കേരളത്തിന്റെ 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി പ്രകടമാക്കുന്നതും സ്വകാര്യവത്ക്കരണത്തിലേക്കുള്ള കുതിച്ചുചാട്ടത്തിന് തുടക്കം കുറിക്കുന്നതുമാണ്. പതിറ്റാണ്ടുകളായി സ്വകാര്യവല്‍ക്കരണത്തെ അതിശക്തമായി എതിര്‍ത്തുപോന്നിരുന്ന ഇടതു മുന്നണി നയിക്കുന്ന സര്‍ക്കാര്‍ വലിയ നയം മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി വിവിധ മേഖലകളില്‍ സ്വകാര്യപങ്കാളിത്തം ഉറപ്പു വരുത്താനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. അതോടൊപ്പം 1970കളില്‍ ചൈനയില്‍ നടപ്പാക്കിയ സ്പെഷ്യല്‍ ഇക്കണോമിക് സോണുകളുടെ മാതൃകയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരതത്തില്‍ 378 സ്പെഷ്യല്‍ ഇക്കണോമിക് സോണുകള്‍ നോട്ടിഫൈ ചെയ്തവയില് 270 എണ്ണം പ്രവര്‍ത്തന ക്ഷമമാണ്. ഇവയില്‍ പലതും കയറ്റുമതി ലക്ഷ്യമിട്ടിട്ടുള്ളവയാണ്. ഇവയെ ഇടതു പാര്‍ട്ടികള്‍ എന്നും എതിര്‍ത്തിരുന്നുവെന്നത് നിഷേധിക്കാനാവില്ല. നിലവിലുള്ള സ്പെഷ്യല്‍ ഇക്കണോമിക് സോണുകളില്‍ (SEZs) 64 ശതമാനവും കേരളമൊഴിച്ചുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് (മഹാരാഷ്ട്രയടക്കം). അതുകൊണ്ട് ചൈനാ മോഡല്‍ എന്ന പേരില്‍ ഇതിനെ വിശദീകരിക്കുന്നത് വിവരക്കേടാണ്.
ടൂറിസം മേഖലയിലെ വികസനം ഏറെകുറെ സ്വകാര്യമേഖലയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ദേശീയ-അന്തര്‍ദേശീയ ഇവന്റ്-മാനേജ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ സ്വകാര്യമേഖലക്ക് മുന്‍ഗണന നല്‍കും. ആദ്യഘട്ടത്തില്‍ വര്‍ക്കല, കൊല്ലം, മണ്‍റോതുരുത്ത്, ആലപ്പുഴ, മൂന്നാര്‍, ഫോര്‍ട്ട്കൊച്ചി, പൊന്നാനി, ബേപ്പൂര്‍, കോഴിക്കോട്, കണ്ണൂര്‍, ബേക്കല്‍ എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുക. ടൂറിസത്തിന് ഇത്രയും വലിയ മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി നടപ്പു വര്‍ഷത്തേക്കാള്‍ കുറഞ്ഞ തുകയാണ് ഈ മേഖലക്ക് മാറ്റി വെച്ചിട്ടുള്ളത്. നടപ്പുവര്‍ഷം 377.15 കോടി വകയിരുത്തിയതിനുപകരം 2024-25ല്‍ 351.42 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇത് സ്വകാര്യപങ്കാളിത്തത്തിലൂടെ കൂടുതല്‍ വികസനമെന്ന ലക്ഷ്യത്തിനനുസൃതമാണ്. എന്നാല്‍ ഏതു സ്വകാര്യ ഏജന്‍സികളാണ് പങ്കാളികളാകുക എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. അധികപക്ഷവും പാര്ട്ടിനേതാക്കളുടേതോ, അവരുടെ ബിനാമികളുടേതോ ആയ കമ്പനികളായിരിക്കും രംഗത്തുണ്ടാകുക. ഈ പദ്ധതിയില്‍ വലിയൊരു രാഷ്ട്രീയ ലക്ഷ്യം ഒളിഞ്ഞു കിടക്കുന്നതായി കാണാന്‍ കഴിയും.
