അയോദ്ധ്യയില്‍ രാമക്ഷേത്രം പുനര്‍നിര്‍മ്മിച്ചാല്‍ കുഴപ്പമാകുമെന്ന് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ മുമ്പേ പറഞ്ഞതാണ്. ഇപ്പോള്‍ എന്തായി? ആകെ കുഴപ്പം. ഭാരതത്തില്‍ മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളായ യു.എ.ഇയിലും അബുദാബിയിലും പാകിസ്ഥാനിലുമൊക്കെ ക്ഷേത്രങ്ങള്‍ ഉയരുന്നു. ഈ തരംഗം അവിടെയൊന്നും നില്‍ക്കുമെന്നും തോന്നുന്നില്ല. ഇതൊക്കെ ഒഴിവാക്കാനാണ് ഇടത് ചരിത്രകാരന്മാര്‍ ബാബറി കമ്മറ്റിക്കാര്‍ക്ക് പ്രത്യേക ക്ലാസെടുത്തു ബാബര്‍ അമ്പലം പൊളിച്ചല്ല പള്ളി പണിതത് എന്നു പഠിപ്പിച്ചു വിട്ടത്. ഇര്‍ഫാന്‍ ഹബീബ് ഐ.സി.എച്ച്.ആര്‍. ചെയര്‍മാന്‍ കസേരയിലിരിക്കുമ്പോള്‍ അതിനായി ചരിത്രം തന്നെ ഉണ്ടാക്കി. അത് തന്റെ ചേംബറില്‍ വെച്ച് ബാബറിക്കാര്‍ക്ക് ക്ലാസെടുത്തു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഫലിച്ചില്ല – സുപ്രീം കോടതി അവിടെ തന്നെ രാമക്ഷേത്രം പണിതുകൊള്ളാന്‍ അനുവാദം നല്കി.
അയോദ്ധ്യയില്‍ ക്ഷേത്രം പണിത് പ്രാണപ്രതിഷ്ഠ നടത്തി ഒരു മാസത്തിനകം വരുന്നു യു.എ.ഇയില്‍ പണിത ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ. അവിടെയും ചടങ്ങ് നടത്തുന്നത് ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും അമൃതകാലമാണിത് എന്ന് മോദി പറയുന്നു. അതു ശരിവെക്കും വിധം യു.എ.ഇയുടെ വകുപ്പുമന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ പറയുന്നു സാമൂദായിക സൗഹാര്‍ദ്ദത്തിന്റെയും ആഗോള ഐക്യത്തിന്റെയും പ്രതീകമാണിതെന്ന്. ഇതൊക്കെ സഖാക്കന്മാര്‍ക്ക് സഹിക്കുമോ? അവര്‍ വര്‍ഗ്ഗീയത എന്ന് ചാപ്പകുത്തി സുഖിച്ചതിനെയാണ് ഇസ്ലാമിക ഭരണാധികാരി സാഹോദര്യത്തിന്റെ പ്രതീകം എന്നു വിശേഷിപ്പിക്കുന്നത്. അവിടെയും തീരുന്നില്ല രാമന്റെ സ്വാധീനം. പാകിസ്ഥാനിലെ ഇസ്ലാം കോട്ടില്‍ 200 വര്‍ഷം പഴക്കമുള്ള രാമക്ഷേത്രത്തില്‍ വന്‍ ആഘോഷമായി പ്രാണപ്രതിഷ്ഠ നടന്നു. ക്ഷേത്രം തകര്‍ക്കുകയും ഹിന്ദുക്കളുടെ ആരാധന തടയുകയും ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ മാത്രം പുറത്തുവരുന്ന പാകിസ്ഥാനില്‍ നിന്നാണ് ഈ ശുഭവാര്‍ത്ത വന്നത്. ചെറിയ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ഹിന്ദുക്കളില്‍ വലിയ ഉണര്‍വ്വുണ്ടാക്കി എന്നാണ് വാര്‍ത്ത. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയുടെ അലയൊലി തുടങ്ങിയിട്ടേയുള്ളൂ.