ഭാസ്‌കര്‍റാവുജിയുമായി അധികമൊന്നും അടുത്തിടപഴകാന്‍ അവസരം ലഭിക്കാത്ത ഒരാളാണ് ഞാന്‍. 1996 മുതലാണ് ഞാന്‍ പ്രചാരകനായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. അപ്പോഴേക്കും ഭാസ്‌കര്‍റാവുജി കേരളം വിട്ടിരുന്നു. പക്ഷേ ഭാസ്‌കര്‍റാവുജിയെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ബൗദ്ധിക്കുകള്‍ കേട്ടിട്ടുണ്ട്. ആ പ്രവര്‍ത്തനശൈലിയെക്കുറിച്ച് വായിച്ചിട്ടുണ്ട്. ധാരാളം അനുഭവകഥകളും അറിയാം.
സംഘത്തിന്റെ മൂന്നാമത്തെ സര്‍സംഘചാലക് പുജനീയ ദേവറസ്ജി ആ ചുമതലയേറ്റെടുക്കുമ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്. ‘സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ജിയും പൂജനീയ ഗുരുജിയും സ്വാഭാവികമായിത്തന്നെ മഹത്തുക്കളായിരുന്നു. അവര്‍ക്കുശേഷം ഈ ഉത്തരവാദിത്തത്തിലേക്കു വന്നിരിക്കുന്ന ഞാന്‍ ഒരു സാധാരണ സ്വയംസേവകനാണ്. പക്ഷേ ദേവദുര്‍ലഭരായ അനേകം കാര്യകര്‍ത്താക്കള്‍ ഉള്ളതുകൊണ്ട് ഈ ഉത്തരവാദിത്തം അനായാസം നിര്‍വഹിക്കാന്‍ സാധിക്കുമെന്ന വിശ്വാസം എനിക്കുണ്ട്.’ ദേവദുര്‍ലഭരായ കാര്യകര്‍ത്താക്കള്‍ എന്നുപറയുമ്പോള്‍ ദേവറസ്ജി ഉദ്ദേശിച്ചത് ഭാസ്‌കര്‍റാവുജിയെപ്പോലെയുള്ളവരെയാണ്. പൂജനീയ ഡോക്ടര്‍ജിയുടെ കാലത്തുതന്നെ സ്വയംസേവകനായിത്തീര്‍ന്നയാളാണല്ലോ ഭാസ്‌കര്‍റാവുജിയും.
1946 ല്‍ തന്നെ ഭാസ്‌കര്‍റാവുജി ഇവിടെ പ്രചാരകനായിരുന്നെങ്കിലും കേരളം അന്ന് തമിഴ്‌നാട് ഉള്‍പ്പെടുന്ന പ്രാന്തത്തിന്റെ ഭാഗമായിരുന്നു. 1964 ല്‍ സംഘദൃഷ്ടിയില്‍ തമിഴ്‌നാടും കേരളവും പ്രത്യേക സംസ്ഥാനങ്ങളായി മാറിയപ്പോള്‍ ഭാസ്‌കര്‍റാവുജി നമ്മുടെ പ്രാന്തപ്രചാരകനായി. കോയമ്പത്തൂരില്‍ നടന്ന സംഘശിക്ഷാ വര്‍ഗില്‍ പൂജനീയ ഗുരുജിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
മുംബൈയില്‍ വളര്‍ന്ന ഭാസ്‌കര്‍റാവുജി ജന്മംകൊണ്ട് കേരളീയനല്ലായിരുന്നുവെങ്കിലും കര്‍മംകൊണ്ട് അങ്ങനെയൊരാളാവുകയും, നമുക്കെല്ലാം മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു. സംഘം ആഗ്രഹിക്കുന്നതുപോലെ സംഘടനയെ വളര്‍ത്തിയെടുത്ത മാതൃകാ പ്രചാരകനായിരുന്നു അദ്ദേഹം. ഒരിക്കല്‍ എറണാകുളം പ്രാന്തകാര്യാലയത്തില്‍ നടന്ന ഒരു ബൈഠക്കില്‍, എന്തായിരിക്കണം പ്രചാരകന്മാരുടെ മനോഭാവമെന്ന് ഭാസ്‌കര്‍റാവുജി പറയുന്നുണ്ട്. താന്‍ വലിയ ത്യാഗം ചെയ്യുന്നു എന്നതാവരുത്, നേരെമറിച്ച് ഉത്തരവാദിത്തം നിര്‍വഹിക്കുന്നു എന്നതായിരിക്കണം പ്രചാരകന്റെ മനോഭാവം എന്നാണ് ഭാസ്‌കര്‍റാവുജി പറഞ്ഞത്. സവിശേഷമായ ഒരു കാഴ്ചപ്പാടാണിത്.
