മാര്‍ക്‌സിസവും ഇസ്ലാമും വിശ്വാസപ്രമാണങ്ങളില്‍ പരസ്പര വിരുദ്ധമാണ്. എന്നാല്‍, സാംസ്‌കാരിക മാര്‍ക്‌സിസം കേരളത്തിലെ ഇസ്ലാമികവത്കരണത്തിനുള്ള വിധ്വംസകാത്മകമായ പൊളിച്ചെഴുതലാണ്. നൂറ്റാണ്ടുകളായി നീണ്ടുനിന്ന ഇസ്ലാമിക-യൂറോപ്യന്‍ അധീശത്വഭരണത്തിന് പോലും അട്ടിമറിക്കാനാകാത്ത ഭാരതീയ കുടുംബവ്യവസ്ഥയും, സനാതനമൂല്യങ്ങളും, സാംസ്‌കാരികദേശീയബോധവും-ഭാരതത്തിന്റെ ഈ അനുസ്യൂതദ്യഢതകളെ തച്ചുടയ്ക്കാനാണ് സാംസ്‌കാരികമാര്‍ക്‌സിസം ലക്ഷ്യം വെക്കുന്നത്. പരാജയപ്പെട്ട ക്ലാസിക്കല്‍ മാര്‍ക്‌സിസത്തിനെന്നപോലെ സാംസ്‌കാരിക മാര്‍ക്‌സിസത്തിനും നിലവിലുള്ളതിനെ പൊളിച്ചു കളയാന്‍ മാത്രമേ കഴിയൂ. പുതിയതായി ഒന്നി നെ സംഭാവന ചെയ്യാനാവില്ല. എ ന്നാല്‍ പൊളിച്ചിട്ട ഇടങ്ങളിലേക്കെല്ലാം ഇസ്ലാമിക മരുഭൂമിയാണ് വ്യാപിക്കുന്നത്. കേരളം അതിന്റെ ആസൂത്രിതപരീക്ഷണശാലയാണ്. അതുകൊണ്ട്, കേരളത്തില്‍ത്തന്നെ പരാജയപ്പെടുത്തേണ്ട മനുഷ്യവിരുദ്ധമായ ഒരു സാമൂഹിക പരീക്ഷണമാണ് സാംസ്‌കാരിക മാര്‍ക്‌സിസം.
”കമ്മ്യൂണിസത്തിന്റെ വ്യാപനത്തിനെതിരായ ശീതയുദ്ധത്തില്‍ അമേരിക്ക വിജയിച്ചോ എന്ന ചോദ്യത്തിന് ”അതെ, എന്നും പക്ഷേ” എന്നുമാണ് ഉത്തരം. 55 വര്‍ഷത്തെ ശീതയുദ്ധത്തില്‍ ഞങ്ങള്‍ (അമേരിക്ക) വിജയിച്ചു, പക്ഷേ, വിദേശത്ത് വിജയിച്ചപ്പോള്‍, മറ്റൊരുകാര്യം മനസ്സിലാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഇതേകാലത്ത് തന്നെ അമേരിക്കയിലെ ബൗദ്ധിക വരേണ്യവര്‍ഗം മാര്‍ക്‌സിന്റെ സാമ്പത്തികസിദ്ധാന്തത്തെ സൂക്ഷ്മമായും വ്യവസ്ഥാപിതമായും അമേരിക്കന്‍ സമൂഹത്തിലെ സംസ്‌കാരത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു. ഞങ്ങള്‍ വിദേശത്ത് ശീതയുദ്ധത്തില്‍ വിജയിക്കുന്ന തിരക്കിലായിരുന്നപ്പോള്‍ അവര്‍ അമേരിക്കയില്‍ നമ്മളെ വിജയിക്കുകയായിരുന്നു. ഞങ്ങളുടെ ശ്രദ്ധ മറ്റൊരിടത്തേക്ക് തിരിച്ചുവിട്ട് അവര്‍ മുപ്പത് വര്‍ഷക്കാലം അമേരിക്കന്‍ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് ”സാംസ്‌കാരിക മാര്‍ക്‌സിസം” അവതരിപ്പിച്ചു” (Atkinson 1999).
‘പാശ്ചാത്യ തൊഴിലാളിവര്‍ഗത്തിന് വിപ്ലവത്തിലുള്ള നിരന്തരമായ താല്‍പ്പര്യമില്ലായ്മയില്‍ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ നിരാശപ്പെട്ടിരുന്നു. അതിനെ കുറിച്ച് ഹെര്‍ബര്‍ട്ട് മാര്‍ക്കൂസ് ഒരു ചോദ്യം ചോദിച്ചു: തൊഴിലാളിവര്‍ഗത്തിന് പകരം വിപ്ലവം നടത്താന്‍ ആര്‍ക്കാണ് കഴിയുക? അദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു: ”കറുത്തവര്‍ഗക്കാരും ഫെമിനിസ്റ്റുകളും സ്വവര്‍ഗാനുരാഗികളും ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍, അസാമൂഹികര്‍, അന്യവല്‍ക്കരിക്കപ്പെട്ടവര്‍, കൂട്ടക്കൊലയാളിയായ ചെഗുവേര പ്രതിനിധീകരിക്കുന്ന മൂന്നാംലോകവിപ്ലവകാരികള്‍ ഇവര്‍ക്കാണ് തൊഴിലാളികള്‍ക്ക് വേണ്ടി വിപ്ലവം നടത്താനാവുക” (truman 2015).
സാംസ്‌കാരിക മാര്‍ക്‌സിസം സാംസ്‌കാരിക മാര്‍ക്‌സിസം എന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പലവിധ രോഗങ്ങളുടെ വളര്‍ച്ചയെയും, വ്യാപനത്തെയും ന്യായീകരിക്കുന്ന ഒരു വാദമാണ്. എന്നാല്‍ അതൊരു രോഗമല്ല. രോഗത്തിന്റെ ന്യായീകരണമാണ്. രോഗാതുരമാകുന്ന ഒരു സമൂഹത്തില്‍ രോഗപ്രതിരോധശ്രമങ്ങള്‍ക്കെതിരെ നടത്തുന്ന പ്രചരണമായി വേണം സാംസ്‌കാരിക മാര്‍ക്‌സിസത്തെ കാണാന്‍.
ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് ചിന്തയുടെ പ്രയോഗപരാജയത്തില്‍ നിന്നുമാണ് സാംസ്‌കാരിക മാര്‍ക്‌സിസം രൂപപ്പെടുന്നത്. സാമ്പത്തികബന്ധങ്ങളിലുള്ള വിപ്ലവത്തിലൂടെ മനുഷ്യന്‍ സമത്വപൂര്‍ണ്ണമായ ഒരു സാമൂഹികാവസ്ഥയിലേക്ക് മാറും എന്ന ക്ലാസിക്കല്‍ മാര്‍ക്‌സിസ്റ്റ് വാദത്തിന്റെ പരാജയത്തില്‍ നിന്നാണ് സാംസ്‌കാരിക മാര്‍ക്‌സിസം രൂപപ്പെട്ടത്. സാമ്പത്തികബന്ധങ്ങളെ നിര്‍ണ്ണയിക്കുന്നതിലും, വിപ്ലവത്തിന് തടസ്സമായും പ്രവര്‍ത്തിക്കുന്നത് ഓരോ സമൂഹത്തിലെയും സാംസ്‌കാരവും മൂല്യവ്യവസ്ഥയുമാണെന്നാണ് സാംസ്‌കാരിക മാര്‍ക്‌സിസം നിരീക്ഷിക്കുന്നത്. അതുകൊണ്ട്, നിലവിലുള്ള സംസ്‌കാരത്തെയും മൂല്യവ്യവസ്ഥയെയും അട്ടിമറിക്കണമെന്നതാണ് സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ പ്രയോഗപദ്ധതി. ദേശഭേദമെന്യേ എല്ലാ സമൂഹങ്ങളും കാലങ്ങളായി മതം, കുടുംബം, ഭരണകൂടം, സംസ്‌കാരം മൂല്യങ്ങള്‍ എന്നിവ രൂപപ്പെടുത്തുകയും നിരന്തരം പരിഷ്‌കരിക്കുകയും ചെയ്യാറുണ്ട്. മറ്റെല്ലാ സമൂഹങ്ങളിലുമെന്നപോലെ യൂറോപ്യന്‍ സമൂഹത്തിലും ഇങ്ങനെ പരമ്പരാഗതമായി കുടുംബം, വിവാഹ സമ്പ്രദായം, പരമ്പരാഗത സാന്മാര്‍ഗികത, ദേശസ്‌നേഹം, എന്നിവ രൂപപ്പെട്ടിരുന്നു. ഇവയെ അടിച്ചമര്‍ത്തലിനുള്ള ഉപകരണങ്ങളാണെന്ന് വിവരിക്കുകയും, വിശദീകരിക്കുകയും ചെയ്യുന്ന തീവ്രഇടതുപക്ഷ നിലപാടാണ് സാംസ്‌കാരിക മാര്‍ക്‌സിസം. സാംസ്‌കാരികമായി ഈ ഘടകങ്ങളെയെല്ലാം എതിര്‍ത്തുകൊണ്ടേ മാര്‍ക്‌സിസം വിഭാവനം ചെയ്യുന്ന ഒരു സാമൂഹ്യക്രമം സാധ്യമാവുകയുള്ളൂ എന്ന് സാംസ്‌കാരിക മാര്‍ക്‌സിസം വാദിക്കുന്നു. മാര്‍ക്‌സിന്റെയും ഫ്രോയിഡിന്റെയും വിഷലിപ്തമായ കൂടിച്ചേരലുമാണ് സാംസ്‌കാരിക മാര്‍ക്‌സിസം. കുറച്ചുകൂടി വിശാലമായി പറഞ്ഞാല്‍ മാര്‍ക്‌സ്-മാവോ-മാര്‍ക്യൂസ്-ഫ്രോയിഡ് എന്നിവരുടെ ചിന്തയുടെ വികലസംയോജനമാണ് സാംസ്‌കാരിക മാര്‍ക്‌സിസം. സംസ്‌കാരവും, ആശയങ്ങളും ജനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള അധീശത്വ ഉപകരണങ്ങളാണെന്നും അവയ്ക്ക് സമൂഹത്തിലെ സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ ശക്തികളുമായി ബന്ധമുണ്ടെന്നുമാണ് സാസ്‌കാരിക മാര്‍ക്‌സിസം വാദിക്കുന്നത്. മാര്‍ക്‌സ് മനുഷ്യനെ നിര്‍വചിക്കുന്നത് ഒരു സാമ്പത്തിക മൃഗമായിട്ടും, ഫ്രോയിഡ് മനുഷ്യനെ നിര്‍വചിക്കുന്നത് ഒരു ലൈംഗികമൃഗമായിട്ടുമാണ്. രണ്ടും ചേര്‍ന്ന് മനുഷ്യനെ ഒരു സാമ്പത്തിക-ലൈംഗിക മൃഗമാക്കുന്നു. മനുഷ്യനാഗരികതയിലെ അനുസ്യൂതമായ വളര്‍ച്ചയെ സാംസ്‌കാരിക മാര്‍ക്‌സിസം ചോദ്യം ചെയ്യുന്നു. ആ ചോദ്യം ചെയ്യലില്‍ നിന്നാണ് മാര്‍ക്‌സ് ഹെഗലില്‍നിന്ന് ആദ്യമേ വഴിതെറ്റിയത്. കുടുംബം- ലൈംഗികത, മൂല്യം, ദേശം എന്നീ മൂന്ന് ഘടകങ്ങളെയാണ് സാംസ്‌കാരിക മാര്‍ക്‌സിസം വികലീകരിക്കുന്നത്.
