മലയാളസാഹിത്യലോകത്ത് കഥ, നോവല്‍, ബാലസാഹിത്യം, നാടകം, ഗവേഷണം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ച എഴുത്തുകാരിയായിരുന്നു കെ.ബി. ശ്രീദേവി. ധാരാളം മികച്ച രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും മലയാള സാഹിത്യമേഖലയില്‍ ഈ എഴുത്തുകാരി വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. സാഹിത്യം ഒരിക്കലും വില്പനച്ചരക്കോ ആളുകളെ നന്മയിലേക്ക് നയിക്കാനുള്ള മാര്‍ഗ്ഗമോ ഒന്നുമായിരുന്നില്ല ഈ അന്തര്‍ജ്ജനത്തിന്. മനസ്സിനെ മഥിക്കുന്ന ചിന്തകളെ അക്ഷരങ്ങളാക്കി പകര്‍ത്തുന്നു എന്നതല്ലാതെ എഴുത്തുലോകത്തില്‍ നടക്കുന്ന മറ്റ് കോലാഹലങ്ങളിലൊന്നും തനിക്ക് താല്പര്യമില്ലെന്ന് എഴുത്തുകാരി തന്നെ പറഞ്ഞിട്ടുണ്ട്.
നമ്പൂതിരിസ്ത്രീകള്‍ ഇല്ലമുറ്റവും മറക്കുടയും വിട്ട് പുറത്തിറങ്ങുവാന്‍ തുടങ്ങിയിട്ടില്ലാത്ത കാലത്താണ് കെ.ബി.ശ്രീദേവി തന്റെ എഴുത്തുജീവിതം ആരംഭിച്ചത്. വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിവച്ച സമുദായ പരിഷ്‌കരണശ്രമങ്ങളെ അവര്‍ തന്റെ വഴികാട്ടിയായി സ്വീകരിച്ചിരുന്നു. മുഖത്ത് എപ്പോഴും തെളിഞ്ഞു കാണുന്ന പുഞ്ചിരിയുടെ തെളിച്ചവും ലാളിത്യവും തന്നെയായിരുന്നു ഈ എഴുത്തുകാരിയുടെ രചനകളുടെയും മുഖമുദ്ര. എന്നാല്‍ ആ പുഞ്ചിരിക്കു പിന്നില്‍ ചാരം മൂടി കിടന്ന പ്രതിഷേധത്തിന്റെ കനലുകളുടെ ചൂട് ഓരോ വായനക്കാരനും അനുഭവിക്കാനാകും. വളര്‍ന്നുവന്ന സാഹചര്യങ്ങളും സമുദായത്തിലെ ചങ്ങലക്കെട്ടുകളും കെ.ബി ശ്രീദേവിയുടെ എഴുത്തിന്റെ ഒഴുക്കിനെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്തിയിട്ടുണ്ടാകും. എങ്കിലും ഉള്ളില്‍ കലങ്ങിമറിയുന്ന സര്‍ഗ്ഗാത്മകതയുടെ വേലിയേറ്റങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു എഴുത്തുകാരിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന രചനകളാണ് കെ.