ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കോണ്‍ഗ്രസ് ഭരണകാലത്തെ കൊടിയ രാജ്യദ്രോഹമായിരുന്നു സിഖ് ഭീകരവാദം അഥവാ ഖലിസ്ഥാന്‍ വിഘടന വാദം. വഴിതെറ്റിയ ഒരുവിഭാഗം സിഖുകാരാണ് രാജ്യത്തിനെതിരെ സായുധ കലാപത്തിനു ശ്രമിച്ചത്. കേന്ദ്ര ഭരണകൂടത്തിന്റെ അവഗണനയ്‌ക്കെതിരായ പൊട്ടിത്തെറിയായും, പഞ്ചാബിലെ വിഭവങ്ങള്‍ മറ്റുള്ളവര്‍ ചൂഷണം ചെയ്യുന്നതിനെതിരെ രൂപപ്പെട്ട ഹരിത ഹിംസയായും (Green Violence) പില്‍ക്കാലത്ത് ഖലിസ്ഥാനുവേണ്ടി സിഖ് ഭീകരവാദം വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്നവരുടെ അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ‘പഞ്ചാബ് മോഡല്‍’ സമരം വേണമെന്ന് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവുപോലും പ്രസംഗിക്കുകയുണ്ടായല്ലോ. സിഖ് ഭീകരവാദത്തെയും ഖലിസ്ഥാന്‍ വാദത്തെയും സംബന്ധിക്കുന്ന വസ്തുതകള്‍ ഇതൊന്നുമായിരുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാനുള്ള ഇന്ദിരാ ഗാന്ധി എന്ന ഭരണാധികാരിയുടെ ദുസ്സാഹസമാണ് സിഖ് ഭീകരവാദത്തിലേക്ക് നയിച്ചത്.
പഞ്ചാബില്‍ നടന്ന 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശിരോമണി അകാലിദള്‍ പരാജയപ്പെടുത്തിയിരുന്നു. വന്‍ ജനകീയ പിന്തുണയാണ് ഈ തിരഞ്ഞെടുപ്പില്‍ അകാലിദളിന് ലഭിച്ചത്. ഇതില്‍ രോഷവും അമര്‍ഷവും പൂണ്ട ഇന്ദിരാഗാന്ധി രാഷ്ട്രീയമായി അകാലിദളിനെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനു കണ്ടെത്തിയ ഇരുതലമൂര്‍ച്ചയുള്ള ആയുധമായിരുന്നു ജര്‍ണിയില്‍ സിംഗ് ഭിന്ദ്രന്‍ വാല.
കോണ്‍ഗ്രസ്സും ഇന്ദിരാഗാന്ധിയും ഇല്ലായിരുന്നുവെങ്കില്‍ ഭിന്ദ്രന്‍വാലയും ഉണ്ടാകുമായിരുന്നില്ല. അയാളെ കണ്ടെത്തിയതും, ഭീകരവാദിയായി വളര്‍ത്തിക്കൊണ്ടുവന്നതും കോണ്‍ഗ്രസ് ആയിരുന്നു. ഇന്ദിരയുടെ അറിവും ആശിര്‍വാദവും അതിനുണ്ടായിരുന്നു. 1947 ല്‍ പഞ്ചാബിലെ റോഡ് എന്ന ഗ്രാമത്തില്‍ ആയിരുന്നു ബിന്ദ്രന്‍ വാലയുടെ ജനനം. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന കുടുംബമായിരുന്നു അയാളുടേത്. പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിംഗ് സ്ഥാപിച്ചതായി കരുതപ്പെടുന്ന പാരമ്പര്യത്തെ പിന്‍പറ്റുന്ന കുടുംബം. വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിലെ വരികള്‍ അര്‍ത്ഥമറിഞ്ഞ് ശരിയായി ചൊല്ലാന്‍ ഈ ഗുരുദ്വാരയില്‍ സിഖുകാരെ പഠിപ്പിച്ചുപോന്നു. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) ഗുരുദ്വാരകള്‍ സ്ഥാപിക്കുന്നതുവരെ മതവിദ്യാഭ്യാസം നല്‍കിപ്പോന്ന ഗുരുദ്വാരയായിരുന്നു ഇത്. നിരവധി യുവാക്കള്‍ ഇവിടെ താമസിച്ചു പഠിക്കാന്‍ എത്തി. ഒരാള്‍ക്കുള്ള ഭക്ഷണം കുറച്ച് കണ്ടെത്തിയാല്‍ മതിയല്ലോ എന്നതായിരുന്നു ഇവരുടെയൊക്കെ കുടുംബങ്ങളുടെ ആശ്വാസം. ഏഴു മുതല്‍ 10 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന കഠിന പരിശീലനവും പഠനവുമാണ് ഇവിടെ നല്‍കിയിരുന്നത്.
