ആദര്‍ശങ്ങളുടെയും തത്ത്വങ്ങളുടെയും ആയുസ്സും അടിയുറപ്പും നിര്‍ണയിക്കുന്നത് അവയുടെ പ്രയോഗ വിജയത്തിലൂടെയാണ്. നടപ്പിലാക്കാന്‍ കഴിയാത്ത, വാഗ്ദാനം മാത്രമാകുന്ന സുന്ദര സ്വപ്‌നങ്ങള്‍ ആശയലോകം മാത്രമാണ്. അതുകൊണ്ടുതന്നെ പ്രയോഗത്തില്‍ വരുമോ എന്ന ശങ്ക ഇല്ലാതെ ഒരു ആദര്‍ശം സ്വീകരിക്കപ്പെടാന്‍ മികച്ച വഴി, പ്രയോഗിച്ച് വിജയിച്ചവരെ കണ്ടെത്തുകയാണ്. അങ്ങനെ വ്യക്തി മാതൃകയാകുന്ന സന്ദര്‍ഭങ്ങളിലാണ് അന്വേഷികള്‍ക്ക് ആശ്വാസമുണ്ടാകുന്നത്. അവരുടെ കഠിന മാര്‍ഗ്ഗങ്ങളില്‍ വിളക്കുമരങ്ങള്‍ തെളിയുന്നത്. അപരിചിതമായ വഴിയില്‍ ഒറ്റയ്ക്ക് നടക്കുന്നവര്‍ക്ക് അത്തരം മാതൃകകള്‍ ധ്രുവനക്ഷത്രത്തേക്കാള്‍ സഹായകമാകും. ആശങ്കപ്പെട്ടുനിന്നവര്‍ക്ക് അത്തരമൊരു ഘട്ടത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ച് ശരിവഴി കാട്ടിക്കൊടുക്കാന്‍ ജന്മംപൂണ്ട സ്വാമി വിവേകാനന്ദനെപ്പോലുള്ളവരുടെ നിരയില്‍ അധുനാതനകാലത്തെ ദൗത്യവാഹകനായിരുന്നു ഇന്ന് ഭൗതികമായി നമ്മോടൊപ്പം ഇല്ലാത്ത പരമേശ്വര്‍ജി എന്ന പി. പരമേശ്വരന്‍. 2021 ഫെബ്രുവരി ഒമ്പതിനായിരുന്നു ആ വിയോഗം.
ജീവിതവിജയത്തിന് അവശ്യമായ യുക്തിബോധം, യുക്തിചിന്തയ്ക്കുമപ്പുറം യുക്തിവാദമായി വിലസിയിരുന്ന ഒരു കാലത്തായിരുന്നു പി. പരമേശ്വരന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പൊതുജീവിതത്തിലേക്കുള്ള പ്രവേശം. വ്യക്തിക്കുവേണ്ട യുക്തിചിന്തയ്ക്കും യുക്തിബോധത്തിനും അപ്പുറം യുക്തിവാദം പൊതുസമൂഹത്തെ ലക്ഷ്യമിട്ടാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അതിന് വിചിത്രവാദത്തിന്റെയും, താല്‍ക്കാലിക വിജയം ലക്ഷ്യമിട്ടുള്ള ദുര്‍വ്യാഖ്യാനങ്ങളുടെയും പ്രചാരണത്തിന്റെയും സ്വഭാവം വരും. അവിടെ മേല്‍ക്കൈ കിട്ടുന്നത് ശബ്ദത്തിന്റേയും പിന്തുണയുടേയും കരുത്തിനായിരിക്കുകയും ചെയ്യും. അപ്പോള്‍ ആശയത്തിന്റേയും ആദര്‍ശത്തിന്റേയും തികവും കുറവും തിരിച്ചറിയാന്‍ കഴിയാതെ വരും. അവിടെയാണ് പരീക്ഷിച്ചും പരിശീലിച്ചും വിജയിച്ച വ്യക്തികള്‍ മാതൃകയാകുന്നത്്.
