുക്ക്‌സ്റ്റാള്‍, 1986) എന്ന തന്റെ പുസ്തകത്തില്‍ ഹിന്ദുദര്‍ശനങ്ങളെ വിമര്‍ശിക്കാന്‍ ഗോറെയുടെ ഈ പുസ്തകത്തെ ഉപയോഗിച്ചിരിക്കുന്നതു കാണാം. അവരില്‍ ഗോറെ കാശിയിലെ ബ്രാഹ്‌മണപണ്ഡിതനായിരുന്നു. ബാനര്‍ജി ബംഗാളി ആയിരുന്നു. ഇദ്ദേഹം റെവറന്റ് കെ.എം.ബാനര്‍ജി (കൃഷ്ണമോഹന്‍ ബാനര്‍ജി(1813-1885) എന്ന പേരില്‍ ക്രിസ്തുമതം സ്വീകരിച്ചു. ബംഗാള്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ ആദ്യ പ്രസിഡന്റായി.
ഗോറെയുടെ ഹിന്ദിപുസ്തകം പിന്നീട് ഒരു വിദേശപാതിരി ഇംഗ്ലീഷിലേക്കു മൊഴി മാറ്റി. ഇത് ഷഡ്ദര്‍ശനദര്‍പ്പണം, ഹിന്ദു ഫിലോസഫി എക്‌സാമിന്‍ഡ് ബൈ എ പണ്ഡിറ്റ് എന്ന രണ്ടു ഭാഗങ്ങളായിട്ടാണ് പ്രസിദ്ധീകരിച്ചത്. അതിന്റെ (A Rational Refutation of Hindu Philosophical Systems) അവതാരികയില്‍ ഈ പാതിരി അവരുടെ മേല്‍പ്പറഞ്ഞ അടവ് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നു- ‘ക്രിസ്തുമതത്തിലേക്കു മതംമാറ്റപ്പെട്ട ബ്രാഹ്‌മണരുടെ മാര്‍ഗനിര്‍ദ്ദേശത്തിനു വഴിപ്പെട്ടാല്‍ മാത്രമേ ഹിന്ദുയിസത്തിന്റെ രഹസ്യങ്ങളുടെ ഉള്ളിലേക്കിറങ്ങാന്‍ സത്യത്തില്‍ കഴിയൂ എന്ന് ആ പണ്ഡിതനായ മാന്യന്റെയും പണ്ഡിറ്റ് നീലകണ്ഠന്റെയും വിശദീകരണങ്ങളില്‍ നിന്നും തോന്നുന്നു (What from the elucidations of that learned gentleman, and those of pandit Neelakantha, it should seem, that, in order really to penetrate the mysteries of Hinduism, we could scarcely do better than commit ourselves to the guidance of Christianised Brahmans).
തമിഴ്‌നാട്ടില്‍ ഇക്കൂട്ടര്‍ ഹിന്ദുക്കളെ കബളിപ്പിച്ച് മതപരിവര്‍ത്തനം നടത്താന്‍ സ്വീകരിച്ച നാടകം മനുഎസ്.പിള്ള (മധുരയിലെ ബ്രാഹ്‌മണന്‍, ചരിത്രവ്യക്തികള്‍ വിചിത്രസംഭവങ്ങള്‍, ഡി.സി. ബുക്‌സ്, 2018) വിവരിക്കുന്നുണ്ട്’. 