ഏപ്രില്‍ 9 വര്‍ഷപ്രതിപദ
ഓരോ രാഷ്ട്രത്തിനും സംസ്‌കാരത്തിനും അതിന്റേതായ ജീവിത ദര്‍ശനവും പാരമ്പര്യവും ഉണ്ടായിരിക്കും. അതാണ് അതിന്റെ സവിശേഷതയും വ്യത്യസ്തതയും.വൈവിധ്യപൂര്‍ണമായ ലോകസാഹചര്യത്തില്‍ ഓരോ രാഷ്ട്രത്തിനും അതിന്റേതായ പങ്ക് വഹിക്കാനുണ്ടെന്ന് സ്വാമി വിവേകാനന്ദനും മഹര്‍ഷി അരവിന്ദനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയംനാഗരികതകള്‍ തുടരുകയും നശിക്കുകയും ചെയ്യുന്നുവെന്നാണ് ലോക ചരിത്രം നല്‍കുന്ന പാഠം. സംസ്‌കാരത്തെയും പാരമ്പര്യത്തെയും അനുസന്ധാനം ചെയ്യുന്ന ജനതയുടെ തിരോഭാവമാണ് സംസ്‌കാരങ്ങളുടെ മൃതിക്ക് കാരണമാവുന്നത്. അധിനിവേശങ്ങള്‍ കൊണ്ടുമാത്രമല്ല ആത്മ വിസ്മൃതിയും സംസ്‌കാരങ്ങളുടെ തിരോധാനത്തിന് കാരണമായിട്ടുണ്ട്. ഭാരതത്തിന്റെ വേരുകള്‍ അനാദിയായ അതിന്റെ പാരമ്പര്യത്തില്‍ ഉറച്ചു നിന്നു കൊണ്ടാണ് അതിന്റെ ചരിത്ര യാത്ര തുടര്‍ന്നത്. കാലത്തിനും ചരിത്രഗതികള്‍ക്കും അധിനിവേശങ്ങള്‍ക്കും കീഴ്‌പ്പെടാതെ നിലനിന്ന ചുരുക്കം ചില സംസ്‌കാരങ്ങളില്‍ ഒന്നാണ് ഭാരതത്തിന്റേത്.
അത് മനുഷ്യന്റെ ചിന്തയുടെയും മനസ്സിന്റെയും സീമകളെയും കടന്ന് പിന്നോട്ട് പിന്നോട്ട് നീണ്ടു കിടക്കുന്നു. ‘മറ്റേത് നാട്ടിലേക്ക് കടക്കും മുമ്പ് പ്രാജ്ഞത തനത് ഇരിപ്പിടമാക്കിയ പ്രാചീന ഭൂവിഭാഗമത്രേ ഭാരതം’ എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇത് കൊണ്ടാണ്. അതിപ്രാചീനകാലത്തിന്റെ സുദൃഢമായ വേരുകളിലാണ് ഭാരതം ഇന്നും ഉറച്ച് നില്‍ക്കുന്നത്. കാലഗണനയെ സംബന്ധിച്ചും ഭാരതത്തിന്റെ കാഴ്ചപ്പാടിന് ഏറെ വ്യത്യസ്തതകളുണ്ട്. ബ്രഹ്‌മദേവന്റെ ആയുഷ്‌ക്കാലത്തിന്റെ ഏറ്റവും ചെറിയ അംശമായ കമല പത്രം കിഴിക്കുവാനെടുക്കുന്ന നേരിയ സമയത്തിന്റെ അംശം മുതല്‍ 31 ലക്ഷത്തി ഇരുപതിനായിരത്തി നാനൂറു കോടി സംവത്സരം വരെ കണക്കുകൂട്ടിയെടുത്ത ഋഷിമാരുടെ നാടാണിത്. ഓരോ രാഷ്ട്രത്തിനും അതിന്റേതായ കാലഗണനാ സമ്പ്രദായമുണ്ട്. വൈദേശിക ആധിപത്യത്തിന് കീഴ്‌പ്പെട്ട മണ്ണ് ആധുനിക കലണ്ടറിലേക്ക് മാറിയ സാഹചര്യത്തില്‍ പരമ്പരാഗത കാലഗണനയ്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്ന ചോദ്യമുയരാം. എന്നാല്‍ ഭാരതീയരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സന്ദര്‍ഭങ്ങളിലെല്ലാം വരുന്ന മുഹൂര്‍ത്തങ്ങള്‍ അതത് പ്രദേശവുമായി ബന്ധപ്പെട്ട കലണ്ടര്‍ പ്രകാരമാണ് ഇന്നും നടക്കുന്നത്. പിറന്നാള്‍, ശ്രാദ്ധം, ക്ഷേത്ര ഉത്സവങ്ങള്‍ എന്നിവയിലെല്ലാം പ്രാദേശിക കലണ്ടറുകളെയാണ് മിക്കവാറും പിന്തുടരുന്നത്. ഭാരതീയ കാലഗണന പ്രകാരം പൊതുവേ വര്‍ഷാരംഭമായി