ഗുണങ്ങളുടെ നിറകുടം എന്നു ഭാസ്‌കര്‍റാവുജിയെ വിശേഷിപ്പിക്കാം. എല്ലാവരും അങ്ങനെ പറഞ്ഞാണ് ഞാന്‍ കേട്ടിട്ടുള്ളത്. തന്നോടാണ് ഭാസ്‌കര്‍റാവുജിക്ക് ഏറ്റവുമധികം സ്‌നേഹമെന്ന് ഓരോരുത്തര്‍ക്കും തോന്നുന്ന രീതിയിലായിരുന്നു പെരുമാറ്റം. സര്‍കാര്യവാഹ് ആയിരുന്ന സ്വര്‍ഗീയ ശേഷാദ്രിജി ഒരു അനുഭവം പറയുന്നുണ്ട്. പൂജനീയ ഡോക്ടര്‍ജിയെ നേരിട്ടു കണ്ടിട്ടുള്ളയാളുകളെ പരിചയപ്പെടാനായി ഒരിക്കല്‍ അദ്ദേഹം നാഗ്പൂരിലൂടെ സഞ്ചരിച്ചു. ഡോക്ടര്‍ജി എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കാമോയെന്ന് ഡോക്ടര്‍ജിയുടെ കാലത്ത് സംഘത്തിലുണ്ടായിരുന്നവരോട് ചോദിച്ചപ്പോള്‍ ‘സ്‌നേഹമാണ് ഡോക്ടര്‍ജി’ എന്നായിരുന്നു എല്ലാവരുടെയും മറുപടി. ഭാസ്‌കര്‍റാവുജിയുടെ കാര്യത്തിലും സ്‌നേഹത്തെക്കുറിച്ചാണ് എല്ലാവര്‍ക്കും പറയാനുണ്ടാവുക.
ഇപ്പോഴത്തെ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് അടുത്തകാലത്ത് ആലുവ വെളിയത്തുനാട്ടിലെ തന്ത്രവിദ്യാപീഠം സന്ദര്‍ശിക്കുകയുണ്ടായി. പലയിടങ്ങളില്‍നിന്നുള്ള, സംഘത്തെ അടുത്ത് മനസ്സിലാക്കാന്‍ കഴിയാത്ത ചില വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ട്. ഇവരെ പരിചയപ്പെട്ടശേഷം പൂജനീയ സര്‍സംഘചാലക് ചോദിച്ചു; സംഘത്തെക്കുറിച്ച് നിങ്ങള്‍ക്കെന്തെങ്കിലും അറിയാനുണ്ടോ? ഇത്ര കുറഞ്ഞകാലംകൊണ്ട് വലിയ പ്രസ്ഥാനമായി സംഘം വളര്‍ന്നതെങ്ങനെയെന്നാണ് അവര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത്. ശുദ്ധവും സാത്വികവുമായ സ്‌നേഹമാണ് സംഘത്തിന്റെ ആധാരം എന്നായിരുന്നു സര്‍സംഘചാലകിന്റെ മറുപടി.
