നരേന്ദ്രമോദി അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയതുകൊണ്ടോ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രാണപ്രതിഷ്ഠ നടത്തിയതുകൊണ്ടോ ഒന്നും ഒരു കാര്യവുമില്ല. അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി ദിവസങ്ങളോളം ഉപവാസത്തിലിരുന്നതുകൊണ്ടോ ഭാരതത്തിലെ പ്രധാന രാമക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതുകൊണ്ടോ ഫലമൊന്നുമില്ല; അദ്ദേഹം ഹിന്ദുവല്ല എന്നു ആര്‍.ജെ.ഡിയുടെ ലാലുയാദവനും കോണ്‍ഗ്രസ്സിന്റെ രാഹുലനും വിധിയെഴുതിക്കഴിഞ്ഞിരിക്കുന്നു. മാര്‍ച്ച് 3ന് പാറ്റ്‌നയിലെ ‘ഇന്ത്യാസഖ്യം’ റാലിയിലാണ് ഈ പ്രഖ്യാപനം നടന്നത്. അതുകൊണ്ട് അതില്‍ മാറ്റമില്ല. സുപ്രീംകോടതിയുടെ വധശിക്ഷയ്ക്ക് രാഷ്ട്രപതിക്ക് ഇളവുനല്‍കാനാകും. എന്നാല്‍ ഇതില്‍ ഇനിയാര്‍ ക്കും ഇളവുനല്‍കാനാകില്ല. ”മോദി യഥാര്‍ത്ഥ ഹിന്ദുവല്ല. അടുത്തബന്ധുക്കള്‍ മരിച്ചാല്‍ ഹിന്ദുക്കള്‍ തലമുണ്ഡനം ചെയ്യാറുണ്ട്. എന്നാല്‍ അമ്മ മരിച്ചിട്ടുപോലും മോദി അതിനു തയ്യാറായില്ല.” ലാലുവിന്റെ വിധിയെഴുത്ത് കാര്യകാരണ സഹിതമാണ്. ഹിന്ദു എന്നു പറഞ്ഞ് അയോധ്യയുടെയും പ്രാണപ്രതിഷ്ഠയുടെയുമൊക്കെ തിളക്കത്തില്‍ വീണ്ടും അധികാരത്തിലെത്താനുള്ള മോദിയുടെ പദ്ധതി എത്ര നിസ്സാരമായാണ് ലാലുയാദവന്‍ തകര്‍ത്തുകളഞ്ഞത് എന്നു നോക്കണേ. അപാരബുദ്ധി. ഇതിനുവേണ്ടി ഹിന്ദു ആരാണെന്നു നിശ്ചയിക്കുന്നതിനുള്ള പേറ്റന്റും അവര്‍ സ്വന്തം കീശയിലാക്കി. മതേതര മുന്നണിയാണെങ്കില്‍ ഹിന്ദുവിന്റെ മര്‍മ്മം തിരിച്ചറിയാനുള്ള സൂത്രം അവരുടെ കയ്യിലായി.
മോദിയുടെ കുഴപ്പം അവിടെയും തീര്‍ന്നില്ല. മോദിയ്ക്ക് ഒരു കുടുംബമില്ല. ചോദിക്കുമ്പോള്‍ ഭാരതത്തിലുള്ളവരെല്ലാം എന്റെ കുടുംബമാണെന്നു പറയും. അതൊന്നും വിശ്വസിക്കാനുള്ള വങ്കത്തരം ലാലുവിനില്ല. ഇതിനൊക്കെ ലാലുവിനെ കണ്ടുപഠിക്കണം. കുടുംബത്തിന്റെ രക്ഷയാണ് ലാലുവിന്റെ ലക്ഷ്യം. തനിക്കു പിന്നാലെ ഭാര്യ മുഖ്യമന്ത്രിയായി. മകന്‍ ഉപമുഖ്യനായി. മക്കള്‍ എം.എല്‍.എയും എം.പിയുമായി. എല്ലാവര്‍ക്കും നാലഞ്ചു തലമുറ കഴിയാനുള്ള വകുപ്പായി. പത്തു ജന്മമെടുത്താലും മോദിയെക്കൊണ്ട് ഇങ്ങനെയെന്തെങ്കിലും ചെയ്യാനാവുമോ? അതാണ് മോദിയ്ക്ക് കുഴപ്പമുണ്ടെന്നു ലാലു പറയാന്‍ കാരണം.