വിപുലമായ രീതിയില്‍ നടത്തപ്പെടുന്ന സാഹിത്യോത്സവങ്ങള്‍ കേരളത്തില്‍ സാധാരണമായി കഴിഞ്ഞിരിക്കുന്നു. പ്രമുഖ പുസ്തകപ്രസാധകരുടെയും ദിനപത്രങ്ങളുടെയുമൊക്കെ നേതൃത്വത്തില്‍ ഇന്ന് വര്‍ഷാവര്‍ഷം സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യര്‍ ലോകത്തിലേക്കും തങ്ങളിലേക്കും ചരിത്രത്തിലേക്കും ഉയര്‍ത്തിപ്പിടിക്കുന്ന കണ്ണാടിയാണ് സാഹിത്യമെന്നും നമ്മുടെ ജീവിതത്തെയും നമ്മെത്തന്നെയും ചുറ്റുമുള്ള ലോകത്തെയും നന്നായി മനസ്സിലാക്കാനും, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള സാഹിത്യത്തിന്റെ ലോകങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങുന്നത് വഴി ലോകത്തെക്കുറിച്ചും, നമ്മുടെ സ്വന്തം വിശ്വാസങ്ങളെയും മൂല്യങ്ങളെയും പോലെത്തന്നെ മറ്റുള്ളവരുടെ വിശ്വാസങ്ങളും മൂല്യങ്ങളും നമ്മോട് എന്ത് പറയുന്നു എന്നതിനെക്കുറിച്ചുമറിയാന്‍ സാഹിത്യോത്സവങ്ങള്‍ സഹായകമാവും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
സാഹിത്യമില്ലെങ്കില്‍ ചരിത്രം പൊള്ളയായ വസ്തുതകളിലേക്ക് ചുരുങ്ങുമെന്നതാണ് സാഹിത്യത്തിന്റെ പ്രാധാന്യത്തെ പ്രസക്തമാക്കുന്നത്. എന്നാല്‍ ഇന്ന് സാഹിത്യോത്സവങ്ങള്‍, പൊള്ളയായ വസ്തുതകളെ ചരിത്രമെന്ന നിലയില്‍ അവതരിപ്പിക്കാനുള്ള ഇടങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സാഹിത്യോത്സവങ്ങളില്‍ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവന്ന വാദങ്ങള്‍ പരിശോധിച്ചാല്‍ ആ സംശയത്തിന്റെ ആധികാരികത്വം ബോധ്യപ്പെടും.
ഹൈന്ദവ പ്രതീകങ്ങളെ വികലമാക്കി ചിത്രീകരിച്ച് മുന്നേറിയ ഒരു സാഹിത്യോത്സവം, വര്‍ത്തമാനകാല കേരളം അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാതെ ബോധപൂര്‍വം മറച്ചുവെക്കുകയും കെട്ടുകഥകളെ ചരിത്രമെന്ന നിലയില്‍ അവതരിപ്പിക്കുകയും ചെയ്തു എന്ന് കാണാം. ആ സാഹിത്യോത്സവം തുടങ്ങും മുന്‍പ് തന്നെ മനുസ്മൃതിയെയും മറ്റും പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള നിഴല്‍ യുദ്ധം ആരംഭിച്ചു എന്നതും ശ്രദ്ധേയം. മനുസ്മൃതിയെ വിചാരണ ചെയ്തുകൊണ്ട് പ്രസ്തുത പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന കുറിപ്പ് ആരംഭിക്കുന്നത് തന്നെ മുന്‍വിധിയോടെയാണ്. വെറുപ്പും മുറുമുറുപ്പും കൂടാതെ ബ്രാഹ്‌മണാദികളെ ശുശ്രൂഷിക്കാനുള്ള കടമയാണ് ശൂദ്രര്‍ക്ക് മനുസ്മൃതി നല്‍കിയിരിക്കുന്നതത്രെ. ഈ ലോകത്തുള്ളവയെല്ലാം ബ്രാഹ്‌മണന്റെ വകയാണ് എന്ന തരത്തില്‍ ജാതിക്കോമരങ്ങള്‍ക്ക് സോമരസം പകര്‍ന്നതില്‍ ‘മനുസ്മൃതി’ എന്ന കൃതിക്കുള്ള പങ്ക് ചെറുതല്ല എന്നാണ് കുറിപ്പ് തുടങ്ങുന്നത് തന്നെ. ഇതിലെ നിയമങ്ങളുണ്ടാക്കിയ വ്രണം ഇന്ത്യന്‍ സമൂഹത്തില്‍ ഇപ്പോഴും പഴുത്തൊലിക്കുകയാണെന്നും ലേഖനം തുടരുന്നുണ്ട്. പക്ഷെ യാഥാര്‍ഥ്യമെന്താണ്? വേദങ്ങളൊഴികെയുള്ള മറ്റെല്ലാ ഗ്രന്ഥങ്ങളും കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന വസ്തുത മനുവിന്റെ വിമര്‍ശകര്‍ പോലും സമ്മതിക്കും. മാത്രമല്ല, മനു എന്നറിയപ്പെട്ടത് ഒരാള്‍ തന്നെയായിരുന്നില്ല എന്നതിന് വൈദിക സാഹിത്യത്തില്‍ തന്നെ തെളിവുകളുണ്ട്. ബ്രഹ്‌മാവിന്റെ ഇച്ഛയില്‍ ജനിച്ച ആദ്യ മനുഷ്യനായ മനു മുതല്‍ മത്സ്യാവതാരത്തിലെ മനു വരെ, മനുസ്മൃതി എന്ന കൃതിയുടെ രചയിതാവായി, 14 മനുമാര്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
മാത്രമല്ല, സ്മൃതി എന്നത് എഴുതപ്പെട്ട കാലത്തെ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും സമാഹാരവും, കാലത്തിനനുസരിച്ച് മാറുന്നതുമായ ഒന്നാണ്. സ്മൃതികള്‍ പ്രാചീനകാലത്ത് ആര്‍ക്കും സ്വതന്ത്രമായി പുനരാലേഖനം ചെയ്യാവുന്നവയുമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. മനുസ്മൃതിയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട് എന്നത് ഗാന്ധിജി പോലും പരോക്ഷമായി അംഗീകരിച്ചിരുന്നു എന്ന് കാണാം. മനുസ്മൃതിയെക്കുറിച്ചുള്ള ഗാന്ധിജിയുടെ വിശദീകരണം, യുക്തിക്കും ധാര്‍മ്മികതയ്ക്കും യോജിച്ചതെല്ലാം അംഗീകരിക്കാനും സത്യത്തിനും അഹിംസയ്ക്കും എതിരായതിനെ നിരാകരിക്കാനുമായിരുന്നു. മാത്രമല്ല സ്മൃതിയിലെ ചില ധാര്‍മ്മിക തത്ത്വങ്ങളെ അദ്ദേഹം വിലമതിക്കുകയും ആത്മനിയന്ത്രണം വളര്‍ത്തിയെടുക്കാന്‍ അവ ഉപയോഗപ്രദമാണെന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
ഈയടുത്ത കാലത്തായി കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത അതിക്രൂരമായ പാതകങ്ങള്‍ വര്‍ദ്ധിച്ചിട്ടുള്ളത് ശ്രദ്ധേയമായ സംഗതിയാണ്. രണ്ടുകാലും കൂട്ടിക്കെട്ടിയിട്ട് ഒരമ്മയെ മകന്‍ തീകൊളുത്തികൊന്നത് ഈയിടെയാണ്. ഇത്തരം പാതകങ്ങള്‍ക്ക് പിന്നിലെ രാസത്വരകം മയക്കുമരുന്നും മറ്റു ലഹരിവസ്തുക്കളും ആണെന്നത് പകല്‍പോലെ സത്യവുമാണ്. എന്നിട്ടും അന്താരാഷ്ട്ര ലഹരി മാഫിയകള്‍ പോലും കേരളത്തെ നോട്ടമിടുന്നു എന്ന യാഥാര്‍ഥ്യം ഇനിയും വേണ്ടവിധം പരിഗണിക്കപ്പെട്ടിട്ടു കൂടെയില്ല. കഴിഞ്ഞ എട്ടോ പത്തോ വര്‍ഷങ്ങള്‍ക്കിപ്പുറം ലഹരിമാഫിയ കേരളത്തില്‍ പിടിമുറുക്കിയതിനു കാരണം, തങ്ങള്‍ക്ക് സാമൂഹ്യവും രാഷ്ട്രീയവുമായ പിന്തുണ ലഭിക്കുന്ന സുരക്ഷിതമായ ഒരിടമാണ് കേരളം എന്ന ബോധ്യത്തില്‍ തന്നെയാകണം. അന്താരാഷ്ട്ര വിപണിയില്‍ 25000 കോടിയെങ്കിലും വില വരുന്ന ലഹരിയുമായി വന്ന ബോട്ട് കേരളാതീരത്ത് പിടികൂടിയത് കഴിഞ്ഞ വര്‍ഷമാണ്.
