കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേര് നല്‍കിയത് വലിയ വിവാദമായ സാഹചര്യത്തില്‍ തീവ്രവാദത്തിന്റെയും കലാപാഹ്വാനത്തിന്റെയും പരസ്യം പിന്‍വലിച്ച് പോകേണ്ട അവസ്ഥയിലാണ് എസ്.എഫ്. ഐ എന്ന പരസ്യകമ്പനി. മത തീവ്രവാദ പ്രസ്ഥാനങ്ങളുമായും അവരുടെ ആശയങ്ങളുമായും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാലാകാലങ്ങളായി നടത്തിവരുന്ന രഹസ്യബന്ധം മറനീക്കി പുറത്തുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ്എഫ്‌ഐയുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ത്ഥി യൂണിയന്‍ കലോത്സവത്തിന് ‘ഇന്‍തിഫാദ’ എന്നു പേരു നല്‍കിയത്.
‘ഇന്‍തിഫാദ’ എന്ന അറബി പദത്തിന്റെ അര്‍ത്ഥം ‘സായുധ കലാപം കൊണ്ടുള്ള വിപ്ലവം’ എന്നാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പലതരം ഓമനപ്പേരുകള്‍ നല്‍കുന്നത് തീവ്രവാദ സംഘങ്ങളുടെ ഒരു ശൈലിയാണ്. മാനവരാശിക്ക് എതിരായി അഴിച്ചുവിടുന്ന വിവേചനരഹിതമായ അക്രമങ്ങളെയും അധിനിവേശങ്ങളെയും വെള്ളപൂശാനാണ് ഇത്തരം പദങ്ങള്‍ അവര്‍ ഉപയോഗിക്കുന്നത്. ഇസ്രായേലിനെതിരായി നടന്നിട്ടുള്ള തീവ്രമായ പലസ്തീന്‍ അക്രമങ്ങളുടെ കാലഘട്ടങ്ങളെ വിവരിക്കാനാണ് ഈ പദം ഉപയോഗിക്കപ്പെടുന്നത്. പ്രധാനമായും രണ്ട് ഇന്‍തിഫാദകളാണ് നടന്നിട്ടുള്ളത്. 1987-1990 മുതലുള്ള ഒന്നാം ഇന്‍തിഫാദയും, 2000-05 മുതലുള്ള രണ്ടാമത്തെ ഇന്‍തിഫാദയും.
ഇത് മാത്രമല്ല ഇന്‍തിഫാദ. ലോക ചരിത്രത്തിലെ ഇന്‍തിഫാദയുടെ ചരിത്രത്തില്‍ 1921 ലെ മാപ്പിള ലഹള മുതല്‍ പുല്‍വാമ ആക്രമണം വരെയുണ്ട്. കാശ്മീര്‍ താഴ്‌വരയിലെ കലാപ ശ്രമങ്ങളും മുംബൈ ഭീകരാക്രമണം പോലുള്ള ഭീകരാക്രമങ്ങളും ഇന്‍തിഫാദയില്‍ പെടുന്നു. പാകിസ്ഥാന്‍ കാശ്മീരില്‍ നടത്തിയ തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം ഇന്‍തിഫാദയുടെ ഹ്രസ്വരൂപം മാത്രം. ജിഹാദ് എന്നതില്‍ നിന്ന് വ്യത്യസ്തമല്ല ഇന്‍തിഫാദ. ഒരു മനുഷ്യന്റെ രണ്ട് കൈ പോലെ ഇന്‍തിഫാദയും ജിഹാദും പ്രവര്‍ത്തിക്കുന്നു. പിഎഫ്‌ഐയുടെ വിദ്യാര്‍ത്ഥി സംഘടന സിഎഫ് ഐയും അനുബന്ധ സംഘടനകളും നിരോധിക്കപ്പെട്ടപ്പോള്‍ അത്തരം സംഘടനകള്‍ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ പുനര്‍ നാമകരണം ചെയ്തത് എന്തിലേക്കാണ് എന്ന് അന്വേഷിച്ചാല്‍ ഇന്‍തിഫാദ എന്ന പദം കാണാന്‍ സാധിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കല്‍, പി.എഫ്.ഐ നിരോധനം തുടങ്ങി ഒട്ടനവധി സംഭവങ്ങള്‍ ഭാരതത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റെ വേരുകളെ ചിതലരിപ്പിച്ചു. അതിനാല്‍ കട്ടിംഗ്‌സൗത്ത് പോലുള്ള പ്രചാരണങ്ങളാല്‍ തീവ്രവാദത്തിന്റെ പുനരാവിഷ്‌കരണത്തിന് പുതിയ വേദിയൊരുക്കാനുള്ള ശ്രമം നടക്കുന്നു. അതിന്റെ ഒടുവിലത്തെ ശ്രമമാണ് ഇന്‍തിഫാദ എന്ന കലോത്സവ ലോഗോയുടെ ആവിഷ്‌കരണം.
ഇന്‍തിഫാദ എന്ന പദം ലോഗോയില്‍ ഉപയോഗിക്കുന്നത് കേവലം ഒരു പ്രചാരണമെന്ന നിലയില്‍ മാത്രമല്ല. മറിച്ച് അതിനെ വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യം. കലപോലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അതിനെ സ്വീകാര്യമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥി മനസ്സുകളില്‍ കലാപ ആഹ്വാനങ്ങള്‍ കുത്തിവെച്ച് അവരെ അതിന്റെ ഭാഗമാക്കാനുള്ള ശ്രമമാണിത്. ഇസ്ലാമിക തീവ്രവാദ ശക്തികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള വേദിയാണ് എസ്.എഫ്.ഐയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും.
ഇന്‍തിഫാദ എന്നാല്‍ പാലസ്തീനിയന്‍ ജനതയെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള ജനകീയ മുന്നേറ്റമാണ് എന്ന തെറ്റിദ്ധാരണയാണ് കമ്മ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും പടര്‍ത്തുന്നത്. ഇന്‍തിഫാദ എന്നത് ഒരു ജനതയുടെ വിമോചനത്തിനുള്ള പോരാട്ടത്തെ സൂചിപ്പിക്കുന്ന പദമാണ് എന്നതാണ് എസ്എഫ്‌ഐയുടെ വാദം. എന്നാല്‍ യാഥാര്‍ത്ഥ്യം സൂചിപ്പിക്കുന്നത് മറിച്ചാണ്. കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരായ ജനങ്ങളെയും നിഷ്ഠൂരമായും വിവേചനരഹിതമായും കൊലപ്പെടുത്തുന്ന ആക്രമണരീതിയുടെ പേരാണ് ഇന്‍തിഫാദ. അബ്രഹാമിക് പരമ്പരയില്‍ ഏറ്റവും പൗരാണികവും ലോകത്ത് ശാസ്ത്രസാങ്കേതിക സാമൂഹിക സാമ്പത്തിക രംഗങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നതുമായ ജൂത മത വിഭാഗത്തെ ഉന്മൂലനം ചെയ്യുവാനുള്ള പദ്ധതിയുടെ പേരാണ് ഇന്‍തിഫാദ.
ലോകത്തിന്റെ അനേകം ഭാഗങ്ങളില്‍ സംഘടിത മതതീവ്രവാദ ശക്തികള്‍ വംശീയ ഉന്മൂലനങ്ങള്‍ നടത്തിയിട്ടുണ്ട്. ലോകത്തെ സാംസ്‌കാരിക വൈവിധ്യങ്ങളെയും മത വിവിധതകളെയും പൂര്‍ണമായും ഇല്ലാതാക്കുന്ന തരത്തിലാണ് ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായത്. ഇറാഖിലെ യസീദികളെയും ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യന്‍സിനെയും അര്‍മേനിയയിലെ ക്രൈസ്തവ വംശജരെയും പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഹിന്ദു ന്യൂനപക്ഷങ്ങളെയും ഏതാണ്ട് പൂര്‍ണമായും ഇല്ലാതാക്കിക്കഴിഞ്ഞു. 1980കളുടെ അവസാനം കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നതും പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ക്ക് ഭാരതത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നതും ഇത്തരം ഇന്‍തിഫാദകളുടെ ഭാഗമായിട്ടാണ്. ഇതര മതങ്ങളെ ഇല്ലാതാക്കി മതരാഷ്ട്രം സ്ഥാപിക്കുക എന്ന ആഗോള തീവ്രവാദ ദൗത്യത്തിന്റെ ഓമനപ്പേരാണ് ഇന്‍തിഫാദ. വംശീയ ഉന്മൂലനപദ്ധതികളെയെല്ലാം ഏതെങ്കിലും തരത്തില്‍ ഓമനപ്പേരിട്ട് വിളിക്കുന്നത് തീവ്രവാദത്തിന്റെ ഒരു ആഗോള ശൈലിയാണ്. പ്രതികരണശേഷിയില്ലാത്ത ഇത്തരം ചെറുവംശീയ ന്യൂനപക്ഷങ്ങളെ ഒക്കെ കൊന്നൊടുക്കുന്നതിന് പിന്നില്‍ എന്തെങ്കിലും ന്യായീകരണവും ഇത്തരം വിഭാഗങ്ങള്‍ കണ്ടെത്താറുണ്ട്.
കാലാകാലങ്ങളായി ഇന്‍തിഫാദയെ വെള്ളപൂശിക്കൊണ്ട് സയണിസത്തിനെതിരെയും അമേരിക്കയ്‌ക്കെതിരെയുമുള്ള ഇസ്ലാമിക ജനതയുടെ ചെറുത്തുനില്‍പ്പാണത് എന്ന പ്രചാരണം നല്‍കുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ദൗത്യത്തിന്റെ ഭാഗമാണ്. പ്രച്ഛന്നവേഷധാരികളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ കടന്നുകൂടിയ മതതീവ്രവാദികളായിരുന്നു ഇക്കാലമത്രയും ഇത്തരം പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിരോധനത്തിനുശേഷം, അനാഥരായ തീവ്രവാദ ശക്തികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രത്യക്ഷമായി കടന്നുകൂടി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇന്ന് നിലവിലുള്ളത്. നിര്‍ഭാഗ്യവശാല്‍ കേരളമെന്ന സംസ്ഥാനം ഇത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറി.
ഇരവാദം ഉന്നയിച്ച് ഇത്തരം ജിഹാദി മുന്നേറ്റങ്ങള്‍ക്ക് സമൂഹത്തില്‍ അംഗീകാരം ഉണ്ടാക്കിക്കൊടുക്കുകയെന്ന ലക്ഷ്യമാണ് ഈ കലോത്സവത്തിലൂടെ മതതീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും നടത്തുന്നത്. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന ഷേക്‌സ്പിയറിന്റെ ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഒരു പേരിലൂടെ ഇവിടെ വെള്ളപൂശാന്‍ ശ്രമിക്കുന്നത് ലക്ഷക്കണക്കിന് നിരപരാധികളായ ജനങ്ങളുടെ വംശീയ ഉന്മൂലനത്തെയാണ്. ഒരു പേരിലൂടെ തമസ്‌കരിക്കുന്നത് ഈ ഭൂമുഖത്തുനിന്ന് തങ്ങളുടെ വംശം വേരറ്റു പോകാതിരിക്കാന്‍ ജൂതര്‍ എന്ന ഒരു ചെറിയ വംശീയ വിഭാഗം നടത്തുന്ന 2000 വര്‍ഷങ്ങളായുള്ള പോരാട്ടത്തിന്റെ ചരിത്രത്തെയാണ്.
1947ല്‍ എപ്രകാരം ഭാരതവും പാകിസ്ഥാനും നിലവില്‍ വന്നുവോ അപ്രകാരം നിലവില്‍ വന്ന രാഷ്ട്രങ്ങളാണ് ഇസ്രായേലും പാലസ്തീനും. എന്നാല്‍ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരു ജൂത രാഷ്ട്രത്തെ നിലനിര്‍ത്തുകയില്ല എന്ന മത അസഹിഷ്ണുതയാണ് ഇസ്രായേലിനെ മതതീവ്രവാദ രാഷ്ട്രങ്ങളുടെ അച്ചുതണ്ടിന് നേരെ തിരിയുവാന്‍ പ്രേരിപ്പിച്ചത്. തങ്ങളുടെ നിലനില്‍പ്പിനായി ഒരു രാഷ്ട്രം കഴിഞ്ഞ 8 പതിറ്റാണ്ടുകളായി പോരാടിക്കൊണ്ടിരിക്കുകയാണ്. ഇതിനായി നിരവധി സാധാരണ ജനങ്ങളുടെയും സൈനികരുടെയും ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. അത്തരം കഷ്ടനഷ്ടങ്ങളെയെല്ലാം നിറഞ്ഞ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയുമാണ് ഇസ്രായേലി ജനത വരവേറ്റത്.
പെട്രോള്‍ ഡോളറിന്റെ കരുത്തിലും തീവ്രവാദത്തിന്റെ പിന്‍ബലത്തിലും ഇസ്രായേലിനെ തകര്‍ക്കുവാന്‍ നോക്കിയെങ്കിലും അതിന് സാധിച്ചില്ല. പലതവണ തോറ്റു മടങ്ങിയ പശ്ചിമേഷ്യന്‍ മേഖലയിലെ ഇസ്ലാമിക രാജ്യങ്ങളെല്ലാം ഇന്ന് ഇസ്രായേലുമായി സൗഹൃദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഈ ഒരു പശ്ചാത്തലത്തിലാണ് ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ രാഷ്ട്രവിരുദ്ധശക്തികളുമായി കൂട്ടുചേരുവാന്‍ ഹമാസ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ മുന്നോട്ടു വന്നിട്ടുള്ളത്.
ഇന്‍തിഫാദ എന്നത് പശ്ചിമേഷ്യയുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ എന്ന ജൂത രാഷ്ട്രത്തിനെതിരെ ഇസ്ലാമിക ശക്തികള്‍ നടത്തിയ അധിനിവേശത്തെ സൂചിപ്പിക്കുന്ന ഒരു പദമാണ്. അല്ലാതെ കമ്മ്യൂണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്ന പോലെ നിലനില്‍പ്പിനു വേണ്ടിയുള്ള നിഷ്‌കളങ്കമായ ഒരു പോരാട്ടമല്ല അത്. മാത്രമല്ല ഇന്‍തിഫാദ എന്ന പദം ആഗോള മാനമുള്ള ഒരു പോരാട്ടത്തിനുള്ള ആഹ്വാനമാണ്. ബിന്‍ ലാദന്‍ ഉള്‍പ്പെടെയുള്ള തീവ്രവാദി നേതാക്കള്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ ആഗോള രാജ്യങ്ങളിലെ മതവൈവിധ്യങ്ങളെയും ആശയ വിവിധതകളെയും തുടച്ചുനീക്കുവാനുള്ള ആഗോള ജിഹാദിന്റെ ചെല്ലപ്പേരാണത്.
മത അധിനിവേശങ്ങള്‍ ലോകം മുഴുവന്‍ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഉണ്ടാക്കിയതാണ് ഇന്‍തിഫാദയെ ആഗോളവല്‍ക്കരിക്കുക (Globalise Intifada) എന്ന മുദ്രാവാക്യം. ഓരോ പ്രദേശങ്ങളിലും ഇതിന് ഓരോ മാനമാണ്. ഇസ്രായേലില്‍ സയണിസം എന്ന പേരില്‍ ജൂതരെ എതിര്‍ക്കുന്നു. ഭാരതത്തില്‍ ഹിന്ദുത്വ എന്ന പേര് നല്‍കി ഹൈന്ദവ ജനതയെയാണ് അവര്‍ ലക്ഷ്യമാക്കിയിട്ടുള്ളത്. ആഗോളതലത്തില്‍ അമേരിക്ക എന്ന ഓമനപ്പേരില്‍ ക്രൈസ്തവ സമൂഹത്തെയും ലക്ഷ്യമിട്ടിരിക്കുന്നു. ആയതിനാല്‍ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിന് എസ്എഫ്‌ഐയുടെ പങ്കാളിത്തത്തോടുകൂടി ഇന്‍തിഫാദ എന്ന നാമം നല്‍കിയത് നിഷ്‌കളങ്കമായ ഒരു കാര്യമായി കാണുവാന്‍ സാധിക്കില്ല. ഇന്‍തിഫാദയെ നിസ്സാരവല്‍ക്കരിക്കുന്നതും സാമാന്യവല്‍ക്കരിക്കുന്നതും മഹത്വവല്‍ക്കരിക്കുന്നതും അതിനെ കേരളത്തിലെ സാധാരണ കാര്യമാക്കി മാറ്റുന്നതിനാണ്. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതുവരെ ഇന്ത്യന്‍ ആര്‍മിക്കെതിരെ കല്ലെറിയുന്നതും കാശ്മീരില്‍ ബോംബിടുന്നതും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി ഉപദ്രവിക്കുന്നതും ഒരു പതിവായിരുന്നു. ‘ഇന്‍ഷാ അള്ളാ ഇന്‍തിഫാദ ഇന്‍ഖിലാബ് ഇന്‍തിഫാദ’ എന്ന് സിഐഎ സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് വിളിച്ച മുദ്രാവാക്യം കേരളത്തിലെ സാധാരണ മുദ്രാവാക്യമാക്കി മാറ്റുവാന്‍ ശ്രമിക്കുന്നു. ഇന്‍തിഫാദയുടെ സാമാന്യവല്‍ക്കരണവും മഹത്വവല്‍ക്കരണവും കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ മുന്‍പ് കാശ്മീരില്‍ ഉണ്ടായിരുന്ന സാമൂഹിക അന്തരീക്ഷത്തിന് സമാനമാക്കും. ഇടതുപക്ഷ ഭരണത്തിന്റെ പിന്‍ബലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമായി നടക്കുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിന് നല്‍കിയ പേര് ശക്തമായി എതിര്‍ക്കപ്പെട്ടു. നിയമവ്യവസ്ഥയ്ക്ക് മുന്നില്‍ ഇന്‍തിഫാദയെ എബിവിപി തുറന്നുകാട്ടിയപ്പോള്‍ ഇന്‍തിഫാദക്ക് തത്കാലം റിലീസ് നിഷേധിച്ചു.
പേര് ഒഴിവാക്കി റിലീസ് ചെയ്‌തെങ്കിലും കലാപത്തിന്റെ അരങ്ങിലാണ് കേരള യൂണിവേഴ്‌സിറ്റി കലോത്സവം അതിന്റെ പകുതി മുക്കാലും കടന്നുപോയത്. എസ്.എഫ്.ഐ യൂണിയനില്ലാത്ത കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇന്‍തിഫാദയുടെ ഇരകളായി. കലാപഭൂമിയില്‍ കാഫിറുകളായി കണക്കാക്കപ്പെട്ടവരെ പോലെ എസ്.എഫ്.ഐക്ക് യൂണിയന്‍ ഇല്ലാത്ത കലാലയങ്ങളില്‍ നിന്ന് കലോത്സവത്തില്‍ മത്സരിക്കാന്‍ വന്നവരും കലയെ ആസ്വദിക്കാന്‍ വന്നവരും വേട്ടയാടപ്പെട്ടു. വാളെടുത്ത് വേട്ടയാടുന്നതിനപ്പുറം മണിക്കൂറുകളോളം കലാപ്രതിഭകളെ വേദി കൊടുക്കാതെ ഉപദ്രവിച്ചു. മേക്കപ്പിട്ട് ഉറക്കം കളഞ്ഞ് കലയുടെ ആവിഷ്‌കാരത്തിന് വേണ്ടി കാത്തിരുന്നെങ്കിലും കലാപോത്സവത്തില്‍ അവര്‍ക്ക് വേദി നിഷേധിക്കപ്പെട്ടു. തങ്ങളുടെ യൂണിയനുള്ള ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ക്കും കോഴ തരുന്നവര്‍ക്കും ഒന്നാം സ്ഥാനം മുതല്‍ മൂന്നാം സ്ഥാനം വരെ വീതം വെക്കപ്പെട്ടു. അവര്‍ കലയെ വ്യഭിചരിക്കുവാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നടന്ന എംജി കലോത്സവത്തിലും വലിയ കോഴ ആരോപണങ്ങളാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ സര്‍വകലാശാല കലോത്സവങ്ങളുടെയെല്ലാം വിധി നിര്‍ണയം എസ്.എഫ്.ഐക്ക് തീറെഴുതപ്പെട്ട അവസ്ഥയാണ്. വര്‍ഷങ്ങളായി ഇത്തരം കലാപോത്സവം നടത്തുവാന്‍ സര്‍വ്വകലാശാല തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുവാനും നോമിനേഷന്‍ നല്‍കാന്‍ വരുന്ന വിദ്യാര്‍ത്ഥികളെ കൊല്ലാന്‍ പോലും ഇന്‍തിഫാദ മുഴക്കുന്നവര്‍ തയ്യാറാണ്. അവര്‍ക്ക് അപ്രമാദിത്യമുള്ള കലാലയങ്ങളാണ് ഇത്തരത്തില്‍ കലാപോത്സവം നടത്തുവാന്‍ തിരഞ്ഞെടുക്കുന്ന വേദികള്‍. കഴിഞ്ഞ വര്‍ഷം കേരള സര്‍വകലാശാല കലോത്സവം നടന്നത് മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത കൊല്ലം ശ്രീനാരായണ കലാലയത്തിലായിരുന്നു.
