വയലാര്‍ രക്തസാക്ഷികളുടെ ചോര കൊണ്ടു ചുവന്ന ആലപ്പുഴയുടെ മണ്ണ് മറ്റൊരു കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് കൂടി സാക്ഷിയാവുകയാണ്. പിണറായി വിജയന്റെ സി.പി.എമ്മിന്റെ പാര്‍ട്ടി പട്ടാളത്തിന്റെ തോക്കിന്‍ കുഴലുകള്‍ക്കു മുമ്പില്‍ വാരിക്കുന്തവുമായി നില്ക്കുന്നത് മുന്‍ മന്ത്രിയും കറകളഞ്ഞ കമ്മ്യൂണിസ്റ്റും കവിയുമായ ജി.സുധാകരനാണ്. തന്റെ കയ്യില്‍ നിന്ന് വാരിക്കുന്തം എം.ടി വാസുദേവന്‍ നായരും എം.മുകുന്ദനും സച്ചിദാനന്ദനുമൊക്കെ തട്ടിക്കൊണ്ടുപോകുമോ എന്ന സംശയമാണ് അദ്ദേഹത്തിനിപ്പോള്‍. എം.ടി. ഭരണകൂടത്തെ വിമര്‍ശിക്കുമ്പോഴേയ്ക്കും അതുവരെ മിണ്ടാന്‍ ധൈര്യമില്ലാതെ ചടഞ്ഞു കൂടിക്കിടന്നിരുന്ന സാഹിത്യകാരന്മാരെല്ലാം ഇടതുപക്ഷ വിമര്‍ശകരായത് കണ്ട് സുധാകരന്‍ പൊട്ടിത്തെറിച്ചു. പിന്നീട് എം.ടി എന്നല്ല കുട്ടി പറഞ്ഞാല്‍ പോലും കേള്‍ക്കണം എന്നു തിരുത്തി പറഞ്ഞു കൊണ്ട് തന്നെ പത്രക്കാര്‍ തെറ്റായി ഉദ്ധരിച്ചു എന്നും അമര്‍ഷം കൊണ്ടു.
രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് സുധാകരന്റെ കഷ്ടകാലം തുടങ്ങിയത്. തന്റെ സീറ്റ് എച്ച്. സലാമിന് നല്‍കിയതോടെ തുടങ്ങിയ തഴയല്‍ സംസ്ഥാന കമ്മറ്റിയംഗത്വം പോകുന്നത് വരെയെത്തി. പാര്‍ട്ടി കമ്മീഷന്‍ ബ്ലാക്ക് ബുക്കില്‍ പേരു ചേര്‍ത്തു. പിന്നെ സുധാകരന്റെ വിമര്‍ശന കാലമായിരുന്നു. പഴയ വിപ്ലവകാരികളുടെ വാരിക്കുന്തവുമായി ഇറങ്ങിയത് അങ്ങനെയാണ്. കവിതയിലൂടെയാണ് തഴയലിനെതിരെ കുന്തപ്രയോഗം നടത്തിയത്. തഴയല്‍ പിന്നെയും തുടര്‍ന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് വാര്‍ഷികത്തില്‍ നിന്നു പേരു വെട്ടി. എന്നിട്ടും പാഠം പഠിക്കാതെ കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടിയെ പരോക്ഷമായി വിമര്‍ശിച്ചു. തന്നെ തഴഞ്ഞപ്പോഴും ശൈലജ ടീച്ചറെ ക്ഷണിച്ചതിലുള്ള ഈര്‍ഷ്യ നിലനില്‍ക്കെയാണ് ശൈലജ ടീച്ചറെ ടീച്ചറമ്മ എന്നു വിശേഷിപ്പിക്കുന്നതു കേട്ടത്. അതിലെ പന്തികേടും വ്യാകരണ തെറ്റുംതുറന്നു കാട്ടി. പാര്‍ട്ടിയിലെ അവഗണനയിലുള്ള നീരസം പൊട്ടിയൊഴുകുന്നതിനിടയ്ക്കാണ് സാഹിത്യകാരന്മാരുടെ കള്ളക്കളി കണ്ടത്. അവിടെയും തുറന്നടിച്ചു. അങ്ങനെ ഫലത്തില്‍ യുദ്ധക്കളത്തിലെ വീരനായി സുധാകരന്‍ നിലകൊണ്ടു. ഫലത്തില്‍ സുധാകരന്റെ പടയോട്ടം വിജയന്‍ സഖാവിന്റെ പാര്‍ട്ടി പട്ടാളത്തിന്റെ തോക്കിന്‍ കുഴലിനു മുമ്പിലുള്ള വാരിക്കുന്ത യുദ്ധം എന്ന രണ്ടാം വയലാര്‍ വിപ്ലവമായി മാറിക്കൊണ്ടിരിക്കുകയാണ്.