സനാതന ധര്‍മ്മത്തിന്റെ സംരക്ഷണത്തിന് ആദര്‍ശനിഷ്ഠമായ പ്രവര്‍ത്തനം എന്ന ആശയം നടപ്പിലാക്കാന്‍, അതിലേക്ക് ആരെയും ആകര്‍ഷിക്കാന്‍ മികച്ച മാതൃകകള്‍ വേണമെന്ന തിരിച്ചറിവിലാണ് ലോകത്തുവെച്ച് ഏറ്റവും മികച്ച മാതൃകയായ സ്വാമി വിവേകാനന്ദനെ പി. പരമേശ്വരന്‍ അവതരിപ്പിച്ചത്. അതിനുള്ള സസൂക്ഷ്മ അന്വേഷണ പഠനങ്ങള്‍ വിവേകാനന്ദ ജീവിതം അദ്ദേഹത്തിനും സമ്മാനിച്ചു. ആയുസ്സിന്റെ കാര്യത്തിലൊഴികെ ആ രണ്ടു ജീവിതങ്ങള്‍ക്കും സമാനതകള്‍ ഏറെയുണ്ട്; സമാധിയുടെ അന്ത്യ നാളുകളിലെ അവസ്ഥയില്‍പ്പോലും.
കാലം 1990 കളുടെ രണ്ടാം പകുതി. സ്ഥലം ദേശീയ തലസ്ഥാനം, ന്യൂദല്‍ഹി. ഋതു ശിശിരം, ഡിസംബര്‍. പുലര്‍കാലത്തെ കൊടും തണുപ്പില്‍ പുതപ്പിനുള്ളില്‍ ചുരുണ്ടു കിടക്കുന്ന ഒരു യുവത്വത്തെ (ഞാന്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കാലം) താമസസ്ഥലത്തെത്തി വിളിച്ചുണര്‍ത്തി, പ്രഭാത സവാരിക്ക് കൂട്ടിയ നാളുകളില്‍ പി. പരമേശ്വരന് ഷഷ്ഠിപൂര്‍ത്തികഴിഞ്ഞിരുന്നു. ചെവി മൂടിക്കെട്ടിയ തലപ്പാവ് സ്വാമി വിവേകാനന്ദന്റെ തലക്കെട്ടിന്റെ മാതൃകയിലായിരുന്നു. അങ്ങനെ തുണികൊണ്ട് തലയില്‍ ‘വിവേകാനന്ദക്കെട്ടു’ കെട്ടാന്‍ അദ്ദേഹം ഒരാള്‍ക്ക് ശിഷ്യപ്പെട്ട് പഠിച്ചതായിരുന്നു. വിവേകാനന്ദ തത്ത്വം മാത്രമല്ല, രൂപവും അദ്ദേഹം അനുസരിച്ചു.
സ്വാമി വിവേകാനന്ദനെ, ശ്രീനാരായണ ഗുരുവിനെ, മഹര്‍ഷി അരവിന്ദനെ പരമേശ്വരന്‍ കേരളസമൂഹത്തിനായി അവതരിപ്പിച്ചപ്പോള്‍ അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നു. ആദര്‍ശത്തെ, ആശയത്തെ, ദര്‍ശനത്തെ ജീവിതത്തില്‍ പകര്‍ത്തി, അനുസരിച്ച് ജീവിച്ചു വിജയിച്ച മാതൃകകളെ അവതരിപ്പിക്കുക എന്ന ലക്ഷ്യം. ആ ലക്ഷ്യത്തില്‍ സഞ്ചരിക്കുന്ന അറിയപ്പെടാത്ത അനവധി വ്യക്തിത്വങ്ങളെ വഴിയില്‍ കണ്ടുമുട്ടുന്ന കാലം നാളെ വരുമ്പോള്‍ അതിന് കൂടുതല്‍ വേഗം സ്വീകാര്യത കിട്ടാനായിരുന്നു ആ യജ്ഞം. അത് സഫലമായി എന്ന് പറയേണ്ടതില്ലല്ലോ.