ബി. ശ്രീദേവിയുടേത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമില്ലാതിരുന്ന കാലഘട്ടത്തില്‍ പത്താംക്ലാസ് ജയിച്ചതോടെ ശ്രീദേവിയ്ക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ സംഭവമായിരുന്നു അത്. ഇത്തരത്തിലുള്ള വ്യവസ്ഥകളോടുള്ള എതിര്‍പ്പില്‍ നിന്നാണ് ‘നിനക്ക് സുഖിക്കാന്‍ അറിയില്ല’ എന്ന ആദ്യകഥ പിറന്നത്. ‘നഗരജീവിതത്തിന്റെ ഭ്രമാത്മകതകള്‍ക്കിടയില്‍പ്പെട്ട് ചിറകറ്റ് വീഴുന്ന ദമ്പതിമാരുടെ ജീവിതമായിരുന്നു ഈ കഥയുടെ ഇതിവൃത്തം.’ എന്നാല്‍ ഈ കഥയില്‍ അച്ചടിമഷി പുരണ്ടില്ല. പിന്നീട് തുഞ്ചത്ത് എഴുത്തച്ഛന്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ‘യുഗാന്തരങ്ങളിലൂടെ’ എന്ന കഥയാണ് കെ.ബി. ശ്രീദേവിയെ ഒരു കഥാകാരിയാക്കിയത്. പഠനം പാതിവഴിയില്‍ മുടങ്ങിയെങ്കിലും നിരന്തരമായ വായന അവരുടെ അറിവിന്റെ ലോകത്തെ വിശാലമാക്കിക്കൊണ്ടിരുന്നു. ബ്രഹ്‌മദത്തന്‍ നമ്പൂതിരിപ്പാടിന്റെ പത്‌നിയായതിനു ശേഷമാണ് കെ.ബി.ശ്രീദേവി എന്ന എഴുത്തുകാരി പൂര്‍ണ്ണമായും രൂപപ്പെട്ടത്. അതുവരെ തന്റെ ഉള്ളിലുറങ്ങിക്കിടന്ന എല്ലാ അനുഭവങ്ങളെയും അവര്‍ എഴുത്തിലേക്ക് പകര്‍ന്നു വച്ചു.
നമ്പൂതിരി സമുദായത്തിന്റെ ‘നിറവും നിഴലും’ കാല്പനിക സുന്ദരമായി ആവിഷ്‌കരിക്കുവാന്‍ കെ.ബി. ശ്രീദേവിക്ക് സാധിച്ചിട്ടുണ്ട്. ശ്രീദേവിയുടെ കഥാപാത്രങ്ങളധികവും എഴുത്തുകാരിയെപ്പോലെ സൗമ്യസ്വഭാവികളായിരുന്നെങ്കിലും ഇല്ലങ്ങളിലെ അകത്തള യഥാര്‍ത്ഥ്യങ്ങള്‍ വേദനാജനകമായ അനുഭവങ്ങളിലൂടെ അവര്‍ വെളിപ്പെടുത്തിയിരുന്നു. ‘തിരിയുഴിച്ചില്‍’, ‘മുഖത്തോടു മുഖം’, ‘ചാണക്കല്ല്’, ‘അഗ്നിഹോത്രം’, ‘ദാശരഥം’, ‘യജ്ഞം’ എന്നിവയാണ് പ്രധാന നോവലുകള്‍. താന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളെയും അനുഭവങ്ങളെയുമൊക്കെ വ്യക്തമാക്കുന്നവയാണ് ഈ നോവലുകള്‍ എന്ന് അവയുടെ പേരുകളില്‍ നിന്നു തന്നെ മനസ്സിലാക്കാം. ഈ നാടിന്റെ സംസ്‌കാരവും കേട്ടു പരിചയിച്ച പുരാണങ്ങളും തന്നെയായിരുന്നു ആ രചനകളുടെ അടിസ്ഥാനം.
