ഉത്തരേന്ത്യയിലെ ഗ്രാമത്തില്‍ ദുരഭിമാനക്കൊല ഉണ്ടോ എന്ന് ഭൂതക്കണ്ണാടിയുമായി അന്വേഷിച്ചു നടക്കുന്ന നമ്മുടെ സാംസ്‌കാരിക നായകര്‍ക്ക് ഇനി അത്ര ദൂരം യാത്ര ചെയ്യണ്ട, തൊട്ടടുത്ത തമിഴ് നാട്ടിലേക്ക് മുഖം തിരിച്ചാല്‍ മതി. ഇയ്യിടെയാണ് ചെന്നൈയിലെ പള്ളിക്കരണ അംബേദ്കര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന പ്രവീണിനെ ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിയുടെ സഹോദരനും കൂട്ടുകാരും കൂടി വെട്ടിക്കൊന്നത്. അതിന് ഏതാനും നാള്‍ മുമ്പ് തഞ്ചാവൂരില്‍ ദളിത്‌യുവാവിനെ വിവാഹം കഴിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി. ഇത്തരം വാര്‍ത്തകള്‍ ഇടയ്ക്കിടെ സ്റ്റാലിന്റെ ദ്രാവിഡ നാട്ടില്‍ നിന്നു പുറത്തുവരുന്നു. അതുകൂടാതെ ദളിതരോടുള്ള ജാതിവിവേചനത്തിന്റെ വാര്‍ത്തകള്‍ വേറെയും. എന്നിട്ടും ഇതൊന്നും രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പരിഷ്‌കരണ വാദികള്‍ കാണുന്നേയില്ല.
എവിഡന്‍സ് എന്ന പേരിലുള്ള എന്‍ജിഒയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ. കാതിര്‍ പുറത്തുവിട്ട വിവര പ്രകാരം 2016 മുതല്‍ 2020 വരെയുള്ള 5 വര്‍ഷത്തിനകം പട്ടികജാതി പട്ടിക വിഭാഗത്തിലെ 300 പേരാണ് ജാതി അതിക്രമത്തെ തുടര്‍ന്നു കൊല്ലപ്പെട്ടത് ഒരു മാസം ശരാശരി 5-6 പേര്‍ കൊല്ലപ്പെടുന്നു എന്നാണ് കണക്ക്. ഇക്കാര്യത്തില്‍ തൂത്തുക്കുടിയാണ് മുന്നില്‍ – 29 പേര്‍. മധുര (28), കല്ലക്കുറുച്ചി (24) എന്നിവയാണ് തൊട്ടു പിന്നില്‍. വില്ല പുരത്ത് 5 വര്‍ഷം കൊണ്ട് ഇത്തരം 13 കേസാണ് റജിസ്റ്റര്‍ ചെയ്തത്. ജില്ലാവിഭജനം കഴിഞ്ഞ് രൂപീകൃതമായ കല്ലക്കുറുച്ചിയില്‍ 15 മാസം കൊണ്ട് 24 കേസുകളാണുണ്ടായത്. പട്ടികജാതി- വര്‍ഗ്ഗക്കാര്‍ക്കെതിരായ അതിക്രമം തടയാന്‍ തമിഴ്‌നാട്ടില്‍ നിയമമുണ്ട്. എന്നാല്‍ ഇത്തരം കേസ് കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് ഒരു കോടതി പോലുമില്ല. ആര്യന്‍ വിരോധവും ദളിത് പ്രേമവും ഉദ്‌ഘോഷിക്കുന്ന സ്റ്റാലിന്‍ ഭരണത്തിലാണ് ഇതെന്ന കാര്യം മറക്കണ്ട.