ഐക്യത്തിന്റെയും ഭക്തിയുടെയും സമരസതയുടെയും അവിസ്മരണീയമായ സംഗമമാണ് 2024 ജനുവരി 22ന് അയോധ്യയില്‍ കാണാന്‍ കഴിഞ്ഞത്. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് രാമഭക്തര്‍ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്നു. രാംലല്ലയുടെ ആഗമനത്തിന്റെ സ്വരം ഭാരത വര്‍ഷത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ നവോന്മേഷം സൃഷ്ടിച്ചു.
ഇത്രയും സൂക്ഷ്മവും ബൃഹത്തുമായ ഒരു ആസൂത്രണ മികവ് ഭാരതത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും കാണാന്‍ സാധിക്കില്ല. ഭാരതത്തിന്റെ പൗരാണിക സംസ്കാരത്തിന്റെ പ്രതിധ്വനിയും ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ പ്രതിച്ഛായയുമാണ് അയോധ്യയിലെ ശ്രീരാമനിലൂടെ ദര്‍ശിക്കുന്നത്. ലക്ഷദ്വീപ് ആന്‍ഡമാന്‍ ദ്വീപ് സമൂഹങ്ങള്‍ തൊട്ട് ലഡാക്കിലെ പര്‍വ്വതനിരകള്‍ വരെയും മിസോറാം നാഗഭൂമി എന്നിവിടങ്ങളിലെ ഹരിത വനങ്ങള്‍ തൊട്ട് മരുഭൂമിയിലെ മണല്‍ത്തരികള്‍ വരെയും ഭാരതത്തിലെ 28 സംസ്ഥാനങ്ങളും അതോടൊപ്പം 8 കേന്ദ്രഭരണ പ്രദേശങ്ങളും ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാവുകയും ഭാരതത്തിലെ എല്ലാ ഭാഷകളിലും ‘രാമന് എല്ലാവരുടെയും ആണ്’ എന്ന് പറയുകയും ചെയ്തു.
2023 സപ്തംബര്‍ തൊട്ട് തന്നെ ചടങ്ങിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റും അവരെ വിളിക്കാനുള്ള വ്യവസ്ഥയും ഏര്‍പ്പാടാക്കിയിരുന്നു. ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് ഡിജിറ്റലായി തയ്യാറാക്കി. അതിനുശേഷം രാജ്യത്തിന്റെ വിദൂര ദിക്കുകളിലുള്ള ഇവരെ വ്യക്തിഗതമായി ക്ഷണിച്ചു. പിന്നീട് അവര്‍ക്ക് ഒരു കോഡ് നല്കി. ഈ പരിപാടി തികച്ചും മതപരവും ആദ്ധ്യാത്മികവും സാമാജികവും ആയിരുന്നു. അതുകൊണ്ടുതന്നെ എല്ലാം ദേശീയ പാര്‍ട്ടികളുടെയും സംസ്ഥാന പാര്‍ട്ടികളുടെയും നേതാക്കളെയും ആതിഥേയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയും മാത്രമേ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നുള്ളൂ. കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല.
പത്തു രൂപ തൊട്ട് കോടികള്‍ വരെ ക്ഷേത്രനിര്‍മ്മാണത്തിനായി സമര്‍പ്പണം ചെയ്തവരുടെ പ്രതിനിധികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഭാരതത്തിന്റെ വ്യത്യസ്തമായ പൗരാണിക പരമ്പര്യത്തിന്റെ പ്രതിനിധികളായ 131 പേരും 36 വനവാസി വിഭാഗത്തിന്റെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. ഇവരില്‍ അഖാഡകള്‍, കബീര്‍ പന്തികള്, രൈദാസി, നിരങ്കരി, നാമധാരി, നിഹങ്കകള്, ആര്യസമാജം, സിന്ധികള്‍, നിംബാര്‍ക്കര്‍, പാര്‍സി ധര്‍മ്മഗുരു, ബൗദ്ധര്, ലിംഗായത്തുകള്‍, രാമകൃഷ്ണ മിഷന്, സത്രാധികര്‍, ജൈനര്‍, ബഞ്ചാര സമാജം, മൈതേയി, ചക്മ, ഗോരഖ്, ഖാസി, രാംനാമി തുടങ്ങിയ പ്രമുഖ പരമ്പരകളുടെ പ്രതിനിധികളും ഉള്‍പ്പെട്ടിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ്ഗം, നാടോടി സമൂഹം, ഇസ്ലാം ക്രൈസ്തവ പാര്‍സി പ്രതിനിധികള്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിരുന്നു. 1949 ല്‍ രാം ലല്ലയുടെ പക്ഷത്ത് നിന്ന് തീരുമാനമെടുത്ത ജില്ലാ ന്യായാധിപന് കെ.കെ.നായര്‍ സാറിന്റെ കുടുംബത്തെയും അന്നത്തെ കോണ്‍സ്റ്റബിളും രാംലല്ലക്കുവേണ്ടി സാക്ഷി മൊഴി നല്കിയ വ്യക്തിയുമായ അബ്ദുല്‍ ബര്‍ക്കത്ത്, അദ്ദേഹത്തിന്റെ കുടുംബം എന്നിവരെയും ക്ഷണിച്ചിരുന്നു. രാംലല്ലക്ക് എതിരായി കേസ് നടത്തിയ കുടുംബങ്ങളെയും അതോടൊപ്പം അന്നത്തെ ഭരണാധികാരികളുടെ കുടുംബങ്ങളെയും ക്ഷണിച്ചു. രാമജന്മഭൂമി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരുടെ കുടുംബങ്ങളെയും കേസ് നടത്താന്‍ വേണ്ടി സഹകരിച്ച അഭിഭാഷകരെയും പങ്കെടുപ്പിച്ചു. ഭാരതത്തിന്റെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുന്‍ രാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി, ഭാരതത്തിന്റെ മൂന്ന് സേനകളുടെയും വിരമിച്ച സേനാധിപന്മാര്, പരംവീര്‍ചക്ര ജേതാവ് ഭാരതത്തെ ചന്ദ്രനിലേക്ക് വരെ എത്തിച്ച ശാസ്ത്രജ്ഞര്‍, കോവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ എന്നിവരെയെല്ലാം ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു. സുപ്രീംകോടതിയിലെ വിരമിച്ച ചീഫ് ജസ്റ്റിസുമാര്‍, റിട്ടയര്‍ ചെയ്ത ജഡ്ജികള്‍, വിരമിച്ച ഭരണാധികാരികള്‍, പോലീസ് ഓഫീസര്‍മാര്‍, വിഭിന്ന രാജ്യങ്ങളില്‍ ഭാരതത്തിന്റെ അംബാസിഡര്മാരായിരുന്നവര്, പണ്ഡിതര്‍, വിദ്യാഭ്യാസവിചക്ഷണര്‍, നൊബേല്‍ പുരസ്കാരം, ഭാരതരത്നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ, മാഗ്സസെ പുരസ്കാരം, സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ച വിശിഷ്ട വ്യക്തിത്വങ്ങള്‍ എന്നിവരുടെയും സാന്നിദ്ധ്യം ചടങ്ങില്‍ ഉണ്ടായിരുന്നു. പ്രശസ്ത അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍, പത്ര ദൃശ്യമാധ്യമരംഗത്തെ പ്രമുഖര്‍, സോഷ്യല്‍ മീഡിയ രംഗത്തെ ഇന്‍ഫ്ളുവന്‍സര്‍മാര്‍, വ്യാവസായിക കുടുംബങ്ങള്‍ എന്നിവരെയും ഉള്‍പ്പെടുത്തി. ഭാരതത്തിലെ പ്രമുഖ രാജകുടുംബാംഗങ്ങള്‍, കായികരംഗത്ത് ഭാരതത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കളിക്കാര്‍, ചിത്രകാരന്മാര്, ശില്പികള്, ഗായകര്‍, സാഹിത്യകാരന്മാര്, വാദകര്‍, നര്‍ത്തകര്‍, ഹിന്ദി, കന്നട, മലയാളം, തമിഴ്, തെലുങ്ക്, മറാഠി, ഗുജറാത്തി, ബംഗാളി, ഒഡിയ, അസമിയ, ഭോജ്പുരി, പഞ്ചാബി, ഹരിയാണവി എന്നീ ഭാഷകളിലെ സിനിമാപ്രവര്‍ത്തകരും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നു. 53 രാജ്യങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന 150 പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. സിക്ക്, ജൈന, നവ ബൗദ്ധ, നിഷാദസമാജം, വാല്മീകി സമാജം, പട്ടികജാതി, നാടോടി സമൂഹം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരും ഭാരതത്തിന്റെ ഉത്തര ദക്ഷിണ പൂര്‍വ്വ പശ്ചിമ ഉത്തരപൂര്‍വ്വ ഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരുമായ 15 യജമാനന്മാര് മുഖ്യപൂജയില് ഉണ്ടായിരുന്നു. കര്‍ഷകരും തൊഴിലാളികളും സഹകരണ സംഘങ്ങളുടെയും ഉപഭോക്തൃ സംഘടനകളുടെയും പ്രതിനിധികളും എല്‍ ആന്‍ഡ് ടി, ടാറ്റാ ഗ്രൂപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും തൊഴിലാളികളും ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തി. രാമക്ഷേത്ര നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കിയ തൊഴിലാളികളെ പുഷ്പവൃഷ്ടി നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ആര്‍എസ്എസിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും അനേകം പ്രവര്‍ത്തകരും കാര്യകര്‍ത്താക്കളും തൊട്ട് സംഘത്തിന്റെ പൂജനീയ സര് സംഘചാലക് മോഹന്‍ ഭാഗവത്, ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിഎന്നിവരും പങ്കെടുത്തത് ചടങ്ങിന് ശോഭ പകര്‍ന്നു. അയോധ്യയില്‍ പ്രതിഷ്ഠിച്ച രാംലല്ലക്ക് തീര്‍ച്ചയായും എല്ലാ ദേവീദേവന്മാരും ആശീര്‍വാദം നല്കിയിട്ടുണ്ടാവും.
ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ താല്പര്യ പ്രകാരം, വിശ്വഹിന്ദു പരിഷത്തിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകരും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തദ്ദേശീയരായ അനേകം പ്രവര്‍ത്തകരും ഈ പരിപാടിക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ചിരുന്നു. ഇവരുടെ ആസൂത്രണ മികവും അനുഭവ പരിചയവും അയോധ്യയില്‍ എത്തിച്ചേര്‍ന്ന ഓരോ രാമഭക്തനും മനസ്സിലാക്കാന്‍ സാധിച്ചു. അതിഥികളെ സ്വാഗതം ചെയ്യല്‍, വാഹന ഗതാഗതം ക്രമീകരിക്കല്‍, വീല്‍ ചെയര്‍ സൗകര്യം, പാസ് വഴി അതിഥികളെ കടത്തിവിടല്‍ എല്ലാം ഭംഗിയായി ആസൂത്രണം ചെയ്തു നടപ്പിലാക്കാന്‍ കഴിഞ്ഞു. വളണ്ടിയര്‍മാരായ നേതാക്കള്‍ തന്നെ അതിഥികളുടെ പാദരക്ഷകള്‍ ഊരി മാറ്റുകയും അവ സുരക്ഷിതമായി വച്ച് തിരിച്ചു പോകുമ്പോള്‍ അവരെ ഏല്‍പ്പിക്കുകയും ചെയ്തു. ശൗചാലയങ്ങളുടെ പുറത്തും പാദരക്ഷകള്‍ സൂക്ഷിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മമായി ചിന്തിച്ചു ആസൂത്രണം ചെയ്തു നടപ്പാക്കിയതായിരുന്നു. അയോധ്യയിലെ ജനങ്ങളും ഭരണകൂടവും ട്രസ്റ്റിനോടൊപ്പം ചേര്‍ന്ന് അയോധ്യയെ ഭംഗിയായി അണിയിച്ചൊരുക്കി. കേവലം നാലുമാസം കൊണ്ട് അയോധ്യാനഗരത്തിന്റെ രൂപം തന്നെ മാറിയത് അയോധ്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കൗതുകകരമായിരുന്നു. ഭക്തജനങ്ങള്‍, സന്യാസിമാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരുടെ സുരക്ഷ ഗൗരവമേറിയ ഒരു പ്രശ്നം തന്നെയായിരുന്നു. തദ്ദേശീയ ഭരണകൂടത്തിന്റെയും പോലീസിന്റെയും സുരക്ഷാ സൈനികരുടെയും സഹകരണം മൂലമാണ് ഇത് സാധ്യമായത്. ഉത്തര്‍പ്രദേശിന്റെയും അതുപോലെ അയോധ്യയിലെ പോലീസിന്റെയും സഹകരണം അഭിനന്ദനാര്‍ഹമായിരുന്നു. ഇവരുടെയെല്ലാം സഹകരണം മൂലമാണ് ഇത്രയും വലിയ ഒരു ചടങ്ങ് വിഘ്നങ്ങള്‍ ഒന്നുമില്ലാതെ ഭംഗിയായി നടത്താന്‍ സാധിച്ചത്. എല്ലാവരുടെയും ഒപ്പം പ്രഭു ശ്രീരാമന്റെ അനുഗ്രഹവും ഉണ്ടായിരുന്നു.
