ജവഹര്‍ലാല്‍ നെഹ്രുവിന്റെ അധികാരമോഹം 1947ലെ ഭാരത വിഭജനത്തിന് വഴിതെളിച്ചു. ഭാരതം വിഭജിക്കപ്പെട്ടാലും തനിക്ക് പ്രധാനമന്ത്രി പദം കിട്ടിയാല്‍ മതിയെന്നതായിരുന്നു ആ മഹാന്റെ ഉള്ളിലിരിപ്പ്. ഇന്ന് നെഹ്രുവിന്റെ കൊച്ചുമകന്‍ രാഹുലിന്റെ ഉള്ളിലിരുപ്പും വ്യത്യസ്ഥമല്ല. രാജ്യം വീണ്ടും വിഭജിക്കപ്പെട്ടാലും എവിടെയെങ്കിലും അധികാരക്കസേര കിട്ടിയാല്‍ മതിയെന്ന ഗതികെട്ട മാനസികാവസ്ഥയിലാണ് അദ്ദേഹം. (ആസ്‌ട്രേലിയയില്‍ ഓരോ സംസ്ഥാനത്തിനും പ്രത്യേക പ്രധാനമന്ത്രിമാരുള്ളതിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പുതിയ സാദ്ധ്യതകള്‍ തേടി രാഹുലിനെ സഹായിക്കാന്‍ ഡോ. ശശി തരൂരിനെ പോലുള്ളവരും സോണിയയുടെ കൊട്ടാരത്തില്‍ തമ്പടിച്ചിട്ടുണ്ട്!) കൂട്ടുകക്ഷികളായ കമ്യൂണിസ്റ്റുകള്‍ സ്വതന്ത്രഭാരതത്തെ തുടക്കത്തില്‍ തന്നെ പതിനഞ്ചിലധികമായി മുറിച്ചു മാറ്റണമെന്ന പക്ഷക്കാരായിരുന്നു. അങ്ങനെ മുറിച്ചു മാറ്റുന്ന പ്രദേശങ്ങളില്‍ ചിലയിടങ്ങളൊക്കെ കമ്യൂണിസ്റ്റ് സംഘടനാ ശക്തി ഉപയോഗിച്ച് പിടിച്ചടക്കുക. അങ്ങനെ പിടിച്ചെടുക്കുന്ന ഇടങ്ങള്‍ കേന്ദ്രീകരിച്ച് സോവിയറ്റ്/ചൈനീസ് ഭരണകൂടങ്ങളുടെ സഹായം സ്വീകരിച്ച് ബാക്കിയിടങ്ങളും കൂട്ടിച്ചേര്‍ക്കുക. അതായിരുന്നു, ചൈനയില്‍ മാവോ പ്രയോഗിച്ച ഗ്രാമങ്ങളിലൂടെ പട്ടണങ്ങളെ വളഞ്ഞു പിടിക്കുകയെന്ന രണതന്ത്രത്തെ പരിഷ്‌കരിച്ച് ഭാരതത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി മെനഞ്ഞെടുത്ത കുതന്ത്രം. ചുരുക്കത്തില്‍ ഭാരതം പലതായി വെട്ടിമുറിക്കുകയെന്നതായിരുന്നു സഖാക്കളുടെ ‘അടവുനയവും’ ‘പാര്‍ട്ടി പരിപാടിയും’. കേരളത്തിലെ മുസ്ലീം ലീഗുള്‍പ്പടെ ഭാരതത്തില്‍ അവശേഷിച്ച മുസ്ലീം വര്‍ഗീയ ശക്തികളുടെ ലക്ഷ്യവും ഈ രാജ്യത്തെ വീണ്ടും വിഭജിക്കുകയെന്നതായിരുന്നു എന്നതില്‍ സംശയമില്ല. തമിഴ്‌നാട്ടിലെ ഡി.എം.കെ. പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും വിഘടനവാദത്തോടായിരുന്നു പ്രതിബദ്ധത.
