കവിയുടെ ആത്മാവിഷ്‌ക്കാരമാണ് കവിത. അക്കാര്യത്തിലാര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാലതു പ്രസിദ്ധീകരിക്കുന്നെങ്കില്‍ സഹൃദയനെക്കൂടി മുന്നില്‍ കാണണം. നമ്മുടെ മനസ്സിലുള്ള അറിവുകളെല്ലാം കവിതയില്‍ പകര്‍ന്നു വയ്ക്കണം എന്ന നിര്‍ബ്ബന്ധം നല്ലതല്ല. ഒരു പക്ഷേ അങ്ങനെ ഒരു ‘ഇന്റലെക്ച്വല്‍ പൊയം’ (Intellectual Poem) എഴുതണമെന്നു തോന്നിയാല്‍ അതിന് വൈലോപ്പിള്ളി ചെയ്തതുപോലെ അടിക്കുറിപ്പുകള്‍ നല്‍കണം. മാതൃഭൂമി വായിക്കുന്നവരൊക്കെ ബുദ്ധിജീവികളാണെന്ന് ധരിക്കരുത്. ഏറ്റവും ലളിതമായ ഒരു കവിത പോലും വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തവരാണ് മാതൃഭൂമിയുടെ തൊണ്ണൂറുശതമാനം വായനക്കാരും എന്നുള്ളതിന്റെ സാക്ഷിപത്രങ്ങളാണ് പത്രാധിപര്‍ക്കു വരുന്ന കത്തുകള്‍. അത്തരം വായനക്കാരുടെ മുന്നില്‍ കെജിഎസ് ഇങ്ങനെ ബൗദ്ധികക്കസര്‍ത്ത് നടത്തുന്നത് നല്ലതാണോ? (കവിത ‘ഇന്നലെയുടെ ബിനാമി’ മാതൃഭൂമി ജനുവരി 7-13).
സത്യജിത്‌റേയുടെ അപരാജിതോയും ഋത്വിക് ഘട്ടക്കിന്റെ സുവര്‍ണ്ണരേഖയും ചാപ്ലിന്റെ ഗ്രേറ്റ് ഡിക്‌ടേറ്ററും മോഡേണ്‍ ടൈംസും മിക്കവാറും എല്ലാവര്‍ക്കും അറിയാവുന്ന ചലച്ചിത്രങ്ങളാണ്. അവയ്ക്ക് കവി അടിക്കുറിപ്പ് കൊടുത്തിട്ടുണ്ട്. എന്നാല്‍ താരാശങ്കര്‍ ബാനര്‍ജിയുടെ ‘ആരോഗ്യ നികേതനം’ എത്രപേര്‍ വായിച്ചിട്ടുണ്ട്. വിദേശ നോവലുകളുടെ മഹത്വം എടുത്തു പറയുന്ന നമ്മളെല്ലാം ലോകത്തിലെ തന്നെ ഏറ്റവും മികച്ച നോവലുകളിലൊന്നായ ആരോഗ്യ നികേതനെ ശ്രദ്ധിക്കാറേയില്ല. അതുകൊണ്ടുതന്നെ കവിതയില്‍ കെ.ജി.എസ്. ‘ജീവന്‍ മശായിയെ മൃത്യുമശായി’ ആക്കുമ്പോള്‍ അടിക്കുറിപ്പ് അനിവാര്യം. ‘ഭജനം പൂജനമാരാധന’യും ടാഗൂറിന്റേതാണല്ലോ അതിന് ഒരു ഇന്‍വെര്‍ട്ടഡ് കോമയെങ്കിലും ഇടേണ്ടതല്ലേ.
ചിലര്‍ക്ക് തങ്ങളുടെ പഴയ ചിന്തകളില്‍ നിന്ന് ഒരു മൈക്രോമില്ലീ മീറ്റര്‍ പോലും വളരാന്‍ കഴിയില്ല. കാരണം ആ ചിന്തകളൊക്കെ ശീലമായിത്തീര്‍ന്നിട്ടുണ്ടാവും. കെ.ജി. ശങ്കരപ്പിള്ള ഇപ്പോഴും കയ്യൂര്‍ സഖാക്കളുടെ മുദ്രാവാക്യം വിളിയിലും വര്‍ഗ്ഗീസിന്റെ ജീവത്യാഗത്തിലുമൊക്കെത്തന്നെയാണ് ജീവിക്കുന്നത്. ലോകം മാറിയതൊന്നും ഇക്കവി അറിഞ്ഞിട്ടേയില്ല.
പി.എന്‍.ഗോപീകൃഷ്ണന്റെ മാതൃഭൂമിക്കവിത ‘3+’ ഉം ധൈഷണികമായ ഒരു പരിശ്രമമാണ്. നല്ലതുതന്നെ, ഇങ്ങനേയുമൊക്കെ എഴുതാന്‍ കഴിയണം. എല്ലാക്കവിതയും ഒരുപോലിരുന്നാല്‍ പറ്റില്ലല്ലോ! നിരക്ഷരനുവേണ്ടി മാത്രം എഴുതിയാല്‍ പോരല്ലോ! ‘രാക്ഷസീയമായ’ അറിവുകള്‍ നേടിയവരേയും അഭിസംബോധന ചെയ്യണമല്ലോ! അങ്ങനെയുള്ളവരെ ഉന്നംവച്ചാണ് ഗോപീകൃഷ്ണന്റെ എഴുത്ത്. ”മൂന്നില്‍ക്കൂടുതല്‍ എണ്ണാന്‍ നമുക്കിഷ്ടമില്ല’ എന്നാണ് കവിതയുടെ തുടക്കം. എന്നിട്ട് കുറേ മൂന്നുകള്‍ അവതരിപ്പിക്കുന്നു. അവയ്‌ക്കൊന്നും വലിയ പൊരുത്തമൊന്നുമില്ല. ബ്രഹ്‌മാവ്, വിഷ്ണു, ശിവന്‍ എന്ന മൂന്നും പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മറ്റൊരു മൂന്നും ഭൂമി, സ്വര്‍ഗം, പാതാളം, നീളം, വീതി, കനം എന്നിവയൊക്കെ നല്ലതുതന്നെ. എന്നാല്‍ എക്‌സ് വൈ ഇസഡ്, വണ്‍ടുത്രീ, നാട്, നഗരം, റോഡ് എന്നിവയ്‌ക്കൊന്നും ഒരു പൊരുത്തവും കാണാനാവുന്നില്ല. നിര്‍ലക്ഷ്യമായ ഇത്തരം എഴുത്തുകള്‍ നേരത്തേ എഴുതിയിട്ടുള്ള നല്ല കവിതകളെക്കൂടി റദ്ദു ചെയ്തുകളയും എന്നു കവി ഓര്‍ക്കുന്നത് നല്ലത്.
എല്ലാ കുട്ടികളേയും ജയിപ്പിച്ച്, എല്ലാവര്‍ക്കും എപ്ലസ് കൊടുത്ത് വിജയശതമാനം പെരുപ്പിച്ച് കാണിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തിയ പ്രസ്താവനയും മന്ത്രിയുടെ നിഷേധവും ഒക്കെ ചേര്‍ത്ത് എം.എന്‍.കാരശ്ശേരി എഴുതുന്ന ലേഖനം, (മാതൃഭൂമി) ‘സാക്ഷരതയില്ലാത്ത വിദ്യാഭ്യാസം’ ചില ചോദ്യങ്ങളുണര്‍ത്തുന്നതാണ്. ഇന്ന് ഫുള്‍ എ+ നേടുന്ന കുട്ടികള്‍ക്കുപോലും മാതൃഭാഷ തെറ്റുകൂടാതെ എഴുതാന്‍ അറിയില്ലാ എന്നത് സത്യം. പലരും നിരക്ഷരരായാണ് പൂര്‍ണ്ണ എ പ്ലസുകാരായി സ്ഥാനക്കയറ്റം നേടുന്നത് എന്നത് യാഥാര്‍ത്ഥ്യം. അതിന് കുറച്ചുപേരെ തോല്‍പ്പിക്കുന്നതാണോ പരിഹാരം. പത്താം ക്ലാസ് തോറ്റവരൊക്കെ മണ്ടന്മാരാണോ?