മൂന്ന് ദിവസങ്ങളിലായി 71 സ്വകാര്യ വിമാനങ്ങള്‍ അയോധ്യയില്‍ എത്തിച്ചേര്‍ന്നു. ലഖ്നൗ, അയോധ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ലഖ്നൗ, അയോധ്യ, കാശി, ഗോരഖ്പൂര്‍, ഗോംഡാ, സുല്‍ത്താന്‍പൂര്‍, പ്രയാഗ്രാജ് എന്നീ റെയില്‍വേ സ്റ്റേഷനുകളിലും കാവി പതാകയേന്തി അതിഥികളെ സ്വാഗതം ചെയ്യുന്നതിനും അവര്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം ഒരുക്കുന്നതിനും എല്ലാവരുടെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് അവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനും വ്യവസ്ഥ ചെയ്തിരുന്നു. ടെന്റ് നഗരങ്ങള്‍, ഹോട്ടലുകള്‍, ആശ്രമങ്ങള്‍, ധര്‍മ്മശാലകള്‍, വിദ്യാലയങ്ങള്‍, 200 ഓളം ഭവനങ്ങള്‍ എന്നിവിടങ്ങളില്‍ അതിഥികള്‍ക്ക് താമസ വ്യവസ്ഥ ഏര്‍പ്പെടുത്തി. ‘രാമന് വരും’എന്ന ഗാനം അയോധ്യ മുഴുവന്‍ പ്രതിധ്വനിച്ചു. അയോധ്യയിലെ തെരുവുകളില്‍ പാതിരാവോളം നീണ്ടുനിന്ന സാംസ്കാരിക പരിപാടികള്‍ ജനങ്ങളെ ആകര്‍ഷിച്ചു.
ഒരു വ്യക്തി തുടര്‍ച്ചയായി നാലഞ്ചു മണിക്കൂറുകളോളം ഒരു സാധാരണ കസേരയിലിരുന്ന് പരിപാടികള്‍ ആസ്വദിച്ചതിന് ഭാരതത്തിന്റെ ചരിത്രം സാക്ഷിയാണ്. ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രി ദേവഗൗഡ നാല് മണിക്കൂറോളം വീല്‍ചെയറില്‍ ഇരുന്നു. അവിടെ ആര്‍ക്കും സഹായികളോ സുരക്ഷാ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. എല്ലാവര്ക്കും അവരവരുടെ ഇരിപ്പിടങ്ങളില്‍ തന്നെ പ്രസാദം നല്കി. ജാതി മത വര്‍ഗ്ഗ ചിന്തകളില്ലാതെ പ്രഭു ശ്രീരാമന്റെ മുന്നില്‍ എല്ലാവരും തുല്യരാണ്. എല്ലാവരും തങ്ങളുടെ സാമൂഹിക സാമ്പത്തിക പദവികള്‍ക്ക് അതീതരായി അയോധ്യയിലെ ഊഷ്മളമായ സ്വീകരണം ഹൃദ്യമായി സ്വീകരിച്ചു.
