ദൈവത്തിന്റെ സ്വന്തം നാടായ സാക്ഷര സുന്ദര കേരളത്തെ അടയാളപ്പെടുത്താന്‍ ലോകം ഇത്രയും നാള്‍ വരച്ചിരുന്ന ചിത്രം കേരവൃക്ഷവും കഥകളിയും വള്ളംകളിയുമൊക്കെയായിരുന്നു. എന്നാല്‍ ഇന്നത് ഉത്തരത്തില്‍ തൂങ്ങിയാടുന്ന രണ്ട് കുഞ്ഞുടുപ്പുകളായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു. വാളയാര്‍ അട്ടപ്പള്ളത്ത് അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത പതിമൂന്നും ഒമ്പതും വയസ്സുള്ള ദരിദ്ര ദലിത് പെണ്‍കുട്ടികളെയാണ് ആ രണ്ട് കുഞ്ഞുടുപ്പുകള്‍ പ്രതിനിധീകരിക്കുന്നത്. സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതി നേടിയെന്ന് ഊറ്റം കൊള്ളുന്ന ഒരു സമൂഹത്തിലാണ് അത്യന്തം ക്രൂരവും ഹീനവും പൈശാചികവുമായ കൃത്യം നടന്നത് എന്നത് നമ്മുടെ അഭിമാന ബോധത്തെ ചോദ്യം ചെയ്യുന്നതാണ്. ഈ കുറ്റകൃത്യം നിര്‍വഹിച്ചവരെ നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു പകരം അവര്‍ക്കു രക്ഷപ്പെടുന്നതിനുള്ള പഴുതുകള്‍ ഒരുക്കാനായിരുന്നു ഭരണകക്ഷിയും പോലീസും ശ്രമിച്ചത് എന്ന തിരിച്ചറിവാണ് ഭാവിയെക്കുറിച്ചോര്‍ത്ത് നമ്മെ ആശങ്കപ്പെടുത്തുന്നത്. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടന്നാലും അതിനെതിരെ പ്രതികരിക്കുന്നതിനും പ്രതിഷേധിക്കുന്നതിനും ശബ്ദമുയര്‍ത്തുകയും പേനയുന്തുകയും ചെയ്യുന്ന സാംസ്‌കാരിക നായകരുടെയും ബുദ്ധിജീവികളുടെയും ഈ കാര്യത്തിലെ കുറ്റകരമായ മൗനം അവരുടെ രാഷ്ട്രീയ സാമ്പത്തിക താല്‍പര്യങ്ങളെ കുറിച്ചും നിലപാടുകളിലെ ഇരട്ടത്താപ്പിനെ കുറിച്ചും നമ്മെ ബോധ്യപ്പെടുത്തി തരുന്നു.
ദളിതര്‍ക്കും, ദരിദ്രര്‍ക്കും, സ്ത്രീകള്‍ക്കും വേണ്ടി ശബ്ദിക്കുന്ന, സമരം ചെയ്യുന്ന, തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരും, സാംസ്‌കാരിക നായകരും, ഫെമിനിസ്റ്റുകളും വാളയാറില്‍ ഉത്തരത്തില്‍ കിടന്നാടിയ ദരിദ്ര ദളിത് പെണ്‍കുട്ടികള്‍ക്കു വേണ്ടി ചുണ്ടനക്കുകയോ പേനയുന്തുകയോ ചെയ്തില്ല. .കളിച്ചു ചിരിച്ചു രസിച്ചു പാറി നടന്നിരുന്ന കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവരെ സംരക്ഷിക്കാന്‍ ശ്രമിച്ച പാര്‍ട്ടിക്കെതിരെയും, മകള്‍ കണ്‍മുന്നില്‍ പീഡിപ്പിക്കപ്പെട്ടെന്ന മാതാപിതാക്കളുടെ മൊഴിയെ ബോധപൂര്‍വ്വം അവഗണിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസിനും ഭരണകൂടത്തിനുമെതിരെയും സാറാജോസഫ്, സച്ചിദാനന്ദന്‍, എം.മുകുന്ദന്‍, സുനില്‍ പി ഇളയിടം, ഭാഗ്യലക്ഷ്മി, സജിത മഠത്തില്‍, അലന്‍സിയര്‍, റിമകല്ലിങ്കല്‍ തുടങ്ങി സാംസ്‌കാരിക-സിനിമാലോകത്തെ പ്രതികരണ ജീവികള്‍ ചുണ്ടനക്കിയില്ല. സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായി കേരളം മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് വളരെ മുന്നിലാണെന്നും, ദളിതനും ദരിദ്രനും സ്ത്രീകളും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം അനുഭവിക്കുന്നത് കേരളത്തിലാണെന്നും, ഇതിനെല്ലാം കാരണം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്നുമുള്ള വാദമുയര്‍ത്തുന്ന ഇക്കൂട്ടര്‍ക്ക് അവരുടെ നിഗമനങ്ങള്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണ് പ്രതികരിക്കാതിരിക്കുന്നതിന്റെ ഒരു കാരണം. ഭരണകക്ഷിയോട് വിധേയത്വവും കൂറും കാണിച്ചു സ്ഥാനമാനങ്ങളും പുരസ്‌കാരങ്ങളും നേടിയെടുക്കുക എന്ന താല്പര്യം കൂടി ഈ മൗനത്തിന് പിന്നിലുണ്ട്. സ്വന്തം താല്‍പര്യം നേടിയെടുക്കുന്നതിന് കണ്ണും കാതും വായും മൂടി കെട്ടാന്‍ ഒരു മടിയുമില്ലാത്തവരാണ് ഈ പ്രതികരണ ജീവികള്‍.
തങ്ങളുടെ പ്രത്യയശാസ്ത്രവുമായി ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ കക്ഷിയെ സംരക്ഷിക്കുന്നതിനും, ഭരണകൂടത്തിനോട് കൂറ് കാണിച്ച് അവരുടെ പ്രീതി പിടിച്ചുപറ്റി സാമ്പത്തികവും സ്ഥാപിതവുമായ താല്‍പര്യങ്ങള്‍ നേടിയെടുക്കുന്നതിനും, കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടാതിരിക്കുന്നതിനുമുള്ള കുറ്റകരമായ മൗനം പാലിക്കുന്ന സാംസ്‌കാരിക നായകരും എഴുത്തുകാരും, അതേസമയംതന്നെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ കണ്ണും നട്ടിരിക്കുകയാണ്. അവിടങ്ങളില്‍ ഏതെങ്കിലും സംഘര്‍ഷങ്ങളോ കൊലപാതകങ്ങളോ നടന്നാല്‍ അതിനെ ജാതിയുടെയോ, മതത്തിന്റെയോ, പശുവിന്റെയോ പേരില്‍ ചിത്രീകരിച്ചു പ്രചരിപ്പിക്കും, പ്രതിഷേധിക്കും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും മോഷ്ടാവിനെ പിടികൂടി ജനങ്ങള്‍ മര്‍ദ്ദിച്ചാല്‍ പോലും അത് പശുവിന്റെ പേരിലുള്ള അതിക്രമമായി പ്രചരിപ്പിച്ചു, രാജ്യത്ത് മുഴുവന്‍ അരാജകത്വവും അസഹിഷ്ണുതയുമാണെന്ന് വരുത്തിത്തീര്‍ത്ത്, ലോകത്തിനുമുന്നില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ കീര്‍ത്തിയെ ഇല്ലാതാക്കാനുള്ള പരിശ്രമമാണ് കാലങ്ങളായി ഇക്കൂട്ടര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ജമ്മുകാശ്മീരിലെ കത്വയില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട് സാംസ്‌കാരിക നായകരും തീവ്രവാദികളും കമ്മ്യൂണിസ്റ്റുകാരും കൈകോര്‍ത്ത് നാട്ടില്‍ നടത്തിയ കോലാഹലങ്ങളും വ്യാജ ഹര്‍ത്താലും നാം കണ്ടതാണ്. ദേശീയ പ്രസ്ഥാനങ്ങളെയും ഹൈന്ദവ സമൂഹത്തെ ആകമാനവും പ്രതിക്കൂട്ടില്‍ നിര്‍ത്തി കേരളത്തിലെ തെരുവുകളില്‍ പ്രതിഷേധ പ്രകടനങ്ങളും, പോര്‍വിളികളും നടത്തി. ഈ സംഭവത്തെ ഹിന്ദുവിന്റെ അസഹിഷ്ണുതയുടെ പ്രതീകമായി ചിത്രീകരിക്കാന്‍ ചില എഴുത്തുകാരും സാംസ്‌കാരിക നായകരും മത്സരിച്ചതും ആരും മറന്നിട്ടില്ല. കത്വയില്‍ നടന്നത് കിരാതമായ പ്രവൃത്തിയാണെന്നതില്‍ തര്‍ക്കമില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന കാര്യത്തിലും ആര്‍ക്കും എതിരഭിപ്രായമില്ല. ഇത്തരം മനുഷ്യത്വരഹിതമായ പ്രവൃത്തികളെ സമൂഹം ഒന്നിച്ചെതിര്‍ക്കുന്നതിനു പകരം, ഏതെങ്കിലും മതത്തിന്റെയോ, സംഘടനയുടെയോ പേരില്‍ ആരോപിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയും സ്വന്തം രാഷ്ട്രത്തിന്റ യശസ്സ് കളങ്കപ്പെടുത്തുന്നതിനുള്ള ഉപകരണമായി അതിനെ മാറ്റുകയും ചെയ്യരുത്. കാരണം കുറ്റകൃത്യത്തിന്റെ ഉദ്ദേശ്യം മതപരമോ രാഷ്ട്രീയമോ ആയ പ്രതികാരമോ പകപോക്കലോ ആയിരുന്നില്ല. മനുഷ്യത്വം മരവിച്ചവരുടെ രതിവൈകൃതങ്ങള്‍ മാത്രമായിരുന്നു അത്.
കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ,നരേന്ദ്ര ധബോല്‍ക്കര്‍, ഗൗരി ലങ്കേഷ് തുടങ്ങിയ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും കൊലപാതകങ്ങളെ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്മാരോ കോടതിയോ എന്തെങ്കിലും തീര്‍പ്പു കല്‍പ്പിക്കുന്നതിനുമുന്‍പ് ഹൈന്ദവ സംഘടനകളെയും കേന്ദ്ര ഗവണ്‍മെന്റിനെയും പ്രതിക്കൂട്ടിലാക്കി രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവുമില്ല, ഹിന്ദുക്കള്‍ എല്ലാം അസഹിഷ്ണുക്കളാണെന്നും പ്രചരിപ്പിക്കുകയും അനാവശ്യ ഭീതി സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ് കേരളത്തിലെ എഴുത്തുകാരും ബുദ്ധിജീവികളും ഒരുപറ്റം സിനിമാക്കാരും. അഭിപ്രായസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും വേണ്ടി മെഴുകുതിരി കത്തിച്ചും വായമൂടിക്കെട്ടിയുമെല്ലാം സമരംചെയ്തു. സിനിമാതാരം അലന്‍സിയറെ പോലുള്ളവര്‍ പൊതുസ്ഥലത്ത് ഉടുതുണിയുരിഞ്ഞ് പേക്കൂത്ത് നടത്തി. എന്നാല്‍ ആയിരക്കണക്കിന് മൈലുകള്‍ അകലെയുള്ള കാശ്മീരിലെ കത്വയില്‍ നടന്ന പീഡനത്തിനെതിരെ ശബ്ദിച്ച, മലയാളിക്ക് അപരിചിതരായ കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും എഴുത്തുകാര്‍ക്കും