ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല ദല്‍ഹിയിലാണെങ്കിലും ഇന്ത്യയിലല്ല! അവിടെ ഭരിക്കുന്നത് ഇടത് തീവ്രവാദ സംഘടനകളാണ് എന്നത് തന്നെ കാരണം. അവരുടെ ഇംഗിതത്തിനു വഴങ്ങുന്നില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ക്ക് കസേരയില്‍ ഇരിക്കാന്‍ കഴിയില്ല. കേന്ദ്രമന്ത്രിയെ അവര്‍ മണിക്കൂറുകളോളം തടഞ്ഞുവെക്കും. പോലീസ് വന്നു കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ചാലേ മന്ത്രിയെ പുറത്തെത്തിക്കാന്‍ കഴിയൂ. വിവേകാനന്ദ സ്വാമികളുടെ പ്രതിമക്ക് പോലും അവരുടെ അവഹേളനം ഏറ്റുവാങ്ങേണ്ട അവസ്ഥയാണുള്ളത്. അനാച്ഛാദനം ചെയ്യാനിരിക്കുന്ന പ്രതിമയുടെ പീഠത്തില്‍ മുഴുവന്‍ ചുകപ്പില്‍ തെറി എഴുതി വൃത്തികേടാക്കിയിരിക്കയാണ്.
ഭരണകാര്യവകുപ്പിനു മുമ്പില്‍ നെഹ്‌റു പ്രതിമയ്ക്ക് എതിര്‍വശത്താണ് വിവേകാനന്ദ പ്രതിമ സ്ഥാപിച്ചത്. അനാച്ഛാദനത്തിനായി കാവിതുണികൊണ്ട് മൂടിവെച്ചിരിക്കയാണ് പ്രതിമ. ജെ.എന്‍.യു.എസ്.യു എന്ന വിദ്യാര്‍ത്ഥി സംഘടനയും ജെ.എന്‍.യു ടി.എ. എന്ന അദ്ധ്യാപക സംഘടനയും വിവേകാനന്ദപ്രതിമയ്ക്ക് എതിരാണ്. ഇക്കാര്യം തുറന്നു പറഞ്ഞാല്‍ വിമര്‍ശനം വരുമെന്നതിനാല്‍ ലൈബ്രറിയ്ക്ക് ഫണ്ടില്ലാത്തപ്പോള്‍ പ്രതിമാനിര്‍മ്മാണത്തിന് എവിടെ നിന്നാണ് ഫണ്ട് എന്നാണവരുടെ ചോദ്യം. അതിലേറെ അവരെ ചൊടിപ്പിച്ചത് സുരക്ഷാകാര്യത്തിന് കഴിഞ്ഞ രണ്ടു വര്‍ഷമായി യഥാക്രമം 9.52 കോടിയും 17.38 കോടിയും ചെലവഴിച്ചു എന്നതാണ്. തങ്ങളുടെ സാമ്രാജ്യത്തില്‍ സുരക്ഷാഗാര്‍ഡുകളെ നിയോഗിച്ചതും സി.സി. ക്യാമറ സ്ഥാപിച്ചതും അവര്‍ക്കിഷ്ടപ്പെട്ടിട്ടില്ല. അതിനിടയ്ക്കാണ് ഹോസ്റ്റല്‍ ഫീസ് വര്‍ദ്ധന എന്ന വിഷയം കിട്ടുന്നത്. പ്രക്ഷോഭം എന്ന പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ഇളകിമറിയലായിരുന്നു അവിടെ കണ്ടത്. വി.സി.യെകിട്ടാത്തതിനാല്‍ വി.സിയുടെ മുറിയ്ക്കുമുകളില്‍ മുദ്രാവാക്യം എഴുതിവെച്ചു. എന്നിട്ടും കലിതീരാത്തപ്പോഴാണ് വിവേകാനന്ദ പ്രതിമയ്ക്കു നേരെ തിരിഞ്ഞത്. സംഗതി ഒച്ചപ്പാടായപ്പോള്‍ ഇടത് വിദ്യാര്‍ത്ഥി സംഘടന ഉത്തരവാദിത്വം കയ്യൊഴിഞ്ഞിട്ടുണ്ട്. എ.ബി.വി.പിക്കാര്‍ വിവേകാനന്ദ പ്രതിമ കഴുകി വൃത്തിയാക്കിക്കൊണ്ട് പ്രതികരിക്കുകയുണ്ടായി. ജെ.എന്‍.യുവിലെ രാഷ്ട്രവിരുദ്ധ ശക്തികള്‍ക്കൊപ്പമാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും.