ഉത്തമപുരുഷനാര് എന്ന വാല്മീകിയുടെ ചോദ്യത്തിന് നാരദന്റെ ഉത്തരമായിരുന്നു ‘രാമന്‍’! എന്നാല്‍ നുണയും നാണക്കേടും ചേര്‍ന്നൊരാളാര് എന്ന ആരുടെ ചോദ്യത്തിന്റെയും ഉത്തരമാകാന്‍ എല്ലാ യോഗ്യതയുമുള്ളയാളാണ് സാഹിത്യഅക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍!
‘ഗാന്ധിജിയുടെ രാമ’നാണ് തന്റെ രാമന്‍ എന്ന നുണ അയാള്‍ പറയുന്നിടത്ത് അസത്യം കൊണ്ടയാള്‍ ഗാന്ധിജിയോടാണ് യുദ്ധം ചെയ്യുന്നത്. തന്റെ ബലഹീനതകളെപ്പോലും സത്യസന്ധതയുടെ മൂര്‍ച്ച കൊണ്ട് നിണമണിയിച്ച ധീരനായിരുന്നു ഗാന്ധി. ഗാന്ധിയുടെ രാമന്‍ കാവ്യങ്ങളിലെ രാമനല്ല. ഇതിഹാസത്തിലെ രാമനാണ്. ‘കോനസ്മിന്‍ സാമ്പ്രതം ലോകേ ഗുണവാന്‍ കശ്ച വീര്യവാന്‍?!’ എന്ന വാല്മീകിയുടെ ചോദ്യത്തിനുള്ള എക്കാലത്തേയും ഉത്തരമായ ‘ഇക്ഷ്വാകു വംശ പ്രഭവനായ രാമ’നാണ് ഗാന്ധിയുടെ രാമന്‍. ആ രാമന്‍ രാക്ഷസീയമായ കരുത്തിനെ ജയിക്കാന്‍ രാഷ്ട്രീയമായ കുറുക്കുവഴികളെ ആശ്രയിക്കുന്ന രാമനല്ല. ആ രാമപ്രഭാവമാണ് ഗാന്ധിയെ ബ്രിട്ടീഷുകാരെ നേരിടാന്‍ കുറുക്കുവഴികള്‍ തേടി പോകാന്‍ പ്രേരിപ്പിക്കാതിരുന്ന ആദര്‍ശ മൂര്‍ത്തി.
യുദ്ധക്കളത്തിന്റെ നടുവില്‍ പിറന്ന കുഞ്ഞായിരുന്നു ഗീത. ഗാന്ധിയതിനെ ‘അഹിംസാ പരമോ ധര്‍മ്മ’ എന്നു വായിച്ചെടുത്തു. ‘സംഗരഹിതമായ കര്‍മ്മവിശുദ്ധി’യുടെ വിശുദ്ധ പുസ്തകമായിക്കരുതി കൂടെ സൂക്ഷിച്ചു. വില്ലും അമ്പും ധരിച്ച രാമനും ഗാന്ധിയുടെ അഹിംസയ്ക്ക് അന്യമാകാതിരിക്കാന്‍ അനവധി കാരണങ്ങളുണ്ടായിരുന്നു. ഹിംസയെ വെറുത്ത ഗാന്ധി തന്റെ ജീവിതത്തിലെങ്ങും ‘രാമബാണ’ത്തെ തള്ളിപ്പറഞ്ഞില്ല. ഗാന്ധിക്ക് തന്റെ ധാര്‍മ്മിക യാത്രകളുടെ വഴിയും വഴികാട്ടിയും രാമബാണമായിരുന്നു! സത്യസന്ധതയുടെ അഗ്‌നിയില്‍ തന്റെ ഹൃദയം എരിച്ചു വിശുദ്ധി അടയാളപ്പെടുത്തുന്നിടത്താണ് ഗാന്ധിയുടെ രാമരാജ്യം ജീവിച്ചിരിക്കുന്നത്. ഭാരതത്തിന്റെ രാമന്‍ ഗാന്ധിയുടെ രാമന്‍ തന്നെയാകുന്നതങ്ങനെയാണ്.