സാംസ്‌കാരികാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന ഒട്ടനവധി വൈപരീത്യങ്ങള്‍ കേരളത്തിന്റെ വര്‍ത്തമാനകാലത്തെ തുറിച്ചു നോക്കുന്നുണ്ട്. സാഹിത്യകാരിയായ കോളേജ് അധ്യാപിക സാഹിത്യചോരണത്തിനു പിടിക്കപ്പെട്ടതും, തീവ്ര വര്‍ഗീയ പ്രസ്ഥാനങ്ങളില്‍ ചേരാനായി ഇറാന്‍ വഴി സിറിയയിലേക്ക് മലപ്പുറത്തു നിന്ന് ചെറുപ്പക്കാര്‍ കുടുംബസമേതം പുറപ്പെട്ടു പോയതും, എന്‍ഐഎ കണ്ണൂര്‍ കനകമലയില്‍ നിന്ന് അഞ്ചു ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതും ഭീകരപ്രവര്‍ത്തന പരിശീലത്തിനായി പാകിസ്ഥാനിലേക്ക് ഒളിച്ചുകടക്കവേ മലയാളി യുവാക്കള്‍ കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതും, ജീവിച്ചിരിക്കുന്ന പ്രധാന അധ്യാപികക്ക് കുഴിമാടം തീര്‍ത്തതും ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച് അപമാനിച്ചതുമെല്ലാം കേരളത്തില്‍ തന്നെയാണ്. ജീര്‍ണിച്ചു തുടങ്ങിയ കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തിന്റെ പ്രതിഫലനങ്ങളായിരുന്നു അവയെല്ലാം. അതുപോലുള്ള നിരവധി യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്നു എന്ന് പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങളെ ഉയര്‍ത്തിക്കാട്ടി കയ്യടി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് നിക്ഷിപ്തതാല്പര്യങ്ങള്‍ ഉണ്ടാകാതെ തരമില്ല. ജാതി വ്യവസ്ഥ നിലനിര്‍ത്തുക എന്നത് അവരുടെ കൂടി താല്പര്യമാണ് എന്നും വരാം.
ശ്രീരാമന്‍ എല്ലാവരുടെയും ദൈവമല്ല എന്ന വാദത്തിനും സാഹിത്യോത്സവത്തിന്റെ അരങ്ങ് വേദിയാകുന്നു എന്ന് കാണാം. രാജ്യത്തു നിലനില്‍ക്കുന്ന ഹിന്ദു ഐക്യ ധാരയെ രാമകൃഷ്ണപരമഹംസര്‍ക്കും നാരായണഗുരുവിനും എതിരായ യുദ്ധമായി ചിത്രീകരിക്കാനും, ശ്രീരാമനെ വടക്കുള്ളവരുടെ മാത്രം ദൈവമാക്കി ചിത്രീകരിക്കാനുമുള്ള ശ്രമമായിരുന്നു പിന്നീട്. ഒരെഴുത്തുകാരന്‍ തുടങ്ങിവെച്ച വിഭജനത്തിന്റെ ആ രാഷ്ട്രീയവാദം പിന്നീട് രംഗത്തുവന്ന സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി ഏറ്റെടുക്കുന്നതിലൂടെ സാഹിത്യോത്സവത്തിന്റെ രാഷ്ട്രീയം എന്തെന്ന് തെളിയുകയും ചെയ്തു. ‘രാമായണം മാത്രമല്ല, രാവണായണവുമുണ്ട് ഇന്ത്യയില്‍’ എന്ന് പറഞ്ഞുകൊണ്ടാണ് വിഭജന രാഷ്ട്രീയത്തിന്റെ ഒളിയജണ്ട സിപിഎം സെക്രട്ടറി പുറത്തെടുക്കുന്നത്. രാവണനെ മാതൃകാ വ്യക്തിയായി ഉയര്‍ത്തിക്കാട്ടി, സീതാറാം യെച്ചൂരി പറയുന്നത് ഉത്തരേന്ത്യയില്‍ രാവണന്റെ മരണം ആഘോഷിക്കപ്പെടുമ്പോള്‍ കേരളത്തില്‍ രാവണന്റെ തിരിച്ചു വരവ് ആഘോഷിക്കപ്പെടുന്നു എന്നാണ്. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വിശ്വാസങ്ങളിലെ സമാനതയില്ലായ്മ ചൂണ്ടിക്കാട്ടി അവാസ്തവികമായ ഒരു കാര്യത്തെ പൊതു സമൂഹത്തില്‍ പടര്‍ത്താനുള്ള ശ്രമമായിരുന്നു അത് എന്നതാണ് യാഥാര്‍ഥ്യം.