പ്രതിപക്ഷത്തിരിക്കുമ്പോള്‍ വിഴിഞ്ഞം പദ്ധതിയെ യുക്തിയുക്തം എതിര്‍ത്തിരുന്നവര്‍ ഇപ്പോള്‍ വിഴിഞ്ഞത്തെ ഒരു സ്വര്ണ്ണഖനിയായാണ് കാണുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തി പുതിയ വന്‍ വ്യവസായസംരംഭങ്ങള്‍ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ 2024-25ല്‍ അന്തര്‍ദ്ദേശീയ നിക്ഷേപസംഗമം നടത്തുമെന്നും ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ഇക്കണോമിക് സോണിന്റെ ചട്ടക്കൂട്ടിലല്ലാതെ വന്‍കിട നിക്ഷേപകര്‍ വരില്ല എന്ന ഉത്തമബോധമുള്ളതുകൊണ്ടാണ് ചൈനീസ് മാതൃകയെകുറിച്ച് ആദ്യം സൂചിപ്പിച്ചതും.SEZsല്‍ സംസ്ഥാന തൊഴില്‍ നിയമങ്ങളും മറ്റും നടപ്പാക്കാനാകില്ല. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ സംരംഭകരെ തുരത്തി ഓടിക്കുകയും ചെയ്യും.
സ്വകാര്യസ്വാശ്രയകോളേജുകള്ക്കെതിരായി സമരം ചെയ്ത് പാര്‍ട്ടി സഖാക്കള്‍ രക്തസാക്ഷികളായിട്ട് ഏതാണ്ട് 25 വര്‍ഷമായി. ഇപ്പോള്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങുകയാണ്. അതോടൊപ്പം വിദേശ സര്‍വ്വകലാശാലകള്‍ക്ക് ക്യാമ്പസ് തുടങ്ങാന്‍ യു.ജി.സി. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അനുമതി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ എസ്.എഫ്.ഐ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു കഴിഞ്ഞു. നിലവിലുള്ളവര്‍ക്കു പുറമെ 25 സ്വകാര്യ വ്യാപാരപാര്ക്കുകള് കൂടി സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളും പുതിയ തലമുറ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കും. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി 3 ലക്ഷം കോടിയുടെ സ്വകാര്യനിക്ഷേപമാണ് 3 വര്‍ഷത്തിനകം പ്രതീക്ഷിക്കുന്നത്.
വരവും ചിലവും
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ റവന്യൂകമ്മി 27846 കോടിയും ധനക്കമ്മി 44529 കോടിയുമാണ്. മൊത്തം ചിലവിന്റെ 24 ശതമാനമാണ് കമ്മിയായി കാണിച്ചിട്ടുള്ളത്. റവന്യൂകമ്മി സംസ്ഥാന വരുമാനത്തിന്റെ (സംസ്ഥാനത്തിന്റെ ജിഡിപിയുടെ) 2.12 ശതമാനവും ധനക്കമ്മി 3.4 ശതമാനവുമാണ്. സംസ്ഥാനത്തിന്റെ സ്വന്തം നികുതിവരുമാനം മൊത്തം വരുമാനത്തിന്റെ 46 ശതമാനവും, വായ്പകള്‍ 25 ശതമാനവും കേന്ദ്രവിഹിതം 19 ശതമാനവും നികുതി ഇതര വരുമാനം 10 ശതമാനവുമാണ്. കിഫ്ബിയുടേതടക്കം 34,530 കോടി രൂപ മൂലധന ചിലവിന് മാറ്റി വെച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തെ അനുഭവത്തില്‍ അതിനെ 60 ശതമാനം പോലും കൈവരിക്കാനാവില്ല. ഇവയില്‍ തന്നെ പലതും കേന്ദ്രാവിഷ്കരാപദ്ധതികളാണെങ്കിലും അതു മറച്ചുവെച്ചിരിക്കുകയാണ്.
വിഭവസമാഹരണം
സംസ്ഥാന ബജറ്റില്‍ ഭീമമായ റവന്യൂ കമ്മിയും ധനകാര്യക്കമ്മിയുമുണ്ടായിട്ടും അധിക വിഭവ സമാഹരണം വെറും 1067 കോടി മാത്രമാണ്. അതാകട്ടെ ജനദ്രോഹ പരിപാടികളിലൂടെയാണ് സമാഹരിക്കുന്നതും. മദ്യത്തിന്റെ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചും, വൈദ്യുതി സ്വന്തമായി ഉല്പാദിപ്പിക്കുന്നവരുടെ തീരുവ 15 പൈസയായി ഉയര്‍ത്തിയും, കോടതി ഫീസ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചും, രജിസ്ട്രേഷന് നികുതിയും ന്യായവിലയും വര്‍ദ്ധിപ്പിച്ചും ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഭൂനികുതിചുമത്തിയും, പഴയഫര്ണിച്ചറുകള്, വാഹനങ്ങള്‍ തുടങ്ങിയവ ലേലം ചെയ്തുമാണ് ഈ തുക പിരിച്ചെടുക്കുന്നത്. അതോടൊപ്പം നദികളിലെ മണല്‍ ലേലം ചെയ്ത് 200 കോടിയും സമാഹരിക്കും. ഈ നിര്‍ദ്ദേശങ്ങളില്‍ പലതും ജനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്പിക്കും. കോടതികളിലെ ചെക്കു കേസുകള്‍, കുടുംബകോടതികളിലെ കേസുകള്‍ എന്നിവയുടെ ചിലവ് പൂര്‍വ്വാധികം വര്‍ദ്ധിക്കും. ഭൂമി വിലയും രജിസ്ട്രേഷന് ചിലവും വര്‍ദ്ധിക്കും.