കലോത്സവ വേദികള്‍ കലാപഭൂമിയാക്കി അതിന്റെ മറവില്‍ നടക്കുന്ന കോഴ ഇടപാടുകള്‍ ചെറുതല്ല. ഒന്നാം സ്ഥാനത്തിന് ഒന്നര ലക്ഷം വരെ വാങ്ങുന്ന സര്‍വ്വകലാശാല യൂണിയന്‍ നേതാക്കള്‍ ഇന്‍തിഫാദ മുഴക്കി ഒരു ജീവന്റെ മരണമണി മുഴക്കിയത് കോഴ മേടിച്ചത് മറച്ചു പിടിക്കുവാനാണ്. സംഘാടകരായ എസ്.എഫ്.ഐ നേതാക്കള്‍ കോഴ മേടിച്ച ടീമിന് മാര്‍ഗ്ഗംകളിയില്‍ ഒന്നാം സ്ഥാനം കൊടുക്കാത്ത വിധികര്‍ത്താവിനെ യൂണിവേഴ്‌സിറ്റി കോളേജിന്റെ ഇടി മുറിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ആ മര്‍ദ്ദനമേറ്റ പാടുകളും മനസ്സിനേറ്റ മുറിവുമായാണ് ഒരു വിധികര്‍ത്താവ് ആത്മഹത്യ ചെയ്തത്. ഇതെല്ലാം സംഭവിച്ചിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുമ്പോള്‍ ഫെബ്രുവരി 26 ന് കാലാവധി അവസാനിച്ച യൂണിയന്‍ ഭാരവാഹികള്‍ യുവജനോത്സവം സംഘടിപ്പിച്ചത്. കലോത്സവം ഒരു കലാപോത്സവമായപ്പോള്‍ വൈസ് ചാന്‍സിലര്‍ക്ക് തിരശ്ശീലയിടേണ്ടി വന്നു. ഇന്‍തിഫാദ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഒരു കലോത്സവത്തെ കലാപോത്സവമാക്കിക്കൊണ്ട് ഒരു പറ്റം യുവ കലാകാരന്മാരുടെ സ്വപ്‌നങ്ങളും അവസരങ്ങളുമാണ് പൂര്‍ത്തിയാകാത്ത കലോത്സവത്തിലൂടെ നഷ്ടപ്പെട്ടത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാകവാഹകരാണെന്ന് സ്വയം കോളാമ്പിയിലൂടെ വിളിച്ച് പറഞ്ഞതിന് ശേഷം കലോത്സവവേദികളില്‍ കലാപാഹ്വാനം നടത്തുന്ന ഇക്കൂട്ടര്‍ ഇന്‍തിഫാദ മുഴക്കി ആരംഭിച്ച കലോത്സവം അശുഭകരമായി പര്യവസാനിച്ചിരിക്കുന്നു. കേരളത്തിന്റെ യുവജനോത്സവ ചരിത്രത്തില്‍ ഇനി ഒരു അറംപറ്റിയ ഇന്‍തിഫാദ ഉണ്ടാകാതിരിക്കട്ടെ.
(എബിവിപി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)