നിലപാടുകള്‍ അടവുനയങ്ങളാകുന്നത് താല്‍ക്കാലിക വിജയങ്ങള്‍ക്ക് സഹായിച്ചേക്കും. എന്നാല്‍, അത്തരം നിലപാടുകള്‍ മറ്റൊരു ഘട്ടത്തില്‍ തിരുത്തേണ്ടിവരുമെന്നതാണ് പാഠം. അതുകൊണ്ടാണ് അവ അടവുനയങ്ങളെന്ന വിളിപ്പേരിട്ട് ചിലര്‍ വേറിട്ട് നിര്‍ത്തുന്നത്. പക്ഷേ, അത് നിലപാടിനും നിലപാടെടുക്കുന്നവര്‍ക്കും ആക്ഷേപകരമാകും. പക്ഷേ, പറഞ്ഞതും ചെയ്തതും തിരുത്താനിടവരാത്ത പൊതുജീവിതങ്ങള്‍ക്ക് കാലാതീതമായ വിലയുണ്ടാകും. അങ്ങനെയുള്ള വ്യക്തികള്‍ക്കുമുണ്ടാകും കാലാതിവര്‍ത്തിത്വം. ജീവിതകാലം കഴിഞ്ഞിട്ട് നാലുവര്‍ഷമേ ആയുള്ളുവെങ്കിലും പരമേശ്വര്‍ജിയായി അറിയപ്പെട്ട പി. പരമേശ്വരന് കാലാതിവര്‍ത്തിത്വമുണ്ടാകുമെന്ന് ഉറപ്പാണ്. അദ്ദേഹത്തിന്റെ ചിന്തകളും നിലപാടുകളും തന്നെ അതിന് തെളിവ്. തിരുത്തേണ്ടിവന്നിട്ടില്ല എന്നല്ല, പലതും പ്രവചനങ്ങള്‍ പോലെ ഫലിക്കുകയും ചെയ്തിരിക്കുന്നു.
അടല്‍ ബിഹാരി വാജ്‌പേയി ആദ്യവട്ടം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ബിജെപിയുടെ ആസ്ഥാനത്ത് (അന്ന് 11 അശോകാ റോഡില്‍) പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു: ബിജെപി ഇന്ന് ഇവിടെ എത്തി നില്‍ക്കാന്‍ കാരണക്കാരായ രണ്ടുപേരെ ഓര്‍മ്മിക്കുന്നു: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരെ. സംഘടനയുടെ ആത്മാവും ശരീരവുമായിരുന്നു അവര്‍. ദീനദയാല്‍ജി ആദര്‍ശത്തിന്റെ അടിത്തറ പണിഞ്ഞു, അപ്പപ്പോഴത്തെ സാഹചര്യങ്ങളില്‍ സംഘടനയുടെ നിലപാട് പറഞ്ഞു. ഈ പാര്‍ട്ടിയെ ഇന്നിവിടെ എത്തിച്ച ഒട്ടേറെപ്പേരുണ്ട്. കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പില്ലാത്ത, ഒരു പഞ്ചായത്തില്‍ പോലും എന്നെങ്കിലും ഭരണം കിട്ടുമെന്ന് നൂറുശതമാനം ഉറപ്പുപറയാന്‍ കഴിയാനാവാത്ത, ആത്മാര്‍ത്ഥത മാത്രം കൈമുതലുള്ള കേരളത്തിലെ പ്രവര്‍ത്തകരെ പോലെയുള്ളവര്‍. ശരീരവും മനസ്സും ചിന്തയും സംഘടനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ദീനദയാല്‍ജിയെപ്പോലെയാണ് നമ്മുടെ അദ്വാനിജി… പിന്നെയും ഏറെപ്പറഞ്ഞു, ഇപ്പോള്‍ ‘ഭാരതരത്‌ന’വുമായ ലാല്‍ കൃഷ്ണ അദ്വാനിയുടെ ഗുണഗണങ്ങള്‍. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വാജ്‌പേയിയെ പ്രഖ്യാപിച്ചത് അദ്വാനിയായിരുന്നു, അടല്‍ജിയോട് ആലോചിക്കാതെതന്നെ. പി. പരമേശ്വരന്‍, ദീനദയാലും എല്‍.കെ. അദ്വാനിയും അടക്കം സനാതനധര്‍മ സംരക്ഷണ സംഘടനകളുടെ സകല നേതാക്കളുടെയും പ്രത്യേകതകള്‍ സമാവേശിച്ച വ്യക്തിത്വമായിരുന്നു. ത്യജിക്കാന്‍, സ്വീകരിക്കാന്‍, നയിക്കാന്‍, അണിചേരാന്‍ പക്വമായ മനോനിലയാര്‍ജ്ജിച്ച അസാധാരണ വ്യക്തിത്വം.
