കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിന്റെ അഭിഭാഷകനോട് ചോദിച്ചു എവിടെ നിങ്ങളുടെ ജാതി സെന്‍സസ്? വക്കീല്‍ കൈമലര്‍ത്തി: എനിക്കതിനെക്കുറിച്ച് ഒന്നുമറിയില്ല സാര്‍. കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ജാതി സെന്‍സസ്. മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ജാതി സെന്‍സസ് തയ്യാറാക്കാന്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. കമ്മീഷന്‍ സെന്‍സസ് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു എന്നാണ് വാര്‍ത്ത. എന്നാല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എന്താണെന്ന് ആര്‍ക്കുമറിയില്ല.
അപ്പോഴാണ് ശിവരാജ് കാന്‍ഷെട്ടി ഒരു പരാതിയുമായി ഹൈക്കോടതിയില്‍ എത്തിയത്. ജാതിസെന്‍സസ് തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല, കേന്ദ്രത്തിനേ അധികാരമുള്ളൂ എന്നു പറഞ്ഞാണ് അദ്ദേഹം സര്‍ക്കാര്‍ നീക്കത്തെ കോടതിയില്‍ ചോദ്യം ചെയ്തത്. തുടര്‍ന്നാണ് ജാതി സെന്‍സസ് എവിടെ എന്നു കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചത്.വക്കീലിനും അതിനെക്കുറിച്ചറിയില്ല. പിന്നാക്ക കമ്മീഷനില്‍ നിന്നും അതു കോടതിയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചിരിക്കയാണ്. നടപ്പാകാത്ത വാഗ്ദാനമാണോ അതോ കണ്ണില്‍ പൊടിയിടുന്ന തരികിട രാഷ്ട്രീയ തന്ത്രമാണോ ഈ ജാതി സെന്‍സസ് എന്നു വൈകാതെ അറിയാം.