രാമായണത്തിന്റെ നായകത്വവും മഹത്വവും രാവണനു വച്ചു നീട്ടിയ തലതിരിഞ്ഞ ധര്‍മ്മ ബോധവും പേറി നടന്നിട്ടാണ് ‘ഗാന്ധിയുടെ രാമനാണ് എന്റെ രാമന്‍’ എന്ന് സച്ചിദാനന്ദന്‍ പറയുന്നത്. അയാള്‍ ചിന്തിക്കും പോലെ ഭാരതത്തിന്റെ രാമന്‍ ഒരു കരണത്തിനു ബദലായി മറു കരണം കാണിക്കുന്ന രാമനല്ല. ‘കൊണ്ടുവാ ചാപ ബാണങ്ങള്‍ നീ ലക്ഷ്മണ… കണ്ടു കൊണ്ടാലും മമ ശര വിക്രമം’ എന്ന് ഗര്‍ജ്ജിക്കുന്ന നരശാര്‍ദ്ദൂലമാണ് ഭാരതത്തിന്റെ രാമന്‍. ‘ഞാനൊഴിഞ്ഞുണ്ടോ രാമന്‍ ഈ ത്രിഭുവനത്തിങ്കല്‍?’ എന്ന വഴിമുടക്കുന്ന ചോദ്യത്തിനു നേരേ ‘നിസ്സഹകരണം’ കൊണ്ടോ ‘നിരാഹാരം’ കൊണ്ടോ അല്ല വില്ലുയര്‍ത്തിപ്പിടിച്ച് ‘പശ്യ മേളദ്യ പരാക്രമം’ എന്നാക്രോശിക്കുന്ന രാമനാണ് ഭാരതത്തിന്റെ ഇതിഹാസ പുരുഷന്‍. വീര്യരഹിതനും ക്ഷത്രിയ ധര്‍മ്മം പാലിക്കാന്‍ അശക്തനുമായ ഒരു രാമന്‍ ഭാരതത്തിന്റെ വീരസ്വപ്‌നങ്ങളില്‍ എങ്ങുമില്ല.
വായ കഴുകാതെ ഗാന്ധി എന്ന പേരുച്ചരിക്കാന്‍ സച്ചിദാനന്ദന് യോഗ്യതയില്ല. അവസരവാദങ്ങളുടെ കൂടപ്പിറപ്പും ചങ്ങാതിയുമായിരുന്നയാള്‍. ‘പുഞ്ചിരിയില്‍ പൊതിഞ്ഞ ഒരു കുലീനമായ നുണ’യായിരുന്നു കേരളത്തില്‍ നക്‌സലിസം. ഒരേ സമയം അത് സ്വയം വഞ്ചിച്ചുകൊണ്ട് സമൂഹത്തെയാകെ ചതിച്ചു. അതിന്റെ അനുഭാവപൂര്‍വ്വിയായ ഒരു പേനയുന്തുകാരനായിരുന്നു സച്ചിദാനന്ദന്‍. അയാളുടെ ആദ്യ വേഷം അങ്ങനെയായിരുന്നു എങ്കിലും ആത്മവഞ്ചന ‘പൈതൃക നേട്ടം’ പോലെ ആസ്വദിച്ച അയാള്‍ വേഷങ്ങള്‍ വേദികള്‍ക്കൊത്ത് മാറിക്കൊണ്ടിരുന്നു. രാമായണം രാക്ഷസന്മാരെയാണ് കാമരൂപികള്‍ എന്നു വിളിച്ചത്. ഇഷ്ടത്തിനൊത്ത് വേഷം മാറാന്‍ കഴിയുന്നവരാണ് കാമരൂപികള്‍. ഒരര്‍ത്ഥത്തില്‍ മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും സച്ചിദാനന്ദന്‍ കാമരൂപിയായിരുന്നു.
