നാട്ടുവഴികള്‍ നഗരവീഥികള്‍
മലയത്ത് അപ്പുണ്ണി
പൂര്‍ണ പബ്ലിക്കേഷന്‍സ്
പേജ്: 168 വില: 210 രൂപ
ഫോണ്‍: 0495-2720
കാവ്യാത്മകമായ ഒരു ആത്മാന്വേഷണമാണ് മലയത്ത് അപ്പുണ്ണിയുടെ നാട്ടുവഴികള്‍ നഗരവീഥികള്‍ – ഒരു കവിയുടെ ആത്മകഥ എന്ന പുസ്തകം. തന്റെ ജീവിതത്തിലെ അവിസ്മരണീയ സന്ദര്‍ഭങ്ങള്‍ കോര്‍ത്തെടുത്ത് സ്വതസിദ്ധമായ ലാളിത്യത്തോടെ പുനരാവിഷ്‌ക്കരിച്ചപ്പോള്‍ അതില്‍ സ്വന്തം ജീവിതകഥയോടൊപ്പം ആറു പതിറ്റാണ്ടു കാലത്തെ മലയാള സാഹിത്യരംഗത്തെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങളുമുണ്ട്, മലപ്പുറം, കോഴിക്കോട് പ്രദേശങ്ങളിലെ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ചില രേഖാചിത്രങ്ങളുണ്ട്, വിവിധ ദേശങ്ങളിലെ ജീവിതരീതികളുണ്ട്. സ്വാതന്ത്ര്യ കാലഘട്ടത്തിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമുണ്ടായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക മാറ്റങ്ങളുണ്ട്. എല്ലാം കവിയുടെ കാഴ്ചപ്പാടിലൂടെ ലളിതവും ഹൃദ്യവുമായിട്ടാണ് അദ്ദേഹം കുറിച്ചിടുന്നത്. അതില്‍ കുടുംബ ജീവിതത്തിലെ ഇണക്കവും പിണക്കവും വിവിധ തൊഴിലിടങ്ങളിലെ തൊഴുത്തില്‍ കുത്തും എല്ലാം ഉള്‍പ്പെടുന്നുണ്ട്.
ഒന്നു മുതല്‍ പതിനൊന്നു വരെയുള്ള അധ്യായങ്ങളില്‍ കവി ജനിച്ച നാടായ മലപ്പുറം ജില്ലയിലെ തിരൂരിലെ തെക്കന്‍ കുറ്റൂരിലെ നാട്ടിന്‍പുറത്തെ അനുഭവങ്ങളും വിദ്യാലയജീവിതവും കവിതയിലേക്ക് കടന്നു ചെന്ന സന്ദര്‍ഭങ്ങളും പറയുമ്പോള്‍ സ്വാതന്ത്ര്യത്തിനു മുന്‍പ് നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ ജീവിത സാഹചര്യങ്ങളുടെ മനോഹര ദൃശ്യങ്ങളാണ് വിരിയുന്നത്. കൗമാര കാലത്ത് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയില്‍ എത്തുന്നതും തുടര്‍ന്ന് വയനാട്ടില്‍ പരിശീലനമില്ലാത്ത അദ്ധ്യാപകനാവുന്നതുമൊക്കെ എത്രയോ വര്‍ഷം കഴിഞ്ഞ് ഓര്‍ത്തെടുക്കുമ്പോഴും അപരിചിതത്വത്തിന്റെ പരുങ്ങല്‍ വിട്ടുപോകാതെ ആവിഷ്‌ക്കരിക്കാന്‍ കഴിയുന്നുണ്ട്.
നാട്ടിലെത്തി അധ്യാപക പരിശീലനത്തിന് ചേര്‍ന്നുവെങ്കിലും അതുപേക്ഷിച്ചു കോഴിക്കോട്ടെ എന്‍സിസി ഓഫീസില്‍ ജോലിയില്‍ എത്തുന്നതോടെ പുതിയൊരു ജീവിതഘട്ടം ആരംഭിക്കുന്നു. കവി എന്ന മേല്‍വിലാസം കൈവന്നതോടെ കോഴിക്കോട്ടെ സാഹിത്യനായകന്മാരുമായും ഭരണാധികാരികളുമായും അടുത്തിടപഴകാന്‍ അവസരം കിട്ടുന്നു. അതുവഴി ആകാശവാണിയിലും കോഴിക്കോട്ടെ സാഹിത്യക്കൂട്ടായ്മയിലും സജീവമാകുന്നു. കവിതകള്‍, ഗാനങ്ങള്‍ എന്നിവക്ക് സ്വീകാര്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.