ദംധാമി തക്‌സല്‍ ഗുരുദ്വാരയില്‍ മുഴുവന്‍ സമയ അന്തേവാസിയായിരുന്നില്ല ഭിന്ദ്രന്‍വാല. വീട്ടിലേക്ക് തിരിച്ചുപോയി വിവാഹം കഴിച്ച് ജീവിക്കാനാണ് ഇയാളോട് പുരോഹിതന്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് 1966ല്‍ വിവാഹിതനാവുകയും, കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോള്‍ കിട്ടിയ ഭൂമിയില്‍ കൃഷി ചെയ്ത് ജീവിക്കാനും തുടങ്ങി. വളരെ കുറച്ചു കന്നുകാലികള്‍ മാത്രമാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. അവയ്ക്ക് തീറ്റ കണ്ടെത്താന്‍ പോലും വിഷമിച്ചു. ഒരിക്കല്‍ കന്നുകാലികള്‍ക്ക് കൊടുക്കാന്‍ സഹോദരന്റെ കരിമ്പ് പാടത്തുനിന്ന് കച്ചികള്‍ എടുത്തപ്പോള്‍ ഭിന്ദ്രന്‍വാലയ്ക്കുണ്ടായ അനുഭവം വ്യത്യസ്തമായിരുന്നു. ആരോട് ചോദിച്ചിട്ടാണ് ഇത് എടുത്തതെന്ന് ആരാഞ്ഞ സഹോദരന്‍ അവ എടുത്തിടത്തു തന്നെ കൊണ്ടിടാന്‍ പറഞ്ഞു. ഇങ്ങനെ ചെയ്യേണ്ടി വന്നു. പില്‍ക്കാലത്ത് ഒരു പുരോഹിതനാവുകയും, അനുയായികളെ നേടുകയുമൊക്കെ ചെയ്തപ്പോള്‍ ജഗ്ജിത് എന്ന ഈ സഹോദരന്‍ ഭിന്ദ്രന്‍വാലയെ കാണാനെത്തി. എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ”താങ്കളുടെ ദര്‍ശനം ലഭിക്കാന്‍” എന്നായിരുന്നു പ്രതികരണം. ”ദര്‍ശന സമയ മൊക്കെ കഴിഞ്ഞു, കടക്ക് പുറത്ത്” എന്നായിരുന്നു ഭിന്ദ്രന്‍വാലയുടെ മറുപടി. അധിക്ഷേപങ്ങളെ മറന്നുകളയുന്ന ആളായിരുന്നില്ല ഭിന്ദ്രന്‍വാല. ഇയാളെ ഉപയോഗപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പക്ഷേ ഇത് മനസ്സിലായില്ല.
ബൈശാഖി ദിനത്തിലെ ഏറ്റുമുട്ടല്‍
ഭിന്ദ്രന്‍വാല അംഗമായ ഗുരുദ്വാരയിലെ പുരോഹിതന്‍ കര്‍ത്താര്‍ സിംഗ് 1977 ല്‍ അയാളെ തിരിച്ചു വിളിക്കുകയായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കര്‍ത്താര്‍ സിംഗ് ഒരു വാഹനാപകടത്തില്‍ മരിച്ചു. അതിനോടകം പ്രിയപ്പെട്ട ശിഷ്യനായി മാറിയ ഭിന്ദ്രന്‍വാല കര്‍ത്താര്‍ സിംഗിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. കര്‍ത്താര്‍ സിംഗിന്റെ മകനെ മറികടന്നായിരുന്നു ഇത്. പിന്നീട് ഭായ് അമ്രിക് എന്നു പേരുള്ള ഇയാള്‍ ഭിന്ദ്രന്‍വാലയുടെ അടുത്ത അനുയായി മാറുകയും ചെയ്തു. ഭിന്ദ്രന്‍വാല എന്ന ഗ്രാമത്തില്‍ ആയിരുന്നു ഈ ഗുരുദ്വാര. ഈ ഗ്രാമത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്താണ് ജര്‍ണയില്‍ സിംഗ്, ഭിന്ദ്രന്‍വാലയായത്. സ്ഥാനമേറ്റ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉണ്ടായ മതപരമായ സംഘര്‍ഷം ഭിന്ദ്രന്‍വാലയെ പഞ്ചാബില്‍ മാത്രമല്ല ദല്‍ഹിയിലും ശ്രദ്ധേയനാക്കി.
1978 ലെ ബൈശാഖി ദിനത്തില്‍ സിഖ് വിഭാഗമായ നിരങ്കാരികള്‍ അമൃത്‌സര്‍ തെരുവിലൂടെ ഒരു പ്രകടനം നടത്തി. ഗുരു ഗോവിന്ദ് സിംഗ് ഖല്‍സ സ്ഥാപിച്ച ദിനം സിഖുകാര്‍ക്ക് പുണ്യ ദിനമാണ്. ജീവിക്കുന്ന ഗുരുവില്‍ വിശ്വസിക്കുന്നവരാണ് നിരങ്കാരികള്‍. യാഥാസ്ഥിതിക മതവിശ്വാസികള്‍ക്ക് ഇത് ദൈവനിന്ദയാണ്. ഇക്കാരണത്താല്‍ പ്രകടനം യാഥാസ്ഥിതികരെ പ്രകോപിതരാക്കി.