ഐതിഹ്യകഥയായ പറയിപെറ്റ പന്തിരുകുലത്തെ ആധാരമാക്കി എഴുതപ്പെട്ട നോവലാണ് ‘അഗ്നിഹോത്രം’. വരരുചിയുടെയും പഞ്ചമിയുടെയും മക്കളായി പിറന്ന പന്ത്രണ്ടു പേര്‍ ജീവിതത്തില്‍ പല കുലങ്ങളിലേക്കും വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലേക്കും നയിക്കപ്പെടുന്ന കഥയാണിത്. വര്‍ണ്ണവര്‍ഗ്ഗങ്ങള്‍ക്കും ദേശകുലങ്ങള്‍ക്കുമപ്പുറത്ത് മനുഷ്യമഹത്വത്തിന് പ്രാധാന്യം നല്‍കുന്ന രചന. പഴയ കാലത്തിന്റെ ഈടുവയ്പുകളില്‍ നിന്നുള്‍ക്കൊണ്ട് ധര്‍മ്മനിഷ്ഠയും സഹോദരസ്‌നേഹവും എന്താണെന്ന് ഈ നോവലിലൂടെ നോവലിസ്റ്റ് കാണിച്ചുതരുന്നു. രാമായണത്തിലെ കൈകേയിയെ പ്രധാന കഥാപാത്രമാക്കി എഴുതിയ നോവലാണ് ‘ദാശരഥം’. നോവലുകള്‍ പലതുണ്ടെങ്കിലും ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട നോവലാണ് ‘യജ്ഞം’. നമ്പൂതിരിസമുദായത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അന്തര്‍ജ്ജനങ്ങളുടെ ദുരിതജീവിതവും സ്മാര്‍ത്തവിചാരമെന്ന സമുദായാചാരം സൃഷ്ടിച്ച കുടുംബസാമൂഹിക പ്രശ്‌നങ്ങളും, ചെറുപ്രായത്തില്‍ അനുഭവിക്കേണ്ടി വരുന്ന വൈധവ്യവും, ജനിക്കുന്നതിനു മുന്നേ മനുഷ്യനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഭ്രഷ്ടും എല്ലാം ‘യജ്ഞ’ത്തില്‍ വിഷയമാകുന്നു. 2019ല്‍ ഈ നോവല്‍ ഹ്രസ്വചിത്രമായി പ്രദര്‍ശനത്തിനെത്തുകയും ചെയ്തു.
മറ്റൊരു പ്രധാന കൃതിയാണ് ‘ബോധിസത്വര്‍’. ശ്രീബുദ്ധന്റെ ജീവിതത്തെ അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യനോവലായിരുന്നു ഇത്. ശാന്തസ്വരൂപനായ ബുദ്ധന്റെ ഉള്ളില്‍ അലയടിച്ചിരുന്ന ആന്തരിക സംഘര്‍ഷങ്ങളെ വൈകാരിക തീവ്രതയോടെ ഈ നോവലില്‍ അവതരിപ്പിക്കുന്നു. ബുദ്ധനിലെ സാധാരണ മനുഷ്യന്റെ തലം നാം ഓരോരുത്തരുടേയും പ്രതീകമാണ്. അതുകൊണ്ടാണ് ആ നോവല്‍ നമുക്ക് അനുഭവിക്കാന്‍ കഴിയുന്നത്. ‘പടുമുള’, ‘കൃഷ്ണാനുരാഗം’ എന്നീ രണ്ട് കഥാസമാഹാരങ്ങള്‍ കെ.ബി.ശ്രീദേവിയുടേതായിട്ടുണ്ട്. വൈവിധ്യമാര്‍ന്ന പ്രമേയങ്ങളിലൂടെ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും വെളിച്ചം പരത്തുന്ന കഥകളിലൂടെ ‘പടുമുള’യും അഹങ്കാരബാധയാല്‍ മറയ്ക്കപ്പെട്ട മനുഷ്യഹൃദയത്തില്‍ നിന്ന് ആ മറ നീക്കിയാല്‍ മാത്രമേ ഉള്ളില്‍ വിളങ്ങുന്ന ചൈതന്യത്തെ തിരിച്ചറിയുവാന്‍ സാധിക്കൂ എന്ന സത്യത്തെ മനസ്സിലാക്കിത്തരുന്ന കഥകളിലൂടെ ‘കൃഷ്ണാനുരാഗ’വും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
കേസരിയുടെ സ്വന്തം എഴുത്തുകാരി
കേസരിയുടെ സ്വന്തം എഴുത്തുകാരിയാണ് അന്തരിച്ച കെ.ബി ശ്രീദേവി. എഴുത്തിന്റെ തുടക്കം മുതല്‍ അവര്‍ കേസരി തിരഞ്ഞെടുത്തു. ബാലസാഹിത്യവും നോവലുമടക്കം നിരവധി രചനകള്‍ കേസരിയിലൂടെ വെളിച്ചം കണ്ടു. കേസരി ഓണപ്പതിപ്പിലെ സ്ഥിരം എഴുത്തുകാരിയായിരുന്നു ശ്രീദേവി. കേസരി സംഘടിപ്പിക്കുന്ന ഏത് സാഹിത്യ-സാംസ്‌കാരിക പരിപാടികളിലും അവര്‍ സന്തോഷത്തോടെ പങ്കെടുക്കുമായിരുന്നു. കേസരിയുടെ നല്ല വായനക്കാരിയും കൂടിയായിരുന്നു കെ.ബി ശ്രീദേവി.