പത്തുതോറ്റവരില്‍ പലരും വലിയ കോടീശ്വരന്മാര്‍ ആയതും നന്നായി പഠിച്ച പലരും കൂലിപ്പണിക്കാരായി പോയതും എനിക്കറിയാം. നമ്മുടെ വിദ്യാഭ്യാസ രീതികൊണ്ട് വ്യക്തികളുടെ സമഗ്രമായ കഴിവുകള്‍ അളക്കാന്‍ കഴിയാറില്ല. അതുകൊണ്ട് കൂടുതല്‍ പേരെ തോല്പിക്കുന്നതല്ല ഇതിനുള്ള പരിഹാരം. പത്താം ക്ലാസില്‍ ഈ ലേഖകനോടൊപ്പം പഠിച്ചു തോറ്റ ഒരാള്‍ നേരിട്ട് സബ് ഇന്‍സ്‌പെക്ടറായതും പിന്നെ ഉയര്‍ന്ന പോലീസ് ഓഫീസറായതും മറ്റൊരാള്‍ ഐ.എ.എസ്സുകാരനായതും ഒരാള്‍ ബാങ്കിന്റെ റീജയണല്‍ ഓഫീസറായതും നേരിട്ടറിയാം. മൂന്നുപേരും പത്താം ക്ലാസില്‍ ആദ്യത്തവണ തോറ്റവരാണ്. പിന്നീട് ജയിച്ച് മുന്നേറിയവരാണ്. ഇതില്‍ നിന്നു നമ്മള്‍ പഠിക്കേണ്ട പാഠം പത്താം ക്ലാസ് പരീക്ഷയിലെ വിജയം ഒരു കുട്ടിയുടെ ബുദ്ധിയുടേ യോ കഴിവിന്റേയോ അളവുകോലല്ല എന്ന യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ കുട്ടികളെ തോല്‍പ്പിക്കലല്ല വേണ്ടത് പകരം അവരെ അക്ഷരം പഠിപ്പിച്ച് ജയിപ്പിക്കലാണ്. അതെങ്ങനെ സാധ്യമാകും? തോല്‍പ്പിക്കാതെ തന്നെ കുട്ടികളെ അക്ഷരം പഠിപ്പിക്കാനാവും. നാലാം ക്ലാസ്, 7-ാം തരം, പത്താംതരം എന്നിവിടങ്ങളില്‍ ഇന്നത്തേതിനേക്കാള്‍ ഗൗരവമേറിയ പരീക്ഷകള്‍ (കഴിയുമെങ്കില്‍ പൊതു പരീക്ഷ തന്നെ) നടത്തണം. കൃത്യമായിത്തന്നെ വാല്യു ചെയ്യണം. ജയിക്കാന്‍ കഴിവുള്ളവരെ മാത്രം ജയിപ്പിച്ചാല്‍ മതി. എന്നാല്‍ ഒരു കുട്ടിയേയും തോല്‍പ്പിച്ചു നാലില്‍ ഇരുത്തരുത്. പരീക്ഷയെഴുതിയ എല്ലാവരേയും അഞ്ചാം തരത്തിലേയ്ക്കു അയയ്ക്കുക. അഞ്ചാം തരത്തില്‍ പഠിക്കുന്ന കുട്ടി അടുത്ത പൊതു പരീക്ഷയായ ഏഴാതരം പരീക്ഷ എഴുതുന്നതിനുമുന്‍പ് നാലിന്റെ പരീക്ഷ ജയിച്ചിരിക്കണം. ഏഴാംതരത്തിലെത്തിയിട്ടും നാലാം തരം പരീക്ഷ ജയിക്കാന്‍ കഴിയാത്തവനെ പിന്നെ എട്ടിലേക്ക് പ്രമോട്ടു ചെയ്യേണ്ടതില്ല.
ഏഴില്‍ തോറ്റവനേയും എട്ടാം ക്ലാസിലേയ്ക്ക് അയയ്ക്കാം. പക്ഷേ ആ കുട്ടി പത്താംതരം പരീക്ഷയ്ക്ക് ഇരിക്കാന്‍ യോഗ്യത നേടണമെങ്കില്‍ എട്ടിലോ ഒന്‍പതിലോ പത്താം ക്ലാസ്സിന്റെ തുടക്കത്തിലോ ഏഴാം ക്ലാസ് പരീക്ഷ ജയിച്ചിരിക്കണം. പത്താം ക്ലാസ്സിലെത്തിയിട്ടും ഏഴിലെ പരീക്ഷ ജയിക്കാന്‍ കഴിയാത്തവനെ പ്ലസ് 2 വിലേയ്ക്ക് അയയ്‌ക്കേണ്ടതില്ല. ഇങ്ങനെയായാല്‍ നിരക്ഷരന്മാര്‍ ആരും ഫുള്‍ എ പ്ലസ് നേടില്ല. ഒരു കുട്ടിയേയും തോല്പിച്ചുവെന്ന പരാതിയും ഉണ്ടാകില്ല. പ്ലസ് 2 പരീക്ഷ മുതല്‍ ഇങ്ങനെ ഒരു ആനുകൂല്യം നല്‍കേണ്ട കാര്യം ഇല്ല. അപ്പോള്‍ കുട്ടികള്‍ മുതിര്‍ന്നു കഴിഞ്ഞു. ജയവും തോല്‍വിയും ഏറ്റെടുക്കാന്‍ തക്ക പ്രാപ്തി അവര്‍ കൈവരിച്ചു കഴിഞ്ഞു. അപ്പോള്‍ തോല്‍ക്കുന്നവര്‍ അടുത്ത ചാന്‍സില്‍ ജയിച്ച് മറ്റു ഡിഗ്രി പഠനങ്ങള്‍ക്ക് പൊയ്‌ക്കോട്ടേ. പ്ലസ് 2 വരെ കുട്ടികളെ തോല്പിക്കാതെ സാക്ഷരരാക്കാന്‍ ഈ രീതി സഹായിക്കും. അല്ലാതെ അവരെ കാരശ്ശേരിയും ഷാനവാസും പറയുന്നതുപോലെ തോല്‍പ്പിച്ചല്ല സാക്ഷരരാക്കേണ്ടത്.
ഡിമന്‍ഷ്യരോഗികള്‍ക്കായി ജപ്പാനില്‍ ‘റെസ്റ്ററന്റ്‌സ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്‌സ്’ എന്ന പേരില്‍ ചില ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതായി ഇന്റര്‍നെറ്റില്‍ കാണുന്നുണ്ട്. എന്നാല്‍ അതിന്റെ നിജസ്ഥിതിയെക്കുറിച്ച് ഒന്നും അറിയില്ല. വലിയ പരസ്യങ്ങള്‍ നെറ്റിലുണ്ട്. 1917ല്‍ ടോക്യോയ്ക്ക് അടുത്തുള്ള ‘റാന്‍ഡി’യില്‍ വച്ച് ആദ്യ റസ്റ്റാറന്റ് പ്രവര്‍ത്തനമാരംഭിച്ചതായി പരസ്യത്തില്‍ പറയുന്നു. ക്രൗഡ്ഫണ്ടിങ്ങ് വഴിയാണ് റസ്റ്റോറന്റിനു വേണ്ട പണം സ്വരൂപിക്കുന്നതെന്നും യാഹുവഴി നിങ്ങള്‍ക്കും പണം നല്‍കാമെന്നുമൊക്കെ കൊടുത്തിട്ടുണ്ട്. ജപ്പാനില്‍ തുടങ്ങിയ ഈ സംരംഭം മറ്റുള്ളയിടങ്ങളിലേയ്ക്ക് വളരുന്നതായി പരസ്യത്തില്‍ പറയുന്നു. ഡിമന്‍ഷ്യ ബോധവല്‍ക്കരണമാണ് സംരംഭത്തിന്റെ ല ക്ഷ്യമെന്നാണ് പരസ്യദാതാക്കള്‍ പറയുന്നത്. ഇ.പി. ശ്രീകുമാര്‍ മാതൃഭൂമിയില്‍ ഈ ജപ്പാന്‍ സംരംഭത്തെ ഒരു കഥയാക്കി മാറ്റിയിരിക്കുന്നു.
പാശ്ചാത്യ ലോകത്തെക്കാള്‍ പലകാര്യങ്ങളിലും മുന്‍പേ സഞ്ചരിക്കുന്നവരാണ് ജപ്പാന്‍കാര്‍. ചില കാര്യങ്ങള്‍ ഭ്രാന്തെന്നു തോന്നാമെങ്കിലും അവരുടെ സാഹിത്യത്തിലും ജീവിതത്തിലും ചില അസാധാരണ സംഗതികള്‍ പതിവാണ്. ‘ഹരാകിരി’ മുതല്‍ കവാബത്തയുടെ എഴുത്തുവരെ എല്ലാത്തിനും ചില അസാധാരണത്വങ്ങളുണ്ട്. അതിനെ ഇ.പി.ശ്രീകുമാര്‍ മലയാളത്തിലേയ്ക്ക് പറിച്ചുനടാന്‍ നോക്കിയതാണ് ‘ഓര്‍മനഷ്ടത്തിലെ ചിരി’ എന്ന മാതൃഭൂമിക്കഥ. പുതുമ വേണമല്ലോ. ഇവിടെയില്ലെങ്കില്‍ ജപ്പാനില്‍ നിന്നെങ്കിലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുന്നതു നല്ലതുതന്നെ.
ഇത്തവണത്തെ മാധ്യമം വാരികയില്‍ (ഡിസംബര്‍ 18-25) കഥയൊന്നുമില്ലെങ്കിലും അഞ്ചു കവിതകളുണ്ട്. അതില്‍ ആദ്യത്തേത് മാധവന്‍ പുറച്ചേരിയുടെ ”നിങ്ങള്‍ ഇടതുപക്ഷക്കാരനോ വലതുപക്ഷക്കാരനോ” എന്ന കവിതയാണ്. ചില പുതിയ പ്രതിപാദന രീതികളൊക്കെ പുറച്ചേരി പരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും പുതിയതല്ല. കടമ്മനിട്ടയൊക്കെ പണ്ടു തന്നെ പരീക്ഷിച്ചതാണ് ഈ രൂപ വ്യതിയാനങ്ങള്‍. കടമ്മനിട്ടയുടെ ‘മുഖപ്രസംഗം’ എന്ന ആക്ഷേപഹാസ്യ കവിതയില്‍ ഭരണാധികാരിയുടെ മുഖം – ഭീരുവിന്റെ മുഖം, കഴുവേറിയുടെ മുഖം – ധീരന്റെ മുഖം, വിധവയുടെ മുഖം – വിധികര്‍ത്താവിന്റെ മുഖം, കള്ളന്റെ മുഖം – അദ്ധ്യക്ഷന്റെ മുഖം, സഭാവാസികളുടെ മുഖം – നിര്‍വ്വികാരമുഖം. ഇങ്ങനെ ചില പ്രയോഗരീതികള്‍ അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്. കന്യകയുടെ മുഖം – കാമാര്‍ത്തന്റെ മുഖം, വണ്ടി വലിക്കുന്നവന്റെ മുഖം – വണ്ടി മേലിരിക്കുന്നവന്റെ മുഖം, വിദ്യാര്‍ത്ഥിയുടെ മുഖം – വിക്ഷുബ്ധമുഖം, യജമാനന്റെ മുഖം – ആശ്രിതന്റെ മുഖം തുടങ്ങിയ കടമ്മനിട്ടയുടെ പകുത്തുവയ്ക്കലുകള്‍ യുക്തിസഹവും പുതുമയുള്ളതുമായിരുന്നു അന്ന്. എന്നാല്‍ അതേ രീതിതന്നെ ആവര്‍ത്തിക്കുന്ന മാധവന്‍ പുറച്ചേരിയുടെ
സമരഭരിതം – ലാഭം
സമത്വം – മാളുകള്‍
സ്വാതന്ത്ര്യം – മുതലാളി
തൊഴിലാളി – പ്രമുഖര്‍
കവിത – 10000000 എന്നിങ്ങനെയുള്ള വിഭജനത്തില്‍ വലിയ യുക്തിയൊന്നും കാണുന്നില്ല. കുറച്ചുകൂടി യുക്തിസഹമായി ഈ പങ്കുവയ്ക്കലുകള്‍ നടത്തിയിരുന്നെങ്കില്‍ കവിതയിലെ പുതിയരൂപ പരീക്ഷണം വിജയിച്ചേനേ! ഇവിടെ കവിയ്ക്ക് ആശ്വസിക്കാന്‍ ഒന്നുമുണ്ടെന്നു തോന്നുന്നില്ല.