യാഥാസ്ഥിതിക മതവിശ്വാസികള്‍ക്ക് രസിക്കില്ലെന്ന് അറിയാമായിരുന്നിട്ടും ഭരണകക്ഷിയായ അകാലികള്‍ നിരങ്കാരികളുടെ പ്രകടനത്തിന് അനുമതി നല്‍കി. മതവികാരത്തിന്റെ പ്രശ്‌നം ആഴത്തില്‍ മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. ദര്‍ബാര്‍ സാഹിബിന് അടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഭിന്ദ്രന്‍വാല നടത്തിയ തീപ്പൊരി പ്രസംഗം അനുയായികളെ ആവേശം കൊള്ളിച്ചു. ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ കൃപാണുമായി അനുയായികള്‍ പ്രകടനം നടത്തി. എന്നാല്‍ നിരങ്കാരികള്‍ സായുധരായിരുന്നു. അവരുടെ വെടിയേറ്റ് ഭിന്ദ്രന്‍വാലയുടെ 13 അനുയായികള്‍ കൊല്ലപ്പെട്ടു. ഇതിനെ തുടര്‍ന്ന് നിരങ്കാരികളുടെ നേതാവ് ഗുര്‍ഭജന്‍ സിംഗ് അനുയായികള്‍ക്കൊപ്പം അറസ്റ്റിലായി. കേസിന്റെ വിചാരണ പഞ്ചാബിന് പുറത്ത് ഹരിയാനയിലാണ് നടന്നത്. ഭരണകക്ഷിയായ അകാലിദളും മുഖ്യമന്ത്രി പ്രകാശ്‌സിംഗ് ബാദലും ഈ സംഭവത്തെ ഗൗരവത്തില്‍ എടുത്തില്ല. 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു മതനേതാവിന്റെ അനുയായികള്‍ അകാലികളെ വളയുകയായിരുന്നു.
ഈ സ്ഥിതിവിശേഷം ഭിന്ദ്രന്‍വാലയെ ദല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇന്ദിരാ ഗാന്ധിയുടെ മകനും, ഭരണഘടനാതീതമായി എങ്ങനെയൊക്കെ പ്രവര്‍ത്തിക്കണമെന്ന് നന്നായി അറിയുന്ന ആളുമായിരുന്ന സഞ്ജയ് ഗാന്ധി അകാലിദള്‍ സര്‍ക്കാരിനെതിരെ ഒരു സന്തിനെ (പുരോഹിതനെ) ഇറക്കണമെന്ന നിര്‍ദേശം വച്ചു. നിരവധി പുരോഹിതന്മാരുടെ പട്ടിക തയ്യാറാക്കി. അതില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ രണ്ടുപേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി സഞ്ജയ് ഗാന്ധിക്ക് സമര്‍പ്പിച്ചു. ഇവരില്‍ ഒരാളെ ധൈര്യമില്ലാത്തവന്‍ എന്നു തോന്നി സഞ്ജയ് ഒഴിവാക്കി. മറ്റെയാള്‍ ഭിന്ദ്രന്‍വാലയായിരുന്നു. സഞ്ജയ് ഗാന്ധിയുടെ സുഹൃത്തും മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് ഈ തിരഞ്ഞെടുപ്പ് അംഗീകരിച്ചു. ‘വാക്കിലും നോക്കിലും കരുത്തനും കാര്യപ്രാപ്തിയുള്ളവനുമാണ്. ഞങ്ങള്‍ അയാള്‍ക്ക് പലവിധത്തില്‍ പണം നല്‍കി. എന്നാല്‍ ഇയാള്‍ ഒരു ഭീകരനായി മാറുമെന്ന് ഞങ്ങള്‍ ഒരിക്കലും ചിന്തിച്ചില്ല’ എന്ന് കമല്‍നാഥ് പറഞ്ഞതായാണ് ഖുഷ്‌വന്ത് സിംഗുമായി ചേര്‍ന്ന് കുല്‍ദീപ് നയ്യാര്‍ എഴുതിയ ‘ട്രാജഡി ഓഫ് പഞ്ചാബ്’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ബൈശാഖി ഏറ്റുമുട്ടല്‍ നടന്ന കുറച്ചു മാസങ്ങള്‍ക്കു ശേഷം ‘ദള്‍ ഖല്‍സ’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി ചണ്ഡിഗഢില്‍ ഒരു പത്രസമ്മേളനം നടത്തി. ഭിന്ദ്രന്‍വാല മുന്നോട്ടുവച്ച ആവശ്യങ്ങളെ പിന്തുണയ്ക്കുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. ഭിന്ദ്രന്‍വാലയെ ഒരു രാഷ്ട്രീയ നേതാവായി അവതരിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമായിരുന്നു. എന്നാല്‍ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത യാഥാസ്ഥിതിക മത നേതാവ് മാത്രമായിരുന്നു ഭിന്ദ്രന്‍വാല. അധികം വൈകാതെ ഇന്ദിരാഗാന്ധിയുടെ ആഭ്യന്തരമന്ത്രിയായിത്തീര്‍ന്ന സെയില്‍സിംഗ് ആയിരുന്നു ഈ പത്രസമ്മേളനം നടത്താന്‍ ആവശ്യമായ 600 രൂപ നല്‍കിയത്. മതപ്രഭാഷകന്റെ പരിവേഷമുണ്ടായിരുന്ന സെയില്‍സിംഗിന്റെ രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായിരുന്നു ഭിന്ദ്രന്‍വാലയ്ക്ക് ലഭിച്ച ഈ പിന്തുണ. 1972 ലും 1977 ലും പഞ്ചാബ് മുഖ്യമന്ത്രിയായ സെയില്‍ സിംഗ് രാഷ്ട്രീയ എതിരാളികളായിരുന്ന അകാലികളെ നേരിട്ടത് മതത്തെ കൂട്ടുപിടിച്ചാണ്. വര്‍ഷങ്ങള്‍ക്കുശേഷം രാഷ്ട്രപതിയായി തീര്‍ന്നപ്പോള്‍ ദള്‍ ഖല്‍സയ്ക്ക് പത്രസമ്മേളനം നടത്താന്‍ പണം നല്‍കിയതിനെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിക്കുകയും, പണം അടച്ചതിന്റെ രസീസ് തന്റെ കൈവശമുണ്ടെന്ന് പറയുകയും ചെയ്തപ്പോള്‍ സെയില്‍സിംഗ് അത് ശരിവയ്ക്കുന്നവിധത്തില്‍ മൗനം പാലിച്ചു.
