‘അന്തിയില്‍ മേലേ മാനത്ത്
എന്തൊരു ചേലാച്ചെങ്കതിര്
ചെങ്കതിരിഴകള്‍ നെയ്താരോ
ചെമ്മാനക്കൊടി നീര്‍ത്തല്ലോ
തുമ്പത്താരോ തുന്നിച്ചേര്‍ത്തതൊ
രമ്പിളിയോ പൊന്നരിവാളൊ
മാരിക്കാറിന്‍ പടയണികള്‍
പാടിപ്പാടി വരുന്നുണ്ടേ’ ഭൂമിയുടെ വിതരണത്തിനുവേണ്ടിയും കുടികിടപ്പവകാശത്തിനുവേണ്ടിയും നടന്ന ജന്മിത്തവിരുദ്ധ സമരത്തില്‍ സാഹിത്യവും കലകളും വലിയ പ്രചോദനവും ആവേശവുമായിരുന്നു. ഇടതുപക്ഷ സമരത്തിന്റെ വീര്യം ഊട്ടിയുറപ്പിക്കാന്‍ വേണ്ടി ഒ.എന്‍.വി കുറുപ്പ് എഴുതിയ ഒരു വിപ്ലവ ഗാനത്തിലെ വരികളാണിവ. കേരളം രൂപം കൊണ്ട കാലം തൊട്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് മലയാള നാടിന്റെ സാമൂഹിക ഉന്നമനത്തിനും മാനവികതയ്ക്കും വേണ്ടി പോരാടിയവര്‍ എന്ന് അവകാശപ്പെട്ട് കേരള ജനതയെ കബളിപ്പിച്ച് തങ്ങള്‍ക്കനുകൂലമാക്കി ചിന്തിപ്പിക്കുന്നവരാക്കി മാറ്റിയത്. അതിന്റെ പാപ ഭാരം പേറി മലയാളി ഇന്നും ജീവിക്കുകയാണ്. ”സര്‍വ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍. നീ സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍” എന്ന മുദ്രാവാക്യം മുഴക്കി ഒരു സമൂഹത്തെ മുഴുവന്‍ അവര്‍ അടിമകളാക്കി മാറ്റി. ഇന്നും അവര്‍ അടിമകളെ ഉപയോഗിച്ച് നാട് ഭരിച്ച് കുട്ടിച്ചോറാക്കിക്കൊണ്ടിരിക്കുന്നു. ജോലി ചെയ്ത ശമ്പളം വാങ്ങാന്‍ മുട്ടിലിഴഞ്ഞ് സമരം നടത്തേണ്ട ഗതികേടില്‍ വരെ എത്തി നില്‍ക്കുകയാണ് കേരളീയര്‍. വിദ്യാഭ്യാസം, കൃഷി, വ്യവസായം, പൊതുമേഖല തുടങ്ങി സര്‍വ്വത്ര ഇടങ്ങളും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ജീവിതനിലവാരവും ഉയര്‍ന്ന ആളോഹരി വരുമാനവുമുള്ള സംസ്ഥാനമാണ് കേരളം. എണ്‍പതുകളില്‍ മലയാളി കടല്‍ കടന്നു ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോയത് മൂലമാണ് നാം ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീഴാതെ രക്ഷപ്പെട്ടത്. അന്ന് തൊട്ട് ഇന്നുവരെ മലയാളി വിദേശ രാജ്യങ്ങളിലേക്ക് തൊഴിലിനായി പോവുകയും വരുമാനത്തിന്റെ സിംഹഭാഗവും നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്തതുമൂലം നാം സാമ്പത്തികമായും സാമൂഹികമായും ഏറെ മെച്ചപ്പെട്ട അവസ്ഥയില്‍ ജീവിക്കാന്‍ തുടങ്ങി. ഗള്‍ഫ് പണം വന്നു തുടങ്ങിയതുമൂലം സ്‌കൂള്‍, ആശുപത്രികള്‍, വ്യാപാര സംരംഭങ്ങള്‍, വലിയ വലിയ വീടുകള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ തുടങ്ങി. ഒരുപാട് സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും അവയൊന്നും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ, മാറി മാറി ഭരിച്ച സര്‍ക്കാരുകളാണ് നമ്മെ ഇന്നീ കാണുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലെത്തേണ്ട നാം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്ന് കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും സാംസ്‌കാരികമായും വിദ്യാഭ്യാസപരമായും ഏറെ മുന്നിലാണെന്ന് പറയുമ്പോഴും വസ്തുതകളുടെ അടിസ്ഥാനത്തില്‍ അതെല്ലാം എത്രമാത്രം ശരിയാണെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നമ്മുടെ നാട് കടന്നു പോകുന്നത്. ഒരു നാട് ഏറ്റവും അധികം പ്രതിസന്ധി നേരിടുമ്പോള്‍ അതിന്റെ പ്രതിഫലനം ആദ്യം ഉണ്ടാകുന്നത് ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലുമാണ്. കേരളത്തില്‍ ഈ രണ്ടു മേഖലയും അതിഭയാനകമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ശമ്പളം കൊടുക്കാനും പെന്‍ഷന്‍ കൊടുക്കാനും കടമെടുത്ത കാശിന്റെ പലിശ നല്‍കാനും ക്ഷേമവികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും പണമില്ലാതെ നട്ടം തിരിയുന്ന ഒരു സംസ്ഥാനത്തിന് ഇതെല്ലം എങ്ങനെ ശരിയാക്കാന്‍ കഴിയും? ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് നമ്മുടെ നാട്ടില്‍ വന്നു ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ഇവിടെ നിന്നും കോടിക്കണക്കിനു രൂപ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്.
കൃത്യമായ ആസൂത്രണമില്ലായ്മയും വരവില്‍ കവിഞ്ഞ ചെലവുമാണ് സംസ്ഥാനം അതിഭീകര കടബാധ്യതയിലേക്ക് കൂപ്പു കുത്താന്‍ കാരണം. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല. ട്രഷറികള്‍ കാലിയാകുന്നു. ഇതെല്ലം പരിഹരിക്കാന്‍ കൂടുതല്‍ പണം കടമെടുക്കേണ്ടി വരുന്നു. സര്‍ക്കാരിന്റെ ഇപ്പോഴുള്ള അവസ്ഥ വെച്ചാണെങ്കില്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളം മുടങ്ങാന്‍ സാധ്യതയുണ്ട്. കാരണം സംസ്ഥാന സര്‍ക്കാരിന് എത്രയും വേഗത്തില്‍ കൊടുത്തുതീര്‍ക്കേണ്ട കുടിശ്ശികകള്‍തന്നെ 50,000 കോടി രൂപയിലധികമാണ്. 142 കോടിയിലേറെ ജനങ്ങളും എണ്ണൂറോളം എംപിമാരുമുണ്ട് ഇന്ത്യയില്‍. ഇതില്‍ കേന്ദ്ര മന്ത്രിസഭയില്‍ 29 കാബിനറ്റ് മന്ത്രിമാരും 50 സഹമന്ത്രിമാരുമാണ് ആകെ ഉള്ളത്. എന്നാല്‍ 14 ജില്ലകളിലായി 140 എംഎല്‍എമാരുള്ള കേരളത്തില്‍ 21 കാബിനറ്റ് മന്ത്രിമാരും പത്തോളം ക്യാബിനറ്റ് പദവി അലങ്കരിക്കുന്ന ആളുകളും ഉണ്ട്. ഇവര്‍ക്കെല്ലാമായി 100 ബസില്‍ കയറ്റാന്‍ കഴിയുന്നത്ര പേഴ്‌സണല്‍ സ്റ്റാഫുകളുമുണ്ട്. ഓരോ രണ്ടു വര്‍ഷം കൂടുന്തോറും ഇവര്‍ റിട്ടയര്‍ ആവുകയാണ് പതിവ്. പിന്നെ അവര്‍ക്കെല്ലാം ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നു. ഇത്തരം അന്യായമായ തീവെട്ടി കൊള്ളകള്‍ നടത്തി മലയാളിയുടെ കഴുത്തറുത്ത് ജീവിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വരുമാനം കുറയുമ്പോള്‍ ജനങ്ങളോട് മുഖ്യമന്ത്രി പറയുന്നതാണ് അതിവിചിത്രം, സര്‍ക്കാരിന്റെ ഖജനാവില്‍ പണമില്ല അതുകൊണ്ട് ജനങ്ങള്‍ മുണ്ട് മുറുക്കി ജീവിക്കണമത്രേ. വീട്ടു കരം, വെള്ളക്കരം, വൈദ്യുതി ചാര്‍ജ്, ഭൂ നികുതി, പെട്രോള്‍, ന്യായ വില വര്‍ദ്ധന, പുതിയ വാഹനങ്ങള്‍ക്ക് ഹരിത നികുതി, വാഹന രജിസ്‌ട്രേഷനും ഫിറ്റ്‌നസ്സിനും ഇരട്ടി വര്‍ദ്ധന എന്നിവ കൊണ്ട് ജനങ്ങളെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് ഈ സര്‍ക്കാര്‍. എന്നിട്ടും അവര്‍ ഉറക്കെ വിളിച്ചു പറയുകയാണ് ഇത് പാവങ്ങളുടെ സര്‍ക്കാരാണെന്ന്.