അടുത്ത അദ്ധ്യായത്തില്‍ വിവാഹവും ഭാര്യക്ക് കോഴിക്കോട്ടേക്ക് ജോലി കിട്ടിയതും മക്കള്‍ പിറക്കുന്നതും ഒക്കെ കൂടി ഗൃഹസ്ഥനും സര്‍ക്കാര്‍ ജീവനക്കാരനുമായ ഒരു കവിയുടെ പ്രാരാബ്ധങ്ങളും അതിനിടയിലെ സാമൂഹ്യ മാറ്റങ്ങളുമാണ് വരച്ചു കാണിക്കുന്നത്. 2019 ലെ കേന്ദ്ര സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ഏറ്റവും വലിയ അംഗീകാരമായി അദ്ദേഹം കരുതുന്നു. ഓഎന്‍വി, ബഷീര്‍, എസ്.കെ പൊറ്റെക്കാട് സി.രാധാകൃഷ്ണന്‍, അക്കിത്തം, തുടങ്ങിയവരൊക്കെ പ്രത്യേകം പരാമര്‍ശങ്ങളില്‍ വരുന്നുണ്ട്. അനുബന്ധമായി എഴുതിയ കവിതാസമാഹാരങ്ങള്‍, ബാലകവിതാ സമാഹാരങ്ങള്‍, ബാലകഥാ സമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍ ജീവചരിത്രങ്ങള്‍, വ്യാഖ്യാനം, നോവല്‍, സമാഹരണം എന്നിവ ഉള്‍പ്പെടെ 106 പുസ്തകങ്ങളുടെ പേര് കൊടുത്തിട്ടുണ്ട്.
സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ 13 സാഹിത്യ പുരസ്‌കാരങ്ങളുടെ ഒരു പട്ടിക, കെ.ജി. രഘുനാഥിന്റെ, ലേഖനം, ഡോ ശ്രീശൈലം ഉണ്ണികൃഷ്ണനുമായുള്ള അഭിമുഖം, പഴയ ഫോട്ടോകള്‍ എന്നിവ ചേര്‍ത്ത് പുസ്തകത്തെ ജീവസ്സുറ്റ ഒരു ആത്മകഥയാക്കിയിരിക്കുന്നു.
ഇന്ദ്രനീലം
ഇന്ദിര കൃഷ്ണകുമാര്‍
പ്രൊഫ. എ.വി.വാസുദേവന്‍ പോറ്റി ഫൗണ്ടേഷന്‍
പേജ്: 172 വില: 120രൂപ
ഫോണ്‍: 9447171787
മനസ്സിലൊരു ഇന്ദ്രനീല തിളക്കം. ആധുനിക കാലത്തെ ബ്രഹ്‌മവാദിനികളില്‍ പ്രമുഖയാണ് ഇന്ദിരാ കൃഷ്ണകുമാര്‍. കേരളത്തിന്റെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എന്ന മഹനീയ പദവി വഹിക്കുമ്പോഴും ആ മനസ്സ് ആര്‍ഷജ്ഞാനത്തില്‍ നിലീനമായിരുന്നു. വിവിധ ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും വിശേഷാവസരങ്ങളില്‍ പുറപ്പെടുവിച്ച സ്മരണികകളില്‍ എഴുതാന്‍ നിര്‍ബന്ധിതയായ സന്ദര്‍ഭങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ് ഈ ഗ്രന്ഥത്തിലെ മിക്ക ലേഖനങ്ങളും.
ഇത് പ്രസിദ്ധീകരിച്ചത് കോഴിക്കോട് കോട്ടൂപാടം ശ്രീവനശാസ്താ ക്ഷേത്രം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രൊഫ. എ.വി. വാസുദേവന്‍ പോറ്റി ഫൗണ്ടേഷനാണ്. പ്രമുഖ അഭിഭാഷകനും, ആദ്ധ്യാത്മിക പ്രവര്‍ത്തകനുമായ കെ.എം. സുരേഷ് ചന്ദ്രന്‍ നേതൃത്വം നല്‍കുന്ന രണ്ട് ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളാണ് പ്രൊഫ. വാസുദേവന്‍ പോറ്റി ഫൗണ്ടേഷനും, ഡോ.പി.സി.രാമന്‍ ഫൗണ്ടേഷനും.
മൊത്തം 22 ലേഖനങ്ങളാണീ ഗ്രന്ഥത്തില്‍. ഭാഗവത കഥകളെ ലഗ്നങ്ങളാക്കി, അവയിലെ ആന്തര തത്വങ്ങളെ അനാവരണം ചെയ്യുന്നവയാണ് ഓരോ ലേഖനവും. ഇവ വായിക്കുമ്പോള്‍ ഒരു ജ്ഞാന യജ്ഞത്തില്‍ പങ്കെടുത്ത സുഖാനുഭൂതി ലഭിക്കുന്നു. സാമാന്യ വിദ്യാഭ്യാസം ഉള്ളവര്‍ക്ക് പോലും ശബ്ദതാരാവലിയുടെ സഹാ യമില്ലാതെ മനസ്സിലാകുന്ന മട്ടില്‍ ലളിതമായാണ് അതിഗഹന വിഷയങ്ങളെ പ്രതിപാദിച്ചിരിക്കുന്നത്.