ആര്‍ജ്ജിച്ച വിജ്ഞാനവും വിവരവുംകൊണ്ട് അറിഞ്ഞത് ലോകത്തെ അറിയിക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ച, സ്വാമി വിവേകാനന്ദന്‍ സ്വജീവിതത്തില്‍ ആവേശിച്ച വ്യക്തിത്വമായിരുന്നു. ”സ്വജീവ പുഷ്പം സ്വന്തകരത്താല്‍ ആഹുതി ചെയ്തു നീ” എന്ന് സംഘശാഖയില്‍ പാടാനുള്ള ഗണഗീതം എഴുതിയത് ആരാണെന്ന് എനിക്ക് അറിയില്ല. ആ കവി ആരെന്ന് അറിയാവുന്നവരും അത് പറഞ്ഞുപരത്താറില്ല. പക്ഷേ, ഊഹിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ പരമേശ്വര്‍ജിയിലെത്തും. രാഷ്ട്രീയ സ്വയംസേവക സംഘ സ്ഥാപകന്‍ ഡോ.കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മശതാബ്ദി ആഘോഷക്കാലത്ത് എഴുതപ്പെട്ട ”നമസ്‌കരിപ്പൂ ഭാരതം അങ്ങേ സ്മരണയെ ആനമ്രം, നമസ്‌കരിപ്പൂ കേശവ ഭാരത ഭാഗ്യവിധാതാവേ…” എന്ന ഗീതത്തിലേതാണ് ആ വരികള്‍. ആത്മഗീതംകൂടിയാണ് അത്. സ്വാമി വിവേകാനന്ദനെ സ്വഹൃദയത്തില്‍ മാത്രമല്ല, മനുഷ്യരിലെല്ലാം പ്രതിഷ്ഠിച്ചു പി. പരമേശ്വരന്‍. അത് ജനകോടികളുടെ മനസ്സില്‍ ഒരു ദര്‍ശനത്തിന്റെ പ്രാണപ്രതിഷ്ഠയായി മാറി. വിവേകാനന്ദനെ താരതമ്യം ചെയ്യാന്‍ ഒരു വ്യക്തിയെ കണ്ടെത്തി. അതും ഏറെ കൃത്യമായ ലക്ഷ്യത്തോടെ ആയിരുന്നു. ആ താരതമ്യത്തിലൂടെ ഒരു വിഗ്രഹഭഞ്ജനംകൂടി നടത്തി. അതുപക്ഷേ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രഹരമായിപ്പോയി മറുപക്ഷത്തിന്. ആദര്‍ശയുദ്ധമൊന്നുമായിരുന്നില്ല, അടിത്തറ തകര്‍ത്ത വിസ്‌ഫോടനമായിരുന്നു, വിവേകാനന്ദനും മാര്‍ക്‌സും താരതമ്യം ചെയ്യപ്പെട്ടപ്പോള്‍ അതാണ് സംഭവിച്ചത്. ശ്രീനാരായണ ഗുരുവിനേയും, മഹര്‍ഷി അരവിന്ദനെയുംകൂടി നേത്രോന്മീലനം ചെയ്തതുവഴി പരന്ന സാംസ്‌കാരികപ്രഭയില്‍ നവോത്ഥാനത്തിന്റെ പുതുയുഗം പിറക്കുകയായിരുന്നുവല്ലോ.
ദര്‍ശനങ്ങളെ അതത് കാലത്തിനൊത്ത് വ്യാഖ്യാനം ചെയ്യുന്ന പ്രവണത ചില സപ്താഹ യജ്ഞപ്രഭാഷകരുടെ നേരംപോക്കുകള്‍ പോലെയാണ്. പി.പരമേശ്വരന്‍ കാലത്തിനൊത്ത് ഭഗവദ് ഗീതയെ വ്യാഖ്യാനിക്കാന്‍ നിന്നില്ല, പകരം ഗീതയ്‌ക്കൊത്ത് കാലത്തെ വ്യാഖ്യാനിച്ചു. സ്ഥിതപ്രജ്ഞന്മാരുണ്ടാകുകതന്നെ വേണമെന്ന് നിശ്ചയിച്ചുറച്ചു. അതിന് യോഗ്യരെ കണ്ടെത്തി അവര്‍ക്ക് ഗീത തന്നേപ്പഠിപ്പിച്ച വഴിയില്‍ ഗീത പഠിക്കാന്‍ അവസരമുണ്ടാക്കി. ‘യദ്യദ് ആചരതി ശ്രേഷ്ഠ… ‘എന്ന ശ്ലോകം വ്യാഖ്യാനിച്ച് യുവാക്കള്‍ക്ക് മാതൃകകള്‍ സൃഷ്ടിച്ചു.