ഭാരതത്തിലെ മറ്റു പലയിടങ്ങളില്‍നിന്നും വ്യത്യസ്തമായി അത്യന്തം വിപരീതമായ ഒരു പരിസ്ഥിതി നിലനില്‍ക്കുന്നയിടമാണ് കേരളം. ഇവിടെ സ്വയംസേവകരെ സംഘപ്രവര്‍ത്തനത്തിന് പ്രേരിപ്പിച്ചത് ഭാസ്‌കര്‍റാവുജിയുടെ സ്‌നേഹം തന്നെയാണ്. സംഘപ്രവര്‍ത്തനത്തിനിടെ മുന്നൂറോളം സ്വയംസേവകര്‍ക്കാണ് കേരളത്തില്‍ ജീവന്‍ നഷ്ടമായത്. എന്നിട്ടും പിന്മാറാതെ പൗരുഷത്തോടെ മുന്നേറാന്‍ നമുക്ക് കഴിഞ്ഞതിനു പിന്നിലും ഈ സ്‌നേഹത്തിന്റെ കരുത്ത് കാണാന്‍ കഴിയും.
അടിയന്തരാവസ്ഥാ വിരുദ്ധ പോരാട്ടത്തിലെ കണ്ണൂര്‍ ജില്ലയുടെ ചരിത്രം പ്രതിപാദിക്കുന്ന ഒരു പുസ്തകം അടുത്തിടെ പ്രകാശനം ചെയ്യുകയുണ്ടായി. അടിയന്തരാവസ്ഥയ്‌ക്കെതിരായ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പോരാട്ടം ചെറുതായിരുന്നില്ല. അതിനെക്കുറിച്ചുളള ഓര്‍മകള്‍ അവിടെ പങ്കുവയ്ക്കുകയുണ്ടായി. സത്യഗ്രഹത്തിന് പോകേണ്ടവര്‍ അത് എങ്ങനെയാണ് നടത്തേണ്ടതെന്നും, പോലീസിന്റെ ക്രൂരമായ അതിക്രമങ്ങള്‍ നേരിട്ട് എങ്ങനെയാണ് അറസ്റ്റു വരിക്കേണ്ടതെന്നും കണ്ടറിയാന്‍ മറ്റുള്ളവര്‍ നടത്തുന്ന തലേന്നത്തെ സത്യഗ്രഹം കാണാന്‍ പോകണമായിരുന്നു. എത്ര ധീരമായ തീരുമാനമാണിത്. പോലീസിന്റെ തോക്കില്‍ വെടിയുണ്ടയില്ല, ഒന്നും സംഭവിക്കാനും പോകുന്നില്ല എന്നൊക്കെ പറഞ്ഞ് പുന്നപ്ര-വയലാര്‍ സമരകാലത്ത് അന്നത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി തൊഴിലാളികളെ വഞ്ചിച്ചപോലെയായിരുന്നില്ല ഇത്.