1623-ല്‍ അന്നത്തെ തമിഴ്‌നാട്ടിലെ സെന്തമംഗലത്ത്(Senthamangalam) നാട്ടുരാജാവിന്റെ സദസ്സില്‍ ഒരു സന്ന്യാസി എത്തിച്ചേര്‍ന്നു. അക്കാലത്തെ ഒരു മഠാധിപതിയുടെ പ്രൗഢിയോടെയും പരിവാരങ്ങളോടെയുമായിരുന്നു ആഗമനം. ഒരു പരികര്‍മ്മി കുടപിടിച്ചു. സന്ന്യാസി ആസനസ്ഥനാകേണ്ട പുലിത്തോല്‍ വഹിച്ച് മറ്റൊരാള്‍. ഒരാള്‍ ഗ്രന്ഥങ്ങള്‍ ചുമന്നു. സന്ന്യാസി തങ്ങുന്നേടം തളിച്ചു ശുദ്ധമാക്കാന്‍ തീര്‍ത്ഥജലം നിറച്ച കമണ്ഡലുവുമായി ഇനിയുമൊരു സേവകന്‍. സെന്തമംഗലത്തിന്റെ അധിപന്‍ രാമചന്ദ്രനായ്ക്കര്‍ ഗുരുവിന്റെ പാദം ഭക്ത്യാദരപൂര്‍വം കഴുകി പുണ്യപുരുഷനെ ഊഷ്മളമായി സ്വീകരിച്ചു. തുടര്‍ന്നു നടന്ന സംഭാഷണത്തില്‍ ആദരണീയനായ അതിഥിക്ക് ഭൂമിയും കാഴ്ചദ്രവ്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടു. ഈ പ്രധാന പട്ടണത്തില്‍ അദ്ദേഹത്തിന് തന്റെ ദൗത്യം തുടങ്ങേണ്ടതുണ്ട്. അല്പസമയം ചെലവഴിച്ച ശേഷം അതിഥികള്‍ അവിടെ നിന്നു സേലത്തേക്ക് യാത്ര തുടര്‍ന്നു. അവിടെയും അധികാരി വൃദ്ധസന്ന്യാസിയെ ഉപചാരങ്ങളോടെ വരവേറ്റു. നഗരത്തിലെ ഏറ്റവും നല്ല വസതി സന്ന്യാസിയുടെ പര്‍ണ്ണശാലയായി. അധികാരിയുടെ സൗഹ്യദം നിരുപാധികം വാഗ്ദാനം ചെയ്യപ്പെട്ടു…’ ഇറ്റലിയിലെ മൊണ്ഡെപ്പുള്‍ച്ചിയാനോയിലെ പ്രഭുകുടുംബത്തില്‍ ജനിച്ച റോബര്‍ട്ടോ ഡി.നോബിലി ആണ് ഈ കഥാപാത്രം, കത്തോലിക്കാസഭയെ സേവിക്കാനുള്ള ദൃഢനിശ്ചയത്തോടെ 1604 ല്‍ കപ്പല്‍ കയറി ഭാരതത്തിലെത്തി. 1606 ല്‍ മധുരയിലെത്തി. തമിഴ്, തെലുങ്ക്, സംസ്‌കൃതം എന്നിവ പഠിച്ചു. മതംമാറിയ ഒരു ബ്രാഹ്‌മണനില്‍ നിന്നും വേദം പഠിച്ചു. ജസ്യൂട്ട് സന്ന്യാസിയുടെ ളോഹക്കു പകരം കാവി ഉടുത്തു. ബ്രാഹ്‌മണാചാരമനുസരിച്ചു ജീവിച്ചു. ജാതി ആചരിച്ചു. തേങ്ങയുടച്ചു പള്ളിക്കു കല്ലിട്ടു. തന്ത്രപരമായ ഇത്തരം നീക്കങ്ങളിലൂടെ ധാരാളം ബ്രാഹ്‌മണരെ മതംമാറ്റി. 1610 ല്‍ വെറും പത്തുപേരാണ് മധുരയില്‍ മതംമാറിയിരുന്നത്. റോബര്‍ട്ടോ മരിക്കുമ്പോള്‍ (1646) പുതുക്രിസ്ത്യാനികളുടെ എണ്ണം നാലായിരമായി ഉയര്‍ന്നു. ക്രമേണ അയാളുടെ കള്ളി വെളിച്ചത്തായി. അതോടെ മതപരിവര്‍ത്തനശ്രമത്തിനു കാര്യമായ തിരിച്ചടി നേരിട്ടു.