അടിയന്തരാവസ്ഥയുടെ ഭീഷണികളെ അയാള്‍ മൗനം കൊണ്ട് അതിജീവിക്കുകയും എഴുപത്തിയേഴിനു ശേഷം അതിനെതിരെ ക്ഷോഭിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഉച്ചിഷ്ട ഭോജ്യങ്ങളുടെ രുചിയില്‍ അഭിരമിച്ച് അക്കാദമികളുടെ കസേരകളിലിരുന്ന് തരാതരം പോലെ കമ്മ്യൂണിസത്തെ വിമര്‍ശിച്ചു. അധികാര നഷ്ടത്തിന്റെ കാലത്ത് തലസ്ഥാനത്തു നിന്നും തെക്കോട്ട് പായ മുറുക്കി ഇറങ്ങി വന്ന് മനുഷ്യച്ചങ്ങലയില്‍ കയറി കീഴടങ്ങിയവനെപ്പോലെ ഇരുകൈയ്യുമുയര്‍ത്തി വൃത്തികെട്ട കക്ഷങ്ങള്‍ കാട്ടി നിന്നു.
പഴയ രൂപകങ്ങളൊന്നും പുതിയ കേരളത്തെ സൂചിപ്പിക്കുന്നതിന് ‘പോരാ പോരാ’ എന്ന് അത്തരം സാംസ്‌കാരിക ദരിദ്രര്‍ക്ക് തോന്നി തുടങ്ങിയിരിക്കുന്നു. സാംസ്‌കാരിക ഭൂതകാലത്തിന്റെ മുദ്രകളുടെ ആവര്‍ത്തനങ്ങളെ ‘ക്ലീഷേ’ എന്ന ഒറ്റവാക്കുകൊണ്ട് വെട്ടി നിരത്തുകയാണവര്‍. ശ്രീകുമാരന്‍ തമ്പി മാത്രമല്ല ബോധേശ്വരന്‍ എന്ന കവിയെയും കവിയ്‌ക്കൊപ്പം ഹൈന്ദവ മുദ്ര പേറുന്ന സകല കാവ്യബിംബങ്ങളെയും വെട്ടി നിരത്താനുള്ള പേനാക്കത്തിയുടെ പേരായി മാറി ‘ക്ലീഷേ’.
ചരിത്രത്തെ ഏഴാം നൂറ്റാണ്ടിനപ്പുറത്തേക്ക് കൊണ്ടുപോകാന്‍ ഇച്ഛയില്ലാത്തവര്‍ക്കു മുന്നിലാണ് ബോധേശ്വരന്‍ ‘ആര്യ കുലോല്‍ക്കട ഭാര്‍ഗ്ഗവ നിരതേ’ എന്നു കേരളത്തെ സംബോധചെയ്യുന്നത്. ‘നമുക്ക് പൊതു മാതാവില്ല, നാം സഹോദരരാകുന്നത് ആണായ ആകാശ ദൈവം നമ്മെ സൃഷ്ടിച്ചതുകൊണ്ടു മാത്രമല്ല, നാം അവനെ അനുസരിച്ച് പിന്തുടരുന്നതു കൊണ്ടു മാത്രമാണ്’ എന്നു വിശ്വസിക്കുന്നവരോടാണ് കേരളത്തെ ‘മാമക ജനനീ’ എന്നു വിളിച്ചഭമിരിക്കുന്നത്. ‘മൊയിന്‍കുട്ടിയുടെ വിശ്വസാഹിത്യങ്ങളി’ലെ ഇശല്‍ത്തേന്‍കണം നുണഞ്ഞിരിക്കുന്നവരോടാണ് ‘തുഞ്ച ശുകീ കള കണ്ഠ നിനാദ’ ത്തെ വാഴ്ത്തുന്നത്. സത്യ സംസ്‌കാരത്തിന്റെ മുമ്പില്‍ കൊളുത്തിവച്ച കെടാവിളക്കിനോടുള്ള വിലക്കാണ് പഴയ കേരള ഗാനത്തിന്റെ മരണമണി മുഴക്കുന്നതും പുതിയ ഒന്ന് ആവശ്യപ്പെടാന്‍ ‘നവകേരള’ത്തെ പ്രേരിപ്പിക്കുന്നതും.