വിഭവസമാഹരണത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാണിച്ചിട്ടില്ല. 20,000 കോടിയിലധികം നികുതി കുടിശ്ശിക പിരിച്ചെടുക്കാനുള്ള നിര്‍ദ്ദേശമൊന്നും ബജറ്റിലില്ല. 2022-23ലെ പുതുക്കിയ ബജറ്റ് കണക്കനുസരിച്ച് ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് 48,902 കോടി രൂപയാണ് ചിലവഴിച്ചത്. ഈ മേഖലകളില്‍ നിന്ന് റവന്യു ആയി തിരിച്ചുകിട്ടിയതാകട്ടെ വെറും 795 കോടി രൂപയും. അതായത് ഈ മേഖലകളില്‍ 100 രൂപ ചിലവിടുമ്പോള്‍ തിരിച്ചു കിട്ടുന്നത് 1.63 രൂപ മാത്രം. കേരളത്തില്‍ 1972-73 കാലത്ത് ഇത് 5.55 രൂപയായിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ 4.41 രൂപ പിരിച്ചെടുക്കുന്നുണ്ട്. ഹരിയാനയില്‍ 6.61 രൂപയും. റവന്യു തിരിച്ചുവരവ് 5 ശതമാനമായി ഉയര്‍ന്നതായാല്‍ മാത്രം 2500 കോടിയിലധികം സര്‍ക്കാരിന് സമാഹരിക്കാന്‍ കഴിയും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിശ്ചയിച്ച ഫീസിനങ്ങള് കാലികമായി വര്‍ദ്ധിപ്പിച്ചാല്‍ ഈ ദുരവസ്ഥ ഒഴിവാക്കാനാകും. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച അബ്രഹാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ (2021) വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും 100 രൂപ വീതം ചിലവഴിക്കുമ്പോള്‍ തിരിച്ചു കിട്ടുന്നത് 1.45 രൂപയും 3.68 രൂപയും മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം പൊതുമേഖലാ കമ്പനികളും തുടര്‍ച്ചയായി നഷ്ടത്തിലാണ്. ഇവയുടെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനായാല്‍ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക നേട്ടമുണ്ടാകും. 149 പൊതുമേഖലസ്ഥാപനങ്ങളില്‍ 18 എണ്ണം അടച്ചു പൂട്ടുന്നതായി സെന്റര്‍ ഫോര്‍ മാനേജ് ഡവലപ്മെന്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് 1520 കോടിയുടെ നഷ്ടമുണ്ടാക്കിയപ്പോള്‍ വാട്ടര്‍ അതോറിറ്റി 1312 കോടിയും പെന്ഷന് ഫണ്ട് ലിമിറ്റഡ് 1048 കോടിയും വൈദ്യുതി ബോര്‍ഡ് 1023 കോടിയുമാണ് നഷ്ടംവരുത്തിയത്. സര്‍ക്കാരിന് വരുമാനമുണ്ടാക്കില്ലെന്നു മാത്രമല്ല, വലിയതുക ചിലവഴിക്കേണ്ടിയും വരുന്നു. അതേസമയം 67 ലിസ്റ്റഡ് പൊതുമേഖലാ കമ്പനികളില്‍ നിന്ന് 2023-24ല്‍ കേന്ദ്ര ഗവണ്മെന്റിന് ഡിവിഡണ്ടായി ലഭിച്ചത് 63056 കോടിയുമാണ്.
