കോണ്‍ഗ്രസ്സിന്റെയും സി.പി.എമ്മിന്റെയും നേതാക്കളുടെ പ്രസംഗവും പ്രസ്താവനകളും കേട്ട് നമ്മള്‍ ഇതുവരെ വിചാരിച്ചത് ബി.ജെ.പിക്കാരും ആര്‍.എസ്.എസ്സുകാരുമൊക്കെയാണ് വര്‍ഗ്ഗീയവാദികള്‍ എന്നല്ലേ? എന്നാലതു തെറ്റി. അവരൊന്നുമല്ല യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍. ഒരു കൂട്ടം വിഷസര്‍പ്പങ്ങള്‍ ഇങ്ങ് വേറെ കിടക്കുന്നു. കോണ്‍ഗ്രസ്സിലാണ് യഥാര്‍ത്ഥ വിഷസര്‍പ്പങ്ങള്‍ ഉള്ളതെന്ന് സി.പി.എമ്മും സി.പി.എമ്മിലാണ് വര്‍ഗ്ഗീയ കാളസര്‍പ്പങ്ങളുള്ളതെന്ന് കോണ്‍ഗ്രസ്സുകാരും പറയുന്നു. ഡിഫിക്കാരും യൂത്തന്മാരും ‘യൂത്ത് അലര്‍ട്ട്’, ‘ജനകീയ കാമ്പയിന്‍’ എന്നൊക്കെ പറഞ്ഞ് വര്‍ഗ്ഗീയ വിഷം ചീറ്റലിനെതിരെ വടിയുമായി രംഗത്തിറങ്ങിയിരിക്കയാണ്. വടകര ബസ്‌സ്റ്റാന്‍ഡ് പരിസരത്താണ് ഇവരുടെ കോലാഹലത്തിന്റെ തുടക്കം. ഇതൊക്കെ സഹിക്കേണ്ടത് പാവം വടകരയിലെ ജനങ്ങള്‍!
ലോകസഭാ തിരഞ്ഞെടുപ്പു സമയം മുതല്‍ തുടങ്ങിയതാണ് ഇടത് വലതു മുന്നണികളുടെ വര്‍ഗ്ഗീയ വിഷം വമിക്കല്‍. ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന മുസ്ലിമാണെന്നും ശൈലജ ടീച്ചര്‍ കാഫിറാണെന്നുമാണ് കോണ്‍ഗ്രസ് സൈബര്‍ വിഷം ചീറ്റല്‍. ശൈലജ ടീച്ചറെയും ശശികല ടീച്ചറെയും തമ്മില്‍ മാറിപ്പോകും എന്നാണ് അവരുടെ മറ്റൊരു പോസ്റ്റ്. വടകരയില്‍ 30 ശതമാനത്തിലധികം മുസ്ലിം വോട്ട് ഉള്ളതുകൊണ്ടാണ് മുരളിയെ തട്ടി ഷാഫിയെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും ഷാഫി ജയിച്ചാല്‍ വര്‍ഗ്ഗീയതയാകും ജയിക്കുക എന്നും തിരിച്ച് മാര്‍ക്‌സിസ്റ്റ് സൈബര്‍ പോരാളികള്‍ അങ്കം പയറ്റുന്നു. ഷാഫി കേരളം കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ വാദി എന്നാണ് ഡിഫി നേതാവ് എ.എ.റഹീം പറഞ്ഞത്. തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ഇരു കൂട്ടരും വര്‍ഗ്ഗീയ വിഷം ചീറ്റല്‍ നിര്‍ത്തിയിട്ടില്ല. ഡിഫിയുടെ യൂത്ത് അലര്‍ട്ടും യൂത്തന്മാരുടെ ജനകീയ കാമ്പയിനും അതിന്റെ തുടര്‍ച്ചയാണല്ലോ. ഇതു മറ്റുമണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കും എന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. വടകരക്കാര്‍ മാത്രമല്ല കേരളം മൊത്തം ഈ വര്‍ഗ്ഗീയ വിഷം വമിക്കല്‍ മത്സരം സഹിക്കണം എന്നു ചുരുക്കം.