ഗാന്ധിജിയുടെ രാമന്, കോണ്‍ഗ്രസ്സിന്റെ രാമന്, ബി.ജെ.പി.യുടെ രാമന്, എന്റെയും നിങ്ങളുടെയും രാമന് എന്നിങ്ങനെ എല്ലാവര്ക്കും രാമനെയും രാമധര്‍മ്മത്തെയും വ്യാഖ്യാനിക്കാനും സ്വീകരിക്കാനും സ്വാതന്ത്ര്യമുണ്ട്. കാരണം, ഭാരതീയമായ ഒരാദര്‍ശവും സെമറ്റിക് രീതിയില്‍ സങ്കുചിതമല്ല. ഇത് ഇങ്ങനെയേ സ്വീകരിക്കാന്‍ പാടുള്ളൂ, അല്ലെങ്കില്‍ ശിക്ഷിക്കപ്പെടും, നരകത്തില്‍ പോകും തുടങ്ങിയ ഭീഷണികളോ വെല്ലുവിളികളോ ഇവിടെയില്ല. അത്തരം വികലവും പ്രാകൃതവുമായ വിശ്വാസങ്ങളും സങ്കുചിത മനോഭാവങ്ങളും ഇറക്കുമതിച്ചരക്കുകളാണ്. ദൈവസങ്കല്‍പ്പങ്ങളെ, മാര്‍ഗമെന്ന നിലയില്‍ മതങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഭാരതസംസ്കാരത്തിന്റെ ആണിക്കല്ലാണ്. അതില്‍ നിന്നാണ് ജനാധിപത്യം ഉരുത്തിരിഞ്ഞുവന്നത്. അത് യൂറോപ്യന്റെ കണ്ടുപിടുത്തമല്ലതന്നെ (ജനാധിപത്യമെന്നാല്‍ വിയോജിക്കുവാനുള്ള സ്വാതന്ത്ര്യമെന്നത് പാശ്ചാത്യപാഠമാണ്. നിഷേധാത്മകതയാണല്ലോ മുഖമുദ്ര). സ്വയം തെരഞ്ഞെടുക്കുന്നതാണ് ശരിയായ ജനാധിപത്യം! അതുകൊണ്ടുതന്നെ ആദര്ശപുരുഷന്മാരെയും അവനവനു വേണ്ടതരത്തില്‍ വ്യാഖ്യാനിച്ച് സ്വീകരിക്കാവുന്നതാണ്.
ഓരോരുത്തരും രാമനെ തന്റേതായ തരത്തില്‍ വ്യാഖ്യാനിക്കുന്ന കാര്യം അവിടെ നില്ക്കട്ടെ. രാമന്റെ വ്യക്തിത്വത്തിന്റെ അഥവാ ആദര്‍ശത്തിന്റെ അടയാളങ്ങള്‍ എന്തൊക്കെയാണ്?
രാമന് ആദ്യം മകനെന്ന നിലയില്‍ അച്ഛനമ്മമാരുടെ വാക്കുകള്‍ അനുസരിക്കുന്ന ഉത്തമപുത്രനാണ്. ലഭിച്ച അധികാരം ഉപേക്ഷിക്കുന്നത് പുത്രധര്‍മ്മം പാലിച്ചതിന്റെ ഭാഗമാണ്. ചോദ്യംചെയ്യാതെ അനുസരിക്കല്‍; തന്നേക്കഴിഞ്ഞും ലോക പരിചയമുള്ളവര്‍, തന്നെ പരിലാളിച്ചും പരിപാലിച്ചും വളര്‍ത്തിയവര്‍, സര്‍വ്വോപരി സത്യം പുലരണം എന്ന നിര്‍ബ്ബന്ധബുദ്ധി ഒക്കെയാണ് രാമനെ അച്ഛന്റെ വാക്കുകള്‍ അനുസരിക്കാന്‍ പ്രേരിപ്പിച്ചത്.
തന്റെ ഭാര്യയുടെ സുഖവും സന്തോഷവും എപ്പോഴും കാംക്ഷിച്ചത് ഭര്‍തൃധര്‍മ്മത്തിന്റെ ഭാഗമായിരുന്നു. ഭാര്യ എന്നനിലയില്‍ കൊട്ടാരത്തില്‍ കഴിഞ്ഞ അത്രയുംകാലം അനുഭവിച്ച സുഖം ലോകത്തില്‍ ഒരു ഭാര്യയും അനുഭവിച്ചിട്ടുണ്ടാവില്ല എന്ന് സീതതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവെന്നനിലയില്‍ ജീവിച്ച രാമനും ചരിത്രത്തിലുണ്ട്.
യാഗരക്ഷയ്ക്കു പോകുമ്പോള്‍ താടകയടക്കം പലരെയും രാമന് വധിക്കുന്നുണ്ട്. സ്ത്രീവധം ശരിയോ എന്ന് രാമന് സംശയിക്കുന്നുണ്ട്. അത്തരം വേളകളിലൊക്കെ വിശ്വാമിത്രന് ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്കുന്നു. സ്ത്രീധര്‍മ്മമോ സ്ത്രീഭാവമോ ഉള്ളവളല്ല താടക! സമൂഹത്തിന്റെ സ്വസ്ഥജീവിതത്തിന് ശല്യവും സാധാരണ മനുഷ്യര്‍ക്ക് അപകടവുമാണ് അവള് ജീവിച്ചിരിക്കുന്നത്. ‘അതിനാല്‍ രാമ, അവളെ വധിക്കൂ’ എന്നാണ് വിശ്വാമിത്രന് ഉപദേശിക്കുന്നത്. അവിടെ രാമന് ശരിയായ ഒരു ഗുരുവിന്റെ ശിഷ്യനാകുന്നു. ഗുരുവാക്യം അനുസരിക്കേണ്ടത് ജീവിതവിജയത്തിന് ആവശ്യമാണ്. അവിടെ ശിഷ്യധര്‍മ്മം പാലിക്കപ്പെടുന്നു. ഗുരുവാണ് മാര്‍ഗദര്‍ശി. കര്‍മ്മത്തില്‍ ശങ്കയുണ്ടായാല്‍ ശരിയായ വഴി ഗുരു കാണിച്ചുതരുന്നു. അത് സംശയംകൂടാതെ കര്‍മ്മത്തിലേക്കും വിജയത്തിലേക്കും നയിക്കുന്നു.
വനയാത്രയിലും രാവണനുമായുള്ള യുദ്ധത്തിലും തുടര്‍ന്നുള്ള ഭരണ നടത്തിപ്പിലും മറ്റും രാമന് രാജധര്‍മ്മമാണ് പാലിക്കുന്നത്. പലരെയും ശിക്ഷിക്കുന്നു, പലരെയും രക്ഷിക്കുന്നു എന്നൊക്കെയുള്ളത് ഭരണകര്‍ത്താവിന്റെ ഉത്തരവാദിത്തമാണ്. അവിടെ വ്യക്തിതാല്‍പ്പര്യത്തിനോ കുടുംബതാല്‍പ്പര്യത്തിനോ പ്രസക്തിയില്ല. രാജ്യതാല്‍പ്പര്യമാണ് രാജധര്‍മ്മം!
ഇതിനൊക്കെ ഇടയില്‍ മറ്റു ചില കാര്യങ്ങളും രാമന് അനുവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ‘ദളിതനായ’ ഗുഹന്റെ ആതിഥ്യം സ്വീകരിക്കുന്നു. വനവാസിയായ ശബരി കടിച്ചുനോക്കിയിട്ട് നല്കിയ പഴങ്ങള്‍ കഴിക്കുന്നു. രാവണനിഗ്രഹശേഷം വിഭീഷണനെക്കൊണ്ട് മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നു. അയോദ്ധ്യയിലെത്തിയ വാനരപ്പടയ്ക്ക് വിശിഷ്ടഭോജ്യങ്ങള്‍ നല്കി സന്തോഷിപ്പിക്കുന്നു. ഇതൊക്കെ മാനവധര്‍മ്മം എന്ന നിലയ്ക്കാണ് കണക്കാക്കുന്നത്.
ഇങ്ങനെ സമഗ്രവ്യക്തിത്വത്തിന് ഉടമയാണ് രാമന് എന്ന് വാല്മീകി നമ്മെ ബോധ്യപ്പെടുത്തുന്നു. അനുസരണയുള്ള മകന്, സൗമ്യനായ രാജകുമാരന്, മിടുക്കനായ ഭര്‍ത്താവ്, കരുത്തനായ യോദ്ധാവ്, ക്രുദ്ധനായ പോരാളി, ധര്‍മ്മിഷ്ഠനായ ഭരണാധികാരി ഒക്കെയാണ് രാമന്! ഇതില്‍ ഏത് ആദര്‍ശവും നമുക്കു സ്വീകരിക്കാം. അംശമായോ പൂര്‍ണമായോ പിന്തുടരാം. അംശത്തെ പിന്തുടരുന്നവര് അതുമാത്രമാണ് രാമന് എന്നു പറയുമ്പോള്‍ തന്റെ സങ്കുചിതത്വത്തിലേക്ക് രാമനെ അഥവാ ആദര്‍ശത്തെ ചുരുക്കുകയാണ് ചെയ്യുന്നത്. അത് രാമന്റെ കുറ്റമല്ല, നമ്മുടെ കാഴ്ചയുടെ പ്രശ്നമാണ്.
ഇവിടെയാണ് അയോധ്യയില്‍ പ്രതിഷ്ഠിക്കപ്പെട്ട രാമന് ഗാന്ധിജിയുടെയാണോ കോണ്‍ഗ്രസ്സിന്റെയാണോ ബി.ജെ.പി.യുടെയാണോ എന്ന തര്‍ക്കമുയരുന്നത്. സത്യത്തില്‍ തര്‍ക്കത്തിനു പ്രസക്തിയില്ലതന്നെ. തര്‍ക്കമുന്നയിച്ചവരുടെ വിവരമില്ലായ്മയും കാപട്യവുമാണ് അത് വെളിവാക്കുന്നത്.
ഗാന്ധിജി രാമനെ രണ്ടുതരത്തിലാണ് ഉള്‍ക്കൊണ്ടിട്ടുള്ളത് എന്നാണ് തോന്നിയിട്ടുള്ളത്. ഒന്ന്, ധര്‍മ്മിഷ്ഠനായ ഭരണാധികാരി, മറ്റൊന്ന്, ആരാധ്യനായ ഈശ്വരന്! എപ്പോഴും രാമനാമം ഉരുവിടുന്ന ആളായിരുന്നു ഗാന്ധിജി. ഒരിക്കല്‍ കല്‍ക്കത്തയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘നിങ്ങളില്‍ ഭൂരിഭാഗവും കല്‍ക്കത്തയിലെ തൊഴിലാളികളാണെന്നു തോന്നുന്നു. നിങ്ങള്‍ സാധാരണക്കാരായ ആളുകളാണ്. നിങ്ങള്‍ നിഷ്ക്കളങ്കരും നല്ലവരും സത്യസന്ധരും ആയിത്തന്നെയിരിക്കണം. അതേസമയം നിങ്ങളുടെ സാധുക്കളായ സഹോദരീസഹോദരന്മാരെ സഹായിക്കാനും നിങ്ങളുടെ രാജ്യത്തിനു സ്വരാജ്യം കൈവരുത്തുവാനും നിങ്ങള്‍ ശ്രമിക്കണം. നിങ്ങളെല്ലാവരും ഖാദി ധരിക്കണം. നിങ്ങളുടെ വീടുകളില്‍നിന്നകന്നു കല്‍ക്കത്തയില്‍ താമസിക്കുന്നവരായ നിങ്ങള്‍ മദ്യപാനം ചെയ്യരുത്. ശുദ്ധമായ ഒരു ജീവിതം നയിക്കണം. എല്ലാത്തിനും ഉപരിയായി സത്യസന്ധരാകാന്‍ ശ്രമിക്കുക. രാമനാമം ജപിക്കുക. രാമനാമം ഉച്ചരിക്കാന്‍ ഒരിക്കലും മറക്കാതിരിക്കുക.’