പ്രധാനമേഖലകള്ക്കുള്ള ബജറ്റ് വിഹിതം
കാര്‍ഷികമേഖലക്ക് 1698 കോടിയും, പൊതു ആരോഗ്യമേഖലക്ക് 2052.32 കോടിയും പട്ടികജാതി ഉപ പദ്ധതിക്ക് 2979.40 കോടിയും, പട്ടികവര്‍ഗ്ഗ വികസനത്തിന് 859.50 കോടിയും, ന്യൂനപക്ഷ ക്ഷേമത്തിന് 73.63 കോടിയും വിദ്യാഭ്യാസത്തിന് 1736.63 കോടിയും മൃഗസംരക്ഷണത്തിന് 277.14 കോടിയും മത്സ്യബന്ധന മേഖലക്ക് 109.25 കോടിയും ഉള്‍നാടന്‍ മത്സ്യമേഖലക്ക് 80.90 കോടിയും ഊര്‍ജ്ജ മേഖലക്ക് 1150.76 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. നടപ്പു വര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ വര്‍ദ്ധനവ് ഈ മേഖലകളിലൊന്നും കാണാനില്ല. ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് 1120.54 കോടി രൂപയാണ് ബജറ്റ് വിഹിതമായി കാണിച്ചിട്ടുള്ളത്. അത് നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തികച്ചും അപര്യാപ്തമാണ്. എന്നാല്‍ എത്രകാലം നികുതിപണം കൊണ്ട് ഈ കോര്‍പ്പറേഷനെ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രശ്നവും നിലനില്ക്കുന്നു.
കൊച്ചിമെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് 239 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അതേസമയം കോഴിക്കോട്- തിരുവനന്തപുരം മെട്രോ പദ്ധതിയായി മുന്നോട്ടുപോകുമെന്നു മാത്രമെ പ്രഖ്യാപിച്ചിട്ടുള്ളു. പൊതുജനാരോഗ്യമേഖലയ്ക്ക് നടപ്പുവര്‍ഷത്തെ 2828.33 കോടിയുടെ സ്ഥാനത്ത് 2024-25ല്‍ 2052.23 കോടി മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 776 കോടി രൂപയുടെ കുറവാണ് ഈ മേഖലയ്ക്കുള്ളത്. അതേസമയം, ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും മെഡിസെപ് പരിപാടിയെ കുറിച്ചുള്ള പരാതികളും, നടപ്പാക്കുന്നതിലെ അപാകതകളും പരിഹരിക്കാന്‍ യാതൊരു നിര്‍ദ്ദേശവും ബജറ്റിലില്ല. അംഗനവാടി ജീവനക്കാര്‍ക്കുള്ള രണ്ട് ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ ആവര്‍ത്തനമാണ്.
പിണറായിയുടെ സ്വപ്നപദ്ധതിയായാണ് നാഷണല്‍ ഹൈവേ 66നെ സൂചിപ്പിച്ചത്. അതുപോലെ കൊച്ചി-തേനി ദേശീയപാത 85, ദേശീയപാത 744 (കൊല്ലം-ചെങ്കോട്ട) കോഴിക്കോട് – പാലക്കാട്, തിരുവനന്തപുരം- കൊച്ചി (കോട്ടയം വഴി തിരുവനന്തപുരം ഔട്ടര്‍ റിങ്ങ് റോഡ് എന്നിവയെല്ലാം സംസ്ഥാന പദ്ധതിയായാണ് അവതരിപ്പിച്ചത്. ഇതെല്ലാം നാഷണല്‍ ഹൈവേ അതോറിറ്റി നടത്തുന്ന പദ്ധതികളാണ്. ജനുവരി 5ന് കേന്ദ്രമന്ത്രി ഗഡ്കരി 14.64 കോടി രൂപയുടെ വികസനപദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ജനുവരിയില്‍ പ്രധാനമന്ത്രി എറണാകുളത്ത് 5000 കോടിയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിധിന് ഗഡ്കരി പ്രഖ്യാപിച്ചത് കേരളത്തില്‍ 38 പദ്ധതികളിലായി ഒന്നരലക്ഷം കോടിരൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയോ വരാന്‍ പോകുകയോ ആണെന്നാണ്. അദ്ദേഹം പണികഴിഞ്ഞ മേല്‍പ്പാലങ്ങളും റോഡുകളും ഉദ്ഘാടനം ചെയ്യുകയും 12 ദേശീയ പാതകളിലെ ഘട്ടംഘട്ടമായ പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. കേരളത്തിലെ റെയില്‍വേ വികസനത്തിന് 2744 കോടി രൂപയാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതൊന്നും ധനമന്ത്രി അറിഞ്ഞമട്ടില്ല. എന്നിട്ടും കേന്ദ്ര അവഗണനക്കെതിരായി ബജറ്റ് പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പരാതി ഉന്നയിക്കുകയായിരുന്നു.
ക്ഷേമപദ്ധതികള്‍ മരവിക്കുന്നു
55 ലക്ഷത്തോളം വരുന്ന ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് മാസങ്ങളായി പെന്ഷന് ലഭിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിമൂലം ക്ഷേമപെന്ഷന് വര്‍ദ്ധിപ്പിച്ചിട്ടുമില്ല. ക്ഷേമ പെന്ഷന് മുടങ്ങിയതോടൊപ്പം 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കിയിരുന്ന സപ്ലൈകോയും ഗുരുതരമായ പ്രതിസന്ധിയിലായി. അരി അടക്കം 11 ഇതര നിത്യോപയോഗ സാധനങ്ങളുടെ വിതരണം നിലച്ചിട്ട് ആഴ്ചകളായി. അരിയുടേയും പയറുല്പ്പന്നങ്ങളുടെയും മുളകിന്റെയും മറ്റും കമ്പോള വില ഉയര്‍ന്ന സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന സപ്ലൈകോ നിശ്ചലാവസ്ഥയിലാണ്. വില നിലവാരം പിടിച്ചുനിര്‍ത്താന്‍ വിപണിയില്‍ ഇടപെട്ട വകയില്‍ 1500 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് നല്‍കാനുണ്ട്. സപ്ലൈകോയ്ക്ക് സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്ന കരാറുകാര്‍ക്ക് 500 കോടിയിലധികം കുടിശ്ശിക ഉള്ളതുമൂലം അവര്‍ ഉല്പന്നങ്ങള് നല്കാന് തയ്യാറല്ല. ഈ അടിയന്തിര സാഹചര്യത്തില്‍ സപ്ലൈകോയ്ക്ക് വെറും 250 കോടി മാത്രം നീക്കിവെച്ചത് സാധാരണ ജനങ്ങളോടുള്ള വഞ്ചനയായേ കാണാനാകൂ.
അതോടൊപ്പം റേഷന്‍കടക്കാര്‍ക്ക് ലഭിക്കാനുള്ള ഭീമമായ കമ്മീഷന് കുടിശ്ശിക കൊടുക്കാനും ബജറ്റില്‍ വ്യവസ്ഥയില്ല. അതുകാരണം കടയടച്ച് സമരം ചെയ്യുമെന്നവര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത കാലത്ത് വന്യമൃഗങ്ങളുടെ ഇടപെടല്‍മൂലം നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും നിരവധിപേര്‍ക്ക് കൃഷിയും, വീടും, കന്നുകാലികളും നഷ്ടപ്പെടുകയുമുണ്ടായി. കാലാവസ്ഥാ മാറ്റവും വനനശീകരണവുമെല്ലാം ഇതിനുകാരണമാകുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള വന്യജീവി ആക്രമണം മൂലമുള്ള ദുരന്തങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും വെറും 48.85 കോടി മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഇത് ദുരന്തനിവാരണത്തിന് തികച്ചും അപര്യാപ്തമാണ്. ഈ ഭാഗത്തുള്ള വിദഗ്ദ്ധര്‍ പറയുന്നത് 150 മുതല്‍ 200 കോടിയെങ്കിലും ഇതിന് മാറ്റിവെക്കേണ്ടതാണ് എന്നാണ്. കാരണം ദുരന്തത്തിനുള്ള സഹായത്തേക്കാള്‍ ദുരന്തം ഒഴിവാക്കാനുള്ള വിവിധ പരിപാടികളാണ് കൂടുതല്‍ പ്രധാനമായിട്ടുള്ളത്. അതിന് മതിയായ സാമ്പത്തിക സ്രോതസ്സ് അത്യാവശ്യമാണ്. റബ്ബറിന്റെ താങ്ങുവില 250 രൂപയായി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന ഇടതുമുന്നണി റബ്ബറിന് 180 രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് റബ്ബര്‍ കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള 21 ശതമാനം ക്ഷാമബത്താ കുടിശ്ശികയില്‍ 2 ശതമാനം ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭ്യമാക്കുമെന്ന പ്രഖ്യാപനവും ജീവനക്കാരുടെ വലിയ പ്രതിഷേധത്തിനുകാരണമായിട്ടുണ്ട്.