പരിഗണിക്കപ്പെടുന്നത് വര്‍ഷപ്രതിപദയാണ്. യുഗാദിയെന്ന് വിളിക്കപ്പെടുന്ന ചാന്ദ്ര വര്‍ഷാരംഭത്തിന് ഭാരത ചരിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. വിക്രമാദിത്യന്‍ ശകന്മാരെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി വിക്രമ വര്‍ഷത്തിന്റെ ആരംഭമായും ഇത് കണക്കാക്കപ്പെടുന്നു. ബിസി 57 ലാണ് വിക്രമസംവത്സരം ആരംഭിച്ചത്. ഉജ്ജയിനിലെ രാജാവായ വിക്രമാദിത്യന്റെ പേരിലാണിത് അറിയപ്പെടുന്നത്. ശകരാജാക്കന്മാരുടെ ക്രൂര ഭരണത്തിനടിയിലായിരുന്ന ഉജ്ജയിനിയെ മോചിപ്പിച്ചത് നീതിമാനായി വാഴ്ത്തപ്പെടുന്ന വിക്രമാദിത്യനിലൂടെയാണ്. ആധുനിക ചരിത്രവുമായി ബന്ധപ്പെട്ട് ഈ ദിനത്തിന്റെ പ്രത്യേകത ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ജന്മദിനം കൂടിയാണ് എന്നതാണ്. സംഘശാഖകളില്‍ ആദ്യ സര്‍സംഘചാലകന് പ്രണാമമര്‍പ്പിക്കുന്ന ദിനം കൂടിയാണന്ന്. ഭാരതത്തിന്റെ സ്വാതന്ത്ര്യം പൂര്‍ണ്ണതയിലെത്തുന്നത് രാഷ്ട്ര സ്വത്വത്തെ അതിന്റെ ജീവിതാവിഷ്‌കാരങ്ങളില്‍ പ്രകടിപ്പിക്കുമ്പോഴാണെന്നും ദേശീയ ജനതയെ അതിന് പ്രാപ്തമാക്കാന്‍ നിയതമായ പദ്ധതികള്‍ വേണമെന്നും നിഷ്‌കര്‍ഷിച്ചുവെന്നതാണ് ചരിത്രത്തില്‍ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
1889 ഏപ്രില്‍ ഒന്നിനാണ് ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ജനിക്കുന്നത്. 1925 സപ്തംബര്‍ 27 വിജയദശമി നാളില്‍ സംഘം സ്ഥാപിക്കുന്നത് വരെയുള്ള രണ്ടരപ്പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമായിരുന്നു. ഭാരതസ്വാതന്ത്ര്യ സമരത്തിന്റെ നിര്‍ണ്ണായക കാലഘട്ടങ്ങളിലൂടെ രാജ്യം കടന്നുപോവുകയായിരുന്നു സ്വാതന്ത്ര്യ സമരത്തിന്റെ അവസാന മൂന്നു പതിറ്റാണ്ടുകള്‍. അതായത് 1920, 30, 40 കാലഘട്ടം സംഘര്‍ഷഭരിതമായിരുന്നു. 1920, 1930 കാലഘട്ടങ്ങളിലെ സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച അദ്ദേഹം സ്വാതന്ത്ര്യ സമരത്തോടൊപ്പം സഞ്ചരിക്കുകയും അതേസമയം യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ സ്വത്വബോധത്തിലേക്ക് ജനതയേയും രാഷ്ട്രത്തേയും നയിക്കേണ്ടതിന് പുതിയ വഴികള്‍ കണ്ടെത്തണമെന്ന അഗാധ അന്വേഷണങ്ങളിലുമായിരുന്നു. 1921 ആഗസ്ത് 19 ന് അറസ്റ്റ് ചെയ്യപ്പെട്ട് കഠിന തടവിന് ശിക്ഷിക്കപ്പെട്ട് ജയില്‍വാസമനുഷ്ഠിച്ച് 1922 ജൂലായ് 12ന് വിമോചിക്കപ്പെട്ട അദ്ദേഹം നാല്‍പ്പത്തി ഒന്നാമത്തെ വയസ്സില്‍ ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായ വന സത്യഗ്രഹത്തില്‍ പങ്കെടുത്ത് രണ്ടാമതായി അകോലാ ജയിലിലടക്കപ്പെടുന്നു. 