നമ്മുടെ ഉപഭോഗവസ്തുക്കളില്‍ 85 ശതമാനത്തോളം പുറത്തുനിന്നു വരുന്നതാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ നമ്മുടെ വ്യാപാരക്കമ്മി ഒരു ലക്ഷം കോടി രൂപയില്‍ കൂടുതലാണ് ഇപ്പോള്‍. കേരളം ഉപഭോഗ സംസ്ഥാനമാണ്. അത് മാറി ഉല്‍പാദക സംസ്ഥാനമായി എന്ന് മാറുന്നുവോ അന്ന് തൊട്ടായിരിക്കും നമുക്ക് വികസനം വന്നു തുടങ്ങുക. വന്‍കിട വ്യാപാര സംരംഭങ്ങള്‍ നമ്മുടെ നാട്ടിലേക്ക് വരുന്നില്ല. പുതിയ വ്യവസായ ശാലകള്‍ തുടങ്ങാന്‍ കഴിയുന്നില്ല. നിലവില്‍ ഉള്ളവ പൂട്ടി പോകുന്നു. ചിലത് പൂട്ടലിന്റെ വക്കിലാണ്. ഇങ്ങനെയെല്ലാം സംഭവിക്കുന്നത് കാര്യങ്ങള്‍ പഠിച്ച് ആസൂത്രണ മികവോടെ നടപ്പിലാക്കാന്‍ കഴിയാത്ത ഒരു സര്‍ക്കാരിന്റെ പിടിപ്പുകേട് ഒന്നുകൊണ്ടു മാത്രമാണ്. സ്വന്തമായി യാതൊന്നും നമുക്ക് ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്നില്ല. ആഹാര സാധനങ്ങള്‍ തൊട്ട് കേവലമൊരു മൊട്ടുസൂചിക്കു പോലും നമുക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സ്വന്തമായി ഉല്‍പ്പാദനവും കയറ്റുമതിയും ഉണ്ടെങ്കില്‍ നമുക്ക് മികച്ച വരുമാനമുള്ള സംസ്ഥാനമായിമാറാന്‍ സാധിക്കുമായിരുന്നു. വിദ്യാഭ്യാസ മേഖലയിലെ നിലവാര തകര്‍ച്ച മൂലം കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് പഠിക്കുവാന്‍ പോകുന്നു. കേരളത്തില്‍ പഠിച്ചിട്ട് എന്ത് കാര്യമെന്നും, തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്നുമാണ് നമ്മുടെ ചെറുപ്പക്കാര്‍ പറയുന്നത്. മികച്ച ആശയവുമായി ഒരാള്‍ വന്നു സംരംഭം തുടങ്ങിയാല്‍ അതിന്റെ മുന്നില്‍ പിറ്റേന്ന് കൊടി കുത്തി സമരം ചെയ്യലും ആരംഭിക്കും. ഇതാണ് കേരളത്തിന്റെ ഇപ്പോഴുള്ള അവസ്ഥ.