ഭിന്ദ്രന്‍വാല കൊടുംഭീകരനാവുന്നു
ഭിന്ദ്രന്‍വാലയെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുകയാണെന്ന ധാരണയാണ് പഞ്ചാബിന് പുറത്ത് പരന്നത്. ഇതിനുവേണ്ടിയാണ് കോണ്‍ഗ്രസ് ഈ മതനേതാവിനെ ഉയര്‍ത്തിക്കാട്ടുന്നതെന്നും വിശ്വസിക്കപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെതന്നെ മതനേതാവ് എന്ന നിലയ്ക്ക് ഭിന്ദ്രന്‍വാലയ്ക്കു യാഥാസ്ഥിതിക സിഖുകാരില്‍ സ്വാധീനം ഉണ്ടായിരുന്നു. കോണ്‍ഗ്രസുമായുള്ള ബന്ധം ഭിന്ദ്രന്‍വാല ഉപയോഗിക്കുകയും ചെയ്തു. 1980 ല്‍ ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തില്‍ എത്തി. അപ്പോഴേക്കും ഭിന്ദ്രന്‍വാല വലിയ സ്വാധീനമുള്ളയാളായി വളര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ദിര പഞ്ചാബില്‍ എത്തിയപ്പോള്‍ ഭിന്ദ്രന്‍വാലയുമായി വേദി പങ്കിട്ടു. ചില കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി ഭിന്ദ്രന്‍വാല പ്രചാരണം നടത്തുക പോലും ചെയ്തു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഗുര്‍ഭജന്‍ സിംഗിനെയും അനുയായികളെയും ഭിന്ദ്രന്‍വാലയുടെ നിര്‍ദ്ദേശപ്രകാരം ഗുരുദ്വാരയില്‍ നിന്ന് ഒഴിവാക്കി. നിരങ്കാരികള്‍ക്കെതിരായ ഭിന്ദ്രന്‍വാലയുടെ പ്രകോപനം ശക്തമായി. ദല്‍ഹിയിലെ സ്വവസതിയില്‍ ഗുര്‍ഭജന്‍ സിംഗ് കൊല്ലപ്പെട്ടു. ഭിന്ദ്രന്‍വാലയുടെ അനുയായികളായ ഏഴുപേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് സിബിഐ കണ്ടെത്തി. ഇവരില്‍ മൂന്ന് പേര്‍ക്ക് നേരിട്ട് പങ്കുള്ളതായും അറിയാന്‍ കഴിഞ്ഞു. ഭിന്ദ്രന്‍ വാലയുടെ സഹോദരന്റെ പേരില്‍ ലൈസന്‍സുള്ള തോക്കാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും തിരിച്ചറിഞ്ഞു.
കൊലക്കേസിന്റെ എഫ്‌ഐആറില്‍ പേര് വന്നതോടെ ഭിന്ദ്രന്‍വാല ദര്‍ബാര്‍ സാഹിബ് കോംപ്ലക്‌സിലെ ഗുരുനാനാക് നിവാസില്‍ ഒളിച്ചു. വളരെ അപൂര്‍വമായേ പോലീസ് ഇവിടേക്ക് പ്രവേശിച്ചിരുന്നുള്ളൂ. 1955 ല്‍ പഞ്ചാബി സംസാരിക്കുന്നവരുടെ സംസ്ഥാനത്തിനുവേണ്ടി പ്രക്ഷോഭം നടത്തിയ അകാലികളെ ഇതിനുള്ളില്‍ നിന്ന് പോലീസ് പിടികൂടാന്‍ ശ്രമിച്ചത് കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കിയിരുന്നു. ഇതിനുള്ളില്‍ സംഘടിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിന്റെ പേരില്‍ അന്നത്തെ മുഖ്യമന്ത്രി ഭീംസെന്‍ സച്ചാറിന് അകാല്‍ തക്തിനോട് മാപ്പ് പറയേണ്ടി വന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സെയില്‍സിംഗ് രക്ഷയ്‌ക്കെത്തുന്നതുവരെ ബിന്ദ്രന്‍വാല ദര്‍ബാര്‍ സാഹിബില്‍ കഴിഞ്ഞു. നിരങ്കാരി നേതാവിന്റെ വധത്തില്‍ ഭിന്ദ്രന്‍വാല കുറ്റക്കാരനല്ലെന്ന് സെയില്‍സിംഗ് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു. ഇതോടെ വിചാരണയ്ക്കുള്ള സാധ്യത ഇല്ലാതായി. ദര്‍ബാര്‍ സാഹിബ് ഭിന്ദ്രന്‍വാലയുടെ സുരക്ഷിത താവളമായി മാറുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും പിന്തുണ തുടര്‍ന്നും ഭിന്ദ്രന്‍വാലയ്ക്ക് ലഭിച്ചുകൊണ്ടിരുന്നു.