ബോധേശ്വരന്റെ പഴയ കേരളഗാനം ‘നവ കേരള’ത്തെ അടയാളപ്പെടുത്താന്‍ അപര്യാപ്തമാകുന്ന സാഹചര്യം, പതിയെ ലജ്ജാരഹിതമായി പടികടന്നു വരുന്ന ഒരു സാംസ്‌കാരിക അധിനിവേശത്തിന്റെ സൂചനയാണ്. കേരളം അതിന്റെ ഭൂതകാല പാരമ്പര്യങ്ങളില്‍ നിന്നു ‘ഇടത്തേയ്ക്ക്’, രാഷ്ട്രീയമായി മാത്രമല്ല എഴുത്തിലും വായനയിലും ഇടത്തേയ്ക്ക്, മുണ്ടിന്റെ ഉടുതലയോടൊപ്പം വളരെ ഇടത്തേയ്ക്ക് ചാഞ്ഞു മാറിയിരിക്കുന്നു. അതിന്റെ പതാകവാഹകരില്‍ ഒരാളാണ് കെ.സച്ചിദാനന്ദന്‍.
ജനാധിപത്യം സംഘടിതമായ മതബോധത്തിന് കീഴ്‌പ്പെട്ടുപോയ ഒരു ദുരിത സന്ധിയിലാണ് കേരളം. വേഷം, ഭാഷ, രുചികള്‍ എന്നിങ്ങനെ എല്ലാ കൂടാരങ്ങളെയും കവര്‍ന്നെടുത്ത് സ്വന്തമാക്കുന്ന ഒരു ‘സാംസ്‌കാരിക ഒട്ടകം’ ഇവിടെ കുടി പാര്‍പ്പു തുടങ്ങിയിട്ട് ഏറെയായി. നേര്യതും മുണ്ടും ചന്ദനക്കുറിയും പ്രതിലോമകരമായ കുലസ്ത്രീ മുദ്രകളാകുന്നു! ഹിജാബ് തെരഞ്ഞെടുപ്പിന്റെ, വസ്ത്ര സ്വാതന്ത്ര്യത്തിന്റെ അടയാളമായി മാറുന്നു! പള്ളിക്കൂടങ്ങള്‍ക്ക് മുന്നില്‍ പ്രവേശനോത്സവത്തിന്റെ ബാനറില്‍ മലയാളം മരിക്കുകയും അറബി ജനിക്കുകയും ചെയ്യുന്നു! സദ്യയുടെ ഇല ഉണ്ണാന്‍ ആളില്ലാതെ അനാഥമായിക്കിടക്കുന്ന തീന്‍ മേശകളെ കുഴിമന്തി കൈയ്യടക്കുന്നു! എല്ലാ കൂടാരങ്ങളും ആ ഒട്ടകം കൈയ്യടക്കിയിരിക്കുന്നു!
കല്ലിനും മരത്തിനും മുകളില്‍ മാത്രമല്ല ‘അധിനിവേശത്തിന്റെ കുംഭ ഗോപുരങ്ങള്‍’ സ്ഥാപിക്കപ്പെടുന്നത് എന്ന് കേരളം കാണിച്ചുതരികയാണ്. വാളുകൊണ്ടു മാത്രമല്ല വാക്കുകൊണ്ടും അപനിര്‍മ്മാണം നിര്‍വ്വഹിക്കാമെന്നത് സാഹിത്യത്തിന് അപരിചിതമായ ഒരു രഹസ്യമല്ല. ആ അപനിര്‍മ്മിതിയും ഇച്ഛയ്‌ക്കൊത്ത പുനര്‍നിര്‍മ്മാണവുമാണ് കേരളഗാനത്തിന്റെ കാര്യത്തില്‍ നടക്കുന്നത്.