റവന്യു, മദ്യം, ലോട്ടറി എന്നീ മൂന്ന് കാര്യങ്ങളിലൂടെ പണമുണ്ടാക്കി മുന്നോട്ട് പോകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ഒരു ജനതയുടെ ആരോഗ്യം എങ്ങനെ നശിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ പദ്ധതി മെനയുന്നത്. 2022 – 23 സാമ്പത്തിക വര്‍ഷത്തിലെ കണക്കെടുത്താല്‍ മദ്യം വിറ്റ വകയില്‍ സര്‍ക്കാരിന്റെ ഖജനാവിലേക്ക് എത്തിയത് 17,719 കോടി രൂപയാണ്. ഇതില്‍ എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ ആ വര്‍ഷം 2876 കോടിയാണ് സര്‍ക്കാര്‍ പിരിച്ചത്. എന്നാല്‍ ഏറ്റവും കൂടുതല്‍ നികുതി വരുമാനം മദ്യത്തില്‍ നിന്ന് ലഭിക്കുന്നത് വില്‍പ്പന നികുതി വഴിയാണ്. ആ കണക്കു പരിശോധിച്ചാല്‍ 14,843 കോടി രൂപയാണ് സര്‍ക്കാരിന് കിട്ടിയിട്ടുള്ളത്. ഇത്രയും ഭീമമായ തുക ഓരോ വര്‍ഷവും മദ്യം വിറ്റ് സര്‍ക്കാര്‍ സമ്പാദിക്കുന്നു. സംസ്ഥാനം മദ്യത്തില്‍ നിന്നുണ്ടാക്കുന്ന ആകെ വരുമാനം എന്നത് തനത് വരുമാനത്തിന്റെ 22.58 ശതമാനം വരും എന്ന് കണക്കുകള്‍ പറയുന്നു. ഇതിനു പുറമെയാണ് ലോട്ടറി.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന് 2024 വരെയുള്ള പൊതുകടം 4.29 ലക്ഷം കോടി രൂപയാണെന്ന് പറയുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയാണിത്. 2016ല്‍ കേരളത്തിന്റെ ആകെ കടബാധ്യത 1.62 ലക്ഷം കോടി രൂപയായിരുന്നു. 2016നു ശേഷം 7 വര്‍ഷം പിന്നിടുമ്പോള്‍ 2.67 ലക്ഷം കോടി രൂപ കടം സംസ്ഥാന സര്‍ക്കാര്‍ വരുത്തി വെച്ചെങ്കില്‍ വരും വര്‍ഷങ്ങളില്‍ കേരളത്തിന്റെ അവസ്ഥ എത്ര ഭയാനകമായിരിക്കുമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്ര ഭീകരമായ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് നമ്മുടെ മന്ത്രിമാര്‍ പുതിയ വാഹനങ്ങളും വിദേശ യാത്രകളും നടത്തി ധൂര്‍ത്തും ആഡംബര ജീവിതവും നയിക്കുന്നത്. നമ്മുടെ വരും തലമുറയെ ഓര്‍ത്ത് നാം ഏറെ ഭയപ്പെടേണ്ടിയിരിക്കുന്നു. ഈ പോക്ക് പോയാല്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജീവിക്കണമെങ്കില്‍ വലിയ പ്രയാസമായിരിക്കും. ”ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ” എന്ന ഗാനത്തിന്റെ വരികള്‍ക്ക് പ്രാധാന്യം ഏറെയാണ്. കേരളത്തിന്റെ ഇപ്പോഴുള്ള അവസ്ഥ മാറണമെങ്കില്‍ ഓരോ മലയാളിയുടെയും ചിന്താശേഷി മാറേണ്ടി യിരിക്കുന്നു. അല്ലാത്ത പക്ഷം നമുക്ക് വരാന്‍ പോകുന്നത് അറബ് നാട്ടില്‍ കഷ്ടതകള്‍ അനുഭവിച്ച ആടുജീവിതം നോവലിലെ നജീബിന്റെ അവസ്ഥയായിരിക്കുമെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.