പഞ്ചാബ് കേസരി എന്ന ദിനപത്രത്തിന്റെ പത്രാധിപര്‍ ലാല ജഗത് നാരായന്റെ വധത്തില്‍ ഭിന്ദ്രന്‍വാലയ്ക്ക് പങ്കുണ്ടായിരുന്നെങ്കിലും അയാളെ അറസ്റ്റു ചെയ്യുന്നതില്‍ നിന്ന് കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും പോലീസിനെ വിലക്കി. ഒന്ന് രണ്ട് അവസരങ്ങളില്‍ തന്ത്രപരമായി രക്ഷപ്പെടുത്തുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ സെക്രട്ടറിയായിരുന്ന ആര്‍.കെ. ധവാനും മറ്റും ഇതിനുവേണ്ട ഒത്താശകള്‍ ചെയ്തു. എന്നാല്‍ തന്റെ അനുയായിയായ അമ്‌റിക് സിംഗിനെ അറസ്റ്റ് ചെയ്തത് ഭിന്ദ്രന്‍വാലയെ ക്ഷുഭിതനാക്കി. അയാള്‍ ദര്‍ബാര്‍ സാഹിബിലേക്ക് മടങ്ങിയെത്തുകയും, അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു.
പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ ഭിന്ദ്രന്‍വാലയുടെ ശക്തി വര്‍ദ്ധിച്ചുവന്നു. ദര്‍ബാര്‍ സാഹിബില്‍ ഇരുന്നുകൊണ്ട് സര്‍ക്കാര്‍ നിയമനങ്ങളുടെ കാര്യത്തില്‍ പോലും അയാള്‍ ആജ്ഞകള്‍ നല്‍കാന്‍ തുടങ്ങി. തന്നെ ധിക്കരിക്കുന്ന പോലീസുകാരുടെ വിധിയും അയാള്‍ നിശ്ചയിച്ചു. തന്റെ താവളത്തിലേക്ക് പോലീസ് പ്രവേശിക്കാതിരിക്കാന്‍ സായുധരായ ഇരുന്നൂറിലേറെ അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് ഭിന്ദ്രന്‍വാല കഴിഞ്ഞത്. 1971 ലെ യുദ്ധജേതാവും, അഴിമതിയുടെ പേരില്‍ സൈന്യത്തില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്ത മേജര്‍ ജനറല്‍ ഷെഹ്‌ബെഗ് സിംഗും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സിഖുകാരനായതുകൊണ്ടാണ് തനിക്കെതിരെയുള്ള വിവേചനമെന്ന് ഇയാള്‍ പരാതിപ്പെട്ടു.
ഭിന്ദ്രന്‍വാലയുടെ സങ്കേതത്തിലേക്ക് ആയുധവും പണവും ഒഴുകിയെത്തിക്കൊണ്ടിരുന്നു. തന്നെ പിന്തുണയ്ക്കുന്ന ഒരു പത്രം തുടങ്ങാന്‍ ദല്‍ബീര്‍ സിംഗ് എന്ന പത്രക്കാരന് ഭിന്ദ്രന്‍വാല ഒരു കോടി രൂപ വാഗ്ദാനം ചെയ്തു. ദല്‍ബീര്‍ സംശയം പ്രകടിച്ചപ്പോള്‍ ആ പദ്ധതി ഉപേക്ഷിച്ചു. ”8000 രൂപയ്ക്ക് ഒരു സ്റ്റെണ്‍ഗണ്‍ ലഭിക്കുമ്പോള്‍ ഒരു കോടി രൂപയ്ക്ക് എത്രയെണ്ണം വാങ്ങാന്‍ കഴിയും? ഇത്തരം ഒരു തോക്കിന് ദിനംതോറും റേഡിയോ സ്റ്റേഷനും ടെലിവിഷന്‍ കേന്ദ്രവും ഒഴിപ്പിക്കാന്‍ കഴിയും. ഒരൊറ്റ ദിനപത്രത്തിന് ഇതൊന്നും ചെയ്യാനാവില്ല” എന്നായിരുന്നു ഭിന്ദ്രന്‍വാല പറഞ്ഞത്.
ഭീകരതയ്ക്ക് പിന്നിലെ കോണ്‍ഗ്രസ് കരങ്ങള്‍
ഭിന്ദ്രന്‍വാലയെ അടക്കിനിര്‍ത്താന്‍ വര്‍ഷങ്ങളോളം ശ്രമിച്ച പഞ്ചാബ് പോലീസ് ഒതുക്കപ്പെടുകയാണുണ്ടായത്. ഭിന്ദ്രന്‍വാലയുടെ മഞ്ജിത്ത് സിംഗ് എന്ന പേരുള്ള ഒരു അനുയായി 1982 ഉദയ്പൂരില്‍ നിന്ന് ദല്‍ഹിയിലേക്ക് പോവുകയായിരുന്ന വിമാനം റാഞ്ചി. പാകിസ്ഥാനിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വിമാനം അമൃത്‌സറില്‍ ഇറക്കി. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജ്ഞാനി ഭജന്‍സിംഗിന്റെ വെടിയേറ്റ് മഞ്ജിത് സിംഗ് കൊല്ലപ്പെട്ടു. ഇതിനു പ്രതികാരമായി മകനെ ഭീകരവാദികള്‍ കൊലപ്പെടുത്തിയതോടെ ഈ പോലീസുകാരന് വഴങ്ങാതെ നിവൃത്തിയില്ലായിരുന്നു. വധിച്ചത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്നു കാണിച്ച് മാപ്പിരുന്നുകൊണ്ട് അകാല്‍ തക്തിന് കത്തെഴുതാന്‍ ഭിന്ദ്രന്‍വാല ആവശ്യപ്പെട്ടു. പഞ്ചാബിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കുമുള്ള സൂചനയായിരുന്നു ഇത്. മാപ്പ് ചോദിച്ചിട്ടും കാര്യമുണ്ടായില്ല. ഭജന്‍സിംഗിന്റെ കുടുംബത്തെ ഒഴിവാക്കാമെന്നു മാത്രമാണ് ഭിന്ദ്രന്‍വാല ഉറപ്പ് നല്‍കിയത്. ഒടുവില്‍ ഭജന്‍സിംഗിനെ വധിക്കാന്‍ ഭീകരവാദികള്‍ എത്തി. അച്ഛനെ വധിക്കാന്‍ പോവുകയാണെന്നും, മകളോട് മാറിനില്‍ക്കാനും അവര്‍ ആവശ്യപ്പെട്ടു. പക്ഷേ മകള്‍ ഇടയ്ക്ക് കയറിനിന്നു. അച്ഛനെ വധിക്കുകയും, ഈ മകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
1983 ല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ എ.എസ്. അത്വാള്‍ പ്രാര്‍ത്ഥനയ്‌ക്കെന്ന പേരില്‍ അകാല്‍ തക്തില്‍ എത്തി ഭിന്ദ്രന്‍വാലയുടെ സംഘത്തില്‍ ഒരു ചാരനെ കടത്തിവിട്ടു. ഈ ചാരനെ തിരിച്ചറിഞ്ഞ ഭീകരര്‍ അയാളെ ഉപയോഗിച്ച് അത്വാളിനെ വിളിച്ചുവരുത്തി വെടിവെച്ചുകൊന്നു. അംഗരക്ഷകര്‍ക്കു ഒന്നും ചെയ്യാനായില്ല. ഇതോടെ എന്തുകൊണ്ടാണ് പോലീസുകാര്‍ ഇങ്ങനെ നിഷ്‌ക്രിയരാവുന്നതെന്ന ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ”പോലീസിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇല്ലായിരുന്നു. ലണ്ടനിലെ ഹൈക്കമ്മീഷണര്‍ വഴി അത് എത്തിച്ചപ്പോഴേക്കും വല്ലാതെ വൈകിപ്പോയി” എന്നാണ് ഇന്ദിരാഗാന്ധിയുടെ ഉപദേശകനായിരുന്നു ആര്‍.കെ. ധവാന്‍ ഒരു മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞത്.
1983 ഒക്ടോബറില്‍ പഞ്ചാബില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. തനിക്കെതിരെ സൈനിക നടപടി ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഭിന്ദ്രന്‍വാല താമസം ദര്‍ബാര്‍ സാഹിബില്‍ നിന്ന് അകാല്‍ തക്തിലേക്ക് മാറ്റി. 1984 മെയ് മാസത്തില്‍ സുവര്‍ണ ക്ഷേത്രത്തില്‍ സൈനിക നടപടിക്ക് തീരുമാനമായി. ”പരമാവധി ശക്തി കാണിച്ച് പരിമിതമായി മാത്രമേ ഉപയോഗിക്കൂ” എന്ന് ജനറല്‍ എ.എസ്. വൈദ്യ ഇന്ദിരാഗാന്ധിക്ക് ഉറപ്പ് നല്‍കി. സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടി വരുമെങ്കിലും കേടുപാടുകള്‍ ഉണ്ടാവില്ലെന്നും വൈദ്യ പറഞ്ഞു.
ജനറല്‍ വൈദ്യ ഇന്ദിരയ്ക്ക് കൊടുത്ത ഉറപ്പുകള്‍ ഒന്നും പാലിക്കാന്‍ കഴിഞ്ഞില്ല. സൈനിക നടപടിയില്‍ അകാല്‍ തക്ത് തകര്‍ന്നു. അത്യാഹിതം കണക്കുകൂട്ടിയതിനേക്കാള്‍ വളരെ വലുതായിരുന്നു. സൈനിക നടപടിക്ക് തൊട്ടു തലേദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ഭീകരവാദികളുമായി യാതൊരു ബന്ധമില്ലാത്തവരും അകാല്‍ തക്തില്‍ കുടുങ്ങി. 700 പേര്‍ കൊല്ലപ്പെടുകയും 2200 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ഒരു കണക്ക്. ഭിന്ദ്രന്‍വാലയുടെ സംഘത്തില്‍ 250 പേര്‍ മാത്രമായിരുന്നു. സൈനിക നടപടി ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അകാല്‍ തക്തിലെ താഴത്തെ നിലയില്‍ നിന്ന് ഭിന്ദ്രന്‍ വാലയുടെ മൃതദേഹം കണ്ടെടുത്തു. സഹോദരന്‍ ഇത് തിരിച്ചറിയുകയും, വളരെ വേഗം സംസ്‌കരിക്കുകയും ചെയ്തു.
ഭിന്ദ്രന്‍വാലയെ കൊടുംഭീകരനാവാന്‍ ഇന്ദിരാഗാന്ധി അനുവദിക്കുകയായിരുന്നു എന്നാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് നേതൃത്വം നല്‍കിയ ലഫ്.ജനറല്‍ കുല്‍ദീപ് സിംഗ് ബ്രാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ”ഇങ്ങനെയൊരു നടപടി (ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍) ആരും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അതല്ലാതെ മറ്റെന്തു ചെയ്യും? ഇന്ദിരാഗാന്ധിയാണ് അയാളെ (ഭിന്ദ്രന്‍വാലയെ) രാക്ഷസനാവാന്‍ അനുവദിച്ചത്. ഭിന്ദ്രന്‍ വാലയുടെ കാര്യങ്ങള്‍ ഓരോ വര്‍ഷവും എന്തൊക്കെയാണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് കാണാനാവും. കൊടുമുടിയില്‍ എത്തിയപ്പോള്‍ അയാളെ അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും വളരെ വൈകിപ്പോവുകയും ചെയ്തു.”
”ഭിന്ദ്രന്‍ വാലയുടെ സമ്പ്രദായങ്ങള്‍ അന്നത്തെ രാഷ്ട്രീയനേതൃത്വത്തിന്റെ സൃഷ്ടിയായിരുന്നു. ഭിന്ദ്രന്‍വാലയ്ക്ക് സമ്പൂര്‍ണ്ണ നിയന്ത്രണം ഉണ്ടായിരുന്ന ഒരു കാലമായിരുന്നു അത്. പഞ്ചാബില്‍ 1982, 83, 84 എന്നീ വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ വളരെ മോശമായിരുന്നു. ക്രമസമാധാനം എന്നൊന്ന് ഉണ്ടായിരുന്നതേയില്ല. ഭിന്ദ്രന്‍വാലയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് ഭയമായിരുന്നു. അയാളുടെ ഉത്തരവുകള്‍ അന്തിമവുമായിരുന്നു. ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നതോടെ ഖലിസ്ഥാന്‍വാദം ശക്തിപ്പെട്ടു. 1984 ന്റെ തുടക്കത്തില്‍ തന്നെ പ്രത്യേക രാജ്യം പ്രഖ്യാപിക്കുമെന്ന തോന്നല്‍ ശക്തമായി. തൊഴിലില്ലാത്ത യുവാക്കള്‍ കൈത്തോക്കുകളുമായി മോട്ടോര്‍ ബൈക്കുകളില്‍ കറങ്ങി നടന്നു. നിരവധി ഗുണ്ടകള്‍ നിര്‍ബാധം വിലസി. അവര്‍ എല്ലായിടവും അടക്കിഭരിച്ചു. ഇവരിലൂടെയും മറ്റും സംസ്ഥാനത്തിന്റെ നിയന്ത്രണം ഭിന്ദ്രന്‍വാല കയ്യിലെടുത്തു” എന്നൊക്കെയാണ് വര്‍ഷങ്ങള്‍ക്കുശേഷം കുല്‍ദീപ്‌സിംഗ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
പാര്‍ട്ടി ചരിത്രത്തിലെ ‘കുറ്റസമ്മതം’
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തെക്കുറിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഔദ്യോഗിക ചരിത്രത്തിലും സിഖ് ഭീകരവാദത്തിന്റെ വളര്‍ച്ചയിലും ഭിന്ദ്രന്‍വാലയുടെ വിഘടനവാദത്തിലും ഇന്ദിരാഗാന്ധിക്കും മകന്‍ സഞ്ജയ് ഗാന്ധിക്കുമുള്ള പങ്കിനെക്കുറിച്ച് പറയുന്നുണ്ട്. ‘ദി സെന്റിനറി ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്’ എന്ന പുസ്തകത്തിലാണ് പഞ്ചാബിലെ വൃത്തികെട്ട മതരാഷ്ട്രീയത്തെക്കുറിച്ചും, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അതിലുള്ള പങ്കിനെക്കുറിച്ചും പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും, സെയില്‍സിംഗ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. രാഷ്ട്രീയത്തിന് മതപരമായ മാനം നല്‍കുക വഴി അകാലിദളിനെ വലിയൊരളവോളം ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞു. ഇതിന്റെ അനന്തര ഫലമായ പ്രാദേശിക രാഷ്ട്രീയവും തീവ്രവാദവും വളരെ ഗുരുതരമായിരുന്നു എന്നാണ് പുസ്തകത്തില്‍ പറയുന്നത്. സിഖുകാരുടെ വോട്ട് കോണ്‍ഗ്രസിന് ലഭിക്കുന്നതിനായി വലിയ ഒരു മതസമ്മേളനം തന്നെ സെയില്‍സിംഗ് സംഘടിപ്പിച്ചു. ഇന്ദിരയുടെ 1980 ലെ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയും പില്‍ക്കാലത്ത് രാഷ്ട്രപതിയുമായ സെയില്‍സിംഗ് സിഖുകാരുടെ മതവികാരം ആളിക്കത്തിച്ച് അകാലിദളിന്റെ രാഷ്ട്രീയത്തെ ഹൈജാക്ക് ചെയ്തു എന്നാണ് ‘ഇന്ദിരാഗാന്ധി-ഒരു വിഹഗ വീക്ഷണം’ എന്ന അധ്യായത്തില്‍ പറയുന്നത്.