അത്തരത്തില്‍ വിഘടനവാദങ്ങളുടെ പാരമ്പര്യം പേറുന്ന വര്‍ത്തമാനകാല രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് 2014 മുതല്‍ ‘ശനിദശ’ ആരംഭിച്ചു. ദേശീയ ജനാധിപത്യ ശക്തികള്‍ നരേന്ദ്ര മോദിയിലൂടെ ‘ഏക ഭാരതം ശ്രേഷ്ഠഭാരതം’ എന്ന ലക്ഷ്യത്തോടെ മുന്നോട്ട് കുതിക്കുന്നത് കണ്ടതോടെ വിഘടനവാദികള്‍ക്കും വിഘടിച്ചാലും എവിടെയെങ്കിലും തനിക്കും അധികാരം കിട്ടിയാല്‍ മതിയെന്ന മോഹം ഉള്ളിലൊളിപ്പിക്കുന്ന രാഹുലിനെപ്പോലുള്ളവര്‍ക്കും ഒന്നിച്ചു നിന്നൊന്ന് പൊരുതി നോക്കുക എന്ന ഗതികെട്ട വഴി മാത്രം ബാക്കിയായി. അതാണ് സോണിയയും രാഹുലും യച്ചൂരിയും സ്റ്റാലിനും മദനിയും ഒവൈസിയും കുഞ്ഞാലിക്കുട്ടിയും എല്ലാം ഒന്നിച്ചു ചേര്‍ന്ന് ഹിന്ദുവിരുദ്ധ വര്‍ഗീയതയില്‍ അടിസ്ഥാനപ്പെടുത്തിയ ദേശവിരുദ്ധ രാഷ്ട്രീയം രഹസ്യ അജണ്ടയാക്കി ഭാരത രാഷ്ട്രീയത്തില്‍ ഒരു അവിഹിത കൂട്ടായ്മ തട്ടിക്കൂട്ടിയതിന്റെ പശ്ചാത്തലം. ഭാരതത്തിന് അകത്തും പുറത്തുമുള്ള ഇസ്ലാമിക തീവ്രവാദശക്തികളും കമ്യൂണിസ്റ്റ് അരാജകത്വവാദികളും പാശ്ചാത്യ മതപരിവര്‍ത്തന ശക്തികളും ആ കൂട്ടായ്മക്ക് ശക്തി പകരാന്‍ കട്ടയ്ക്ക് കൂട്ടിനുമുണ്ട്. ഭാരതത്തിനുള്ളിലെ ആ കൂട്ടുകെട്ടിന്റെ കടിഞ്ഞാണ്‍ കയ്യിലെടുത്തുകൊണ്ട്, സ്വന്തം സ്ഥാപിത താത്പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യം വെച്ച്, ചൈനയും പാക്കിസ്ഥാനും പാശ്ചാത്യ ശക്തികളും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍, അതിര്‍ത്തിക്കു പുറത്തുനിന്ന് കരുക്കളെറിയുന്നൂ; കാശെറിയുന്നു. അത്തരം ഒരു പശ്ചാത്തലത്തിലാണ് ‘ഭാരത് തേരീ ടുക്ക്‌ടേ ഹോംഗേ ഇന്‍ഷാ അള്ളാ ഇന്‍ഷാ അള്ളാ’ മുദ്രാവാക്യങ്ങളുമായി ജെഎന്‍യുവിലെ രാഷ്ട്രവിരുദ്ധ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു കൂടിയതും അവര്‍ക്ക് ആവേശം പകരാന്‍ രാഹുലും കൂട്ടരും അവിടെയെത്തിയതും. അതിനു പിന്നാലെ, ആ കൂട്ടായ്മ, അസ്വീകാര്യങ്ങളായ പല വിഷയങ്ങളുമുയര്‍ത്തി ആന്തരിക സംഘര്‍ഷത്തിന് വഴിയൊരുക്കാന്‍ ആവേശം കാട്ടിയതും ഭാരതം കണ്ടു. അതേ വിധ്വംസക ശക്തികളുടെ രാഷ്ട്രീയ പക്ഷം ഒന്നായി നിന്ന് ദേശീയപക്ഷത്തെ പരാജയപ്പെടുത്തി ഭാരത ഭരണം കയ്യടക്കാന്‍ തട്ടിക്കൂട്ടിയ അവിഹിത മുന്നണിയാണ് ഐഎന്‍ഡിഐഎ
