കറകളഞ്ഞ ഇസ്ലാമിക രാജ്യങ്ങളായ പാകിസ്ഥാനും ഇറാനും അന്യോന്യം അതിര്‍ത്തി കടന്ന് ആക്രമണം നടത്തി ചോര ചിന്തുന്നു. വീഴുന്നത് ഇസ്ലാമിക രക്തമാണെങ്കിലും ഇന്ത്യാരാജ്യത്തെ ഇസ്ലാമിക സാമ്രാജ്യ പ്രേമികള്‍ക്ക് ഒരു കുലുക്കവുമില്ല. ഇസ്രായേല്‍ പലസ്തീനില്‍ മുസ്ലിം രക്തം വീഴ്ത്തുമ്പോഴേ അവര്‍ക്ക് വേദനിക്കൂ. തങ്ങളുടെ പരമാധികാരത്തിന് ഭീഷണിയായ ഭീകരവാദ സംഘടനകള്‍ക്ക് പാകിസ്ഥാന്‍ അഭയം നല്‍കുന്നുവെന്നും രാജ്യത്തിന്റെ സുരക്ഷ കാരണമാണ് ബലൂചിസ്ഥാനില്‍ അക്രമം നടത്തിയതെന്നും ഇറാന്‍ വാദിക്കുന്നു. ഇറാനിലെ ഭീകരതാവളങ്ങള്‍ നശിപ്പിക്കാനാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്ന് പാകിസ്ഥാനും തറപ്പിച്ചു പറയുന്നു. രണ്ടു കൂട്ടരും ലക്ഷ്യമിടുന്ന ഭീകരര്‍ ബലൂചിസ്ഥാനെ മോചിപ്പിക്കണം എന്ന് വാദിക്കുന്ന സുന്നി ഭീകരവാദികളാണ്. ഏറ്റവും രസകരമായ കാര്യം സ്വതന്ത്ര ബലൂചിസ്ഥാന്‍ വാദികള്‍ അവകാശപ്പെടുന്നത് പാകിസ്ഥാനിലും ഇറാനിലും അഫ്ഘാനിസ്ഥാനിലുമായി കിടക്കുന്ന ബലൂചി ഭൂഭാഗങ്ങള്‍ മോചിപ്പിക്കണമെന്നാണ്. മൂന്നു രാജ്യങ്ങളിലും അവര്‍ ഇതിനായുള്ള സായുധ വിമോചനത്തിന് തയ്യാറെടുക്കുകയാണ്. അതിന്റെ ഭാഗമായാണ് ബലൂചിലുള്ള ജയ്ഷ് അല്‍ ആദില്‍ എന്ന സുന്നി ഭീകര സംഘടന പാക്കതിര്‍ത്തിയില്‍ കടന്നു വ്യോമാക്രമണം നടത്തിയത്. ഇതിനു തിരിച്ചടിയായി പാകിസ്ഥാന്‍ ഇറാനിലെ ഭീകരകേന്ദ്രങ്ങളില്‍ പോര്‍വിമാനങ്ങളും ചാവേര്‍ ഡ്രോണും ഉപയോഗിച്ച് മറുപടി നല്കി. ഇതിന്റെ ഫലമായി മരിച്ചത് പാവം കുട്ടികള്‍!
മൂന്നു മുസ്ലിം രാജ്യങ്ങളും ഒരു മേശക്ക് ചുറ്റും ഇരുന്നു തങ്ങളുടെ മണ്ണിനകത്തെ ബലൂചി ഭീകരതയെ കൈകാര്യം ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലേ ഉള്ളൂ എന്ന് നയതന്ത്ര വിദഗ്ധര്‍ ചോദിക്കുന്നു. അതിന് അവര്‍ തയ്യാറല്ല. ഭാരതത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭീകരര്‍ പാക് അധീന കാശ്മീരില്‍ പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. അതിന്റെ വ്യക്തമായ രേഖകള്‍ സഹിതം ഭാരതം പാകിസ്ഥാന് മുന്നറിയിപ്പും നല്കി. ഒടുവില്‍ ഇത്തരം കേന്ദ്രങ്ങള്‍ ഭാരതസൈനികര്‍ ബോംബിട്ടു തകര്‍ത്തപ്പോള്‍ പാകിസ്ഥാന് കടുത്ത അമര്‍ഷം. ഇറാന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ പറയുന്ന സുരക്ഷ സംബന്ധിച്ച ന്യായം ഭാരതത്തിനും ബാധകമല്ലേ? പലസ്തീനില്‍ നിന്ന് അതിര്‍ത്തി കടന്ന് തങ്ങളുടെ രാജ്യത്തേക്ക് സൈനികാക്രമണം നടത്തിയ ഹമാസിനെ ഉന്മൂലനം ചെയ്യുന്ന ഇസ്രായേലിന്റെ ന്യായവും ഇതുതന്നെയല്ലേ? അവിടെയാണ് ഇസ്ലാമിക ഭീകരതയുടെ ഇരട്ടത്താപ്പ് പ്രകടമാകുന്നത്.