സാംസ്‌കാരിക മാര്‍ക്‌സിസം കേരളത്തില്‍
സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചതിനോട് ചട്ടമ്പിസ്വാമികള്‍ നടത്തിയ സരസവും ഗഹനവുമായ ഒരു പ്രതികരണമുണ്ട്. ”തങ്കക്കുടം ചികിത്സിക്കാന്‍ വന്നതായിരിക്കും” എന്നായിരുന്നു ചട്ടമ്പിസ്വാമികളുടെ പ്രതികരണം. നൂറ്റാണ്ടുകളെത്ര കഴിഞ്ഞു. 1892-ല്‍ നിന്ന് 2024-ല്‍ എത്തുമ്പോള്‍, അതായത് 132 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, കേരളത്തിന്റെ അവസ്ഥ എന്താണ്? പ്രത്യേകിച്ചും ഹിന്ദു സമുദായത്തിന്റെ അവസ്ഥ. പ്രശ്‌നങ്ങളെ സാംസ്‌കാരിക മാര്‍ക്‌സിസം ഇസ്ലാമികവത്കരണത്തിനായി ഉപയോഗിക്കുന്നതെങ്ങനെയെന്ന് കേരളത്തിലെ ഹിന്ദുസമുദായം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിളിച്ച കേരളത്തിന്റെ അത്ര ചെറുതല്ലാത്ത അസ്പൃശ്യതയുടെ ഭ്രാന്തിനെ (ഗുരുജി ഗോള്‍വല്‍ക്കര്‍ 1966) ചികിത്സിച്ചത് നാരായണഗുരു ആയിരുന്നു. ഗുരു ചികിത്സിച്ചത് രോഗിയെ ആയിരുന്നില്ല മറിച്ച് രോഗത്തെ ആയിരുന്നു. അതായത്, ഹിന്ദുസമൂഹ ത്തില്‍ കാലാകാലങ്ങളായി അടിഞ്ഞുകൂടിയ അസ്പൃശ്യതയുടെ ജാതിമാലിന്യത്തെ ഗുരു കഴുകിക്കളയുകയായിരുന്നു. ക്ഷേത്രപ്രവേശനം സാധ്യമല്ലാതിരുന്ന ഒരു വലിയ സാമൂഹിക വിഭാഗത്തിന് വേണ്ടി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചാണ് ഗുരു അസ്പൃശ്യതയില്‍ നിന്നും ഹിന്ദുമതത്തെ പരിഷ്‌കരിച്ചത്. ഹിന്ദുമതത്തോടൊപ്പം ഒരു വലിയ ജനസമൂഹവും പരിഷ്‌ക്കരിക്കപ്പെടുകയായിരുന്നു. ഹിന്ദുമതവും ഹിന്ദു ദൈവങ്ങളും തന്നെയായിരുന്നു ആ പരിഷ്‌കരണത്തിന്റെ മാര്‍ഗ്ഗവും ഉള്ളടക്കവും. അങ്ങനെയാണ് കേരളം ലോകത്തുള്ള എല്ലാ ദൈവങ്ങളുടെയും സ്വന്തം നാടായത്. അതുകൊണ്ടാണ് നാരായണഗുരുവിനെ ഹിന്ദുമതപരിഷ്‌കര്‍ത്താവ് എന്നുതന്നെ പരമേശ്വര്‍ജി വിളിക്കുന്നത്. പിന്നീട് നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഇന്ന് കേരളത്തിന്റെ ജനസംഖ്യാഘടനയിലും, പൊതുമണ്ഡലത്തില്‍ അധീശത്വം വഹിക്കുന്ന ചിന്താധാരകളിലും അതിലുപരി നമ്മുടെ കര്‍മ്മങ്ങളെ നിയന്ത്രിക്കുന്ന ധര്‍മ്മബോധത്തിലും പ്രകടമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ഈ മാറ്റങ്ങളില്‍ ചിലത് ഹിന്ദുസമുദായത്തിന്റെ ഭാവിയിലേക്കുള്ള നിലനില്‍പ്പിനു തടസ്സവും, ഭാരതം എന്ന രാഷ്ട്രത്തിന്റെ ഏകതയ്ക്കും ഭാരതീയ സംസ്‌കാരത്തിന്റെ നൈരന്തര്യത്തിനും ഭീഷണിയുമാണ്. ഇതിലേക്ക് നമ്മെ നയിക്കുന്ന പ്രധാനപ്പെട്ട മൂന്നു പ്രശ്‌നങ്ങളുണ്ട്. കേരളത്തെ ഇത്തരം ഓരോ പ്രശ്‌നങ്ങളിലേക്കും നയിച്ചതില്‍ സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ ദുഃസ്വാധീനമുണ്ട്.
പൊതുവായി ഭാരതീയമായിരിക്കുമ്പോഴും കേരളം ആശയപരമായി വളരെ തുറന്ന ഒരു സമൂഹമാണ്. അതുകൊണ്ടുതന്നെ, വൈദേശികമതങ്ങളുടെയും, ആശയങ്ങളുടെയും സ്വാധീനത്തിന് കേരളം എന്നും വിധേയമായിട്ടുണ്ട്. അതിന്നും തുടരുന്നു. ഈ സ്വാധീനം കേരളസമൂഹത്തിന്റെ ഘടനയെ തന്നെ സ്വാധീനിക്കുകയും സമൂഹം പലതലങ്ങളിലും ശിഥിലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെ മൂന്ന് ഘടകങ്ങളായി ചര്‍ച്ച ചെയ്യാം.
കുടുംബം-ലൈംഗികത
മനുഷ്യന്റെ ലൈംഗികതയെ സംസ്‌കരിച്ചാണ് ലോകത്തൊട്ടാകെ കുടുംബം എന്ന സംവിധാനം രൂപപ്പെടുന്നത്. ഒരു ഇണ, അവരുടെ കുട്ടികള്‍ എന്നതിലേക്ക് വികസിക്കുന്നതാണ് കുടുംബത്തിന്റെ അടിസ്ഥാന യൂണിറ്റ്. ഭദ്രമായ കുടുംബങ്ങളാലാണ് സമൂഹവും രാഷ്ട്രവും രൂപപ്പെടുന്നത്. എന്നാല്‍ കേരളത്തിന്റെ അടിസ്ഥാന കുടുംബസംവിധാനത്തില്‍ വിള്ളലുകള്‍ വീഴുന്ന നിരവധി സംഭവങ്ങള്‍ ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കുടുംബം ഒരു മര്‍ദ്ദനോപാധിയാണെന്നും കുടുംബത്തിനകത്ത് ലൈംഗിക അനീതി ഉണ്ടെന്നും വാദിക്കുന്ന പ്രത്യേക സമാഹാരങ്ങള്‍ തന്നെ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (വേണുഗോപാലന്‍-2006), കുടുംബബാഹ്യ ലൈംഗികതയെ മഹത്വവത്കരിക്കുന്ന ജീവിതത്തിന്റെ പുസ്തകം (രാമനുണ്ണി), സ്ത്രീലൈംഗികതയെ ഉപഭോഗവത്കരിക്കുന്ന ഫ്രാന്‍സിസ് ഇട്ടിക്കോര (രാമകൃഷ്ണന്‍ 2009), കുടുംബസംവിധാനത്തില്‍ നിന്നും സ്ത്രീയെ ഇറക്കികൊണ്ട് വരുന്ന കല്യാണിയെന്നും, ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ (രാജശ്രീ 2019) തുടങ്ങിയ നോവലുകളും അവയെ മഹത്വവത്കരിക്കുന്ന പഠനപ്രചാരണങ്ങളും ഉണ്ടാകുന്നു (സുരേഷ് 2014, ശ്രീധരന്‍). ഒരു സംവിധാനത്തിനകത്ത് പോരായ്മകള്‍ ഉണ്ടാവുമ്പോള്‍ അതിനെ പരിഷ്‌കരിച്ചും പരിഹരിച്ചും പോകുന്നതാണ് പൊതുവായ മനുഷ്യരീതി. എന്നാല്‍ ഇവിടെയാണ് നമ്മുടെ പ്രശ്‌നങ്ങളിലേക്ക് സാംസ്‌കാരിക മാര്‍ക്‌സിസം മാലിന്യമായി ഒഴുകിയിറങ്ങുന്നത്. സാംസ്‌കാരിക മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ കുടുംബം എന്നത് ഒരു മര്‍ദ്ദനസംവിധാനമാണ്. കുടുംബത്തിനകത്ത് സ്ത്രീയും ലൈംഗികതയും അടിച്ചമര്‍ത്തപ്പെടുകയാണ്. അതുകൊണ്ട് സ്ത്രീയുടെ കുടുംബത്തിന് പുറത്തുള്ള വിവാഹേതര ലൈംഗികസ്വാതന്ത്ര്യം സ്ത്രീവിമോചനമാണ്. സാംസ്‌കാരിക മാര്‍ക്‌സിസം സ്ത്രീശരീരങ്ങളെ കുടുംബം എന്ന സംവിധാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുകയാണ്. അതിനെ സ്ത്രീവാദമെന്നാണ് പറയുക. സ്വതന്ത്രമായ സ്ത്രീശരീരങ്ങളെയാണ് ഈ സ്ത്രീവാദം പുറത്തുകൊണ്ട് വരുന്നത്. ലക്ഷ്യം കുടുംബസംവിധാനത്തെ തകര്‍ക്കുക എന്നതാണ്, മാര്‍ഗ്ഗം സ്ത്രീയും. ആദ്യകാല മാര്‍ക്‌സിസം പുരുഷന്മാരിലൂടെയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ മാര്‍ക്‌സിസത്തിന്റെ പില്‍ക്കാല സാംസ്‌കാരികരൂപമായ സാംസ്‌കാരിക മാര്‍ക്‌സിസം പ്രവര്‍ത്തിക്കുന്നത് സ്ത്രീകളിലൂടെയാണ്. നമ്മുടെ സ്ത്രീകളെയാണ്, അതായത്, നമ്മുടെ പെണ്‍കുട്ടികളെയാണ് അതിന് ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വിവാഹേതര ലൈംഗികതയിലേക്കും, കുടുംബബാഹ്യ ലൈംഗികതയിലേക്കും കടന്നുപോവുന്നത് കൂടുതലും ഹിന്ദുപെണ്‍കുട്ടികളും ക്രൈസ്തവ സമുദായവുമാണ്. അതായത്, ലൈംഗികതയെ അതിന്റെ ഏറ്റവും മാനവികമായ സാധ്യതയിലൂടെ പരിവര്‍ത്തിപ്പിച്ച കുടുംബസംവിധാനത്തെ രൂപപ്പെടുത്തിയ യൂറോപ്യനും-ഭാരതീയവുമായ കുടുംബ സംവിധാനത്തെയാണ് സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ സ്വതന്ത്രലൈംഗികവാദം ലക്ഷ്യം വെക്കുന്നത് (ഷെഫാലി ചന്ദ്ര 2006). ആ സാധ്യതയെ ഉപയോഗിച്ചാണ് കേരളത്തില്‍ ലൗജിഹാദ് വ്യാപകമാകുന്നത്. ചുരുക്കത്തില്‍ സാംസ്‌കാരിക മാര്‍ക്‌സിസം കേരളത്തിലെ ഇസ്ലാമികവത്കരണത്തിന്റെ ആശയപദ്ധതിയാണ്. ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ട ഒരു കാര്യമുണ്ട്. ഇസ്ലാമിക സദാചാരവും മാര്‍ക്‌സിസവും പരസ്പരവിരുദ്ധമാണ്. ഇവര്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കുന്ന ഒരു സ്‌നേഹദ്രവ്യമാണ് സാംസ്‌കാരിക മാര്‍ക്‌സിസം. ഇസ്ലാമികചിന്ത സാംസ്‌കാരിക മാര്‍ക്‌സിസത്തോട് സംഘര്‍ഷത്തിലാകാത്തതിന് കാരണം സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ ഭൂതലം ഇസ്ലാമിക ജനസംഖ്യയുടെ വ്യാപനത്തെ സഹായിക്കുന്നതുകൊണ്ടാണ്. ലൗജിഹാദിലൂടെ സ്ത്രീകളിലൂടെയും, കുടിയേറ്റത്തിലൂടെ ഭൂമിയിലൂടെയുമാണ് ഇസ്ലാം വ്യാപിക്കുന്നത്. അതിനുള്ള സ്‌നേഹദ്രവ്യമാണ് സാംസ്‌കാരിക മാര്‍ക്‌സിസം. കഴിഞ്ഞ ഒരു നൂറ്റാണ്ടായി യൂറോപ്പിന്റെ നാഗരിക-സാമൂഹിക സംവിധാനത്തെയാകെ തകര്‍ത്ത രണ്ട് ഘടകങ്ങളെയാണ് നാം ഇന്ന് കേരളത്തില്‍ കാണുന്നത്. ഒന്ന്, ഇസ്ലാമിക ജനസംഖ്യയുടെ അസ്വാഭാവികമായ വളര്‍ച്ച. രണ്ട്, തദ്ദേശീയ കുടുംബസംവിധാനത്തെ ഉറപ്പിച്ച് നിര്‍ത്തിയിരുന്ന ലൈംഗികസദാചാരത്തിന്റെ തകര്‍ച്ച. ഇത് ഹിന്ദു ജനവിഭാഗത്തിനെ വംശീയമായിത്തന്നെ ബാധിക്കുകയാണ് (സുനില്‍ അംബേക്കര്‍ 2023: 220-41). നമുക്കിവിടെ ചര്‍ച്ച ചെയ്യേണ്ടത് നമ്മളുടെ ലൈംഗിക – കുടുംബ സംവിധാനത്തിലെ ഏത് ദൗര്‍ബല്യങ്ങളിലേക്കാണ് സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ വികലചിന്ത കടന്നു കയറുന്നത് എന്നതാണ്. അത് ചര്‍ച്ചചെയ്യുകയും നമ്മളില്‍ നിന്നു തന്നെ പരിഷ്‌കരണം ഉണ്ടാവുകയും വേണം. ലൈംഗികത ഹിന്ദു മതചിന്തയുടെ അന്തര്‍ലീനമായ പ്രപഞ്ചവീക്ഷണമാണ്. ആ പ്രകൃതി-പുരുഷ പ്രപഞ്ചവീക്ഷണത്തെ അടിസ്ഥാനമാക്കി വേണം ഈ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍.