ചില രാമായണകഥകള്‍ പ്രകാരം ശ്രീരാമന്‍, രാമഗിരിയില്‍ താമസിച്ചതും, പഞ്ചവടിയില്‍ താമസിച്ചതും സീതാന്വേഷണാര്‍ത്ഥം ശബരി തീര്‍ത്ഥം, പമ്പ എന്നിവിടങ്ങളില്‍ വന്നതുമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ഭാരത്തിന്റെ ഇങ്ങേയറ്റത്താണ് നളസേതു എന്നു കൂടി അറിയപ്പെടുന്ന രാമസേതു, ശ്രീരാമന്‍ നിര്‍മിച്ചിട്ടുള്ളത്. ഇതൊക്കെ കൂടാതെ സീത പ്രസവിക്കുന്നത് വയനാട്ടിലെ പുല്‍പ്പള്ളിയിലെ വാത്മീകി ആശ്രമത്തിലാണ് എന്ന് ഐതിഹ്യമുണ്ട്. അവിടുത്തെ കുറവ സമുദായക്കാരും ആദിവാസികളുമാണ് സീതയുടെ കൂടെനിന്ന് പ്രസവരക്ഷ ചെയ്തതും കുട്ടികളെ വളര്‍ത്തിയതും. അവര്‍ തന്നെയാണ് കുട്ടികളെ അമ്പെയ്യാന്‍ പഠിപ്പിച്ചതും. പുല്‍പ്പള്ളി, അമ്പുകുത്തിമല തുടങ്ങി വയനാടിന്റെ ഒരുഭാഗം മുഴുവന്‍ അവരുടെ കളിസ്ഥലമായിരുന്നു എന്നും ഐതിഹ്യം തുടരുന്നുണ്ട്. സീതയ്ക്കും കുട്ടികള്‍ക്കും വേണ്ടി പുല്‍പ്പള്ളിയില്‍ കാളീശ്വരീ ക്ഷേത്രം എന്ന ഒരു ആരാധനാലയമുണ്ട്. സീതാദേവിയുടെ ക്ഷേത്രമാണ് കാളീശ്വരി ക്ഷേത്രം. അപ്പുറത്തും ഇപ്പുറത്തുമായി ലവനെയും കുശനെയും പ്രതിഷ്ഠിച്ച ഇരട്ട ക്ഷേത്രങ്ങളുമുണ്ടവിടെ. വന്യമൃഗങ്ങളാലും ആദിവാസികളുടെയും വിഹാര കേന്ദ്രമായതുകൊണ്ട് പൊതുജനങ്ങള്‍ അവിടെ എത്തിപ്പെടാറില്ല. കൂടാതെ സൗത്ത് മലബാറില്‍ ഒരുപാട് രാമക്ഷേത്രങ്ങളുണ്ട്. അതില്‍ ഒന്നാണ് കടവല്ലൂര്‍. വേദരക്ഷയ്ക്ക് കൂടി പ്രസിദ്ധമായ ക്ഷേത്രമാണ് കടവല്ലൂര്‍. അയോദ്ധ്യയില്‍ ദശരഥന്‍ പൂജിച്ചിരുന്ന വിഗ്രഹം, ശ്രീരാമന്‍ വിഭീഷണന് നല്‍കി എന്നും, മഹാഭാരതകാലത്ത് വിഭീഷണന്റെ കയ്യില്‍നിന്ന് ഘടോല്‍കചന്‍ വാങ്ങിക്കൊണ്ടുവന്ന്, ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം കടവല്ലൂരില്‍ പ്രതിഷ്ഠിച്ചു എന്നുമാണ് ഐതിഹ്യം. അവിടെ ചെറിയ അകലത്തിനുള്ളില്‍ തന്നെ ഒരുപാട് രാമക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും. വേദപഠനവും അവിടെയുണ്ട്. ഒന്ന് തിരുവില്വാമല. മറ്റൊന്ന് ആലത്തിയൂര്‍ രാമക്ഷേത്രം, പിന്നെ വെള്ളാറക്കല്‍ രാമക്ഷേത്രം, തൃപ്രയാര്‍ ക്ഷേത്രം എന്നിവ. ഇവയെല്ലാം തമ്മില്‍ ചെറിയ അകലമേയുള്ളൂ. തലപ്പിള്ളി താലൂക്കില്‍ തന്നെ ഒരുപാട് രാമക്ഷേത്രങ്ങളുണ്ട്. ശബരിമലയും ശ്രീരാമന്‍ കണ്ട പമ്പാസരസും മറ്റും വാത്മീകി വിശദമായി വിവരിക്കുന്നുണ്ടല്ലോ? അപ്പോള്‍ ശ്രീരാമന്‍ ഇവിടെ എത്തിയിട്ടില്ല എന്നുപറയാന്‍ സാധിക്കുമോ? തെക്ക് വടക്ക് എന്നില്ലാതെ എല്ലാവരും ഭക്തിയോടെ ആരാധിക്കുന്ന ഈശ്വര സ്വരൂപമാണ് ശ്രീരാമസ്വാമി എന്നുള്ളതില്‍ സംശയമില്ല.
ഉത്തരഭാരതത്തില്‍ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലിയെയും കേരളത്തിലെ ഓണത്തെയും ചൂണ്ടിക്കാട്ടിയാണ് ഉത്തരേന്ത്യയില്‍ രാവണന്റെ മരണം ആഘോഷിക്കപ്പെടുകയും കേരളത്തില്‍ രാവണന്റെ തിരിച്ചു വരവ് ആഘോഷിക്കപ്പെടുകയും ചെയ്യുന്നത് എന്ന് സിപിഎം സെക്രട്ടറി പറയുന്നത് എന്നത് വ്യക്തമാണ്. ദീപാവലി രാവണനുമായും ഓണം മഹാബലിയുമായും ബന്ധപ്പെട്ടതാണെന്നുള്ള വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ഇത്തരം വ്യാജോക്തികള്‍ സത്യമെന്ന വണ്ണം പ്രചരിപ്പിക്കപ്പെടുന്നത്. രാവണനും മഹാബലിയും ഒന്നല്ല എന്നതാണ് സത്യം.
അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകനായിരുന്നു മഹാബലി. എന്നാല്‍ രാവണനാകട്ടെ വിശ്രവസ്സ് എന്ന ബ്രാഹ്‌മണമുനിയുടെയും ദൈത്യ രാജകുമാരിയായ കൈകസിയുടെയും മകനാണ്. പിതാവ് ബ്രാഹ്‌മണനായിട്ടും, ഉത്തമ ഭക്തനായി വളര്‍ന്നിട്ടും തന്റെ മോശം ചെയ്തികള്‍ മാത്രമാണ് രാവണനെ ഒറ്റപ്പെടുത്തിയത് എന്നാണ് ഇതിഹാസം നല്‍കുന്ന സൂചന. രാവണനെ വധിച്ചതിന്റെ പ്രായശ്ചിത്തമായി ബ്രഹ്‌മഹത്യാ പാപം നീക്കുന്ന ചടങ്ങുകള്‍ ശ്രീരാമന്‍ നിര്‍വ്വഹിച്ചിരുന്നത് തന്നെ, രാവണന്‍ ബ്രാഹ്‌മണനായിരുന്നു എന്നതിന്റെ തെളിവാണ്. വൈശ്രവണന്റെ ശിക്ഷണത്തില്‍ രാവണന്‍ വേദങ്ങളും പുരാണങ്ങളും പഠിച്ചു എന്നും ഇതിഹാസത്തില്‍ കാണാം. തല്പര കക്ഷികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ ദ്രാവിഡരാജാവല്ല രാവണന്‍. വേദങ്ങളും മറ്റും പഠിച്ച വൈദികമതാനുയായി തന്നെയാണ്.