ഭാരതീയവിചാരകേന്ദ്രത്തിന്റെ തിരുവനന്തപുരം കോട്ടയ്ക്കകത്തെ ആസ്ഥാനം അത്രയൊന്നും പ്രസിദ്ധമല്ലാതിരുന്നകാലം. 1980 കളുടെ അവസാനമാണ്. പി. പരമേശ്വരനെ കേള്‍ക്കാന്‍ രണ്ടാം ശനിയാഴ്ചകളില്‍ എത്തുമായിരുന്നവരില്‍ പ്രൊഫ.എസ്. ഗുപ്തന്‍ നായര്‍ ഉണ്ടായിരുന്നു. ”മുമ്പ് വായിച്ചറിഞ്ഞവയ്ക്ക് വ്യാഖ്യാനത്തിലൂടെ പുതിയ പാഠങ്ങള്‍ ലഭിച്ചിരുന്നു പരമേശ്വര്‍ജിയുടെ പ്രഭാഷണങ്ങളും സംസാരങ്ങളും വഴി,” എന്ന് ഗുപ്തന്‍നായര്‍ സാര്‍ പറയുമായിരുന്നു. സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളും എഴുത്തും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത പ്രഗത്ഭരുടെ പത്രാധിപസമിതിയില്‍ മേധാവിയായിരുന്നു പ്രൊഫസര്‍ എന്നോര്‍മ്മിക്കണം. വിരുദ്ധവും ഇരുത്തവും വന്ന മനസ്സുകള്‍ക്കും ‘പുതിയ പാഠം’ പകരാന്‍ പി.പരമേശ്വരന് കഴിഞ്ഞിരുന്നു.
ചിന്തയുടെ മണ്ഡലത്തില്‍ അദ്ദേഹം അവതരിപ്പിച്ച നവീനാശയങ്ങള്‍ക്ക് നാശമില്ല. അവ നിരന്തരം ആളുകളെ സ്വാധീനിച്ചുകൊണ്ടേയിരിക്കും. ദീര്‍ഘ ദര്‍ശിത്വത്തിന് ഒരു ഉദാഹരണം; ഒരു പൊതു സമ്മേളനത്തില്‍ 1995 ല്‍ പി. പരമേശ്വരന്‍ പറഞ്ഞു, പെട്രോ ഡോളര്‍ സാമ്പത്തിക മേല്‍ക്കോയ്മക്ക് വൈകാതെ അന്ത്യം വരും. ഡ്രാഗണും ടൈഗറും തമ്മിലാകും കാല്‍ നൂറ്റാണ്ടുകഴിഞ്ഞാല്‍ മത്സരം. ഡ്രാഗണ്‍ ചൈനയും ടൈഗര്‍ ഭാരതവുമായിരുന്നു.
സ്വാമി വിവേകാനന്ദന്റെ ആഹ്വാനങ്ങള്‍ യുവാക്കളോടായിരുന്നു. യുവത്വത്തിന് ചെയ്യാനുള്ള ദൗത്യം സ്വാമികള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അവരെ കണ്ടെത്തി, അവരിലെ അവരെ കണ്ടെത്താന്‍ അവസരങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. ”… വ്യര്‍ത്ഥമായ് ചെലവാക്കിക്കളയാന്‍ സമയവും/നിത്യനിദ്രയാല്‍ തണുപ്പിക്കുവാന്‍ മെയ്‌ച്ചോരയും/ ക്ഷുദ്ര ചിന്തനങ്ങളില്‍ ചെലുത്താന്‍ തലച്ചോറും/ അത്രയ്ക്ക് കൂട്ടിത്തന്നിട്ടില്ലല്ലോ നമുക്കീശന്‍…” എന്ന് ‘യുവാക്കളോട്’ എന്ന കവിതയില്‍ സ്വാമി നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സമ്പര്‍ക്കത്തിലെത്തിയ ഓരോരുത്തരേയും വിവേകംകൊണ്ട് ആനന്ദഭരിതരാക്കാന്‍ പരമേശ്വര്‍ജി ശ്രമിച്ചുകൊണ്ടേയിരുന്നു. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം പലഭാഷകളില്‍ മനപ്പാഠമാക്കിച്ചു. അതെല്ലാം പ്രേരണകളും വഴികാട്ടികളുമായിരുന്നുവല്ലോ.