അടിയന്തരാവസ്ഥക്കാലത്ത് വളരെ സൂക്ഷ്മതയോടെയാണ് ഭാസ്‌കര്‍റാവുജി പ്രവര്‍ത്തിച്ചത്. ‘ശിവരാമന്‍ നായര്‍’ എന്ന പേര്‍ സ്വീകരിച്ചാണ് അദ്ദേഹം സംഘടനയെ നയിച്ചത്. പോലീസിന്റെ കണ്ണുവെട്ടിച്ച് എല്ലായിടങ്ങളിലും ഒളിച്ചുതാമസിക്കേണ്ടിയിരുന്നു. ഒരു ദിവസം ഒരു വീട്ടിലെ തൊഴുത്തിലാണ് താമസിക്കേണ്ടി വന്നത്. വീട്ടുകാര്‍ക്ക് വളരെ കഷ്ടം തോന്നിയിട്ട്, അവിടെ ഒരു ചന്ദനത്തിരി കത്തിച്ചുവയ്ക്കാമെന്നു പറഞ്ഞു. എന്നാല്‍ ഭാസ്‌കര്‍റാവുജി അവരോട് ഇങ്ങനെ പറഞ്ഞുവത്രേ. ‘അതുവേണ്ട, ഇങ്ങനെയൊരു യോഗം നടന്നതായി പോലീസിന് എന്തെങ്കിലും വിവരം ലഭിച്ചെന്നിരിക്കും. അവര്‍ പരിശോധനയ്‌ക്കെത്തിയാല്‍ തൊഴുത്തില്‍ ചന്ദനത്തിരി കത്തിച്ചിരുന്നതിന്റെ സൂചന ലഭിക്കും. അത് അപകടമാണ്.’ നോക്കൂ, എത്രമാത്രം സൂക്ഷ്മതയാണ് ഉണ്ടായിരുന്നത്. അങ്ങേയറ്റം പ്രതികൂലമായ ഒരു സാഹചര്യത്തില്‍ വളരെ ബുദ്ധിപൂര്‍വമാണ് ഭാസ്‌കര്‍റാവുജി സംഘത്തെ നയിച്ചതെന്ന് നമുക്ക് മനസ്സിലാക്കാനാവും.
സംഘത്തിന്റെ സ്വയംസേവകരില്‍ ഭാസ്‌കര്‍റാവുജിക്ക് അചഞ്ചല വിശ്വാസമായിരുന്നു. ഒരിക്കല്‍ ‘ദേശാഭിമാനി’ പത്രത്തിന്റെ കലണ്ടറില്‍ ‘ജനുവരി 30’ രേഖപ്പെടുത്തിയിരുന്നത് ആര്‍എസ്എസുകാരുടെ വെടിയുണ്ടകളേറ്റ് ഗാന്ധിജി കൊല്ലപ്പെട്ട ദിവസം എന്നായിരുന്നു. ഇതിനെതിരെ പി.കെ.എം. രാജ എന്ന സ്വയംസേവകന്‍ കേസു കൊടുത്തു. പതിനൊന്നു വര്‍ഷത്തിനുശേഷം കോടതി വിധി വന്നതിനെ തുടര്‍ന്ന് ഈ പരാമര്‍ശം ‘ദേശാഭിമാനി’ കലണ്ടറില്‍നിന്ന് നീക്കുകയുണ്ടായി. പ്രാന്തകാര്യാലയത്തില്‍ സ്വയംസേവകര്‍ ഈ വിജയത്തിന്റെ ആഹ്ലാദം പങ്കുവയ്ക്കുകയായിരുന്നു. അവരോട് ഭാസ്‌കര്‍റാവുജി പറഞ്ഞു: ‘ഈ പതിനൊന്ന് വര്‍ഷത്തിനിടയ്ക്ക് എപ്പോഴെങ്കിലും ശാഖ നടത്താനോ സംഘത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്താനോ നിങ്ങള്‍ക്ക് തടസ്സം നേരിടുകയുണ്ടായോ? ഇല്ലല്ലോ? അപ്പോള്‍ ഇതില്‍ (കലണ്ടര്‍ സംഭവത്തില്‍) വലിയ ആഹ്ലാദത്തിന്റെ ആവശ്യമൊന്നുമില്ല. സ്വയംസേവകരെയും ജനങ്ങളെയും കാര്യങ്ങള്‍ ശരിയായി ധരിപ്പിച്ചാല്‍ മതി.’ സ്വയംസേവകര്‍ക്ക് ശരിയായ ഒരു കാഴ്ചപ്പാട് നല്‍കുകയായിരുന്നു ഭാസ്‌കര്‍റാവുജി. ‘എത്ര കാറ്റും കോളുമുണ്ടാവട്ടെ, നമ്മുടെ നൗകയില്‍ സുഷിരം വരാതെ നോക്കിയാല്‍ മതി’ എന്ന രവീന്ദ്രനാഥ ടാഗോറിന്റെ കാവ്യശകലം ഉദ്ധരിച്ച് ഹരിയേട്ടന്‍ ഈ സംഭവത്തെ വിശദീകരിച്ചിട്ടുണ്ട്.