സാംസ്‌കാരികനായകര്‍ക്കും വേണ്ടി വായമൂടിക്കെട്ടി പ്രതിഷേധിച്ച, ഉത്തര്‍പ്രദേശുകാരന്‍ മുഹമ്മദ് അഖ്‌ലാക്കിനുവേണ്ടി കണ്ണീരൊഴുക്കിയ കേരളത്തിലെ ബുദ്ധിജീവികളും സാംസ്‌കാരിക നായകന്മാരും സ്വന്തം മൂക്കിന്‍ തുമ്പത്തു ഉത്തരത്തില്‍ തൂങ്ങിയാടിയ ദളിത് പെണ്‍കുട്ടികളെ കണ്ടില്ല. ആ ദരിദ്ര കുടുംബം അനുഭവിച്ച യാതനകളും വേദനകളും അറിഞ്ഞില്ല. ഒമ്പതും പതിമൂന്നും വയസ്സുമാത്രമുള്ള കുട്ടികള്‍ക്ക് കാലങ്ങളായി നേരിടേണ്ടിവന്ന ക്രൂര പീഡനങ്ങളും മരണഭയത്തോടെ അവര്‍ കാലം തള്ളിനീക്കിയതും ഒടുവില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടതും ഓര്‍ത്ത് ഒരു സാംസ്‌കാരിക നായകനും സിനിമാക്കാരനും അസ്വസ്ഥത ഉണ്ടായില്ല. അതിന്റെ പേരില്‍ ആരും മെഴുകുതിരി കത്തിക്കാനോ കഴുത്തില്‍ കയറിട്ട് പ്രതീകാത്മകമായ ആത്മഹത്യ ചെയ്യാനോ ഉടുമുണ്ട് ഉരിഞ്ഞു പേക്കൂത്ത് നടത്താനോ തയ്യാറായില്ല. കത്വ സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ക്ഷേത്രനടയില്‍ ശയനപ്രദക്ഷിണം നടത്തിയ കെ.പി. രാമനുണ്ണിയെ പോലെയുള്ളവര്‍ ഉറക്കം നടിച്ചു കിടന്നു. തികഞ്ഞ സ്ത്രീത്വവാദിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി തൂങ്ങിയാടിയ കുഞ്ഞുടുപ്പുകള്‍ക്ക് ശബ്ദം നല്‍കിയില്ല. സച്ചിദാനന്ദനും സാറാജോസഫും മുകുന്ദനും തുടങ്ങിയ എല്ലാ ബുദ്ധിജീവികളും വായില്‍ വിരലിട്ട് വടക്കോട്ടു നോക്കിയിരുന്നു. പൂര്‍വ്വകാല ജന്മിത്വത്തിന്റെയും ജാതിയതയുടെയും അവശേഷിപ്പുകളാണ് കേരളത്തില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളെന്നും അതുകൊണ്ട് അതിനോട് ഐക്യപ്പെടാനേ നമുക്ക് കഴിയൂ എന്നുമുള്ള സുനില്‍.പി.ഇളയിടത്തിന്റ വചനങ്ങള്‍ പുറകെ വന്നാലും അത്ഭുതപ്പെടാനില്ല.
സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടി നാക്കും വാക്കും പണയപ്പെടുത്തി സ്വന്തം രാഷ്ട്രീയ കക്ഷിക്ക് പരിക്കുപറ്റാത്ത നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന ഈ വര്‍ഗ്ഗത്തില്‍ നിന്ന് ദരിദ്രനും ദളിതനും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം അവര്‍ വടക്കോട്ടു നോക്കിയിരിക്കുകയാണ്. അവിടെ ഒരിലയനങ്ങിയാല്‍ അവരറിയും. ഇവിടെ ഒരു കാടു തന്നെ കത്തിച്ചാമ്പലായാലും അവര്‍ ഉറക്കം നടിച്ചു കിടക്കും. അതുകൊണ്ട് കേരളത്തിലെ എഴുത്തുകാരെയും സാംസ്‌കാരിക നായകരെയും ബുദ്ധിജീവികളെയും സ്ത്രീത്വവാദികളെയും ശ്രീനിവാസന്‍ സിനിമയുടെ പേരിട്ടു വിളിക്കാം ‘വടക്കുനോക്കിയന്ത്രങ്ങള്‍’