രാവണന്‍ ബ്രാഹ്‌മണനാണെന്ന് രാമായണത്തില്‍ തന്നെ സൂചനയുണ്ട്. സാമവേദ പണ്ഡിതന്‍ കൂടെയായിരുന്നു രാവണന്‍. ‘സംസ്‌കൃതത്തില്‍ സംസാരിച്ചാല്‍ താന്‍ രാവണനാണെന്ന് സീത വിചാരിച്ചേക്കാം’ എന്ന് ഹനുമാന്‍ സുന്ദരകാണ്ഡത്തില്‍ പറയുന്നത് കാണാം. മാത്രമല്ല രാവണവധം കൊണ്ട് ശ്രീരാമന് ബ്രഹ്‌മഹത്യ പാപം ഉണ്ടായി എന്നും അതിന്റെ പരിഹാരാര്‍ത്ഥമാണ് രാമന്‍, രാമേശ്വര പ്രതിഷ്ഠ നടത്തിയത് എന്നും സൂത്രസംഹിതയില്‍ കാണാം. ഇതെല്ലം തല്പരകക്ഷികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് പോലെ രാവണന്‍ ദ്രാവിഡരാജാവല്ല എന്ന് തെളിയിക്കുന്നുണ്ട്.
സാഹിത്യോത്സവത്തിലെ മറ്റൊരിനം സംസ്‌കൃതഭാഷയെ ഇകഴ്ത്തികെട്ടാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു. അതിന്റെ ഭാഗമായി ഒരെഴുത്തുകാരന്‍ പ്രസ്താവിച്ചത് ”വൃത്തികെട്ട സംസ്‌കൃതത്തില്‍ എഴുതാന്‍ തനിക്ക് മടിയാണ്” എന്നാണ്. എഴുത്തുകാരന്‍ ക്രാന്തദര്‍ശിയും കരുണയുള്ളവനും സമഭാവനയുള്ളവനും ഒക്കെ ആകുന്നതാണ് സാമാന്യ മര്യാദ. ആശയങ്ങളെ വിമര്‍ശിക്കുന്നതിനപ്പുറം ഒരു ഭാഷയെ തന്നെ വേരോടെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന്റെ ചേതോവികാരമെന്തെന്ന് ആ എഴുത്തുകാരനോട് ചോദിക്കുന്നതിനു പകരം തങ്ങളുടെ വാര്‍ത്താ ഇടത്തില്‍ ആ വിഷലിപ്തമായ പ്രസ്താവനക്ക് മാന്യസ്ഥാനം നല്‍കിയ പത്രത്തിന്റെ നിലപാട് പരിഹാസ്യമെന്നേ പറയേണ്ടൂ.
തങ്ങളെ നയിക്കുന്നത് ഗാന്ധിയന്‍ പാരമ്പര്യമാണെന്ന് സദാ ഊറ്റം കൊള്ളുന്ന പത്രസ്ഥാപനമാണ് സംസ്‌കൃതഭാഷയെ ഇത്ര അവജ്ഞയോടെ സമീപിക്കുന്ന ഒരു കാഴ്ചപ്പാടിന് സ്ഥാനം നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. ആദ്യപത്രാധിപര്‍ക്ക് മാസം തോറും നൂറുരൂപ നല്‍കാന്‍ ബജാജ് ഫണ്ടില്‍നിന്ന് ഏര്‍പ്പാട് ചെയ്ത ഗാന്ധിജി കാട്ടിയ കരുതലും സൗമനസ്യവുമാണ് ജീവിതം പ്രതിസന്ധിയിലായിട്ടും ഭാരതത്തിന്റെ വിമോചനപ്പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കിയത് എന്നത് രോമാഞ്ചത്തോടെ പത്രത്തിന്റെ പിന്‍തലമുറക്കാര്‍ ഓര്‍ക്കാറുണ്ട്. സനാതനവിശ്വാസങ്ങളെയും സംസ്‌കൃതഭാഷയേയും കരിവാരിതേക്കും മുന്‍പ് അത് സംബന്ധിച്ച ഗാന്ധിജിയുടെ സമീപനം എന്തായിരുന്നു എന്നെങ്കിലും പത്രമുതലാളിമാര്‍ക്ക് ചിന്തിക്കാമായിരുന്നു.
