കേരളരാഷ്ട്രീയത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത, സമാനതയില്ലാത്ത അഴിമതിയുടെയും ജീര്‍ണ്ണതയുടെയും വാര്‍ത്തകളിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഭരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രിമാരെ കുറിച്ച് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പ്രതിച്ഛായാ വിവാദത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കെ. കരുണാകരന് എതിരെയും ഗ്രൂപ്പിന്റെ പേരില്‍ ഏ.കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും എതിരെയും ഒക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ, അവയൊക്കെ ആരോപണങ്ങള്‍ മാത്രമായിരുന്നു. ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജന്‍സികള്‍ ഈ സംഭവങ്ങള്‍ അന്വേഷിക്കുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കാര്യത്തില്‍ അവര്‍ നടത്തുന്ന എക്‌സലോജിക് കമ്പനി ക്രമക്കേട് നടത്തി എന്നകാര്യം രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവും അഴിമതി നിരോധന നിയമവും ബാധകമാക്കി സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കേണ്ട ക്രമക്കേടാണ് വീണ നടത്തിയത് എന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കണ്ടെത്തിയിട്ടുള്ളത്.
ശശിധരന്‍ കര്‍ത്തായുടെ കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടയില്‍സ് ലിമിറ്റഡും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും തമ്മില്‍ നടത്തിയിട്ടുള്ള ഇടപാടുകള്‍ പൂര്‍ണമായും വാണിജ്യ ഇടപാടുകള്‍ അല്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നു. ഇത് അഴിമതിയും കള്ളപ്പണവും ഉള്‍പ്പെടുന്ന ഉന്നതതല അന്വേഷണം ആവശ്യമുള്ള കുറ്റകൃത്യമാണെന്നാണ് കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഐ.ടി സേവനങ്ങള്‍ക്ക് പ്രതിഫലം എന്ന രീതിയിലാണ് എക്‌സാലോജിക്കിന് പണം നല്‍കിയത് എന്നായിരുന്നു സിഎംആര്‍എല്‍ ആദായനികുതി വകുപ്പിന് നല്‍കിയ വിശദീകരണം. എന്നാല്‍ എക്‌സാലോജിക് നല്‍കിയ സേവനം എന്താണെന്ന് വ്യക്തമാക്കാന്‍ ശശിധരന്‍ കര്‍ത്തായുടെ സ്ഥാപനത്തിനായില്ല. മാത്രമല്ല, അവര്‍ സേവനമൊന്നും നല്‍കിയിട്ടില്ല എന്നും സേവനം നല്‍കാതെ തന്നെ പണം നല്‍കുകയായിരുന്നു എന്നും ഉന്നത ഉദ്യോഗസ്ഥര്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കുകയും ചെയ്തു.
കര്‍ത്തായുടെ കമ്പനിയില്‍ നിന്ന് വാങ്ങിയ പണത്തിന് നല്‍കിയ സേവനത്തിന്റെ വിശദാംശങ്ങളോ രേഖകളോ ഹാജരാക്കാനും കഴിഞ്ഞില്ല. കമ്പനി നിയമപ്രകാരം പിഴയും തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇരുകമ്പനികളും ചേര്‍ന്ന് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചത്. സിബിഐ.ക്കോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ അന്വേഷണം കൈമാറുന്നതിനു മുമ്പുള്ള നടപടിക്രമമാണ് കോര്‍പ്പറേറ്റ് മന്ത്രാലയം സ്വീകരിച്ചതെന്നാണ് സൂചന.