മൂല്യം, സാമ്പത്തിക പങ്കാളിത്തം
ഗുണത്തോടുള്ള നമ്മുടെ പ്രതികരണമാണ് മൂല്യം. ഒരു വസ്തുവിന്റെ വിലയായി നാം കൊടുക്കുന്നത് അതിന്റെ മൂല്യമാണ്. എന്നാല്‍ വിലയിടാനാകാത്ത ഗുണങ്ങളിലാണ്, അതായത് വിലമതിക്കാനാവാത്ത മൂല്യങ്ങളിലാണ് ഒരു സമൂഹം സുഘടിതമായിരിക്കുന്നത്. ഈ മൂല്യങ്ങള്‍ കാലാകാലങ്ങളായി ആ സമൂഹത്തില്‍ രൂപപ്പെടുത്തുന്നതാണ്. സര്‍വ്വചരാചരങ്ങളിലും മൂല്യം കാണുന്നത് ഭാരതീയമായ ഒരു മൂല്യസങ്കല്‍പമാണ്. സൃഷ്ടിച്ച സ്രഷ്ടാവിലൊഴിച്ച് മറ്റൊന്നിലും മൂല്യം കാണാത്ത ലോകവീക്ഷണമാണ് ഇസ്ലാമിക ലോകവീക്ഷണം. അതുകൊണ്ട്, വില്‍ക്കാവുന്നതിലും വാങ്ങാവുന്നതിലും മാത്രമേ ഇസ്ലാമില്‍ മൂല്യമുള്ളൂ. കേരളത്തിലെ ഹിന്ദു ജനസമൂഹത്തിന്റെ മൂല്യസങ്കല്‍പങ്ങളെ കാലാകാലങ്ങളായി ആ സമൂഹം പരിഷ്‌കരിക്കാറുണ്ട്. പക്ഷെ ഹിന്ദുമൂല്യങ്ങളുടെ നിരാസം ഇവിടെ അവതരിപ്പിച്ചത് ആദ്യകാല മാര്‍ക്‌സിസ്റ്റുകളായിരുന്നു. മൂല്യങ്ങളുടെ നിരാസത്തിലെ ആഭ്യന്തരവും ബാഹ്യവുമായ സമ്മര്‍ദ്ദം ഹിന്ദുസമൂഹത്തെ ഇന്ന് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഉദാഹരണം, കാര്‍ഷികമേഖലയെ പൂര്‍ണ്ണമായി ആശ്രയിച്ചിരുന്നവരായിരുന്നു കേരളത്തിലെ ഹിന്ദുസമൂഹം. എന്നാല്‍, കാര്‍ഷികമേഖലയുടെ തകര്‍ച്ച ഹിന്ദുസമൂഹത്തെ ഭൗതികമായ പ്രതിസന്ധിയിലാക്കി. എന്നാല്‍, മറ്റൊരു ഉത്പാദനമേഖല ഇവിടെ വികസിച്ചുവന്നതുമില്ല. അനതിസാധാരണമായി വികസിച്ചത് വാണിജ്യമേഖലയായിരുന്നു. വാണിജ്യമേഖലയിലെ വിനിമയാത്മകമായ മൂല്യസങ്കല്‍പവും ഹിന്ദു സമൂഹത്തിലെ അത്ര വിനിമയാധിഷ്ഠിതമല്ലാത്ത മൂല്യസങ്കല്‍പവും പ്രതിസന്ധിയിലായി. പിന്നെ നാം കേരളത്തില്‍ കാണുന്നത് ഹിന്ദു സമൂഹത്തിലെ പരിപൂര്‍ണ്ണമായ മൂല്യനിരാസമാണ്. അതായത്, ആഭ്യന്തരമായി ചെറിയതോതില്‍ ദുര്‍ബലമായിരുന്ന മൂല്യഉള്ളടക്കത്തെ ബാഹ്യസമ്മര്‍ദ്ദം മൂലം ഹിന്ദുസമൂഹം പരിപൂര്‍ണ്ണമായി ഉപേക്ഷിച്ചു. ഹിന്ദുസമൂഹത്തിന്റെ പൊതുവായ പരാജയത്തെ ഹിന്ദു സമൂഹത്തിലെ ജാതികള്‍ തമ്മിലുള്ള ചൂഷണങ്ങള്‍ മൂലമുണ്ടായ പരാജയമാണെന്ന് സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ വ്യാഖ്യാനിച്ചു. ഹിന്ദുസമൂഹം വാണിജ്യമേഖലയില്‍ ക്രിയാത്മകമാകാതിരിക്കുന്നതിന് കാരണം ഇതരമതസമൂഹങ്ങളും ഹിന്ദു സമൂഹത്തിനകത്ത് തന്നെയുള്ള ചൂഷണാധിഷ്ഠിത പരസ്പരബന്ധവുമാണെന്നും അവര്‍ വ്യാഖ്യാനിച്ചു. അങ്ങനെ ഹിന്ദുസമൂഹത്തിനകത്ത് വേട്ടക്കാരും ഇരകളും ഉണ്ടായി. വീട്ടിനുള്ളിലുള്ളവര്‍ ഇരയും വേട്ടക്കാരും ആയപ്പോള്‍ വിരുന്നുവന്നവരുടെ വേട്ട കേരളം മറന്നു. ലോകത്താകെ, തദ്ദേശീയരായ വിഭാഗങ്ങളെ വേട്ടക്കാരായും കുടിയേറ്റക്കാരെ ഇരകളായും വിവരിക്കുന്ന സാംസ്‌കാരിക മാര്‍ക്‌സിസ്റ്റ് ചിന്തയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതായത്, ഭാരതത്തിലെ ജനങ്ങള്‍ തമ്മിലുള്ള അസമത്വത്തിന് കാരണം വിരുന്നുവന്ന ബ്രിട്ടീഷുകാരോ, കച്ചവടത്തിനും ആക്രമണത്തിനും വന്ന ഇസ്ലാമിക അധിനിവേശക്കാരോ അല്ല, ഹിന്ദു സമൂഹത്തിലെ ആഭ്യന്തരമായ ജാതിയാണെന്ന് സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ വ്യാഖ്യാനിച്ചു. ജാതി എന്ന അനാരോഗ്യപരമായ സാമൂഹികപ്രശ്‌നത്തെ ആഭ്യന്തരമായി പരിഷ്‌ക്കരിക്കാനുള്ള ഹിന്ദുമതത്തിനകത്ത് നിന്നുള്ള ശ്രമങ്ങളെ മറച്ച് വെച്ചുകൊണ്ട് ഹിന്ദുമതം തന്നെ ജാതിയെ അടിസ്ഥാനമാക്കിയതാണെന്ന വാദം സാംസ്‌കാരിക മാര്‍ക്‌സിസം അവതരിപ്പിച്ചു. ഇങ്ങനെയാണ് സാംസ്‌കാരിക മാര്‍ക്‌സിസം കേരളത്തിന്റെ മൂല്യമണ്ഡലത്തെ മലിനമാക്കുന്നത്. കേരളത്തിലെ ഹിന്ദുസമൂഹം ജാതിവിവേചനം ഒഴിവാക്കി സ്വയം പരിഷ്‌ക്കരിച്ചെങ്കിലും പിന്നീട് സമുദായങ്ങളായി ശിഥലീകരിക്കപ്പെട്ടത് അങ്ങനെയാണ്.