1909 ജൂലായ് 9 ന് മഗന്‍ലാല്‍ ഗാന്ധിക്കുള്ള കത്തില്‍ ഗാന്ധി എഴുതി, ‘ഓരോ ഹിന്ദുവിനും സംസ്‌കൃത ഭാഷയില്‍ പരിജ്ഞാനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ കാണുന്നു. ഒന്നിനുപുറകെ ഒന്നായി ഞാന്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നിങ്ങളുടെ ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് എനിക്കറിയാം. പക്ഷേ വേറെ വഴിയില്ല. ഭൂതകാലത്ത് നമുക്ക് വളരെയധികം കാര്യങ്ങള്‍ നഷ്ടപ്പെട്ടു, അത് വീണ്ടെടുക്കാനും ദൃഢമാക്കാനും കുറച്ച് സമയമെടുക്കും.’
ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെയും പ്രദേശിക തലത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും തകര്‍ച്ചയോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയായതു മുതല്‍ ഭാരതത്തില്‍ വളര്‍ന്നു വരുന്ന ദേശീയ വികാരത്തെ സംബന്ധിച്ച് ഇടതു ലിബറല്‍ ഇക്കോ സിസ്റ്റത്തില്‍ ഉണ്ടായി വന്ന ഉത്കണ്ഠയും അസ്വസ്ഥതയും, അവരുടെ പാര്‍ശ്വവര്‍ത്തികള്‍ നയിക്കുന്ന സാഹിത്യോത്സവങ്ങളില്‍ പ്രതിഫലിക്കുന്നത് സ്വാഭാവികമെന്നു കരുതാം. പക്ഷെ അതിലെ അപകടങ്ങള്‍ കാണാതിരുന്നു കൂടാ.
യഹൂദര്‍ കൊല്ലപ്പെടേണ്ടവര്‍ തന്നെയാണെന്ന വികലധാരണയെ ജര്‍മനിയുടെ മണ്ണില്‍ നട്ടുപിടിപ്പിക്കാന്‍ ഹിറ്റ്‌ലര്‍ക്ക് സഹായകമായത് പ്രചരണ സംവിധാനത്തിലെ മികവിനോടൊപ്പം ജര്‍മനിയുടെ സാംസ്‌കാരിക പൈതൃകത്തെയും ചരിത്രത്തെയും വികലമാക്കി അവതരിപ്പിക്കാനുള്ള കഴിവുകൂടിയായിരുന്നു. ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള ആ വികല ധാരണകള്‍, നൊബേല്‍ സമ്മാനത്തെപ്പോലും സ്വാധീനിക്കും വിധം പ്രഭാവം ചെലുത്തിയതെങ്ങനെ എന്നതിനെ സംബന്ധിച്ചുള്ള പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹിറ്റ്‌ലര്‍ക്ക് മുന്‍പും പിന്‍പും ഉയര്‍ന്നുവന്ന യഹൂദവിരുദ്ധത അതില്‍ വലിയ സ്വാധീനം ചെലുത്തി എന്ന് കാണാം. കേരളത്തില്‍ നിഷ്പക്ഷ പത്രപ്രവര്‍ത്തകരെന്നു ഊറ്റം കൊള്ളുന്നവരില്‍ പലരും തങ്ങളുടെ തന്ത്രങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവരാണെന്ന് ഇസ്ലാമിക സംഘടനാ നേതാവ് മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു. സാഹിത്യോത്സവങ്ങളുടെ മറവില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന വളച്ചൊടിച്ച ചരിത്രാഖ്യാനങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് പിടിമുറുക്കിയ ജിഹാദിസത്തെ കുറിച്ചുള്ള ആശങ്കകള്‍ സത്യം തന്നെയാണെന്ന് തെളിയിക്കുന്നുണ്ട്. പത്രപ്രവര്‍ത്തനം സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിയായി പരിഗണിക്കപ്പെട്ട ഒരു കാലത്തില്‍ നിന്നും ജിഹാദിസത്തിനു കീഴടങ്ങിയ മാധ്യമ രംഗത്തേക്കുള്ള വിപര്യയം നല്‍കുന്ന മുന്നറിയിപ്പുകള്‍ ചെറുതല്ല. മാധ്യമങ്ങള്‍ക്ക് വിശിഷ്യാ ഉണ്ടായിരിക്കേണ്ട വിധേയത്വം സത്യത്തോടും ധര്‍മത്തോടുമല്ലേ? പിന്നെയും എന്തിനീ വിലകുറഞ്ഞ വിധേയത്വം.