(മഹാത്മാഗാന്ധി – 100 വര്‍ഷങ്ങള്‍, പുറം 48).
1947 ജൂലായ് 27ന് പൂനയിലെ വല്‍ജി ദേശായിക്ക് എഴുതിയ കത്തില്‍ അദ്ദേഹം വിശദീകരിച്ചത്, ”എന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ ദൈവം നൂറ്റിഇരുപത്തഞ്ചല്ല, നൂറ്റിയമ്പതു കൊല്ലം ജീവിക്കാന്‍ എന്നെ അനുവദിക്കും; അതു വേണ്ടെന്നാണെങ്കില്‍ ഒട്ടും നീട്ടിക്കിട്ടുകയുമില്ല. അദ്ദേഹം ഇന്നുതന്നെ കൊണ്ടുപോയേക്കാം. രാമന് ഇച്ഛിക്കുന്നതുപോലെ ജീവിക്കണം.”
വിഭജനാനന്തരമുള്ള കലാപങ്ങള്‍ക്കു നടുവില്‍ നിന്നുകൊണ്ട് ഗാന്ധിജി പറഞ്ഞത്, ‘ഞാന്‍ രാമനെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുകയാണ്’ എന്നാണ്. ഘനശ്യാം ദാസ് ബിര്‍ള സാക്ഷ്യപ്പെടുത്തുന്നത്, ഗാന്ധിജി എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും കോട്ടുവായ ഇടുമ്പോഴും ‘രാമ, രാമ’ എന്നു ജപിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്നാണ്.
1948 ജനുവരി 25ന് ഗാന്ധിജി പറഞ്ഞു, ‘ആരെങ്കിലും എന്നെ വധിച്ചാലും എന്റെ ഹൃദയത്തില്‍ അവരോട് യാതൊരു ദേഷ്യവുമുണ്ടായിരിക്കില്ല. ചുണ്ടില്‍ രാമനാമവുമായി ഞാന്‍ മരിക്കും.’ ഈ പ്രസ്താവനയാണ്, ഗാന്ധിജി വെടിയേറ്റു വീണപ്പോള്‍ ‘ഹേ റാം’ എന്നു വിളിച്ചു എന്നു പ്രചരിപ്പിക്കാന്‍ കാരണം. വാസ്തവത്തില്‍ മരണസമയത്ത് ഒന്നു ഞരങ്ങുകകൂടി ചെയ്തിട്ടില്ല എന്നാണ് ദീര്‍ഘകാലം അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന വി.കല്യാണം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. വെടിയേല്‍ക്കുന്ന സമയത്ത് കല്യാണം ഗാന്ധിജിയുടെ തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നു.
ദു:ഖം വരുമ്പോള്‍, പരാജയങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍, ദുരന്തങ്ങള്‍ നേരില്‍ക്കാണുമ്പോള്‍, ഇരകള്‍ സങ്കടം വിവരിക്കുമ്പോള്‍ ഒക്കെ സ്വയം രാമനാമം ഉരുവിടുകയും മറ്റുള്ളവര്‍ക്ക് ഉപദേശിക്കുകയും ചെയ്തു. നവഖാലിയിലെ ഹിന്ദു കൂട്ടക്കൊലയും, പിന്നീട് വിഭജനാനന്തരം ഉണ്ടായ കലാപങ്ങളും എല്ലാം കണ്ടപ്പോള്‍ അദ്ദേഹം രാമനാമത്തെ ആശ്രയിക്കാനാണ് ഉപദേശിച്ചത്.
ഗാന്ധിജിയുടെ രണ്ടാമത്തെ രാമന് ധര്‍മ്മിഷ്ഠനായ രാജാവായിരുന്നു. സാമൂഹിക ജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെയും മാതൃകയായിട്ടാണ് ഗാന്ധിജി രാമഭരണത്തെ കണ്ടത്. അതുകൊണ്ടാണ് തന്റെ സങ്കല്‍പ്പത്തിലുള്ള മാതൃകാഭരണത്തെ രാമരാജ്യമെന്നു വിശേഷിപ്പിച്ചത്. ദശരഥന് രാമനെ യുവരാജാവായി അഭിഷേകംചെയ്യാന്‍ തീരുമാനിച്ചു. ആ വിവരം രാമനെ വിളിച്ചുവരുത്തി അറിയിച്ചു. ഉടന്‍തന്നെ രാമന് അമ്മ കൗസല്യയുടെ അടുത്തെത്തി പറഞ്ഞതിങ്ങനെയായിരുന്നു, ‘അച്ഛന് എന്നെ ജനങ്ങളെ സേവിക്കുന്ന ജോലി ഏല്‍പ്പിച്ചിരിക്കുന്നു’ എന്നായിരുന്നു. ഭരണമെന്നാല്‍ ജനസേവനമെന്നാണ് രാമരാജ്യ സങ്കല്‍പ്പം. അതിനെ കണക്കിലെടുത്താണ് സ്വരാജ്യം രാമരാജ്യമായിരിക്കണമെന്ന് ഗാന്ധിജി പ്രഖ്യാപിച്ചത്. അതായത്, ഗാന്ധിജിയുടെ രാമന് ഈശ്വരനും ഒപ്പം സല്‍ഭരണത്തിന്റെ ഉദാത്ത മാതൃകയുമായിരുന്നു! അതിനര്‍ത്ഥം രാമന്റെ മറ്റു ഭാവങ്ങളൊന്നും ഇല്ല എന്നല്ല. ഗാന്ധിജിക്ക് ഈ രണ്ട് ആദര്ശങ്ങളായിരുന്നു ആവശ്യം, അതെടുത്തു.
തന്റെ രാമന് ഗാന്ധിജിയുടെ രാമനാണെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ്-കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഈ രണ്ട് ആദര്‍ശങ്ങളെങ്കിലും അംഗീകരിക്കുമോ? രാഷ്ട്രീയ-ഭരണ രംഗത്ത് ധര്‍മ്മത്തിന്റെ അടിസ്ഥാനവും വ്യക്തി എന്ന നിലയ്ക്ക് രാമനാമവും? അങ്ങനെ അംഗീകരിച്ചിരുന്നുവെങ്കില്‍ ആറര പതിറ്റാണ്ട് നമുക്ക് നഷ്ടമാകുമായിരുന്നില്ല. ധാര്‍മ്മികമൂല്യങ്ങള്‍ നിഷേധിക്കുന്ന തലമുറ ഉണ്ടാകുമായിരുന്നില്ല. സ്വദേശത്തെ ഒറ്റുകൊടുക്കുന്ന ദേശദ്രോഹികള്‍ വളരുമായിരുന്നില്ല. രാജ്യസുരക്ഷ അപകടത്തില്‍ പെടുമായിരുന്നില്ല. ദാരിദ്ര്യരേഖ വരയ്ക്കേണ്ടി വരുമായിരുന്നില്ല. ഗാന്ധിജിയുടെ രാമനെ പേറി നടക്കുന്നു എന്നു മേനി നടിക്കുന്നവര്‍ ഇത്രയുമെങ്കിലും അംഗീകരിക്കേണ്ടതുണ്ട്!