ദേശം, ദേശീയത ദേശവിരുദ്ധത
ഭാരതത്തില്‍ ഇത്രയധികം ദേശവിരുദ്ധചിന്തയുള്ള ഒരു സംസ്ഥാനം കേരളത്തെ പോലെ വേറെയില്ല. ഇത്രയധികം മതതീവ്രവാദികള്‍ ഉണ്ടാകുന്നതും കേരളത്തില്‍ നിന്നാണ്. പരിമിതികളില്ലാത്ത മതസ്വാതന്ത്ര്യവും, താരതമ്യേന കുറഞ്ഞ സാമൂഹിക അസമത്വവും മുഖമുദ്രയായ സംസ്ഥാനമാണ് കേരളം. പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, മതസ്ഥാപനത്തിനും, മതപരിവര്‍ത്തനത്തിനും, ഹിന്ദു മതനിന്ദയ്ക്കുമുള്ള ഇതരമതങ്ങളുടെ സ്വാതന്ത്ര്യവും ദുഃസ്വാതന്ത്ര്യവും അന്യമതങ്ങള്‍ സ്വയം നേടിയതല്ല, മറിച്ച് ഹിന്ദുമതത്തിന്റെ സ്വാഭാവികമായ ലിബറല്‍ സ്വഭാവംകൊണ്ട് ഈ മതങ്ങള്‍ക്ക് ഇന്നാട്ടില്‍ ലഭ്യമായതാണ്. ദേശീയത, ദേശസ്‌നേഹം എന്നിവ എന്തോ വൈകല്യമായാണ് കേരളസമൂഹത്തില്‍ വ്യവഹരിക്കുന്നത്. കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളെല്ലാം ഇങ്ങനെ ദേശവിരുദ്ധത തുറന്ന മുദ്രാവാക്യമാക്കിയവരാണ്. ഇതൊരു സാംസ്‌കാരിക മാര്‍ക്‌സിസ്റ്റ് ചിന്തകൂടിയാണ്. ദേശം, ദേശീയത, ഭരണകൂടം ഇവ ബുര്‍ഷ്വാ സൃഷ്ടി ആണെന്നും, മര്‍ദ്ദനോപകരണങ്ങള്‍ ആണെന്നുമാണ് സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളുടെ ഈ വാദത്തിന്റെ ഗുണഭോക്താക്കള്‍ ഇസ്ലാമിസ്റ്റുകളാണ്. ഇസ്ലാമിസ്റ്റുകളുടെ മതരാഷ്ട്രവ്യാപനത്തിന് ഭാരതത്തിലേക്ക് വഴി തുറന്നുകൊടുക്കുന്ന ആശയമായി മാറുകയാണ് സാംസ്‌കാരിക മാര്‍ക്‌സിസത്തിലെ ദേശീയതാ വിരുദ്ധത. ഈ മതവ്യാപനം ഭാരതത്തില്‍ നടക്കുന്നത്, ദേശാതിര്‍ത്തികളെ ഭൗതികമായി ആക്രമിച്ചു കൊണ്ട് മാത്രമല്ല, ഭാരതത്തിലെ ഭരണകൂടസംവിധാനങ്ങളിലെ എല്ലാ മേഖലകളിലേക്കും ഈ ഇസ്ലാമികവത്കരണം നടക്കുന്നു. സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ ന്യൂനപക്ഷ പിന്തുണയുടെയും, വൈവിധ്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും പേരില്‍ ഈ ഇസ്ലാമികവത്കരണത്തെ ന്യായീകരിക്കുന്നു (ഭാരതീയ വിചാരകേന്ദ്രം 2008). അതായത്, പല യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇസ്ലാമിസ്റ്റുകള്‍ ഒരു ഭീഷണിയായത് സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളുടെ പിന്തുണയോടെ ആയിരുന്നു.
ചുരുക്കത്തില്‍, ഹിന്ദുസമൂഹത്തെയും, ആ സമൂഹത്തെ ഉറപ്പിച്ചു നിര്‍ത്തുന്ന കുടുംബസംവിധാനത്തെയും, ഹിന്ദുസംസ്‌കാരത്തിന്റെ അടിത്തറയായ മൂല്യസംവിധാനത്തെയും, ഹിന്ദുസമൂഹത്തിന്റെ ഒരേ ഒരു ദേശമായ ഭാരതത്തെ ഒന്നിച്ചു നിര്‍ത്തുന്ന ഭാരതദേശീയതയെയുമാണ് സാംസ്‌കാരികമാര്‍ക്‌സിസം ദുര്‍ബലമാക്കുന്നത്. അതായത്, ഭാരതത്തില്‍ ഇസ്ലാമികവത്കരണത്തിന്റെ അരങ്ങൊരുക്കുകയാണ് സാംസ്‌കാരിക മാര്‍ക്‌സിസം.
ധാര്‍മ്മിക സംസ്‌കാരം
സാംസ്‌കാരിക മാര്‍ക്‌സിസം സൃഷ്ടിക്കുന്ന വൈകല്യങ്ങളെ നമുക്ക് അതിജീവിച്ചേ മതിയാകൂ. യൂറോപ്യന്‍ സമൂഹങ്ങളുടെ പരാജയം നമുക്ക് ഒരു പാഠമാണ് (Buchanan 2002). ഭാരതം ഇസ്ലാമികവത്കരണത്തെയും, അതിനെ ന്യായീകരിക്കുന്ന സാംസ്‌കാരിക മാര്‍ക്‌സിസത്തെയും എങ്ങനെ നേരിടും എന്നു പല യൂറോപ്യന്‍ സമൂഹങ്ങളും വളരെ ആകാംക്ഷയോടെയാണ് നോക്കുന്നത്. ക്രൈസ്തവസമൂഹവും സാംസ്‌കാരികമായി ഈ പ്രതിസന്ധിയെ നേരിടുന്നുണ്ട്. ക്രൈസ്തവ മതസംവിധാനം തരം കിട്ടുമ്പോഴെല്ലാം നമ്മുടെ ആഭ്യന്തരമായ ഒരു ബലഹീനതയെ മതപരിവര്‍ത്തനത്തിനായി ഉപയോഗിക്കാറുണ്ട്. അസ്പൃശ്യത നമ്മളുടെ ഒരു ബലഹീനത തന്നെയാണ് (ഗുരുജി ഗോള്‍വല്‍ക്കര്‍ 2023 (1966) 368-370). അതിനെ നേരിടണം. ഹിന്ദു സമൂഹത്തിലെ അസ്പൃശ്യത പരിപൂര്‍ണ്ണമായി ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ നിരന്തരമായി തുടരണം. അസ്പൃശ്യത ഒരു രോഗമാണ്. അത് ചികിത്സിക്കേണ്ടതുണ്ട്. ആ ചികിത്സ തുടരണം. എന്നാല്‍ രോഗത്തിലും മാരകമായ ചികിത്സ അതിന് പാടില്ല. തമിഴ്‌നാട്ടിലെ ദ്രാവിഡപ്രസ്ഥാനങ്ങളുടെ അസ്പൃശ്യതാ ചികിത്സ ഒരു പരാജയമായിരുന്നു. കാരണം രോഗത്തിലും മാരകമായിരുന്നു രാമസ്വാമിനായ്ക്കരുടെ ദ്രാവിഡചികിത്സ. എന്നാല്‍, കേരളത്തില്‍ നാരായണ ഗുരു ഹിന്ദുമതത്തെ ആഭ്യന്തരമായി പരിഷ്‌കരിച്ചാണ് ഹിന്ദു