ശശിധരന്‍ കര്‍ത്തായുടെ സി. എം.ആര്‍.എലില്‍ നിന്ന് വീണയുടെ കമ്പനിയായ എക്‌സാലോജിക് കൈപ്പറ്റിയ 1.72 കോടി രൂപ ഐ.ടി സേവനത്തിന് പകരമാണെന്നായിരുന്നു മുഖ്യമന്ത്രിക്ക് വേണ്ടി രംഗത്ത് വന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുന്‍മന്ത്രി എ.കെ. ബാലനും പ്രസ്താവിച്ചിരുന്നത്. മാത്രമല്ല, എക്‌സാലോജിക്കിന്റെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നും വാങ്ങിയ പണത്തിന് നികുതി അടച്ചു എന്നും വാദിച്ചിരുന്നു. ഇതേ വാദമുഖങ്ങള്‍ തന്നെയാണ് കമ്പനി രജിസ്ട്രാറുടെ മുന്‍പില്‍ എക്‌സാലോജിക്ക് സമര്‍പ്പിച്ചത്. ജി. എസ്.ടി അടച്ചിട്ടുണ്ടെന്നും അവിടെ കൊടുത്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. പക്ഷേ, ഈ വാദങ്ങള്‍ എല്ലാം തന്നെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് തള്ളി. ഇരു കമ്പനികളും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന്റെ രേഖകള്‍ ഒന്നും തന്നെ ഹാജരാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി മുതല്‍മുടക്ക് കൂടി ഉള്ള സി.എം.ആര്‍.എല്‍. ഇങ്ങനെ ഐ.ടി അഥവാ സോഫ്റ്റ്‌വെയര്‍ സേവനം ആവശ്യപ്പെട്ട് പരസ്യം നല്‍കിയതിന്റെ യാതൊരു രേഖകളും രണ്ട് കമ്പനികള്‍ക്കും ഹാജരാക്കാനായില്ല. കരാര്‍ ഒപ്പിടുന്നതിന് മുന്‍പോ ശേഷമോ കമ്പനികള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയതിന്റെ രേഖകളും ഇല്ല. കോര്‍പ്പറേറ്റ് കമ്പനി ഇടപാടുകളില്‍ തട്ടിപ്പ് നടത്തുന്നതിനെതിരെ കമ്പനി നിയമത്തില്‍ 447 വകുപ്പ് രേഖകളില്‍ കൃത്രിമം കാണിച്ചതിന് 448 വകുപ്പ് അനുസരിച്ച് എക്‌സാലോജിക്കിന് എതിരെ നടപടിയെടുക്കാം. കൂടാതെ സര്‍ക്കാര്‍ ഓഹരിയുള്ള കമ്പനി എന്ന നിലയില്‍ അതിന്റെ നിയമങ്ങളിലും ലംഘനം നടന്നിട്ടുണ്ട്.
നേരത്തെ പ്രതിപക്ഷ കക്ഷികള്‍ ഇത്തരം സംഭവങ്ങളില്‍ അയഞ്ഞ നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രത്യേകിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കര്‍ത്തയുടെ കമ്പനിയില്‍ നിന്നടക്കം പലതില്‍ നിന്നും പണം പറ്റിയിട്ടുണ്ടെന്നും വീട്ടില്‍ നിന്ന് പണം കൊണ്ടുവന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയുമോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്നാല്‍ മാത്യു കുഴല്‍നാടന്‍ അടക്കമുള്ള ഒരുപറ്റം യുവ നേതാക്കള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച അതിശക്തമായ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ പൂര്‍ണമായും വെട്ടിലാക്കുന്നതായിരുന്നു. 2013 മുതല്‍ 2019 വരെ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവങ്ങളില്‍ കമ്പനി നിയമത്തിന്റെ ലംഘനം, അഴിമതി നിരോധന നിയമം എന്നിവ അനുസരിച്ച് കേസ് വേണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ വ്യക്തികള്‍ക്ക് പണം നല്‍കാനായി കമ്പനിയുടെ ചെലവ് പെരുപ്പിച്ചു കാട്ടിയെന്നും ബിസിനസ് നടത്താന്‍ വ്യക്തികള്‍ക്ക് പണം നല്‍കിയെന്നുമാണ് സിഎംആര്‍എലിന്റെ വാദം. ഇത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. കമ്പനിയുടെ എംഡിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും ഒത്തുകളിച്ചാണ് ചെലവ് പെരുപ്പിച്ചു കാട്ടിയതെന്നും ഇതുകാരണം സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള ഓഹരി ഉടമകള്‍ക്ക് കനത്ത നഷ്ടം ഉണ്ടായിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് പറയുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ചില മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ കൈപ്പറ്റിയ പണത്തിന്റെ പട്ടിക രഹസ്യരേഖയായി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിനു മുമ്പാകെ സിഎംആര്‍എല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ കൂടി സത്യസന്ധമായ അന്വേഷണം ഉണ്ടായാലേ കേരള സമൂഹത്തിനും രാഷ്ട്രീയ നേതൃത്വത്തിനും മുകളില്‍ പടര്‍ന്നിരിക്കുന്ന അഴിമതിയുടെ കരിനിഴല്‍ നീക്കാനാകൂ. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ എക്‌സാലോജിക്കുമായി ഇടപാട് നടത്തിയിട്ടുള്ള എല്ലാ കമ്പനികളെയും സംബന്ധിച്ചും അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്. അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ നടത്തുന്ന വ്യവസായത്തിന് യാതൊരു സേവനവും നല്‍കാതെ മാസപ്പടി നല്‍കുന്ന ഒരു സംഭവം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമാണ്. അധികാര രാഷ്ട്രീയത്തിന്റെ പിന്നില്‍ ഇത്തിള്‍ക്കണ്ണികള്‍ പോലെ കുടുംബങ്ങളും കുടുംബാംഗങ്ങളും പടര്‍ന്നുകയറുന്നതും വളരുന്നതും അഴിമതിയുടെ പരിധിയില്‍ വരുന്നകാര്യമാണ്. ഈ ദൃഷ്ടിയില്‍ ഇതിനെതിരെ നടപടി ഉണ്ടാകാതിരിക്കാനാണ് സിപിഎം സംസ്ഥാന നേതൃത്വവും ഭരണകൂടവും ശ്രമിക്കുന്നത്. ഇതുവരെ കേരളത്തില്‍ ഉണ്ടായിട്ടില്ലാത്ത ഇത്തരമൊരു സംഭവത്തെ മുഖ്യമന്ത്രിയും സിപിഎമ്മും ഇടതുമുന്നണിയും എങ്ങനെ നേരിടും എന്നത് തന്നെയാണ് കേരളം കാണാന്‍ കാത്തിരിക്കുന്നതും.
അഴിമതിക്കെതിരായ കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതിപക്ഷ കക്ഷികളുടെയും നിലപാട് കൂടി ഇവിടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അന്വേഷണം ആവശ്യപ്പെട്ട് വൈകിയാണെങ്കിലും രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഈ സംഭവത്തില്‍ കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ പുലര്‍ത്തിയ സത്യസന്ധതയും ആര്‍ജ്ജവവും നിലനിര്‍ത്താനോ ആത്മാര്‍ത്ഥമായ അന്വേഷണം ആവശ്യപ്പെടാനോ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നനിലയില്‍ ഈ സംഭവത്തെ ഗൗരവമായി കണ്ടതും അന്വേഷണം ആവശ്യപ്പെട്ടതും ബിജെപി മാത്രമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ഇക്കാര്യത്തിലെ ധാര്‍മികമല്ലാത്ത നിലപാടുകള്‍ വളരെ വ്യക്തമായി തുറന്നുകാട്ടി. വ്യവസായികളില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ സംഭാവന വാങ്ങുന്നത് തെറ്റല്ല. വ്യവസായികള്‍ സമാഹരിക്കുന്ന പണം സമൂഹത്തിന്റേതാണ്. അതുകൊണ്ടുതന്നെ പണവും വാങ്ങേണ്ടി വന്നേക്കാം. പക്ഷേ, ആ പണത്തിനു വേണ്ടി വ്യവസായികള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുകയും രാജ്യത്തിന്റെ പൊതുവിഭവങ്ങള്‍ സ്വകാര്യ വ്യവസായികള്‍ക്ക് ചൂഷണം ചെയ്യാന്‍ അവസരം ഒരുക്കി കൊടുക്കുകയും ചെയ്താല്‍ ആ ഇടപാട് സുതാര്യമല്ല എന്ന് തന്നെയാണ് കരുതേണ്ടത്.
കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ പൊതുജനങ്ങളുടെ ക്ഷേമത്തിനും നല്ല ജീവിതത്തിനും ആധാരമാകേണ്ട ധാതുലവണങ്ങള്‍ വിദേശത്തേക്ക് കടത്തി കൊള്ളയടിക്കുന്ന സംവിധാനത്തിന് പ്രതിഫലമായാണ് രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കിയിരിക്കുന്നത് എന്നതാണ് പരസ്യമായ രഹസ്യം. ശശിധരന്‍ കര്‍ത്തയുടെ സി.എം.ആര്‍.എല്‍ തമിഴ്‌നാട്ടിലെ ഇതേ വ്യവസായം നടത്തുന്ന തൂത്തുക്കുടി വൈകുണ്ഠരാജനുമായുള്ള ഇടപാടില്‍ ഏതാണ്ട് പതിനായിരം കോടി രൂപയുടെ ധാതുമണല്‍ കേരളത്തില്‍ നിന്ന് കടത്തിയതായാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അനധികൃത ഖനനത്തിലൂടെ പതിനായിരം കോടിയിലേറെ രൂപ തമിഴ്‌നാടിനു തന്നെ രാജന്‍ നഷ്ടമുണ്ടാക്കിയതായി നേരത്തെ ആരോപണം ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലും ഏതാണ്ട് ഇതേ രീതിയിലുള്ള മാസപ്പടി വിതരണം ഉള്ളതുകൊണ്ട് മിക്ക രാഷ്ട്രീയ കക്ഷികളും ഇക്കാര്യത്തില്‍ ശബ്ദം ഉയര്‍ത്താറില്ല. വൈകുണ്ഠരാജന്റെ സ്ഥാപനമായ വി.വി. ഇന്റസ്ട്രീസ് തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന എല്ലാ ധാതുലവണ ഉല്‍പ്പന്നങ്ങളും ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖം വഴിയാണ് കയറ്റി അയക്കുന്നത്. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ, ആസ്‌ട്രേലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കയറ്റുമതി. വൈകുണ്ഠരാജന് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയില്‍ 12.73 ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്. തൃക്കുന്നപ്പുഴയില്‍ കര്‍ത്താവിന്റെ കമ്പനിക്ക് 50 ഏക്കറും ഉണ്ട്. കേരളത്തില്‍നിന്ന് 10,000 കോടിയിലേറെ രൂപയുടെ ഇല്‍മനൈറ്റും റൂട്ടയിലും കടത്തിയതായി ക്രൈംബ്രാഞ്ചും 2014 ല്‍ അന്നത്തെ എ.ഡി.ജി.പി വിന്‍സണ്‍ പോളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കള്ളക്കടത്തുകള്‍ക്ക് ചൂട്ടു പിടിക്കാനാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും മറ്റു ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കും പോലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി നല്‍കുന്നത്.
135 കോടി രൂപ രാഷ്ട്രീയനേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കോഴ നല്‍കി പതിനായിരം കോടിയിലേറെ സമാഹരിച്ച പ്രതിഭാശാലിയായ വ്യവസായി ശശിധരന്‍ കര്‍ത്തായ്ക്ക് 2009-10 ല്‍ പത്മശ്രീ നല്‍കാനും ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശ വ്യവസായ മന്ത്രിയായിരുന്ന സി.ഐ.ടി.യു നേതാവ് എളമരം കരീമിന്റേതായിരുന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ അന്വേഷണം നടത്തിയാല്‍ ഉടന്‍ രാഷ്ട്രീയപ്രേരിതമെന്ന ആരോപണം ഉയരാന്‍ സാധ്യതയുണ്ട്. ഏതായാലും കുടുംബാംഗങ്ങള്‍ ഭരണ സംവിധാനം ഉപയോഗിച്ച് ധനം സമാഹരിക്കുന്ന പുതിയ പ്രതിഭാസം അവസാനിച്ചേ തീരൂ. അതിനുവേണ്ടിയെങ്കിലും സമഗ്രമായ ഒരു അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകണം. ഇതിനായി കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം.