നാഗ്പൂരിലെ രേശിംഭാഗ് സ്മൃതിഭവനില്‍ ചേര്‍ന്ന ആര്‍.എസ്.എസ്.അഖിലഭാരതീയ പ്രതിനിധിസഭ അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം
യുഗാബ്ദം 5125, പൗഷ ശുക്ല ദ്വാദശിയില്‍ (2024 ജനുവരി 22) ശ്രീരാമജന്മഭൂമിയില്‍ നടന്ന ശ്രീരാംലല്ല വിഗ്രഹത്തിന്റെ മഹത്തും ഭവ്യവുമായ പ്രാണപ്രതിഷ്ഠ ലോകചരിത്രത്തിലെ അലൗകികമായ ഒരു സുവര്‍ണ അധ്യായമാണ്. അനുഗൃഹീതമായ ഈ ലക്ഷ്യം സാധിച്ചതിന് പിന്നില്‍ ഹിന്ദുസമൂഹം നൂറുകണക്കിന് വര്‍ഷങ്ങള്‍ നടത്തിയ ചെറുത്തുനില്പും അക്ഷീണമായ പോരാട്ടവും ത്യാഗവും ആദരണീയരായ സന്ന്യാസിമാരുടെയും ആചാര്യന്മാരുടെയും മാര്‍ഗദര്‍ശനത്തില്‍ സമാജത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ ഒരുമിച്ചുചേര്‍ന്നുള്ള പരിശ്രമവുമുണ്ട്. ഗവേഷകര്‍, പുരാവസ്തു ഗവേഷകര്‍, ചിന്തകര്‍, നിയമപണ്ഡിതര്‍, മാധ്യമങ്ങള്‍, ജീവന്‍ ബലിയര്‍പ്പിച്ച കര്‍സേവകരടക്കമുള്ള മുഴുവന്‍ ഹിന്ദുസമൂഹവും, സര്‍ക്കാരും അധികൃതരുമടക്കമുള്ളവരുടെ ശ്രദ്ധേയമായ സംഭാവനകളാണ് ജീവിതത്തിലെ പവിത്രമായ ഈ മുഹൂര്‍ത്തത്തിന് സാക്ഷ്യംവഹിക്കാനുള്ള അവസരം ഒരുക്കിയത്. ഈ പോരാട്ടത്തില്‍ ജീവന്‍ വെടിഞ്ഞ എല്ലാ ധീരര്‍ക്കും ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ കൃതജ്ഞതകളോടെ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു.
ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായുള്ള അക്ഷത വിതരണ സമ്പര്‍ക്കത്തില്‍ മുഴുവന്‍ സമൂഹവും സജീവമായി പങ്കെടുത്തു. എല്ലാ നഗരങ്ങളിലും ഒട്ടുമിക്ക ഗ്രാമങ്ങളിലുമുള്ള കോടാനുകോടി കുടുംബങ്ങളെ ലക്ഷക്കണക്കിന് രാമഭക്തര്‍ സമ്പര്‍ക്കം ചെയ്തു. ജനുവരി 22ന് ഭാരതത്തില്‍ മാത്രമല്ല, ലോകമാകെ വലിയ പരിപാടികള്‍ സംഘടിപ്പിച്ചു. സാന്ദര്‍ഭികമായി സംഘടിപ്പിച്ച നാമസങ്കീര്‍ത്തനയാത്രകളും വീടുകള്‍ തോറും കാവിപതാകകള്‍ ഉയര്‍ത്തിയതും ദീപോത്സവങ്ങള്‍ കൊണ്ടാടിയതും ക്ഷേത്രങ്ങളിലും ധാര്‍മ്മികകേന്ദ്രങ്ങളിലും നടന്ന പ്രാര്‍ത്ഥനാസഭകളും സമൂഹത്തിലുടനീളം പുതിയ ഊര്‍ജ്ജം സൃഷ്ടിച്ചു.
ധാര്‍മ്മിക, രാഷ്ട്രീയ രംഗത്തെ ഉന്നത നേതൃത്വങ്ങള്‍, സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലയിലും പെട്ട പ്രമുഖ വ്യക്തിത്വങ്ങള്‍, എല്ലാ വിശ്വാസ, പാരമ്പര്യ, സമ്പ്രദായങ്ങളിലും പെട്ട ആചാര്യന്മാര്‍ തുടങ്ങിയവരെല്ലാം അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ സന്നിഹിതരായി.