സംഘത്തിന്റെ നിത്യശാഖയിലൂടെ സ്വയംസേവകര്‍ സ്വാഭാവികമായി രൂപപ്പെടും. എന്നാല്‍ ഭാസ്‌കര്‍റാവുജിയോടൊപ്പം സഞ്ചരിക്കുമ്പോഴും ശാഖയില്‍ പോകുന്നതുപോലുള്ള അനുഭവമാണെന്ന് പറയാറുണ്ട്. അങ്ങനെയും വ്യക്തിനിര്‍മാണം നടന്നിരുന്നു. ഇത് ഭാസ്‌കര്‍റാവുജിയുമായി ബന്ധപ്പെട്ട പലരുടെയും സ്വാഭാവിക ജീവിതാനുഭവമാണ്.
രാഷ്ട്രത്തിന്റെ പരംവൈഭവമെന്നത് തുച്ഛമായ വിലകൊടുത്ത് എവിടെനിന്നെങ്കിലും വാങ്ങാവുന്ന ഒന്നല്ല. അതിന്റെ മുഴുവന്‍ വിലയും നാം എണ്ണിക്കൊടുക്കേണ്ടതുണ്ടെന്ന് സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ജി ഒരിക്കല്‍ പറയുകയുണ്ടായി. ഈ വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ആശയം അന്വര്‍ത്ഥമായ ഒരു സംസ്ഥാനമാണ് കേരളം. ഇന്നത്തെ നിലയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് വലിയ വിലയാണ് കൊടുക്കേണ്ടിവന്നിട്ടുള്ളത്. സംഘപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം ആലപ്പുഴ ജില്ലയിലെ കുട്ടനാടും മറ്റും അങ്ങേയറ്റം പ്രതികൂല സാഹചര്യത്തെയാണ് ഒരുകാലത്ത് നേരിടേണ്ടി വന്നത്. ഈ കടുത്ത പ്രതിന്ധികള്‍ക്കിടയിലും സ്വന്തം ആശയം ഉറപ്പിച്ചുനിര്‍ത്തുന്നതിനുള്ള പ്രയത്‌നം വളരെ വലുതായിരുന്നു. ഇതിന് ഭാസ്‌കര്‍റാവുജി ധീരമായ പങ്കുവഹിച്ചിട്ടുണ്ട്. കണ്ണൂരിലേതുപോലെ നിരവധി പ്രമുഖരായ സംഘപ്രവര്‍ത്തകര്‍ ആലപ്പുഴയിലും മറ്റും കൊലചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്നത്തെ കേരളത്തില്‍ സംഘപ്രവര്‍ത്തനം നടത്തേണ്ടി വരുമ്പോള്‍ ഭാസ്‌കര്‍റാവുജിയുടെ പ്രവര്‍ത്തനം മാതൃകയാണ്. ഹിന്ദുസമൂഹത്തിന്റെ ആന്തരിക ശുദ്ധീകരണവും നാം ലക്ഷ്യമാക്കേണ്ടതുണ്ട്. ഹിന്ദുസമൂഹത്തെ ഇകഴ്ത്തുന്ന നിരവധി കാര്യങ്ങള്‍ നമുക്കിടയിലുണ്ടായിരുന്നു. ഇതിനെതിരെയും ഭാസ്‌കര്‍റാവുജി നിലകൊണ്ടു. പാഞ്ഞാളില്‍ നടന്ന അതിരാത്രത്തില്‍ മൃഗബലി പാടില്ലെന്ന നിലപാടെടുത്ത് അത് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. സമൂഹത്തെ ആന്തരികമായി ദുര്‍ബലപ്പെടുത്തുന്ന ഇത്തരം പ്രവണതകളെ ഇന്നും നേരിടേണ്ടതുണ്ട്. ഇതോടൊപ്പം ബാഹ്യ ഭീഷണികളെയും അതിജീവിക്കേണ്ടതുണ്ട്. സംഘപ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഇന്ന് പ്രബലശക്തിയാണ്. തീര്‍ച്ചയായും രാഷ്ട്രവിരുദ്ധ ശക്തികളെ ചെറുക്കാനുള്ള കരുത്ത് നാം ആര്‍ജ്ജിച്ചു കഴിഞ്ഞു. പക്ഷേ നാം മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. രാഷ്ട്ര വിരുദ്ധ ശക്തികളും ഇവിടെ വളര്‍ന്നിരിക്കുന്നു. ഇതൊരു വെല്ലുവിളിയാണ്.