1931 ഫെബ്രുവരി 14നാണ് അദ്ദേഹം മോചിതനാകുന്നത്. സ്വാതന്ത്ര്യ സമര കാലത്തും അതിന് മുമ്പുമുണ്ടായിരുന്ന നിരവധി രാഷ്ട്രീയ, വിപ്ലവ, മത, സാംസ്‌കാരിക സംഘടനകളുടെ ചരിത്രവും ഉള്ളടക്കവും അദ്ദേഹം വിശദമായി മനസ്സിലാക്കി. ഭാരത് സ്വയം സേവക മണ്ഡല്‍, അനുശീലന്‍ സമിതി, ഹിന്ദുമഹാസഭ, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ വ്യത്യസ്ത വേദികള്‍ ഉണ്ടാകുന്നതിന് പകരം സ്വാതന്ത്ര്യ സമരത്തില്‍ പൊതുവേദിയെന്ന നിലയില്‍ കോണ്‍ഗ്രസ്സിനെ മുന്നില്‍ നിര്‍ത്തണമെന്നായിരുന്നു ഡോ. ഹെഡ്‌ഗേവാറിന്റെ സുചിന്തിതമായ തീരുമാനം. എന്നാല്‍ ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന ദൃഢതീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. ദേശീയ ജനതയെ സംഘടിപ്പിക്കുന്നതില്‍ മഹാസഭയുടെ മതപരമായ സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഡോ. ഹെഡ്‌ഗേവാറിന്റെ വീക്ഷണം. ഡോ. മുംഝെയുമായി വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നെങ്കിലും സൈദ്ധാന്തിക വിഷയങ്ങളില്‍ മുംഝെയുടെ നിലപാടുകളെ അദ്ദേഹം അംഗീകരിച്ചില്ല. മുസ്ലീം വര്‍ഗീയ രാഷ്ട്രീയത്തിന്റെ പ്രതിക്രിയ എന്ന നിലയിലല്ല മറിച്ച് സംശുദ്ധമായ ദേശീയതയുടെ ആശയതലത്തിലായിരിക്കണം ദേശീയ സംഘടനയെ രൂപപ്പെടുത്തേണ്ടത് എന്നായിരുന്നു ഡോക്ടര്‍ജി മുന്നോട്ടുവെച്ചത്. വീര സവര്‍ക്കരോട് ആദരവ് പ്രകടിപ്പിക്കുമ്പോള്‍ത്തന്നെ ഹിന്ദു മഹാസഭയുടെ കൊടിക്കീഴില്‍ സംഘമുണ്ടാകില്ല എന്ന വ്യക്തമായ നിലപാട് അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. സാമ്രാജ്യത്വ വിരുദ്ധ സമരം ബഹുകേന്ദ്രിതമാകാതിരിക്കാന്‍ കോണ്‍ഗ്രസിന്റെ സമരമുഖത്ത് ഭാരതീയര്‍ അണിനിരക്കണമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ വ്യക്തമാക്കുമ്പോഴും മുസ്ലീം പ്രീണനത്തെയും ദേശീയതയേയും സംബന്ധിച്ച കോണ്‍ഗ്രസ് സമീപനത്തിലുള്ള അഭിപ്രായ ഭിന്നത അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഭാരതത്തിന്റെ ചരിത്രവും വര്‍ത്തമാനവും പരിഗണിച്ച് ഭാവിയെ മുന്നില്‍ക്കണ്ട് ദേശീയതയില്‍ വിട്ടുവീഴ്ചയില്ലാത്ത ഒരു സംഘടന എന്ന വീക്ഷണമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ഭാരതം നമ്മുടെ സര്‍വ്വസ്വവുമാണ് എന്ന വിചാരവും വികാരവും പ്രകടിപ്പിക്കുന്ന ദേശീയ ജനതയെ സൃഷ്ടിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ ഹിന്ദു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ ചരിത്രത്തെ സൂക്ഷ്മമായി അപഗ്രഥിച്ചു കൊണ്ടാണ് സംഘത്തിന്റെ ആശയാടിത്തറയ്ക്ക് അദ്ദേഹം രൂപം നല്‍കിയത്.