ഐഎന്‍ഡിഐഎയുടെ തനിനിറം തിരിച്ചറിഞ്ഞ പൊതുജനം രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തിസ്ഘഡിലും സോണിയാ രാഹുല്‍ പ്രിയങ്കാ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തി നരേന്ദ്ര ദാമോദര്‍ ദാസ് മോദി നയിക്കുന്ന ഭാരതപക്ഷത്തോടൊപ്പമാണ് തങ്ങളെന്ന സംശയരഹിതമായ സന്ദേശമാണ് നല്‍കിയത്. തിരഞ്ഞെടുപ്പുകളുടെ ഫലം വന്നു തുടങ്ങിയ ഉടനെ രാഹുലിന്റെ പക്ഷം ആ സംസ്ഥാനങ്ങളിലെ പൊതുജനങ്ങള്‍ക്കെതിരെ വെല്ലുവിളികളുയര്‍ത്തുകയാണ്. ഭാരതത്തെ വടക്കും തെക്കുമായി വെട്ടി മുറിച്ച് ‘കട്ടിംഗ് സൗത്ത്’ അജണ്ട ഉയര്‍ത്തുന്നവരുടെ വഴിയിലൂടെയാണ് അവരുടെ യാത്ര.
രാഹുല്‍ ഉള്‍പ്പെടെ ഉയര്‍ത്തിയ തെക്കു വടക്ക് തിരിക്കലിന്റെ തലതിരിഞ്ഞ രാഷ്ട്രീയം വിശകലനം ചെയ്യുമ്പോള്‍ ചില സ്വാഭാവിക ചോദ്യങ്ങളുയരും. 1) രാഷ്ട്രീയമായും സാംസാംസ്‌കാരികമായും തെക്കും വടക്കും തമ്മില്‍ പ്രകടമോ പരോക്ഷമോ ആയ വിടവുണ്ടോ? 2) അങ്ങനെയെങ്കില്‍ രാജീവിനെ വധിച്ച എല്‍ടിടിഇ തീവ്രവാദികളോട് കരുണാനിധിയുടെ ഡി.എം.കെ. (ഇപ്പോള്‍ സോണിയാ കോണ്‍ഗ്രസ്സിന്റെ കൂട്ടുകക്ഷി!) ചങ്ങാത്തത്തിലായിരുന്നപ്പോഴും കേരളീയരും കര്‍ണ്ണാടകക്കാരും ആന്ധ്രാ പ്രദേശുകാരും തമിഴ്‌നാട്ടില്‍ തന്നെ മറ്റുള്ളവരും രാജീവ് ഘാതകരെ ശത്രുക്കളായി കാണുന്നതില്‍ എന്തെങ്കിലും അലംഭാവം കാട്ടിയിട്ടുണ്ടോ? 3) ഡി.എം.കെയും സമാനചിന്തക്കാരും അടങ്ങുന്ന തമിഴ് നാട്ടിലെ ഒരു വിഭാഗം ഹിന്ദിക്കെതിരെ വിവരം കെട്ട വെറുപ്പ് പടര്‍ത്തുമ്പോഴും മലയാളം തെലുഗ് കന്നട ഭാഷികളായവര്‍ അന്ധമായ ഹിന്ദിവിരോധവുമായി തെരുവിലിറങ്ങുന്നുണ്ടോ? 4) ഹിന്ദുവിരോധം കൊണ്ട് അന്ധരാണ് ഡി.എം.കെ. എന്നിരിക്കെത്തന്നെ അവരുടെ അണികളും ബാക്കി തമിഴ് ജനതയും കേരളത്തിലെയും കര്‍ണ്ണാടകയിലെയും തെലുങ്കുദേശത്തിലെയും ആന്ധ്രാപ്രദേശിലേയും ബഹുഭൂരിപക്ഷം വരുന്ന ജനത ഹിന്ദുമതത്തെയും ഹിന്ദുസംസ്‌കാരത്തെയും മറ്റു ഭാരതീയരെ പോലെ തന്നെ ഹൃദയത്തിലേറ്റിയല്ലേ ജീവിക്കുന്നത്?
ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ തെക്കും വടക്കും പ്രദേശങ്ങളില്‍ സാംസ്‌കാരികവും മതപരവുമായ ഒരു വിടവുമില്ലായെന്നത് പ്രകടമാകുമ്പോഴാണ് രാഷ്ട്രീയമായ വിടവ് സൃഷ്ടിച്ചെടുക്കാന്‍ രാഹുല്‍ കോണ്‍ഗ്രസ്സും ഡിഎംകെയും ഉള്ളിലൊളിപ്പിച്ചിരുന്ന വിഘടനവാദം പുറത്തെടുത്ത് പുരപ്പുറത്തു കയറി നിന്ന് പുലഭ്യം പറയുന്നത്. ഡിഎംകെ ലോകസഭാംഗം സെന്തില്‍ കുമാര്‍ ഭാരതീയ ജനാധിപത്യ പാര്‍ട്ടിയ്ക്ക് വിജയം സമ്മാനിച്ച ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ‘ഗോമൂത്ര പ്രദേശങ്ങള്‍’ എന്ന് പറഞ്ഞ് അധിക്ഷേപിക്കാന്‍ ശ്രമിച്ചത് ആ വ്യക്തി പിന്തുടരുന്ന വികല സംസ്‌കാരത്തെയാണ് പ്രകടമാക്കുന്നത്. ആ വിഷയത്തിലും ചില ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയരും. 1) അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ മുന്‍ കാല പ്രവര്‍ത്തകനും ഇപ്പോള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് തെലുങ്ക് ദേശത്തെ മുഖ്യമന്ത്രിയാകുവാന്‍ സോണിയാ കുടുംബത്താല്‍ നിയോഗപ്പെടുത്തുകയും ചെയ്ത രേവന്ത് റെഡ്ഢി നവംബര്‍ 30 തിരഞ്ഞെടുപ്പിന് മുമ്പ് ഗോപൂജ നടത്തുകയും ഗോമാതാവിന് പ്രദക്ഷിണം ചെയ്യുകയും ഗോമാതാവിനെ തൊട്ടു തൊഴുകയും മറ്റും ചെയ്ത് അനുഗ്രഹം തേടുകയും ചെയ്തു. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തെ തിരഞ്ഞെടുത്ത തെലുങ്കാനയും ഗോമൂത്ര പ്രദേശമാകുമോ? 2) പുതുശ്ശേരിയില്‍ ബിജെപി ഭരണത്തിലുണ്ട്; കര്‍ണ്ണാടക സംസ്ഥാന പല തവണ ഭാരതീയ ജനതാ പാര്‍ട്ടി ഭരിച്ചു. അവിടമൊക്ക ഗോമൂത്ര പ്രദേശങ്ങളാണോ? 3) കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശും ഗോമൂത്ര പ്രദേശമാണോ? 4) കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്ത് രാജസ്ഥാനും ഛത്തീസ്ഗഡും മദ്ധ്യപ്രദേശുമൊക്കെ ഗോമൂത്ര പ്രദേശങ്ങളല്ലായിരുന്നോ?
ഗോവധത്തിന് എതിരു നില്‍ക്കുന്നതിന്റെ പേരില്‍ ഹിന്ദു സമാജത്തെ അവഹേളിക്കുന്നതിലും കടന്നാക്രമിക്കുന്നതിലും കൂടി അവര്‍ പിന്തുണയ്ക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെയും മതപരിവര്‍ത്തന ശക്തികളുടെയും വര്‍ഗീയതയുട രാഷ്ട്രീയത്തിന്റെ തനിനിറം കാണിക്കുന്ന രാഹുലിന്റെ രാഷ്ട്രീയ മുന്നണിയായ ഐഎന്‍ഡിഐഎ, ഉത്തരം പറയാന്‍ ചോദ്യങ്ങള്‍ നിരവധി ഇനിയും ബാക്കിയുണ്ട്. 1) പശുവിനെ വളര്‍ത്തുന്നവരും തിന്നരുതെന്നു പറയുന്നവരും വെറുക്കപ്പടേണ്ടവരാണെങ്കില്‍ പട്ടിയെ വളര്‍ത്തുന്നവരും പട്ടിയിറച്ചി തിന്നാത്തവരും പന്നിയെ തിന്നരുതെന്ന് പറയുന്നവരുമൊക്കെ ഏതു മാനദണ്ഡം വെച്ചാണ് ആരാധിക്കപ്പെടേണ്ടവരായി മാറുന്നത്? 2) പശുവിനെ തിന്നാത്തവരുടെ തലയില്‍ ചാണകവും അവര്‍ കുടിക്കുന്നത് ഗോമൂത്രവുമാണെന്നൊക്കെ പരിഹസിക്കുന്നവര്‍ പട്ടിയിറച്ചിയോ പന്നിറച്ചിയോ തിന്നാത്തവരുടെ തലകളില്‍ പട്ടിക്കാഷ്ടവും പന്നിക്കാഷ്ടവുമൊക്കെ ആണെന്ന് പറയാന്‍ ഭയപ്പെടുന്നതെന്തുകൊണ്ടാണ്? 3) മഹാത്മജി ഗോ വധത്തിനെതിരായിരുന്നു. ക്യൂബയിലെ ഫിഡല്‍ കാസ്‌ട്രോയുടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഗോവധം നിരോധിച്ചിരുന്നു. ഗാന്ധിജിയെയും ഫിഡല്‍ കാസ്‌ട്രോയെയുമൊക്കെ ഗോമൂത്രത്തിന്റെയും ചാണകത്തിന്റെയും ഉപാസകന്മാരായിട്ടാണോഐഎന്‍ഡിഐഎയുടെ ചരിത്ര വീക്ഷണം? 4) ഹിന്ദുക്കള്‍ ഗോവിനെ മാതാവായി കാണുന്നതുകൊണ്ട് തമിഴ്‌നാടു ഭരിക്കുന്ന ഡിഎംകെ ഭരണകൂടം അവിടെ പൊങ്കലിനൊപ്പം നടക്കുന്ന മാട്ടുപ്പൊങ്കല്‍ നിരോധിക്കുമോ? 5) തിരുപ്പതിയില്‍ ‘നന്ദിനി’ എന്ന ബ്രാന്‍ഡ് നെയിമില്‍ ഗോമൂത്രം വിതരണം ചെയ്യുന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെടുമോ?
ഹിന്ദു മതത്തെയും (സനാതന ധര്‍മ്മം) സമൂഹത്തെയും തകര്‍ക്കാനും ഉന്മൂലനം ചെയ്യുന്നതിനും രാഷ്ട്രീയ ദല്ലാള്‍പണി ഏറ്റെടുക്കുന്നതിലൂടെ ‘ഐഎന്‍ഡിഅയ്യേ’ മുന്നണിക്ക് ഭാരതഭരണം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെങ്കില്‍ അവരുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടു കഴിഞ്ഞുയെന്നതിന്റെ പ്രകടമായ സൂചനകളാണ് മദ്ധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും നല്‍കി കഴിഞ്ഞത്. ഇസ്ലാമിക മതമൗലികവാദത്തിന്റെ സംരക്ഷണത്തിന് സോണിയാ കോണ്‍ഗ്രസ്സിനോടൊപ്പം നില്‍ക്കണമെന്ന സന്ദേശം ഭാരതത്തിന്റെ അതിര്‍ത്തിക്കു പുറത്തു നിന്ന് കര്‍ണ്ണാടകയിലെത്തിയതിന്റെ ഫലമായി ജനതാദള്‍ യുണൈറ്റഡിനൊപ്പം നിന്നിരുന്ന ഇസ്ലാം വര്‍ഗീയവാദികളുടെ വോട്ടുബാങ്കും കൂടി അവിടെ കോണ്‍ഗ്രസ്സിനു ലഭിച്ചിട്ടുണ്ടാകണം. കര്‍ണ്ണാടകം താത്കാലികമായി കോണ്‍ഗ്രസ്സ് ഭരണത്തിലായി. അതേ ശൈലിയില്‍ തെലുങ്കാനയില്‍ ഒവൈസിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ എ.ഐ.എം.എം. ജയിക്കാനിടയുള്ളിടത്ത് അവരോടൊപ്പം നിന്നപ്പോള്‍ തന്നെ ബാക്കി മണ്ഡലങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ ബിആര്‍എസ്സിന് ഒപ്പം നിന്നിരുന്ന ഇസ്ലാമിക വോട്ടു ബാങ്ക് കളം മാറി കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നു. കൂടാതെ വിജയിക്കുവാനുള്ള ഭൂരിപക്ഷമില്ലെങ്കില്‍ പോലും നാല്‍പ്പതോളം മണ്ഡലങ്ങളില്‍ ഫലങ്ങള്‍ നിര്‍ണ്ണയിക്കുവാനുള്ള കെല്‍പ്പ് ഞങ്ങള്‍ക്കുണ്ടെന്ന അവകാശവാദം നടത്തി വോട്ടു കച്ചവടം ഉറപ്പിച്ച കൃസ്ത്യന്‍ മത പരിവര്‍ത്തനവാദികളും കോണ്‍ഗ്രസ്സിന് സഹായകരമായ നിലപാടെടുത്തു. അതൊക്കെ കര്‍ണ്ണാടകയിലെയും തെലുങ്കാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും ചെയ്തു. പക്ഷേ, ജാതിക്കും മതത്തിനും അതീതമായി രാഷ്ട്ര ഹിതത്തോടൊപ്പം എന്ന സകാരാത്മക രാഷ്ട്രീയ വീക്ഷണമുള്ള ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും എല്ലാം ചേര്‍ന്ന് വികസനത്തിന്റെ ലക്ഷ്യത്തിലേക്ക് ഭാരതത്തെ നയിക്കുന്ന ദേശീയതയുടെ രാഷ്ട്രീയ ശക്തികളോടൊപ്പം ചേരുന്നതായിരിക്കും 2024 ലോക സഭാ തിരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്ന പൂരം.
ഹിന്ദുവിരുദ്ധ വര്‍ഗീയതയിലൂടെ ദേശവിരുദ്ധ രാഷ്ട്രീയം ലക്ഷ്യമിടുന്ന ഭാരതത്തിനുള്ളിലും പുറത്തുമായി കൈകോര്‍ത്തു നില്‍ക്കുന്ന രാഷ്ട്രവിരുദ്ധ ശക്തികളേ ‘തെക്കോട്ടെടുക്കൂയെന്ന’ വിധി പ്രഖ്യാപിക്കുന്നത് തെക്കും വടക്കും പടിഞ്ഞാറും കിഴക്കും എല്ലാം വ്യാപിച്ചു കിടക്കുന്ന, സര്‍വ്വധര്‍മ്മങ്ങളെയും പിന്തുടരുന്ന, ഭാരതീയ പൊതുസമൂഹം ഒന്നിച്ചു നിന്നായിരിക്കും. ഭാരതത്തിലെ വൈവിധ്യം ഭിന്നിച്ചു ഭരിക്കാനുള്ള ആയുധമായി കണക്കാക്കിയ ഇംഗ്ലീഷ് സാമ്രാജ്യത്വത്തോട് ഇന്നും വിധേയത്വം പുലര്‍ത്തിക്കൊണ്ട്, പുതിയ കാലത്തും തമ്മില്‍ തല്ലിക്കാന്‍ തന്ത്രങ്ങളിറക്കുന്ന രാഹുലിന്റെ രാഷ്ട്രീയം പരാജയപ്പെടും. ഭാരതത്തിന്റെ വൈവിധ്യം അംഗീകരിക്കപ്പെടുന്നതിനപ്പുറം ആഘോഷിക്കപ്പടേണ്ടതാണെന്ന രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവത്തിന്റെ വീക്ഷണം വര്‍ത്തമാനകാലത്തും വരുംകാലത്തും ഭാരതത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കും. (9497450866)