ഭാരതത്തിന്റെയും കേരളത്തിന്റെയും സാംസ്‌കാരികമായ പ്രത്യേകതകളെ എടുത്തു കാണിക്കുന്നവയായിരുന്നു കെ.ബി. ശ്രീദേവിയുടെ രചനകള്‍. ആദ്ധ്യാത്മികമേഖലയ്ക്ക് അവര്‍ നല്‍കിയ മികച്ച സംഭാവനയായിരുന്നു ‘ഭാഗവതപര്യടനം’ എന്ന ഗ്രന്ഥം. അതുപോലെ ‘കുറൂരമ്മ’ എന്ന നാടകവും ശ്രദ്ധിക്കപ്പെട്ടു. ‘കേരളത്തിലെ പ്രാചീന ഗുരുകുലങ്ങള്‍ നമ്മുടെ സംസ്‌കാരത്തിനു നല്‍കിയ സംഭാവനകള്‍’ എന്ന വിഷയത്തില്‍ തയ്യാറാക്കിയ ഗവേഷണഗ്രന്ഥം അക്കാദമിക സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.
സ്വന്തം നാടിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങളെയും വിപുലതകളെയും കുറിച്ച് അഭിമാനിക്കാത്ത, അവയെ കണ്ടില്ലെന്നു നടിക്കുന്ന വര്‍ത്തമാനകാല എഴുത്തുകാര്‍ക്കിടയില്‍ തന്റേതായ അവതരണശൈലി കൊണ്ടും രചനകളിലെ വിഷയവൈവിധ്യം കൊണ്ടും, പാരമ്പര്യ സംസ്‌കൃതിയോടുള്ള അനുകൂലമായ മനോഭാവം കൊണ്ടും തികച്ചും വ്യത്യസ്തയായിരുന്നു കെ.ബി. ശ്രീദേവി. ഒന്നിനുവേണ്ടിയും തന്റേതായ ശൈലികളെ അവര്‍ മാറ്റിയിരുന്നില്ല. പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ഒരു സ്ത്രീക്ക് എങ്ങനെ തന്റെ നിലപാടുകളെ ഉറക്കെ പ്രഖ്യാപിക്കാമെന്ന് കാണിച്ചു തരുന്നവയാണ് അവരുടെ രചനകള്‍. യാഗത്തിനു വേണ്ടി അരണി കടഞ്ഞ് അഗ്നി ഉണ്ടാക്കുന്നതു പോലെ മനുഷ്യനന്മയെന്ന വലിയ യജ്ഞത്തിനായി തന്റെ അനുഭവങ്ങളെ മനസ്സിലിട്ടു മഥനം ചെയ്ത് സാമൂഹിക സാമുദായിക മാറ്റമെന്ന ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തന്റെ തൂലിക ഉപയോഗിച്ച ധീരയായ എഴുത്തുകാരിയായിരുന്നു കെ.ബി.ശ്രീദേവി. തന്റെ രചനകളിലൂടെ അവര്‍ കൊളുത്തിവച്ച പ്രകാശം വരുംതലമുറ ഏറ്റെടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.