സ്ഥലം തിരുവനന്തപുരം. കാലം 1990 കളുടെ ആദ്യപാദം. പ്രഭാതനടത്തം പതിവുണ്ടോ? എന്ന് തലേന്ന് ചോദിച്ചപ്പോള്‍ ‘ഉണ്ടില്ല’ എന്ന് ഒരു മൂളലിലൊപ്പിച്ചു. പക്ഷേ, പിറ്റേന്ന് കാലത്ത് എന്റെ ഊണും ഉറക്കവും ജോലിയും ജന്മഭൂമിയിലായിരുന്ന ആ കാലത്ത് കോട്ടയ്ക്കകത്തുനിന്ന് നടന്ന് അദ്ദേഹം സ്റ്റാച്യുവിലെ ഓഫീസിലെത്തി വിളിച്ചുണര്‍ത്തി. നടത്തം യൂണിവേഴ്‌സിറ്റി കോളേജ് ഇടവഴിയിലൂടെ എകെജി സെന്ററിന്റെ മുന്നിലായി. പരമേശ്വര്‍ജി പറഞ്ഞു: അങ്ങനെയൊരു കാലമുണ്ടായിരുന്നു- അന്ന് ഇവിടെയൊക്കെ നടന്നത് പോസ്റ്റര്‍ ഒട്ടിക്കാനാണ്. ‘പുത്തരിക്കണ്ടത്ത് ജനസംഘം നേതാവ് പി.പരമേശ്വരന്‍ പ്രസംഗിക്കുന്നു, വൈകിട്ട് അഞ്ചിന്,’ എന്ന് പോസ്റ്റര്‍ സ്വയം എഴുതും. സ്വയം നടന്ന് ഭിത്തികളില്‍ ഒട്ടിക്കും. വൈകിട്ട് പ്രസംഗിക്കും… അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടാണ് വിവരിച്ചത്. പല പാഠങ്ങളായിരുന്നു ഓരോ കൂടിക്കാഴ്ചകളും സംഭാഷണങ്ങളും. ദിശാബോധങ്ങളുണ്ടാക്കുകയായിരുന്നു അത്തരം ഓരോ അവസരങ്ങളും.
അദ്ദേഹത്തിന്റെ വിവേകാനന്ദനും മാര്‍ക്‌സും എന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞുവല്ലോ. വ്യക്തിത്വങ്ങളെ അവതരിപ്പിച്ച് താരതമ്യം പറഞ്ഞപ്പോള്‍ രണ്ട് ആദര്‍ശങ്ങളും ആശയങ്ങളും തത്ത്വങ്ങളുമാണ് വിലയിരുത്തപ്പെട്ടത്. അവിടെ തകര്‍ന്നുപോയത് കമ്മ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് സങ്കല്‍പ്പ ലോകമായിരുന്നുവല്ലോ. വ്യക്തിയിലാണ് സമൂഹവും രാഷ്ട്രവും ലോകവുമെന്ന സന്ദേശം സന്ദേഹമില്ലാതെ സ്ഥാപിക്കുകയായിരുന്നു, വിവേകാനന്ദനെ, ഗുരുവിനെ, അരവിന്ദനെ ശരിയായി അവതരിപ്പിച്ചതിലൂടെ.
കവിത എഴുതിയിരുന്നു ഇവര്‍ മൂവരും. ആര്‍ഷജ്ഞാനത്തിന്റെ, സനാതന ധര്‍മ്മത്തിന്റെ ശാശ്വതീകത്വം മന്ത്രാക്ഷരമാക്കിയ സംന്യാസി ഗീതയും (സ്വാമി) ആത്മോപദേശ ശതകവും (ഗുരു) സാവിത്രിയും (മഹര്‍ഷി) പ്രസ്ഫുരിപ്പിച്ച അതേ വികാരവിചാരങ്ങളുടെ ഉത്തുംഗ കാവ്യാവിഷ്‌കാരങ്ങളാണ്, പി. പരമേശ്വരന്റെ ‘യജ്ഞപ്രസാദ’ങ്ങളും. ‘എന്റെ വഴി’ എന്നൊരു കവിതയുണ്ട് കവി പരമേശ്വരന്റേതായി. കരുത്തിന്റെ, നിശ്ചയ ദാര്‍ഢ്യത്തിന്റെ, കാഴ്ചപ്പാടിന്റെ, പ്രവചന സ്വഭാവമുള്ള, പ്രചോദിപ്പിക്കുന്ന കവിത.