സംഘപ്രവര്‍ത്തനം അതിന്റെ ശതാബ്ദിയോടടുക്കുമ്പോള്‍ നമ്മിലോരോരുത്തരുടെയും ഉത്തരവാദിത്തവും വര്‍ദ്ധിക്കുകയാണ്. ”കണ്ണുവേണം ഇരുപുറം എപ്പോഴും/കണ്ണു വേണം മുകളിലും താഴെയും/കണ്ണിനുള്ളില്‍ കത്തിജ്വലിക്കും/ഉള്‍ക്കണ്ണ് വേണം, അണയാത്ത കണ്ണ്.” കടമ്മനിട്ടയുടെ ഒരു കവിതയിലെ വരികളാണിത്. ഇന്നത്തെ ചുറ്റുപാടുകളില്‍ നടക്കുന്നതെല്ലാം കാണുവാന്‍ നമുക്കും ഇങ്ങനെ കണ്ണുകള്‍ വേണം. സംഘത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ചില സാമൂഹ്യലക്ഷ്യങ്ങള്‍ നാം മുന്നോട്ടുവയ്ക്കുന്നുണ്ട്. കുടുംബങ്ങള്‍ ശക്തമാവണം, പരിസ്ഥിതി സൗഹൃദമായ ഒരു ജീവിതരീതി രൂപപ്പെടുത്തണം. ജാതിരഹിതമായ സാമാജിക സമരസത സൃഷ്ടിക്കാനാവണം. വ്യക്തികള്‍ പൗരധര്‍മം പാലിക്കുന്ന സ്ഥിതി വരണം, സ്വദേശി മനസ്സുണ്ടാവണം എന്നിവയാണിത്.
അയോദ്ധ്യയിലെ രാമക്ഷേത്രം ലോകത്തിന്റെ മുഴുവന്‍ പ്രതീക്ഷയായി മാറുകയാണ്. ലോകരാജ്യങ്ങള്‍ ഭാരതമാതാവിനെ വീണ്ടും നമിക്കുന്ന സ്ഥിതി വരണമെന്നതാണ് തന്റെ ഒരേയൊരു ആഗ്രഹമെന്ന് സ്വാമി വിവേകാനന്ദന്‍ ഒരിക്കല്‍ പറയുകയുണ്ടായി. ഭാരതത്തിന്റെ ശക്തിയെയും സ്വഭാവത്തെയും ലോകം അംഗീകരിക്കുന്ന കാലം സംജാതമാവുകയാണ്. ഈ മഹാപരിവര്‍ത്തനത്തില്‍ ഓരോരുത്തര്‍ക്കും പങ്കുവഹിക്കാനുണ്ട്. ഭാസ്‌കര്‍റാവുജിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതും അതാണ്.
(എറണാകുളം ഭാസ്‌കരീയത്തില്‍ 2024 ജനുവരി 12 ല്‍ നടന്ന ഭാസ്‌കര്‍റാവു സ്മൃതിസദസ്സില്‍ നടത്തിയ പ്രഭാഷണം)