തൃശ്ശൂര്‍: കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കുമുള്ള ഒറ്റമൂലിയാണ് ദേശീയ വിദ്യാഭ്യാസനയം എന്ന് ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്, ‘കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തെ അധികരിച്ചാണ് എന്‍.ടി. യു സെമിനാര്‍ സംഘടിപ്പിച്ചത്.
കുട്ടികളുടെ കൊഴിഞ്ഞുപോക്ക്, ദേശീയ സര്‍വെകളിലെ സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പ്രസ്താവന തുടങ്ങി നിരവധി യാഥാര്‍ത്ഥ്യങ്ങള്‍, കേരളം നമ്പര്‍ വണ്‍ എന്ന പൊള്ളയായ അവകാശവാദത്തെ തുറന്ന് കാണിക്കുന്നതാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത നാഷണല്‍ എഡ്യൂക്കേഷണല്‍ മോണിറ്ററിംഗ് സമിതി അംഗവും വിദ്യാഭ്യാസ വിചക്ഷണനും ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സഹ സംഘടനാ സെക്രട്ടറിയുമായ എ.വിനോദ് കരുവാരക്കുണ്ട് പറഞ്ഞു. ചടങ്ങില്‍ എന്‍.ടി.യു. സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. ടി.യു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജാബിര്‍ എം, എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എസ്.എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
മതനിരപേക്ഷതയുടെ മൂല്യബോധം ഉണര്‍ത്തേണ്ട വിദ്യാഭ്യാസം മതനിരാസത്തെ ഉദ്ഘോഷിക്കുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ച് പ്രബന്ധങ്ങളെ സംഗ്രഹിച്ച് സംസാരിച്ച എന്‍സി ഇആര്‍ടി അംഗം ജോബി ബാലകൃഷ്ണന് മോഡറേറ്ററായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.അനൂപ് കുമാര്‍ സ്വാഗതവും സംസ്ഥാന പ്രൈമറി വിഭാഗം കണ്‍വീനറും സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ കെ.കെ.ഗിരീഷ് കുമാര്‍ നന്ദിയും പറഞ്ഞു.