(5) യാഥാസ്ഥിതിക ആഖ്യാനം: മിഷണറിമാരും ബ്രിട്ടീഷ് ഭരണകൂടവും വംശവെറി മൂത്ത മറ്റ് ആംഗ്ലോ ജര്‍മ്മന്‍ പണ്ഡിതന്മാരും ഒറ്റയ്ക്കും തെറ്റയ്ക്കും നടത്തിയ ആസൂത്രിതമായ ഇത്തരം നീക്കങ്ങള്‍ ഹിന്ദു ഉപബോധത്തെ വലിയ തോതില്‍ സ്വാധീനിക്കാന്‍ തുടങ്ങി, അപകടം മനസ്സിലാക്കിയ ദേശീയ ചരിത്രകാരന്മാരും മറ്റും ഇതിനെതിരെ പ്രതികരിക്കാനും ഹിന്ദുക്കളില്‍ വളര്‍ന്നുവരുന്ന അപകര്‍ഷതാബോധത്തേയും പാശ്ചാത്യസംസ്‌കാരത്തോടുള്ള ഭ്രമത്തെയും ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു Rajendra Lal Mishra, Ram gopal Bhandarkar, Satvahan, Vishwanath Rajwade, D.R. Bhandarkar (1875-1950), ?.?. Jayaswal (1881-1937), H.C. Raychaudhury, R.C. Majumdar, K.A. Nilakanta Satsri, R.K. Mookerji, P.V. Kane എന്നിവര്‍ അവരില്‍ ചിലരാണ്.
എന്നാല്‍ ആര്യദ്രാവിഡവാദം, സംസ്‌കൃതത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കുവാന്‍ അവതരിപ്പിച്ച ഇന്‍ഡോ-യൂറോപ്യന്‍ പൊതുഭാഷ, വൈദികചട്ടക്കൂടാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാനം തുടങ്ങിയവയിലൂന്നിയ മേല്‍പ്പറഞ്ഞ പാശ്ചാത്യകുപ്രചരണത്തിന്റെ സ്വാധീനം ഇവരുടെ കൃതികളിലും കാണാം. ഇത് ആ ആംഗ്ലോ-ജര്‍മ്മന്‍ ഗൂഢപദ്ധതി എത്രമാത്രം ഹിന്ദുഉപബോധത്തെ അന്നേ സ്വാധീനിച്ചു എന്നതിനു മതിയായ തെളിവാണ്.
അക്കാലത്തെ ഹിന്ദുപണ്ഡിതരില്‍ ആ നുണകളുടെ ദുസ്സ്വാധീനം ഉണ്ടായി എന്നു കാണാം. സത്യത്തില്‍, ശാസ്ത്രത്തിന്റെ നിറം പിടിപ്പിച്ച ആ നുണകള്‍ ഇന്നാട്ടിലെ ദേശസ്‌നേഹികളായ പണ്ഡിതന്മാരിലും, നേതാക്കളില്‍ പോലും, ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതായിരുന്നില്ല. ആയിരത്തിലധികം വര്‍ഷങ്ങളിലെ അടിമത്തം നമ്മുടെ ചേതനയെ മരവിപ്പിച്ചതാണോ അതോ വേണ്ടത്ര തെളിവുകളോടെ പകരം വെക്കാന്‍ മറ്റു വിശദീകരണങ്ങള്‍ നടത്താന്‍ കഴിയാഞ്ഞതാണോ അതോ വെള്ളക്കാരന്റെ ധാടിയിലും മോടിയിലും മയങ്ങി അവര്‍ ബോധപൂര്‍വം കുഴിച്ച കുഴിയില്‍ വീണുപോയതാണോ എന്നറിയില്ല പലരും അവയെ സത്യമെന്നു കരുതി. ആ കാലഘട്ടത്തിലെ ഭാരതീയ പണ്ഡിതരുടെ കൃതികളിലെല്ലാം തന്നെ മേല്‍പ്പറഞ്ഞ ആര്യ-ദ്രാവിഡ വാദം, ദേഹപ്രകൃതി അനുസരിച്ചുള്ള തരം തിരിക്കല്‍ തുടങ്ങിയവ അംഗീകരിച്ചതായി കാണാം.
രാധാകുമുദ് മുക്കര്‍ജി അക്കാലത്തെ എണ്ണപ്പെട്ട ചരിത്രപണ്ഡിതനായിരുന്നു. ഫണ്ടമെന്റല്‍ യൂണിറ്റി ഓഫ് ഇന്ത്യ, നാഷണലിസം ഇന്‍ ഇന്ത്യന്‍ കള്‍ച്ചര്‍, ഹിന്ദു സിവിലൈസേഷന്‍, എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഷിപ്പിങ്, ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഷിപ്പിങ് ആന്‍ഡ് മാരിടൈം ആക്റ്റിവിറ്റി ഫ്രം ഏന്‍ഷ്യന്റ് ടൈംസ്, അഖണ്ഡഭാരത്, മെന്‍ ആന്‍ഡ് തോട്ട് ഇന്‍ ഏന്‍ഷിയന്റ് ഇന്ത്യ, ദി ഗുപ്ത എംപയര്‍, ലോക്കല്‍ ഗവണ്‍മെന്റ് ഇന്‍ ഏന്‍ഷിയന്റ് ഇന്ത്യന്‍, ആന്‍ ഇന്‍ട്രൊഡക്ഷന്‍ ടു ഇന്ത്യന്‍ ഇക്കണോമിക്‌സ്, ആന്‍ഷിയന്റ് ഹിന്ദു എഡ്യൂക്കേഷന്‍ ആന്‍ഡ് ലേര്‍ണിങ്ങ് മുതലായ ശ്രദ്ധേയങ്ങളായ പുസ്തകങ്ങളും ലഘുലേഖനങ്ങളും തീവ്രദേശഭക്തനായ ഇദ്ദേഹം എഴുതിയിട്ടുണ്ട്. അഖണ്ഡഭാരത് എന്ന ലഘുലേഖയില്‍ അദ്ദേഹം എഴുതിയതു നോക്കുക- ”ഇന്ത്യയിലേയും ലോകത്തിന്റെയും ആദ്യസാഹിത്യമായ വേദത്തിന്റെ കാലം തൊട്ട്, ചരിത്രത്തിന്റെ ഉദയം മുതല്‍, ആര്യന്‍ ഹിന്ദുക്കള്‍ ഈ ഭൂഖണ്ഡത്തെ കീഴടക്കുകയും സംസ്‌കാരസമ്പുഷ്ടമാക്കുകയും അവരുടെ ആത്മാവിനെ ഇവിടെ ആവാഹിച്ചുകുടിയിരുത്തുകയും ചെയ്തു.” മേല്‍ക്കൊടുത്ത കൃതികളിലെല്ലാം തന്നെ ഈ അടിസ്ഥാന നിലപാടു കാണാം.
ബാലഗംഗാധര തിലകന്‍ തന്റെ ഓറിയണ്‍ എന്ന പ്രസിദ്ധകൃതിയില്‍ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നതു കാണാം. ഹിന്ദുക്കളും പാഴ്സികളും ഗ്രീക്കുകാരും ആര്യന്മാരിലെ തന്നെ മൂന്ന് വിഭാഗങ്ങള്‍ ആണെന്ന് അതില്‍ പറയുന്നു. ദി പെഡഗോഗി ഓഫ് ദി ഹിന്ദുസ്, ഹിന്ദു കള്‍ച്ചര്‍ ആസ് എ വേള്‍ഡ് പവര്‍ മുതലായ പുസ്തകങ്ങള്‍ എഴുതിയ ബിനോയ് കുമാര്‍ സര്‍ക്കാര്‍ ഈ ആര്യ-ദ്രാവിഡകഥയില്‍ വിശ്വസിച്ചിരുന്നു. എവോല്യൂഷന്‍ ഓഫ് ഹിന്ദു മോറല്‍ ഐഡിയല്‍സ് (1935) എന്ന തന്റെ പ്രഭാഷണപരമ്പര (ഇതു പിന്നീട് പുസ്തകമാക്കി) യില്‍ സര്‍ പി.എസ്. ശിവസ്വാമി അയ്യര്‍ ഈ വാദത്തെ പിന്താങ്ങുന്നു. എ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി എഴുതിയ സുരേന്ദ്രനാഥ് ദാസ്ഗുപ്ത, ഇന്ത്യന്‍ ഫിലോസഫി എന്ന പുസ്തകം രചിച്ച ഡോക്ടര്‍ എസ്. രാധാകൃഷ്ണന്‍, അതുപോലെ ആന്‍ ഔട്‌ലൈന്‍ ഓഫ് ഇന്ത്യന്‍ ഫിലോസഫി മുതലായ പുസ്തകങ്ങളുടെ കര്‍ത്താവായ പ്രൊഫസര്‍ ഹിരിയണ്ണാ മുതലായ പണ്ഡിതന്മാരും തങ്ങളുടെ കൃതികളില്‍ ആര്യ-ദ്രാവിഡവാദത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. പി.ടി. ശ്രീനിവാസ അയ്യങ്കാരുടെയും മറ്റും ചരിത്രപുസ്തകങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു.
R. P. Chanda എന്ന ഭാരതീയ പണ്ഡിതന്‍ Indo- Aryan Races എന്ന പുസ്തകം എഴുതി. ബംഗാളിലെ വരേണ്യജാതിക്കാരുടെ വീതിയുള്ള നെറ്റി മംഗളോയിഡുകളില്‍ നിന്നും കിട്ടിയതല്ല മറിച്ച് Takla makan മരുഭൂപ്രദേശത്തു നിന്നും കണ്ടെടുത്ത ഒന്നാം തരം ആര്യന്‍ തലയോട്ടികളില്‍ നിന്നും പകര്‍ന്നതാണെന്നു സ്ഥാപിക്കുക ആയിരുന്നു ഈ പുസ്തകത്തിന്റെ ലക്ഷ്യം (ദിലീപ് കെ. ചക്രബര്‍ത്തി). റിസ്‌ളേ അവതരിപ്പിച്ച വംശശ്രേണി (Racial hierarchy) അനുസരിച്ച് ഇന്തോ- ആര്യന്മാരാണ് ഉപരിശ്രേണിയിലുള്ളവര്‍. അക്കൂട്ടത്തില്‍ പെടുന്നവരാണ് തങ്ങളും എന്നു സ്ഥാപിച്ചെടുക്കാന്‍ അക്കാലത്ത് സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ള ഭാരതീയര്‍ ആവുന്നത്ര പരിശ്രമിച്ചു എന്നു ചക്രബര്‍ത്തി ചൂണ്ടിക്കാട്ടുന്നു (lntroduction, India An Archaeological History).
ബൈബിള്‍ മാതൃകയില്‍ വേദമാണ്, വേദം മാത്രമാണ് ഭാരതീയസംസ്‌കൃതിക്ക് അടിസ്ഥാനം എന്ന ധാരണ പല സ്വദേശിപണ്ഡിതന്മാരും വെച്ചുപുലര്‍ത്തിപ്പോന്നു എന്നു കാണാം. ലോകമാന്യ ബാലഗംഗാധര തിലകന്റെ ഹിന്ദുത്വനിര്‍വചനം (പ്രാമാണ്യബുദ്ധിര്‍വേദേഷു സാധനാനാം അനേകതാ ഉപാസ്യാനാം അനിയമ: ഏതത് ധര്‍മ്മസ്യ ലക്ഷണം), മഹര്‍ഷി അരവിന്ദന്‍, സ്വാമി ദയാനന്ദസരസ്വതി തുടങ്ങിയവരുടെ രചനകള്‍ എന്നിവയില്‍ ഇതു വ്യക്തമാണല്ലോ. വൈദേശികങ്ങളായ മതസംസ്‌കാരങ്ങളുടെ അധിനിവേശശ്രമങ്ങള്‍ക്ക് പ്രതിക്രിയ എന്ന നിലക്ക് ആണ് ഹിന്ദുത്വത്തിന് പലതരത്തിലുള്ള വിശദീകരണങ്ങള്‍ ഇവര്‍ നടത്തിയതെങ്കിലും ഹിന്ദുത്വത്തെ അതിന്റെ സമഗ്രതയില്‍ പ്രകാശിപ്പിക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. വര്‍ണ്ണാശ്രമകല്‍പ്പനയില്‍ അധിഷ്ഠിതമായ വൈദികധര്‍മ്മത്തിനു മാത്രം പ്രാധാന്യം നല്‍കുന്ന സനാതനികള്‍ എന്നൊരു വിഭാഗവും തന്മൂലം ഇവിടെ രൂപം കൊണ്ടു.