കവിതയാണ് കവിയെ അടയാളപ്പെടുത്തി വയ്ക്കുന്നത് എന്നതുകൊണ്ട് ശരീരത്തിനൊപ്പം മരിക്കുന്ന ഒരു പേരു മാത്രമാണ് സച്ചിദാനന്ദനും. എങ്കിലും ജീവിച്ചിരിക്കുന്ന കാലത്ത് പെട്രോ ഡോളറിന്റെ മൂല്യബോധത്തില്‍ പാരമ്പര്യത്തിന്റെ വേരറുക്കാനാണ് അയാളും ശ്രമിക്കുന്നത്. യൂദാസിന്റെ മുപ്പത് വെള്ളിക്കാശിന്റെ കിലുക്കമാണ് സച്ചിദാനന്ദന്മാരുടെ മടിശ്ശീലയില്‍ നിന്നും കേള്‍ക്കുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള അച്ചാരം വാങ്ങിയതിന്റെ നന്ദിയും കടപ്പാടുമാണവര്‍ വാക്കും കവിതയുമാക്കുന്നത്.
ഉപജീവനത്തിനപ്പുറം ആശയലോകത്തിന്റെ വളര്‍ച്ചയറ്റുപോയ കാലത്തും സ്വയം ‘അന്താരാഷ്ട്ര കവി’ എന്നടയാളപ്പെടുത്താന്‍ സച്ചിദാനന്ദന്‍ മറന്നതേയില്ല. കിട്ടുന്ന അവസരങ്ങളിലൊക്കെ സോവിയറ്റ് യാത്രയും യുഗോസ്ലാവിയ യാത്രയും നടത്തി, സാഹിത്യ സമ്മേളനങ്ങളില്‍ പങ്കെടുത്ത് സ്വയം പുകഴ്ത്തി അത് സ്ഥാപിക്കാന്‍ ശ്രമിച്ചു. അപ്പോഴും അന്തസ്സാര ശൂന്യമായ അയാളുടെ മിക്ക കവിതകളും നിര്‍ജ്ജീവ ഗദ്യത്തിന്റെ പിടിയില്‍ കിടന്ന് നരകിച്ചു. ‘അന്താരാഷ്ട്ര കവി’യെ കാവ്യലോകത്ത് അരക്കവിയായെങ്കിലും അടയാളപ്പെടുത്തി വയ്ക്കാന്‍ അവ ഉപകരിക്കുകയില്ല.
പാരമ്പര്യം ‘ക്ലീഷേ’ ആയി മാറുന്ന ‘നവ കേരളത്തിന്റെ എഴുത്തച്ഛന്‍’ സച്ചിദാനന്ദനെ പോലുള്ളവരാണ്. ‘എഴുത്തച്ഛന്‍ എഴുതുമ്പോള്‍ എഴുത്ത് അച്ഛനാകുന്നു’ എന്നയാള്‍ എഴുതാന്‍ കാരണമതാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങളെ കാവ്യ നിയമമാക്കാനുള്ള ശ്രമത്തിലായിരുന്നു ഇക്കാലമത്രയും അയാള്‍. അന്തസ്സാര ശൂന്യരായ ഇത്തരം സാംസ്‌കാരിക ദരിദ്രരോടാണ് സംസ്‌കാരിക യുദ്ധത്തില്‍ സത്യത്തിനും നമുക്കും കലഹിക്കേണ്ടതും അതിജീവിക്കേണ്ടതും!