ശ്രീരാമന്റെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സമന്വയ പൂര്‍ണവും സംഘടിതവുമായ ദേശീയ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഭാരതത്തിന്റെ ദേശീയ പുനരുജ്ജീവനത്തിന്റെ മഹത്തായ ഒരു യുഗത്തിന് തുടക്കം കുറിക്കുന്നതിന്റെ സൂചന കൂടിയാണിത്. ശ്രീരാമജന്മഭൂമിയിലെ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയോടെ വൈദേശിക വാഴ്ചയുടെയും സംഘര്‍ഷത്തിന്റെയും കാലത്തുനേരിട്ട ആത്മവിശ്വാസക്കുറവില്‍ നിന്നും ആത്മവിസ്മൃതിയില്‍ നിന്നും സമൂഹം പുറത്തുവരികയാണ്. ഹിന്ദുത്വത്തിന്റെ ആത്മാവില്‍ അലിഞ്ഞുചേര്‍ന്ന സമൂഹമാകെ അതിന്റെ ‘സ്വ’ (തനിമ) തിരിച്ചറിയാനും അതനുസരിച്ച് ജീവിക്കാനും തയ്യാറെടുക്കുകയാണ്.
മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ജീവിതം സാമൂഹിക ഉത്തരവാദിത്തങ്ങളോട് പ്രതിബദ്ധത പുലര്‍ത്താനും സമാജത്തിനും രാജ്യത്തിനും വേണ്ടി ജീവിതം ത്യജിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. രാമരാജ്യമെന്ന പേരില്‍ ലോകചരിത്രത്തില്‍ ഇടം പിടിച്ച അദ്ദേഹത്തിന്റെ ഭരണപദ്ധതിയുടെ ആദര്‍ശം സാര്‍വ്വത്രികവും ശാശ്വതവുമാണ്. ജീവിതമൂല്യങ്ങളുടെ അപചയം, മാനുഷിക സംവേദനക്ഷമതയില്ലായ്മ, വ്യാപകമാകുന്ന അക്രമം, ക്രൂരത തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഇന്നത്തെ ലോകത്തിന് രാമരാജ്യമെന്ന ഈ ആദര്‍ശം ഇന്നും അനുകരണീയമാണ്.
മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍ പ്രതിഷ്ഠിക്കുന്നതിന് സമൂഹം പ്രതിജ്ഞയെടുക്കണമെന്നും അതുവഴി ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ലക്ഷ്യം അര്‍ത്ഥപൂര്‍ണമാകുമെന്നും പ്രതിനിധി സഭ വിലയിരുത്തുന്നു. ശ്രീരാമന്റെ ജീവിതത്തില്‍ പ്രതിഫലിക്കുന്ന ത്യാഗം, വാത്സല്യം, നീതി, പരാക്രമം, സൗമനസ്യം, ന്യായം തുടങ്ങിയ ശാശ്വതമായ ധാര്‍മികമൂല്യങ്ങള്‍ സമൂഹത്തില്‍ വീണ്ടും പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണ്. എല്ലാ തരത്തിലുമുള്ള കലഹങ്ങളും വിവേചനങ്ങളും ഇല്ലാതാക്കി സൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായ, പുരുഷാര്‍ത്ഥത്തിലൂന്നിയ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ശ്രീരാമനോടുള്ള യഥാര്‍ത്ഥ ആരാധന.
സാഹോദര്യവും കര്‍ത്തവ്യബോധവും മൂല്യാധിഷ്ഠിത ജീവിതവും സാമൂഹിക നീതിയും ഉറപ്പാക്കുന്ന സമര്‍ത്ഥ ഭാരതം കെട്ടിപ്പടുക്കാന്‍ അഖില ഭാരതീയ പ്രതിനിധി സഭ എല്ലാ ഭാരതീയരെയും ആഹ്വാനം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സാര്‍വത്രിക ക്ഷേമം ഉറപ്പാക്കുന്ന ഒരു ആഗോളക്രമം വളര്‍ത്തിയെടുക്കുന്നതില്‍ ഭാരതത്തിന് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് പ്രതിനിധിസഭ വിലയിരുത്തുന്നു.