സനാതന സാംസ്‌കാരിക ചേതനയുടെ അടിസ്ഥാനത്തില്‍ ദേശീയതയെ നിര്‍വ്വചിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സംഘം ആരംഭിക്കുകയും ചെയ്തു കൊണ്ട് ഹെഡ്‌ഗേവാര്‍ പറഞ്ഞു-
‘സ്വപ്രേരണയാലും സ്വന്തം ഇച്ഛയാലും രാഷ്ട്രസേവനത്തിന്റെ ദൗത്യമേറ്റെടുക്കാന്‍ സ്വയം തയ്യാറാകുന്ന വ്യക്തികളുടെ രാഷ്ട്ര കാര്യത്തിനായി ഉണ്ടാക്കിയ സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘം. ഓരോ രാഷ്ട്രത്തിലും ആ രാഷ്ട്രത്തിലെ ജനങ്ങള്‍ ദേശസേവനത്തിനായി ഇത്തരം സംഘടനകള്‍ സ്ഥാപിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ഹിന്ദുരാഷ്ട്രം അഥവാ ഭാരതം നമ്മുടെ പ്രവര്‍ത്തന മേഖലയായതുകൊണ്ട് അതിന്റെ നന്മക്കും രക്ഷക്കുമായി ഈ രാജ്യത്ത് സംഘം സ്ഥാപിച്ചിരിക്കുന്നു. ഈ സംഘത്തിലൂടെ രാഷ്ട്രത്തിന്റെ എല്ലാ വിധത്തിലുമുള്ള ഉന്നതിക്കായി നാം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
മഹത്വപൂര്‍ണ്ണമായ ആശയാടിത്തറയില്‍ സംഘടനയുടെ ജാതകം കുറിച്ചുവെന്ന് മാത്രമല്ല ഇതിന്റെ ലക്ഷ്യം സാധ്യമാക്കുന്നതിനുള്ള പദ്ധതിയും അദ്ദേഹം ആവിഷ്‌ക്കരിച്ചു. ചരിത്രത്തില്‍ ഇത്തരം ശ്രമങ്ങള്‍ക്കിടയില്‍ ഉണ്ടായ പരാജയങ്ങളുടെ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് സംഘ ആശയത്തിന്റെ അടിത്തറയായി ആദര്‍ശ വ്യക്തിത്വങ്ങളെ സൃഷ്ടിക്കാനുള്ള പദ്ധതിയും ശാഖയിലൂടെ അദ്ദേഹം ആവിഷ്‌ക്കരിച്ചത്. ആദര്‍ശ വ്യക്തിത്വത്തെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നില്ല മറിച്ച് അതിന്റെ ആള്‍രൂപമായി അദ്ദേഹം സ്വയം മാറി. ജീവിതത്തില്‍ നിന്ന് ജീവിതത്തിലേക്ക് പരിണമിച്ച് വികസിച്ച ഒരു സംഘടനയുടെ ലോകത്തിലൊരിടത്തുമില്ലാത്ത ഉദാഹരണമായി രാഷ്ട്രീയ സ്വയംസേവക സംഘം മാറി. ഡോക്ടര്‍ജിയുടെ ജീവിത പുസ്തകമാണ് സംഘത്തിന്റെ വിചാരധാരയും പദ്ധതിയും. ഇതിനെ പിന്തുടര്‍ന്നു കൊണ്ടാണ് അനേകായിരങ്ങള്‍ അതിന്റെ ഭാഗമായി പിന്നീട് മാറിയത്. സംഘം ഭാരതത്തില്‍ സൃഷ്ടിച്ച ഐതിഹാസികമായ പരിവര്‍ത്തനത്തിന്റെ മൂലസ്രോതസ്സ് ആ മഹത് ജീവിതത്തില്‍ നിന്നാണ് ആരംഭിച്ചത്. യുഗപരിവര്‍ത്തന ദിനമായി വര്‍ഷപ്രതിപദ അറിയപ്പെടുന്നത് ഇത് കൊണ്ടു കൂടിയാണ്.