ശ്രീസത്യസായി ഭാഗവതം
എന്‍.സോമശേഖരന്‍
ചിത്രവതി പബ്ലിക്കേഷന്‍സ്
കോട്ടയം
പേജ്: 918 വില:480 രൂപ
ഈശ്വരസംബന്ധിയായ കഥകളും ഉപദേശങ്ങളും കേള്‍ക്കുകയും മഹത്തുക്കളുടെ വചനങ്ങള്‍ അനുസരിച്ച് സദാചാരപരമായ ജീവിതം നയിക്കുകയും ചെയ്യുക എന്നത് ഭാരതീയ ജീവിത പദ്ധതിയുടെ ഭാഗമാണ്. ആയിരക്കണക്കിന് ഭാരതീയര്‍ ഈശ്വരാവതാരമായി ആരാധിക്കുന്ന സായിബാബയുടെ ചരിത്രം ഇന്നും കാലികപ്രസകതമാണ്. ഈശ്വരകഥാശ്രവണത്തില്‍ അഭിരുചി ഉണ്ടാക്കും വണ്ണം ലളിതമായ ഭാഷയില്‍ ശ്രീസത്യസായി ഭാഗവതം അവതരിപ്പിച്ചിരിക്കുന്നത് എന്‍.സോമശേഖരനാണ്. സായിയുടെ ജന്മവൃത്താന്തത്തോടൊപ്പം അദ്ദേഹത്തിന്റെ ഭക്തര്‍ക്കുണ്ടായ അനുഭവക്കുറിപ്പുകളും ദിവ്യോപദേശങ്ങ ളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വിവിധ യോഗികളുടെയും എം.എസ്.സുബ്ബലക്ഷ്മി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെയും സ്വാനുഭവക്കുറിപ്പുകള്‍ ഈ പുസ്തകത്തിലെ ആകര്‍ഷണീയമായ ഒരു ഭാഗമാണ്. സായിയുടെ പ്രവചനങ്ങളും അവയുടെ വാസ്തവിക അനുഭവങ്ങളുമെല്ലാം ഇതിലുണ്ട്. വിദേശികളായ ഭക്തജനങ്ങളുടെ അനുഭവങ്ങളും അദ്ഭുതപ്രവൃത്തികളുടെ സാക്ഷ്യപ്പെടുത്തലുകളും സായിഭക്തര്‍ക്ക് നവോന്മേഷം നല്‍കുന്നതാണ്. അവിശ്വസനീയമാണ് തോന്നുന്ന പല ലീലകളും വിഭൂതികൊണ്ടുള്ള അദ്ഭുതപ്രവൃത്തികളും വായനക്കാര്‍ക്ക് വിസ്മയത്തെ ഉളവാക്കും.
സത്യസായിയുടെ വളര്‍ത്തമ്മയായ സുബ്ബമ്മയെക്കുറിച്ചുള്ള ഭാഗം വേറിട്ട് നില്‍ക്കുന്നു. അനുഭവങ്ങളുടെ നെഞ്ചുരുക്കുന്ന ചൂടില്‍ വിളയിച്ചെടുത്തതാണ് ഇതിലെ ഓരോ അദ്ധ്യായങ്ങളും. ആദ്ധ്യാത്മികമായ നിരവധി തത്വങ്ങളെയും സായിവാണിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത് സായി ഭക്തര്‍ക്കും സാധകര്‍ക്കും ഗുണകരമാണ്. സത്യസായി ഭാഗവതത്തില്‍ പ്രതിധ്വനിക്കുന്ന സായിമൊഴികളെ രചയിതാവിന്റെ വാക്കുകളിലൂടെ വായിക്കാം:’എന്റെ കഥകള്‍ കേള്‍ക്കൂ. ഞാന്‍ പറയുന്നത് അനുസരിക്കൂ… എന്റെ ഉപദേശങ്ങള്‍ മനനം ചെയ്യൂ. എന്നെത്തന്നെ സദാ ചിന്തിക്കൂ… എല്ലാ കര്‍മ്മങ്ങളും എനിക്കായി ചെയ്യൂ.. അപ്പോള്‍ നിന്റെ സമസ്ത പ്രശ്‌നങ്ങള്‍ക്കും ഞാന്‍ പരിഹാരം ഉണ്ടാക്കും. നീ എന്നെ പിന്തുടര്‍ന്നാല്‍ മതി.. അപ്പോള്‍ നീ സദാ എന്റെ കൃപാവലയത്തിലായിരിക്കും.’”ഭഗവാന്‍ ബാബയുടെ അരുള്‍മൊഴിയാണിത്. സമസ്ത ദുരിത ദുഖങ്ങള്‍ക്കും ഉള്ള ഉത്തമ പരിഹാരമാണ് ഭഗവദ് ലീലകളും ഉപദേശങ്ങളും കേള്‍ക്കുക, ഭഗവത്‌വാണികള്‍ അനുസരിക്കുക, മനനം ചെയ്യുക എന്നത്.”
ഷിര്‍ദ്ദി സായിയുടെ പൂര്‍വ്വചരിത്രം സത്യസായിബാബാ പറഞ്ഞ വിധത്തില്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സായിയുടെ പ്രധാന സന്ദേശങ്ങളും അരുള്‍മൊഴികളും ചില അഭിമുഖ സംഭാഷണങ്ങളും വ്യത്യസ്തത പുലര്‍ത്തുന്ന വായനാനുഭവമാണ്. സായിമഹിമ, സായി സത്സംഗമഹിമ, ജന്മരഹസ്യം, നാമ മഹിമ എന്നിവയെല്ലാം ഇതിലെ പ്രധാന ഭാഗങ്ങളാണ്. ഭഗവന്‍ സത്യസായി സുപ്രഭാതം, സത്യസായി അഷ്ടോത്തര ശതനാമാവലി, സായീനാഥ വന്ദനം എന്നിവയ്‌ക്കൊപ്പം പ്രാര്‍ത്ഥനകളും മംഗളശ്ലോകങ്ങളും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. സപ്താഹപാരായണത്തിന് ഉതകും വിധമാണ് ഇതിന്റെ രചനാരീതി. സായി വാണികള്‍ നിത്യം വായിക്കുവാനും മനനം ചെയ്യുവാനും കഴിയും വിധത്തിലാണ് അച്ചടി എന്നതും എടുത്തു പറയേണ്ടതാണ്. സായീ‘ഭക്തര്‍ക്ക് പ്രയോജനപ്പെടുന്ന ഒരു വിജ്ഞാനസ്രോതസ്സായി ഇതിനെ കാണാം. ഭക്തരുടെ എല്ലാവിധ ദുഖങ്ങളും ഇല്ലാതെയാക്കി ശാന്തിയുടേ തീരങ്ങള്‍ അനുഭവവേദ്യമാക്കുന്ന സ്വാദ്ധ്യായമാണ് ഈ ഗ്രന്ഥം നല്‍കുന്നത്