ജന്മനാ അന്ധര്‍, ബധിരര്‍ എന്നെല്ലാം പറയുന്നതുപോലെ കേരളത്തിലെ ഒരു വിഭാഗം എഴുത്തുകാരും സാംസ്‌കാരിക നായകരും ജന്മനാ ദേശവിരുദ്ധരാണ്. ദേശീയതയേയും രാഷ്ട്രസ്‌നേഹത്തെയും ഫാസിസവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുക എന്നതാണ് ഇക്കൂട്ടരുടെ പ്രധാന പരിപാടി. ഭാരത സൈന്യത്തെ കല്ലെറിയുന്ന, പാകിസ്ഥാനും, ഐ.എസ്സിനും ജയ് വിളിക്കുന്ന കാശ്മീരിലെ വിഘടനവാദികളുടെ സുഖവിവരം തിരക്കലും അവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിക്കലുമാണ് ഇക്കൂട്ടരുടെ പ്രധാന സാമൂഹ്യ പ്രവര്‍ത്തനം. രാജ്യത്തെ നിയമവ്യവസ്ഥയെയും ഭരണസംവിധാനത്തെയും അസ്ഥിരപ്പെടുത്താന്‍ ആയുധം സംഭരിച്ചു ഭ്രാന്തന്‍ ചിന്താഗതി പ്രചരിപ്പിച്ചു ഒളിയുദ്ധം നടത്തുന്ന മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ശബ്ദിക്കാനും പേനയുന്താനും ഇവര്‍ക്ക് ഒരു മടിയുമില്ല. തീവ്രവാദികളെയും മാവോയിസ്റ്റുകളെയും സംരക്ഷിച്ചു നിര്‍ത്തുന്ന സംസ്ഥാനമെന്ന നിലയില്‍ കൂടിയാണ് ദേശവിരുദ്ധരായ എഴുത്തുകാരും ബുദ്ധിജീവികളും കേരളത്തെ പിന്തുണയ്ക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കടുത്ത രാഷ്ട്രവിരുദ്ധതയും സാമ്പത്തികവും സ്ഥാപിതവുമായ താല്‍പര്യങ്ങളുമാണ് കേരളത്തിലെ എഴുത്തുകാരുടെയും സാംസ്‌കാരിക നായകരുടെയും മുഖമുദ്ര. ഈ താല്‍പര്യങ്ങള്‍ നേടിയെടുക്കാനുള്ള ഉപകരണങ്ങള്‍ മാത്രമാണ് ദളിത് പ്രേമവും സ്ത്രീത്വവാദവുമെല്ലാം.
മാനവികതയും മനുഷ്യത്വവും പ്രസംഗിക്കുകയും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരനു കുഴലൂതുന്ന എഴുത്തുകാരും സാംസ്‌കാരിക നായകരും ഒഴികെയുള്ള മലയാളി സമൂഹം വാളയാര്‍ സംഭവത്തില്‍ തീര്‍ച്ചയായും അസ്വസ്ഥരാണ്. കാരണം മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു വലിയ സമൂഹം കേരളത്തിലുണ്ട്. അതുകൊണ്ടാണ് ആഭ്യന്തരകലാപം മൂത്ത സിറിയയില്‍ നിന്ന് യൂറോപ്പിലേക്ക് പലായനം നടത്തുന്ന സമയത്ത് ബോട്ട് തകര്‍ന്ന് മരിച്ച അലന്‍കുര്‍ദി എന്ന ബാലന്റെ മൃതദേഹം കടല്‍ത്തീരത്തടിഞ്ഞപ്പോള്‍ ആ ചിത്രം കണ്ടു കരഞ്ഞ ലോകത്തോടൊപ്പം നമ്മുടെ കണ്ണുകളും നിറഞ്ഞൊഴുകിയത്. വാളയാറില്‍ കൊലചെയ്യപ്പെട്ട ഒന്‍പത് വയസ്സുകാരിയുടെ പെറ്റിക്കോട്ടിനകത്ത് നിന്ന് നെഞ്ചോട് ചേര്‍ത്തുവച്ച നിലയില്‍ നേരത്തെ കൊലചെയ്യപ്പെട്ട ചേച്ചിയുടെ ചിത്രം കണ്ടെടുത്തു എന്ന ഡോക്ടറുടെ മൊഴി മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരെ തീര്‍ച്ചയായും അസ്വസ്ഥമാക്കും.