സമൂഹത്തിലെ അസ്പൃശ്യതയെ ഒരു പരിധിവരെ പരിഹരിച്ചത്. അത് ഭാരതമാകെ തുടരണം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോളം അതിന് സാധ്യതയുള്ള മറ്റൊന്നുമില്ല. കേരളത്തില്‍ ഹിന്ദു കുടുംബ സംവിധാനം ദുര്‍ബലമാകുന്നുണ്ട്. കുടുംബം എന്നത് ലൈംഗികതയുടെ അടിച്ചമര്‍ത്തലാണെന്ന വാദമാണ് പൊതുവെ സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകള്‍ അവതരിപ്പിക്കുന്നത്. ഇങ്ങനെയാണ് അവര്‍ പടിഞ്ഞാറിന്റെ കുടുംബസംവിധാനത്തെ ദുര്‍ബലപ്പെടുത്തിയത്. എന്നാല്‍ ഹിന്ദു സംസ്‌കാരത്തില്‍ ലൈംഗികത ധര്‍മ്മമാണ്. ധര്‍മ്മമെന്നാല്‍ പ്രകൃതിയെയും വ്യവസ്ഥയെയും നിലനിര്‍ത്തുന്നതാണ്. അതായത്, ആണും പെണ്ണും തമ്മിലുള്ള ലൈംഗികബന്ധം ജൈവപരമായ സൃഷ്ടിധര്‍മ്മത്തോടൊപ്പം കുടുംബം എന്ന ധാര്‍മ്മികവ്യവസ്ഥയെയും നിരന്തരം പുനഃസൃഷ്ടിക്കുന്നുണ്ട്. ഒന്നാമത്തേത് ധാര്‍മ്മികവും രണ്ടാമത്തേത് സൗന്ദര്യശാസ്ത്രപരവുമാണ്. ലൈംഗികതയിന്മേല്‍ കാലാകാലങ്ങളിലായി അടിഞ്ഞുകൂടിയ പാപബോധത്തിന്റെയും നിഷേധത്തിന്റെയും മാറാലകളെയെല്ലാം നമുക്ക് തുടച്ചുനീക്കേണ്ടതുണ്ട്. ലൈംഗികത അടിച്ചമര്‍ത്തേണ്ടതല്ല എന്നും അത് നിഷിധമായ ഒരു വികാരം അല്ല എന്നും എന്നാല്‍ സംസ്‌കരിക്കപ്പെടേണ്ടതാണെന്നും ഉള്ള ബോധം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകണം. ലൈംഗികതയുടെ സൗന്ദര്യശാസ്ത്രപരമായ സാധ്യതകളിലൂടെ അതിന്റെ പ്രാഥമിക ധര്‍മ്മമായ വംശസൃഷ്ടിയെ ആരോഗ്യപരമായി സംരക്ഷിക്കേണ്ടതുണ്ടെന്ന ധാര്‍മ്മികബോധം നമ്മുടെ കുട്ടികള്‍ക്ക് ഉണ്ടാകണം. അതിനുള്ള ശ്രമങ്ങള്‍ നമ്മുടെ സമാജങ്ങള്‍ക്കകത്ത് നിന്നും ആഭ്യന്തരമായി ആരംഭിക്കണം. വിവാഹപൂര്‍വ്വബന്ധങ്ങളിലൂടെയും, വിവാഹേതരബന്ധങ്ങളിലൂടെയും ദുര്‍ബലമാകുന്നത് കുടുംബത്തിനകത്ത് അടുത്ത തലമുറയെ ജൈവികമായും, കുടുംബത്തെത്തന്നെയും നിരന്തരം പുനഃസൃഷ്ടിക്കുന്നതുമായ ആരോഗ്യകരമായ ലൈംഗികത തന്നെയാണെന്ന ബോധം നമുക്കുണ്ടാകണം. സര്‍വ്വചരാചരങ്ങളിലും മൂല്യം കാണുന്ന ഭാരതീയ ലോകവീക്ഷണമാണ് കാലാന്തരത്തില്‍ തകര്‍ന്നുപോയ മറ്റെല്ലാ സംസ്‌കാരങ്ങളില്‍ നിന്നും ഹിന്ദുസംസ്‌കാരത്തെ വ്യത്യസ്തമാക്കുന്നത്. സ്രഷ്ടാവിലൊഴിച്ച് മറ്റൊന്നിലും മൂല്യംകാണാത്ത, വിലയായി പരിവര്‍ത്തിക്കാവുന്ന വസ്തുക്കളിലും അവസ്ഥകളിലും മാത്രം മൂല്യം കാണുന്ന ഇസ്ലാമികമായ കച്ചവട ലോകവീക്ഷണം കേരളത്തില്‍ വ്യാപിച്ചിട്ടുണ്ട്. ഇതിനെ രണ്ട് തരത്തില്‍ നാം നേരിടണം. ഒന്ന് നമ്മള്‍ പുതിയ ഉല്‍പാദനമണ്ഡലങ്ങളിലേക്ക് കടക്കണം. വാണിജ്യത്തിലുപരി വ്യവസായത്തിലും ഇതര ഉല്‍പാദന മേഖലകളിലും നാം ഇനി നിക്ഷേപിക്കണം (ഗുരുജി ഗോള്‍വല്‍ക്കര്‍ 2023 58-63). വ്യവസായം കൊണ്ട് അഭിവൃദ്ധിപ്പെടണമെന്നാണ് നാരായണഗുരുവും പറഞ്ഞത്. അങ്ങനെ കേരളത്തെ ഒരു വാണിജ്യമൂല്യവ്യവസ്ഥയില്‍ നിന്നും ഉല്‍പാദനമൂല്യവ്യവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ നമുക്കാവണം. അങ്ങനെ സമൂഹം ഉല്‍പ്പാദനക്ഷമമാകുമ്പോള്‍ നമുക്ക് സമൃദ്ധിയുണ്ടാകും. സമൃദ്ധി ക്ഷേമമായി പരിവര്‍ത്തിക്കും. ക്ഷേമം ഭദ്രമായ ഒരു സമൂഹത്തില്‍ സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റെ രാഷ്ട്രവിരുദ്ധ കുത്തിത്തിരിപ്പുകള്‍ക്ക് പ്രയോഗസാധ്യതയുണ്ടാകില്ല. ഇങ്ങനെ ഭദ്രമായ കുടുംബങ്ങളെയും, ഉല്‍പാദനപരമായി സമൃദ്ധവും, അതിലൂടെ ക്ഷേമവും സാധ്യമാകുന്ന ഒരു സമൂഹത്തിന്റെ ആത്മപ്രകാശമാണ് രാഷ്ട്രം. സമൂഹത്തില്‍ സമൃദ്ധിയും ക്ഷേമവും ഉണ്ടെങ്കില്‍ സാംസ്‌കാരിക മാര്‍ക്‌സിസ്റ്റുകളുടെ ദേശവിരുദ്ധവാദം ജനം സ്വീകരിക്കില്ല. അതായത്, ധര്‍മ്മപുനഃസ്ഥാപനം കൊണ്ടേ കേരളസമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനാകൂ. ധര്‍മ്മച്യുതിയുടെ വിടവിലേക്കാണ് സാംസ്‌കാരിക മാര്‍ക്‌സിസം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കടന്നുവരുന്നത്. ധര്‍മ്മപുനഃസ്ഥാപനം നടത്തുന്നതിന് ആരും പുറത്തുനിന്നും വരില്ല. ജീവിതത്തിന്റെ സൂക്ഷ്മഘടകങ്ങളിലെ സ്വയം പരിഷ്‌കരണമാണ് ധര്‍മ്മപുനഃസ്ഥാപനത്തിനുള്ള മാര്‍ഗ്ഗം.