”സെയില്‍സിംഗ്, സഞ്ജയ് ഗാന്ധിയുമായി ചേര്‍ന്ന് അതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു യുവ മതപുരോഹിതന്‍ ഭിന്ദ്രന്‍ ബാലയെ അകാലിദളിന്റെ നേതൃത്വത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടു വരികയായിരുന്നു. ഇന്ദിരാഗാന്ധിയുടെ അറിവോടെ ആയിരുന്നില്ല ഇതെന്ന് വിചാരിക്കാന്‍ ആര്‍ക്കുമാവില്ല. തീവ്രവാദ രാഷ്ട്രീയം ഉയര്‍ത്തുകവഴി അകാലിദളിനെ ഞെരുക്കാന്‍ കഴിയുമെന്ന് സെയില്‍സിംഗും സഞ്ജയ് ഗാന്ധിയും കരുതി. അതുതന്നെ സംഭവിച്ചു. പക്ഷേ അകാലികളെ നേരിടാന്‍ കൊണ്ടുവന്ന ഭിന്ദ്രന്‍വാല പിന്നീട് കോണ്‍ഗ്രസ്സിന്റെ പിടിയില്‍ ഒതുങ്ങാതായി.” കോണ്‍ഗ്രസ് രാജ്യത്തോട് ചെയ്ത വലിയ ദ്രോഹമായിരുന്നു സിഖ് ഭീകരവാദത്തെ വളര്‍ത്തിയത്. വിമര്‍ശനങ്ങളെ മയപ്പെടുത്താന്‍ വേണ്ടിയാവാം, പാര്‍ട്ടിയുടെ ഔദ്യോഗിക ചരിത്രത്തിലെ തന്ത്രപരമായ ഈ കുറ്റസമ്മതം.
സൈനിക നടപടിക്ക് ശേഷം സുവര്‍ണ്ണ ക്ഷേത്രത്തില്‍ എത്തിയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എല്ലാം ചുറ്റി നടന്നു കണ്ടു. തകര്‍ന്ന അകാല്‍ തക്തിലേക്ക് നോക്കി സമീപത്തുണ്ടായിരുന്ന ജനറല്‍ വൈദ്യയോട് അവര്‍ ഇങ്ങനെ പറഞ്ഞു: ”ഇത് ചെയ്യാനല്ല ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടത്.”
ഇന്ദിരയുടെ ഈ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയില്ലായിരുന്നു. ഒഴിവാക്കാമായിരുന്ന ഒരു മഹാദുരന്തം സംഭവിച്ചുകഴിഞ്ഞപ്പോള്‍ അതിന് ഉത്തരവാദിയായ ആള്‍ മറ്റുള്ളവര്‍ക്കുമേല്‍ കുറ്റം ചുമത്തുകയോ? കോണ്‍ഗ്രസിന്റെ ജനാധിപത്യവിരുദ്ധതയും ഇന്ദിരാഗാന്ധിയുടെ അധികാരമോഹവുമാണ് ബ്ലൂസ്റ്റാര്‍ ഓപ്പറേഷനിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ചത്. പാര്‍ട്ടിയും നേതാവും അതിന്റെ വിലകൊടുക്കേണ്ടിവന്നു. ഇന്ദിര ഭയപ്പെട്ടിരുന്നതുപോലെ സിഖ് ഭീകരര്‍, അതും സ്വന്തം അംഗരക്ഷകര്‍ അവരുടെ ജീവനെടുത്തു. ദാരുണമായിരുന്നു ഈ അന്ത്യമെങ്കിലും അതിലേക്ക് നയിച്ച രാഷ്ട്രീയവും ഭരണപരവുമായ ദുഷ്‌ചെയ്തികളെ കണ്ടില്ലെന്നു നടിക്കാനാവില്ല.
(തുടരും)