(6) മാര്‍ക്‌സിയന്‍ ആഖ്യാനം: ബ്രിട്ടീഷുകാര്‍ ഭാരതം വിട്ടുപോയശേഷം ഈ സാങ്കല്‍പികകഥകള്‍ക്ക് അക്കാദമിക് തലത്തിലും മറ്റും തുടര്‍ന്നും സ്വീകാര്യത നിലനിര്‍ത്താന്‍ അകമഴിഞ്ഞു പരിശ്രമിച്ചത് ഇവിടുത്തെ ഇടതുപക്ഷസഹയാത്രികരായ പണ്ഡിതരാണ്. അവര്‍ ഈ കള്ളക്കഥകളെ മാര്‍ക്‌സിയന്‍ ചരിത്രകാഴ്ച്ചപ്പാടില്‍ പുനരാഖ്യാനം ചെയ്തു പ്രചരിപ്പിച്ചു. ദേബീ പ്രസാദ് ചട്ടോപാധ്യായ (ഇന്ത്യന്‍ ഫിലോസഫി എ പോപ്പുലര്‍ ഇന്‍ട്രൊഡക്ഷന്‍, വാട്ട് ഈസ് ലിവിങ്ങ് ആന്‍ഡ് വാട്ടീസ് ഡെഡ് ഇന്‍ ഇന്‍ഡ്യന്‍ ഫിലോസഫി, ലോകായതാ മുതലായ പുസ്തകങ്ങള്‍), ഡി.ഡി.കോസാംബി, ഏ.ആര്‍. ദേശായി, എന്‍.എന്‍.ഭട്ടാചാര്യ (ഇദ്ദേഹം ഭാരതത്തിലെ താന്ത്രിക പാരമ്പര്യത്തെ ഇവയുമായി ബന്ധിപ്പിച്ചുകൊണ്ട് മൂന്നു പുസ്തകങ്ങള്‍-ദി ഇന്ത്യന്‍ മദര്‍ ഗോഡസ്സ്, ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍, ഹിസ്റ്ററി ഓഫ് ദി ശാക്താ റിലിജിയന്‍-എഴുതിയിട്ടുണ്ട്), കെ.ദാമോദരന്‍(Indian Thought),, തുടങ്ങിയവരുടെ കൃതികള്‍ ഇത്തരത്തിലുള്ള പരിശ്രമങ്ങളാണ് എന്നു കാണാം. ദേബീപ്രസാദ് ചട്ടോപാധ്യായ ആണ് മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടില്‍ ഹിന്ദു ചരിത്രം, തത്വചിന്ത തുടങ്ങിയവയെ വിലയിരുത്തുന്നതില്‍ മറ്റു മാര്‍ക്‌സിസ്റ്റുകള്‍ക്കു വഴികാട്ടി ആയതെന്നു പറയാം, ഇന്ത്യന്‍ മെറ്റീരിയലിസത്തെക്കുറിച്ച് ജര്‍മ്മന്‍ ഇന്‍ഡോളജിസ്റ്റ് ആയ വാള്‍ട്ടര്‍ റൂബെന്‍ (1899-1982) നടത്തിയ പഠനങ്ങള്‍ ആണ് പ്രധാനമായും ചട്ടോപാധ്യായയെ സ്വാധീനിച്ചത്.
ഹിന്ദു ആചാരാനുഷ്ഠാനങ്ങളുടെ വൈവിദ്ധ്യത്തിനു ഭാഷാശാസ്ത്രപണ്ഡിതനായ സുനീതികുമാര്‍ ചാറ്റര്‍ജിയെപ്പോലുള്ള (1890-1977) ചില പണ്ഡിതര്‍ കാരണം കണ്ടെത്തിയതും ഈ കള്ളക്കഥകളുടെ പിന്‍ബലത്തിലാണ്. ഡോക്ടര്‍ എസ്.ആര്‍.ഗോയല്‍ എഴുതിയ ‘ഏ റിലിജിയസ് ഹിസ്റ്ററി ഓഫ് ഏന്‍ഷ്യന്റ് ഇന്ത്യ’ എന്ന പുസ്തകത്തില്‍ പ്രൊഫസര്‍ എസ്. കെ. ചാറ്റര്‍ജി തുടങ്ങിയവരുടെ ഇത്തരം പഠനങ്ങള്‍ വിവരിക്കുന്നുണ്ട്. അവരുടെ കണ്ടെത്തലനുസരിച്ച് ഹിന്ദുക്കള്‍ ശരീരഘടനപ്രകാരം പ്രധാനമായും ആറ് വംശങ്ങളില്‍Race)-Negrito, Proto- Australoid, Mongoloid, Mediterranean, Western Brachycephals, Nordic പെടുന്നവരാണ്. ഇവരെല്ലാവരുംതന്നെ ഭാരതത്തിനു വെളിയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്. അവരുടെ മൂലപ്രദേശങ്ങളിലെ വൃത്യസ്ത കാഴ്ച്ചപ്പാടുകളും ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും അവര്‍ തങ്ങളുടെകൂടെ കൊണ്ടുപോന്നു. ഈ കൂട്ടരെയെല്ലാം നാലു വ്യത്യസ്ത ഭാഷാ സമൂഹങ്ങളായും- Austric (Nishada, Kol or Munda), Tibeto-Chinese (Kirata), Dravidian, Indo-European or Aryan- വേര്‍തിരിച്ചിരിക്കുന്നു.