ഭാവനാ സാഹിത്യമാകട്ടെ മൗലിക ചിന്തയാകട്ടെ, വിശേഷ വിശകലനമാകട്ടെ ഏതെല്ലാം തരത്തില്‍ പ്രകടിപ്പിക്കാമോ അതിന് മുതിരാന്‍ പ്രേരിപ്പിച്ച്, അതിനുകഴിയുന്നവരെ പ്രോത്സാഹിപ്പിച്ചു അദ്ദേഹം. നിര്‍ണ്ണായകമായ ജീവിതഘട്ടത്തില്‍ എനിക്ക് ആ കൈപ്പട കത്തായി കൈയില്‍ കിട്ടി. അതിലിങ്ങനെ കുറിച്ചിരുന്നു: ”ഈ പരിതസ്ഥിതിയിലും കവിത എഴുതാന്‍ കഴിയുന്നത് കഴിവാണ്. ആ മനസ്സും ഭാവവും കൈവിടാതിരിക്കുക.” അറിയില്ല, ആ കത്തും അദ്ദേഹത്തിന്റെ ‘എന്റെ വഴി’യും എത്രതവണ വായിച്ചിട്ടുണ്ടെന്ന്… ‘എന്റെ വഴി’ ഇങ്ങനെ അവസാനിക്കുന്നു:
”…പോകയാണീ ജനക്കൂട്ടത്തിലൂടെഞാ-
നേകനായ് ആരോ പിടിച്ചുവലിക്കയാല്‍
ഇല്ലാത്തതാവില്ലതാണെങ്കിലെന്തിനീ
അന്തരാത്മാവിലീ വ്യഥാദംശനം
സൂര്യോദയത്തിന്റെ സന്ദേശമെത്താതെ
സൂര്യകാന്തിക്ക് ഹൃദയം തുടിക്കുമോ
ദൂരത്തിലോടക്കുഴല്‍ വിളികേള്‍ക്കാതെ
രാധയ്ക്ക് ചിത്തം പിടഞ്ഞുണര്‍ന്നീടുമോ
ഉണ്‍മയാണുണ്‍മയാണുണ്മതന്നുണ്മയാ-
ണെന്മനമോതുന്നു, മായുന്നു സംശയം
തിക്കും തിരക്കും ബഹളവും മൂലമീ
ദിക്കെങ്ങുമേറിപ്പടരുന്ന ധൂളിയാല്‍
പാത മറഞ്ഞുകിടക്കയാണെങ്കിലും
പാദം തടഞ്ഞുതടഞ്ഞു പോകട്ടെഞാന്‍
ഉന്തിയും തള്ളിയും തമ്മിലാക്രോശിച്ചു-
മെന്തിനോ നിത്യവും വട്ടത്തിലോടിയും
കാലം കഴിക്കും പ്രപഞ്ചമേ തെല്ലിട
മാറിത്തരൂ ഗമിക്കട്ടെ ഞാന്‍ എന്‍വഴി”
പരമേശ്വര്‍ജിയുടെ നവതിക്ക് കുറിച്ച നവതി നവനീതം എന്ന എന്റെ ഒരു കവിത ഇങ്ങനെ സമാപിക്കുന്നു:”…
കര്‍മ്മമിങ്ങനെ നീളുമ്പോ-
ളറിയുന്നു മഹാമതേ,
ശങ്കരത്വം, വിവേകാന-
ന്ദാനന്ദം ചേര്‍ന്നു നില്‍പ്പതും,
മാധവം കേശവംപൂണ്ട
മഹാ ശക്തിപ്രചോദനം
ഒരാളിലൊരുമിക്കുന്നി-
ങ്ങദ്വൈതാകാശ ഹര്‍ഷമായ്.
അനാദ്യന്ത പ്രവാഹത്തിന്‍
സനാതന പയഃപഥം
അതിലെക്കമ്ര നക്ഷത്ര-
ക്കര്‍മ്മ ജ്ഞാന വെളിച്ചമേ!
നമസ്‌കരിപ്പൂ പാദത്തില്‍
സംസ്‌കാരക്കാവലേ, മുനേ!
നമസ്‌കരിപ്പൂ, സാഷ്ടാംഗം
സനാതന സ്വരൂപമേ!