യുപിഎ ഗവണ്മെന്റിനേക്കാള് അഞ്ചിരട്ടി നല്കി മോദി ഗവണ്മെന്റ്
ന്യൂദല്‍ഹി: പത്തുവര്‍ഷത്തെ യുപിഎ ഭരണകാലത്ത് കേരളത്തിന് ലഭിച്ച കേന്ദ്രസഹായവും നരേന്ദ്രമോദി സര്‍ക്കാര്‍ നല്കിയ കേന്ദ്രസഹായവും കണക്കുകള്‍ നിരത്തി വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്. കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതമായി 2004-14ല്‍ കേരളത്തിന് 46,303 കോടി രൂപ ലഭിച്ചപ്പോള്‍ 2014-24ല്‍ അത് 1,50,140 കോടി രൂപയായി ഉയര്‍ത്തിയെന്ന് ധനമന്ത്രി രാജ്യസഭയെ അറിയിച്ചു. 224 ശതമാനത്തിന്റെ വര്‍ദ്ധനയാണ് മോദി സര്‍ക്കാര്‍ നികുതി വിഹിതത്തില്‍ കേരളത്തിനു നല്‍കിയത്.
കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റുകളും മറ്റു ധനസഹായങ്ങളുമായി യുപിഎ കാലത്ത് 25,629.7 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. എന്നാല്‍ 2014 മുതല്‍ 2023 ഡിസംബര്‍ വരെ മോദി സര്‍ക്കാര്‍ നല്‍കിയത് 1,43,117 കോടി രൂപയാണ്. യുപിഎ സര്‍ക്കാര്‍ നല്കിയതിനെക്കാള് 458 ശതമാനം അധികം തുക.
മൂലധനച്ചെലവുകള്‍ക്കായി 50 വര്‍ഷത്തെ പലിശ രഹിത വായ്പയായി പ്രത്യേക ഫണ്ട് 2020-21ല്‍ 82 കോടി രൂപ കേരളത്തിനു നല്കി. 2021-22ല്‍ ഇത് 229 കോടി രൂപയാക്കി ഉയര്‍ത്തി. 2022-23ല്‍ 1,903 കോടി രൂപയാണ് ഈയിനത്തില്‍ നല്‍കിയത്. ധനകമ്മിഷന് ശിപാര്‍ശ ചെയ്യാത്ത തുകയായിരുന്നു ഇത്. കോവിഡ് പ്രതിസന്ധി മറികടക്കാനും സംസ്ഥാനങ്ങളുടെ വികസനത്തിനുമായി പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ ധനസഹായം എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്.
കോവിഡ് കാലത്ത് അധിക കടമെടുക്കാനായി 18,087 കോടി രൂപയ്ക്കും കേരളത്തിന് അനുമതി നല്‍കിയതായി കേന്ദ്ര ധനമന്ത്രി അറിയിച്ചു. കേന്ദ്ര ധനകമ്മിഷന് ശിപാര്‍ശകള്‍ പക്ഷപാതമില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയതെന്നും എല്ലാ സര്‍ക്കാരുകള്‍ക്കും കമ്മിഷന് ശിപാര്‍ശ അനുസരിച്ചുള്ള തുക കൃത്യമായി നല്‍കിയെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി.
ധനപ്രതിസന്ധിക്ക് കേന്ദ്രത്തെ പഴിക്കുന്നു
കേരളത്തിന്റെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക സമീപനവും 57000 കോടിയോളം കേന്ദ്രസഹായം വെട്ടിക്കുറച്ചതുമാണെന്ന് ധനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും, സാമ്പത്തിക അച്ചടക്കരാഹിത്യവും ധൂര്‍ത്തും മറച്ചുവെയ്ക്കാനുള്ള കരുതിക്കൂട്ടിയുള്ള തന്ത്രമാണ്. ഈ പരാതികളുടെ സത്യാവസ്ഥ അറിയാന്‍ ഡീന്‍ കുര്യാക്കോസ് ലോക് സഭയില്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ അതിന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി നല്കിയ മറുപടി വളരെ വസ്തു നിഷ്ഠമായിരുന്നു. 