ശ്രീരാമചന്ദ്രപ്രഭുവിന്റെ ആഗമനത്തെ സ്വാഗതം ചെയ്യാന്‍ കാത്തിരുന്ന ഭാരതത്തിലെ ഗ്രാമങ്ങളും തെരുവുകളും ക്ഷേത്രങ്ങളും അയോധ്യയായി മാറി. അയോധ്യയില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ തങ്ങളുടെ അടുത്തുള്ള ക്ഷേത്രങ്ങളില്‍ പൂജ നടത്തുകയും രാത്രിയില്‍ ദീപങ്ങള്‍ തെളിയിക്കുകയും ചെയ്തു. എല്ലാവരുടെയും മനസ്സും ആത്മാവും പ്രാണപ്രതിഷ്ഠാ സമയത്ത് അയോധ്യയിലായിരുന്നു. രാംലല്ലയെ സ്വാഗതം ചെയ്യുന്നതിന് വേണ്ടി അയോധ്യ നഗരിയും ക്ഷേത്രവും ക്വിന്റല്‍ കണക്കിന് പുഷ്പങ്ങളാല്‍ അലംകൃതമാക്കി, ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 30ലധികം പരമ്പരാഗത വാദ്യകലാകാരന്മാര് രാമഗീതങ്ങളാല് അന്തരീക്ഷത്തെ സംഗീതമയമാക്കി, ആയിരക്കണക്കിന് വെങ്കലമണികളുടെ നാദം ആരതി സമയത്ത് ക്ഷേത്രപരിസരത്ത് മുഴങ്ങി. രാംലല്ലയുടെ ആഗമനമനസമയത്ത് ക്ഷേത്ര പരിസരത്ത് ഹെലികോപ്റ്റര്‍ വഴി പുഷ്പവൃഷ്ടി നടത്തിയത്, ദേവലോകത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തിയതുപോലെ അനുഭവപ്പെട്ടു. ഇത് കേവലം ഒരു പരിപാടി എന്നതില്‍ കവിഞ്ഞ് ദൈവികമായ അനുഭൂതിയും ആദ്ധ്യാത്മിക യാത്രയുമായി മാറി. ജനങ്ങള്‍ വികാരവിക്ഷുബ്ധരാവുകയും ക്ഷേത്രപരിസരമാകെ ഒരു ദിവ്യലോകം എന്നതുപോലെ അലൗകികമായ ശോഭയാല്‍ ആവരണം ചെയ്യപ്പെടുകയും ചെയ്തു. ചിലരുടെ കണ്ണുകളില്‍ അശ്രു പടര്‍ന്നപ്പോള്‍ മറ്റു ചിലര്‍ ആനന്ദത്താല്‍ നൃത്തം ചെയ്യുകയായിരുന്നു. ചിലര്‍ക്ക് സ്വര്‍ഗ്ഗമായും മറ്റുചിലര്‍ക്ക് ത്രേതായുഗമായും അനുഭവപ്പെട്ടു. രാമന് വീണ്ടും ലങ്കയില്‍ നിന്ന് അയോധ്യയിലേക്ക് മടങ്ങിയെത്തിയത് പോലെയാണ് എല്ലാവര്ക്കും അനുഭവപ്പെട്ടത്. പിറ്റേദിവസം രാവിലെ മൂന്നുമണി തൊട്ടുതന്നെ ഭക്തര്‍ രാംലല്ലയുടെ ദര്‍ശനത്തിനുവേണ്ടി ക്യൂവില്‍ സ്ഥാനം പിടിച്ചു. ജനുവരി 23 തൊട്ട് അഞ്ച് ലക്ഷത്തോളം ഭക്തര്‍ ഉത്സാഹത്തോടെയും അച്ചടക്കത്തോടെയും രാംലല്ലയുടെ ദര്‍ശനം നടത്തി.
അയോധ്യയിലെ ദൈവികമായ ഈ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജാതി, മതം, പദവി, ഭാഷ, സംസ്ഥാനം എന്നിവയ്ക്കൊക്കെ അതീതമായി പാരമ്പര്യത്തെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം പുരോഗതിയെ ആലിംഗനം ചെയ്തു രാഷ്ട്രത്തിന്റെ സാമൂഹിക ചേതനയെ ഉണര്‍ത്തുകയും ചെയ്തു. പ്രഭു ശ്രീരാമന്റെ ശാശ്വതമായ ഈ പൈതൃകം ലോകം മുഴുവനുമുള്ള കോടിക്കണക്കിന് ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ്. ഏകതയുടെയും അഖണ്ഡതയുടെയും സമരസതയുടെയും ഭക്തിയുടെയും ‘രാമോത്സവം’ ആയി ഇത് യുഗങ്ങളോളം നിലനില്ക്കും. ഭഗവാന് ശ്രീരാമനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്, ഭാരതത്തെ സമ്പന്നവും സമൃദ്ധവും വികസിതവും ആക്കി, വിശ്വ ഗുരു സ്ഥാനത്ത് പ്രതിഷ്ഠിക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
(വിവ: പി.വി.സിന്ധുരവി)
(ആര്.എസ്.എസ്. അഖിലഭാരതീയ സമ്പര്‍ക്ക പ്രമുഖ് ആണ് ലേഖകന്‍)