സാംസ്‌കാരിക മാര്‍ക്‌സിസം എന്താണെന്നും, അത് എങ്ങനെയാണ് കേരളസമൂഹത്തെ ബാധിക്കുന്നത് എന്നും ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യപ്പെടണം. അതിന്റെ നിരന്തരമായ പരിഷ്‌കരണവും കൊണ്ടേ നമുക്ക് സമകാലിക കേരളം നേരിടുന്ന പ്രശ്‌നങ്ങളെ പരിഹരിച്ച് മുമ്പോട്ട് പോകാനാകൂ. ഇതാണ് ദത്തോപന്ത് ഠേംഗ്ഡി (2023: 42-49) ധര്‍മ്മം എന്ന് വിശാല അര്‍ത്ഥത്തില്‍ നിരീക്ഷിച്ചതും. സാംസ്‌കാരിക മാര്‍ക്‌സിസത്തിലുപരി സാംസ്‌കാരിക മാര്‍ക്‌സിസം പോലെ വിഷലിപ്തമായ ഒരു ചിന്താഗതിക്ക് കേരളത്തില്‍ സ്വീകാര്യത ലഭിക്കുന്നതിന് ഇവിടെ രൂപപ്പെട്ട ഘടകങ്ങളെയാണ് പ്രാഥമികമായി നേരിടേണ്ടത്, അതാണ് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത് എന്നാണ് പൊതുവായ നിഗമനം. ”ധര്‍മോ ലോകപ്രവര്‍ത്തക:” ധര്‍മ്മം ലോകപ്രവര്‍ത്തകമാണ് (നാരായണഗുരു 2015: 620) എന്ന നാരായണ ഗുരുവചനം തന്നെയാണ് ഇക്കാര്യത്തില്‍ സാംസ്‌കാരിക മാര്‍ക്‌സിസത്തെ പ്രതിരോധിക്കുന്നത്. കേരളസമൂഹത്തെ ധര്‍മ്മപൂരിതമാക്കുന്നതിനുള്ള വലിയ ഉത്തരവാദിത്തം കൂടി സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.
അവലംബം
* ഭാരതീയവിചാരകേന്ദ്രം. 2008. ഭീകരവാദം. ഭാരതീയവിചാരകേന്ദ്രം: തിരുവനന്തപുരം.
* ഗുരുജി ഗോള്‍വല്‍ക്കര്‍. 2023 (1966). വിചാരധാര. കുരുക്ഷേത്രപ്രകാശന്‍: കൊച്ചി.
* ദത്തോപന്ത് ഠേംഗ്ഡി. 2023 വിപ്ലവത്തിന് ഒരു മൂന്നാം വഴി. കുരുക്ഷേത്രപ്രകാശന്‍: കൊച്ചി.
* ഗുരുജി ഗോള്‍വല്‍ക്കര്‍. 2023 ആര്‍.എസ്.എസ്: 21-ാം ശതകത്തിന് ഒരു മാര്‍ഗ്ഗരേഖ. കുരുക്ഷേത്രപ്രകാശന്‍: കൊച്ചി. സുനില്‍ അംബേക്കര്‍. 2023
* ആര്‍.എസ്.എസ്: ദര്‍ശനവും ദൗത്യവും. കുരുക്ഷേത്രപ്രകാശന്‍: കൊച്ചി.
* നാരായണഗുരു. 2015. ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ ക്യതികള്‍ (സമാഹരണം, വ്യാഖ്യാനം ഡോ.ടി.ഭാസ്‌കരന്‍) മാത്യഭൂമി ബുക്‌സ്: കോഴിക്കോട്.
* പരമേശ്വരന്‍ പി.2023. ശ്രീനാരായണഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍. ഭാരതീയവിചാരകേന്ദ്രം: തിരുവനന്തപുരം.
* ജയപ്രസാദ്, കെ. 2012. സാധനാപഥം. ഭാരതീയവിചാരകേന്ദ്രം: തിരുവനന്തപുരം.
* രാജശ്രീ. ആര്‍. 2019. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ. കോഴിക്കോട്: മാത്യഭൂമി ബുക്‌സ്.
* രാമക്യഷ്ണന്‍, ടി.ഡി. 2009. ഫ്രാന്‍സിസ് ഇട്ടിക്കൊര. കോട്ടയം: ഡി.സി ബുക്‌സ്.
* വേണുഗോപാലന്‍. കെ.എം. 2006. കേരളം ലൈംഗിക ലിംഗനീതി. തിരുവനന്തപുരം: സൈന്‍ബുക്‌സ്.
* Atkinson G. L. (1999), What is the Frankfurt School (and its effect on America)? Western Voices World News website. Retrieved on 4 April 2016 from: http://www.wvwnews.net/story.php?id=8183
* Truman D. (2015). An introduction to cultural Marxism. AustralianTEA Party website. Retrieved on 4 April 2016 from: http:// austeaparty.com.au/web/cultural-marxism/
* Buchanan, P. (2002). The death of the west: How dying populations and immigrant invasions imperil our country and civilization. New York: St. Martin’s Press.
(ലേഖകന്‍ കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനാണ്)