2024 ജനുവരി വരെ കേരളത്തിന് മൊത്തം 63430.93 കോടി നല്‍കിയതിന്റെ വിശദവിവരങ്ങള്‍ അദ്ദേഹം നല്കുകയുണ്ടായി. 2020-21ല്‍ 11560.40 കോടി രൂപയും 2021-22ല്‍ 17820.09 കോടി രൂപയും2022-23ല്‍ 18260.68കോടി രൂപയും 2023-24 ല്‍ (ജനുവരി വരെ) 15789.76 കോടി രൂപയും കേരളത്തിനു നല്‍കിയിട്ടുണ്ട്. ജി.എസ്.ടി. നഷ്ടപരിഹാരമായി ജി.എസ്.ടി. കൗണ്‍സില്‍ അംഗീകരിച്ച 28054 കോടിയും കേരളത്തിന് ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ള 737.88 കോടി രൂപ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
കേന്ദ്ര അവഗണനയ്ക്കെതിരായും കടമെടുപ്പ് പരിധി വര്‍ദ്ധിപ്പിക്കാനും വേണ്ടി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ അന്യായത്തിന് 45 പേജുള്ള വിശദീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ചെയ്തിട്ടുള്ളത്. അതില്‍ ഏറ്റവും കൂടുതല്‍ കടബാദ്ധ്യതയുള്ള 5 സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ പൊതുകടം സംസ്ഥാന ജി.ഡി.പിയുടെ 39 ശതമാനത്തിലധികമായെന്നും ദേശീയ ശരാശരി 29.8 ശതമാനമാണെന്നും വിശദീകരിക്കുന്നുണ്ട്. മാത്രവുമല്ല, കടമെടുത്ത തുകയുടെ പലിശ ബാദ്ധ്യത റവന്യു വരുമാനത്തിന്റെ 10 ശതമാനത്തിലധികമാകരുതെന്ന് 14-ാം ധനകാര്യക്കമ്മീഷന്റെ നിലവിലുള്ള മാനദണ്ഡം മറികടന്ന് 19.5 ശതമാനമായി ഉയര്‍ന്നിരുന്നു.
കടമെടുക്കുന്ന പണം മൂലധനാവശ്യങ്ങള്ക്കാണ് ചിലവഴിക്കുന്നതെങ്കില്‍ അവ തിരിച്ചടക്കാനുള്ള വരുമാനം അതില്‍ നിന്നു തന്നെയുണ്ടാകും. കടമെടുക്കുന്നതല്ല പ്രശ്നം. കടമെടുത്ത പണം എന്തിനുവേണ്ടി വിനിയോഗിക്കുന്നു എന്നതാണ് കാതലായ പ്രശ്നം. സി.എ.ജിയുടെ സ്റ്റേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കാണിക്കുന്നത് 2018-19 മുതല്‍ കടമെടുത്ത തുകയുടെ 5 ശതമാനത്തില്‍ താഴെ മാത്രമാണ് മൂലധനാവശ്യങ്ങള്‍ക്ക് ചിലവാക്കുന്നത് എന്നാണ്. 2019-20 ഓടെ ഇത് 3.85 ശതമാനമായി കുറഞ്ഞിരുന്നു. 2019-20ല്‍, 75.6 ശതമാനവും റവന്യു ചിലവുകള്‍ക്ക് ഉപയോഗിച്ചപ്പോള്‍ 20.13 ശതമാനം പഴയകടം തിരിച്ചടക്കാനാണ് വിനിയോഗിച്ചത്. കടം തിരിച്ചടയ്ക്കാന്‍ 2017-18ല്‍ 8.41 ശതമാനം വിനിയോഗിച്ചത് 2019-20 ആയപ്പോഴേയ്ക്കും 20.13 ശതമാനമായി ഉയര്‍ന്നു. ഈ ശതമാനം വര്‍ഷാവര്‍ഷം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.
കടം തിരിച്ചടവും പലിശയും ചേര്‍ന്നാല്‍ മൊത്തം റവന്യു ചിലവിന്റെ 25 മുതല്‍ 28 ശതമാനമാണ് വരുന്നത്. 2019-20ല്‍ പലിശയും മുതലും ചേര്‍ത്ത് 34940 കോടി രൂപയാണ് ചിലവായത്. ഇത് മൊത്തം ബജറ്റിലെ ചിലവിന്റെ 25 ശതമാനമായിരുന്നു. തലേവര്‍ഷം ഇത് 27 ശതമാനമായിരുന്നു.