പ്രജനനം(Fertility),, പരേതാത്മാക്കള്‍, ആല്‍മരം, എന്നിവയുമായി ബന്ധപ്പെട്ട ഇവിടെക്കാണുന്ന വിശ്വാസങ്ങളും ആചാരങ്ങളും മേല്‍പറഞ്ഞ നെഗ്രിറ്റോ വംശജര്‍ കൊണ്ടുവന്നതാണത്രെ. ബ്രഹ്‌മം, അവതാരം, ചാന്ദ്രമാസം, പുനര്‍ജന്മ സിദ്ധാന്തം, നാഗാരാധന, ഹനുമാന്‍, ഗണപതി സങ്കല്‍പ്പങ്ങള്‍ ഇവയെല്ലാം ഓസ്ട്രിക് വംശജര്‍ കൊണ്ടുവന്നു. മെഡിറ്ററേനിയന്‍ തീരങ്ങളില്‍ നിന്നുവന്ന ദ്രാവിഡവംശജരാണ് തമിഴ് ഭാഷ, ശിവ-പാര്‍വതി, വിഷ്ണു-ലക്ഷ്മി സങ്കല്‍പ്പങ്ങള്‍, യോഗ സിദ്ധാന്ത സാധനകള്‍, ശ്രാദ്ധകര്‍മ്മം, ആദ്ധ്യാത്മിക അനുഭൂതി, പൂജാവിധി മുതലായവ കൊണ്ടുവന്നത്. ആര്യന്മാരാവട്ടെ പ്രകൃതി ശക്തികളെ പ്രീണിപ്പിക്കാനായി പാല്‍, നെയ്യ്, ധാന്യങ്ങള്‍, സോമരസം എന്നിവ അഗ്‌നിയില്‍ ഹോമിക്കുന്ന യാഗവും ഇന്‍ഡോ-യൂറോപ്യന്‍ ഭാഷയായ സംസ്‌കൃതവും ഇവിടെ പ്രചരിപ്പിച്ചു. മംഗളോയിഡുകള്‍ക്ക് മേല്‍പ്പറഞ്ഞ വംശങ്ങളുടെയത്രയും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും ആസ്സാം, കിഴക്കന്‍ ബംഗാള്‍ പ്രദേശങ്ങളിലെ കാമാഖ്യ പോലുള്ള ക്ഷേത്രങ്ങളിലെ ദേവി ആരാധനയും വാമാചാരവും അവരുടെ സംഭാവനയായി വിലയിരുത്തപ്പെടുന്നു.
അങ്ങനെ, ഈ വിഷയത്തില്‍ വളരെയേറെ പഠനം നടത്തിയ പ്രൊഫസര്‍. എസ്.കെ. ചാറ്റര്‍ജിയുടെ അഭിപ്രായത്തില്‍ ”ഹിന്ദുമതം പലനിറത്തിലുള്ള നൂലുകള്‍ കൊണ്ടുണ്ടാക്കപ്പെട്ടിട്ടുള്ള തുണി പോലെയാണ്… മദര്‍ ഇന്ത്യ ഒരു സങ്കരസംസ്‌കാരത്തിന്റെ ഇരിപ്പിടമാണ്. അത് ആര്യന്‍ ഭാഷയിലൂടെയാണ് പ്രചരിച്ചതെങ്കിലും ആര്യന്‍ സംഭാവനയോടു കിടനില്‍ക്കുന്ന തരത്തില്‍ നിഷാദന്മാര്‍, കിരാതന്മാര്‍, ദ്രാവിഡര്‍ എന്നിവരുടെ സംഭാവനകളും ഒട്ടും ചെറുതല്ല. ഈ സങ്കരസംസ്‌കാരം നിരവധി നദികള്‍ ഒഴുകിച്ചേര്‍ന്ന സമുദ്രംപോലെയാണ്”(S.R. GOYAL, A RELIGIOUS HISTORY OF ANCIENT INDIA (Upto C.1200AD. Pre-Vedic, Vedic, Jaina and Budhist Religion).
(തുടരും)