സംസ്ഥാനത്തിന്റെ ധനക്കമ്മി സംസ്ഥാനത്തിന്റെ ജിഡിപിയുടെ 3.4 ശതമാനമാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ ശരാശരി ധനക്കമ്മി 0.46 ശതമാനം മാത്രമാണ്. ഇതോടൊപ്പം ബജറ്റിനു പുറമെയുള്ള വായ്പകള്‍, ബജറ്റിലെ വരുമാന സ്രോതസ്സുകളുപയോഗിച്ചാണ് തിരിച്ചടക്കുന്നതെങ്കില്‍ അത് സംസ്ഥാനത്തിന്റെ കടമായി പരിഗണിക്കപ്പെടും. സി.എ.ജി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തില്‍ കിഫ്ബിയും സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡും വലിയതോതില്‍ വിഭവസമാഹരണം നടത്തിയിട്ടുണ്ട്. എന്നാല്‍ അവയുടെ തിരിച്ചടവ് മുഖ്യമായും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ നിന്നാണ്. 2021-22ല്‍ കിഫ്ബിയുടെ വരുമാനം 6401.13 കോടി രൂപയായിരുന്നു. അതില്‍ 93.6 ശതമാനവും പെട്രോള്‍ സെസ്സ്, മോട്ടോര്‍ വാഹനനികുതിയുടെ ഒരു വിഹിതം എന്നിവ വഴി സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ഫണ്ടാണ്. സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക് പ്രോഗ്രസ്സ് എന്ന ഏജന്‍സി നടത്തിയ പഠനത്തില്‍ ഈ രണ്ടു പദ്ധതികള്‍ കൂടി സംസ്ഥാന സര്‍ക്കാരിന്റെ ബാദ്ധ്യതയാക്കി പരിഗണിച്ചാല്‍ കേരളത്തിന്റെ യഥാര്‍ത്ഥ കടബാദ്ധ്യത സംസ്ഥാന ജി.ഡി.പിയുടെ 39.1 ശതമാനത്തില്‍ നിന്നും 42.8 ശതമാനമായി ഉയരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബജറ്റിന് പുറത്തുള്ള കടമെടുത്ത തുകയില്‍ 93 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടേതാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം ഈ സംസ്ഥാനങ്ങളെ കേന്ദ്രം അവഗണിക്കുന്നു എന്ന പൊതുമുദ്രാവാക്യമുപയോഗിച്ച് കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങാന്‍ പിണറായി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
എയിഡഡ് മേഖല പ്രധാന ബാദ്ധ്യത
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കുള്ള പ്രധാന കാരണമായി പലപ്പോഴും ഉന്നയിക്കാറുള്ളത്. ഒറ്റനോട്ടത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവാകുന്ന മേഖല എന്ന നിലക്ക് അത് ശരിയാണെന്നു തോന്നാം. എന്നാല്‍ ഈ വിഷയത്തില്‍ ഒരു പ്രധാനപ്രശ്നം മറച്ചുവെയ്ക്കപ്പെടുകയാണ്. കേരളത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ശമ്പളം പറ്റുന്നതില്‍ 27 ശതമാനത്തിലധികം എയിഡഡ് വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരും, അനദ്ധ്യാപകരുമാണ്. സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ സുനില്‍ പി.മാണിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍, സ്വകാര്യ എയിഡഡ് മേഖലയുടെ ശമ്പള ബാദ്ധ്യത സര്‍ക്കാരിന്റെ മൊത്തം ശമ്പള ബാദ്ധ്യതയുടെ മൂന്നിലൊന്നാണ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. 2021ലെ ശമ്പളപരിഷ്ക്കരണത്തോടെ ഇത് 40 ശതമാനത്തോളമായിട്ടുണ്ട്. സുനില്‍ മാണിയുടെ മൂന്നിലൊന്ന് സ്വീകരിച്ചാല്‍ പോലും 2021-22ല്‍ 23745 കോടി രൂപ എയിഡഡ് മേഖലക്ക് ശമ്പളത്തിനും പെന്‍ഷനുമായി നല്‍കിയിരുന്നു. 40 ശതമാനമെന്ന കണക്കെടുത്താല്‍ ഇത് 28494 കോടിയായി ഉയരും. എയിഡഡ് മേഖലക്കുള്ള ശമ്പള-പെന്ഷന് വിഹിതത്തേക്കാള്‍ കുറവാണ് സംസ്ഥാനത്തിന്റെ റവന്യുകമ്മി. അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നമെന്താണെന്ന് മനസ്സിലാകും. കഴിഞ്ഞ അഞ്ചുപതിറ്റാണ്ടായി സ്വകാര്യ എയിഡഡ് മേഖലക്കുമാത്രം 6 ലക്ഷത്തോളം കോടി രൂപ പൊതു ഖജനാവില്‍ നിന്ന് കൊടുത്തിട്ടുണ്ട്. ഇത്രയും തുക നിക്ഷേപിക്കാനായാല്‍ കേരളം മറ്റൊരു സിംഗപ്പൂര്‍ ആയി മാറിയേനെ.