പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ആപ് കി അദാലത്ത്’ എന്ന പ്രസിദ്ധമായ അഭിമുഖ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയോട് അവതാരകനായ രജത് ഗുപ്ത അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്ന ഭാരതത്തിന്റെ ഭരണകൂട മനോഭാവത്തെക്കുറിച്ച് ഒരു ചോദ്യമുന്നയിച്ചു. അതിന് അന്ന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു ‘നമ്മളിന്ന് നൂറ് കോടി ജനങ്ങളുള്ള ഒരു രാജ്യമാണ്. നമുക്ക് ലോക രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയും’.
ഈ വാക്കുകളില്‍ നിന്നുവേണം നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ന് ഭാരതം കൈവരിച്ച നയതന്ത്രവിജയങ്ങളെ വിലയിരുത്താന്‍. അടുത്തിടെ മാലിദ്വീപില്‍ നിന്ന് ഭാരതത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും ഉണ്ടായ പരാമര്‍ശത്തില്‍ ഭാരതം പ്രതികരിക്കുന്നതിന് മുമ്പ് തന്നെ ഭാരതത്തിനെതിരെ വംശീയ അധിക്ഷേപം നടത്തിയ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് ഭരണകൂടം പുറത്താക്കിയത് ഭാരതം ഇന്ന് ലോകത്ത് ചെലുത്തുന്ന സ്വാധീന ശക്തി എത്രത്തോളമാണെന്ന് വെളിവാക്കുന്നതാണ്.
കാലങ്ങളായി മാലിദ്വീപുമായി ഭാരതത്തിന് വളരെ സൗഹൃദപൂര്‍വമായ ബന്ധമാണ് ഉള്ളത്. എന്നിട്ടും എന്തിനായിരിക്കും മാലിദ്വീപിലെ മൂന്ന് മന്ത്രിമാര്‍ ഭാരതത്തിനെതിരെ ഇത്രയും വെറുക്കപ്പെട്ട രീതിയില്‍ പ്രസ്താവന നടത്തിയത്? പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന്റെ ഉള്ളറകളിലേക്ക് ചെല്ലുമ്പോഴാണ് ഇക്കാര്യം വ്യക്തമാവുക. 298 സ്വകയര്‍ കി.മീ. വിസ്തീര്‍ണം മാത്രമുള്ള മാലിദ്വീപിനുള്ള അതേ ടൂറിസം സാധ്യതകള്‍ ലക്ഷദ്വീപില്‍ ഉണ്ടായിരുന്നിട്ടും അതിന്റെ അനന്ത സാധ്യതകള്‍ ഭാരതത്തിലെ ഒരു സര്‍ക്കാരും കാര്യമായി ഗൗനിച്ചില്ല എന്നത് അത്ഭുതകരമായ വസ്തുതയാണ്.
മാലിദ്വീപിലെ സമ്പദ്‌വ്യവസ്ഥയുടെ മര്‍മ്മപ്രധാനമായ ഘടകമാണ് ടൂറിസം. അതില്‍ ഭാരതീയരുടെ സ്വാധീനം വളരെ വലുതാണ്. 2023ല്‍ മാത്രം ഭാരതത്തില്‍ നിന്നും മാലിദ്വീപ് സന്ദര്‍ശിച്ചവരുടെ കണക്ക് 2,06,026 ആണ്. അതായത്, മാലിദ്വീപിന്റെ മൊത്തം സന്ദര്‍ശകരുടെ 11.2%. 2022-ല്‍ അത് 2,41,382 (14.3%), 2021-ല്‍ 2,91,787 (22.07%) എന്നിങ്ങനെ ആയിരുന്നു. പ്രതിവര്‍ഷം ഒരു ലക്ഷത്തിലേറെ ഭാരതീയര്‍ മാലിദ്വീപില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോകാറുണ്ട്. ഇത്രയും വലിയൊരു ടൂറിസ്റ്റ് സാധ്യത സ്വന്തം രാജ്യത്ത് കൂടി പ്രയോജനപ്പെടുത്തുവാനുള്ള അവസരമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷദ്വീപില്‍ തിരഞ്ഞത്. അതിനായുള്ള ചില നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടു. താജ് ഗ്രൂപ്പിന്റെ രണ്ട് ഹോട്ടലുകള്‍ക്ക് സൂഹേലി, കടമത്ത് ദ്വീപുകളില്‍ അനുമതി നല്‍കി. 2022ല്‍ സ്‌കൂബാ ഡൈവിങ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കവരത്തി, മിനിക്കോയ്, കല്‍പ്പേനി, ബംഗാരം, കടമത്ത് തുടങ്ങിയ ദ്വീപുകളില്‍ അനുമതി നല്‍കി. നീതിആയോഗിന്റെ കീഴില്‍ മിനിക്കോയ്, സുഹേലി, കടമത്ത് ദ്വീപുകള്‍ എക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി മാറ്റുവാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതിന് ശേഷമാണ് ഇവയൊക്കെ സംഭവിക്കുന്നത്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി തന്നെ ലക്ഷദ്വീപിലേക്ക് വരാന്‍ നേരിട്ട് സഞ്ചാരികളോട് ആവശ്യപ്പെട്ടതും മാലിദ്വീപ് ഭരണകൂടത്തെ അസ്വസ്ഥരാക്കി.
2022 ഒക്ടോബറില്‍ മാലിദ്വീപില്‍ ഭരണത്തിലേറിയ മുസൈ ഭരണകൂടം ഇസ്ലാമിസ്റ്റ് ചായ്വ് പുലര്‍ത്തുന്നവരാണ്. പ്രസിഡന്റായ മുസൈമു ആദ്യം സന്ദര്‍ശിച്ച രാജ്യം തുര്‍ക്കി ആണെന്നതും ഓര്‍ക്കണം. സമീപകാലത്ത് ആരംഭിച്ച ഇസ്രായേല്‍ – ഗാസ സംഘര്‍ഷത്തില്‍ ഭാരതം ഹമാസ് തീവ്രവാദികള്‍ക്കെതിരെ ഇസ്രായേലിനെ പിന്തുണച്ചതും മാലിദ്വീപിലെ ഭരണനേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. എന്നു മാത്രമല്ല, നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഭാരത- ഇസ്രായേല്‍ ബന്ധം മുന്‍പെങ്ങുമില്ലാത്ത വിധം ദൃഢമായിട്ടുണ്ട്.
ഭാരതത്തിനെതിരെ ചൈനീസ് വ്യാളി
മാലിദ്വീപ് അടിസ്ഥാനപരമായി തന്നെ ഒരു ദ്വീപ് രാഷ്ട്രമാണ്. പക്ഷേ ഭാരതത്തില്‍ നിന്നും 780 കി.മീ. അകലത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദ്വീപ് രാഷ്ട്രം നയതന്ത്ര തലത്തിലും, ഭൂമിശാസ്ത്രഘടന കൊണ്ടും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു രാഷ്ട്രമാണ്. വായ്പ നല്‍കിയും നിക്ഷേപങ്ങള്‍ നടത്തിയും ചൈന മാലിദ്വീപിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഈ ജിയോ പൊളിറ്റിക്‌സാണ്.
‘ഇന്ത്യന്‍ മഹാസമുദ്രത്തെ ആര് നിയന്ത്രിക്കുന്നുവോ, അവര്‍ ഏഷ്യ ഭരിക്കും’ എന്നാണ് ആല്‍ഫ്രഡ് മഹാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിലാണു ലോകത്തിലെ പ്രധാനപെട്ട SLOC (Sea Line of Communication) കടന്നു പോകുന്നത്. ഈ സീ ലൈന്‍നുകള്‍ ലോകത്തിലെ പ്രധാന എണ്ണ ഷിപ്‌മെന്റുകല്‍ കടന്ന് പോകുന്ന വഴിയാണ്. ധാരാളം ട്രേഡ് പോയിന്റുകള്‍ ബന്ധിപ്പിക്കുന്ന മേഖലയുമാണ് ഇവ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യമുള്ള ഒരു ശക്തി ഏതെങ്കിലും ട്രേഡ് പോയിന്റ് ബ്ലോക്ക് ചെയ്താല്‍, ലോകത്തിന്റെ കച്ചവടം തന്നെ സ്തംഭിച്ചേക്കാം. മാലിദ്വീപ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ, പ്രധാനപ്പെട്ട സീ ലൈനുകള്‍ കടന്നുപോകുന്ന മേഖലയില്‍ നടുക്ക് സ്ഥിതിചെയ്യുന്ന രാജ്യമാണ്. യൂറോപ്പും ഏഷ്യന്‍ രാജ്യങ്ങളും തമ്മില്‍ ചരക്ക് കൈമാറ്റം നടക്കുന്ന ഈ മേഖലയില്‍ ഒരു ടോള്‍ഗേറ്റ് പോലെ നിലനില്‍ക്കുന്ന സ്ഥലമാണ് മാലിദ്വീപ്.
മാത്രമല്ല, ഭാരതത്തിന്റെ 50% കയറ്റുമതികളും, 80% ഊര്‍ജ്ജ വസ്തുക്കളുടെ ഇറക്കുമതിയും ഈ മേഖല വഴിയാണ് നടക്കുന്നത്. ചൈനയുടെ 84% ഊര്‍ജ്ജ ശക്തി ഇറക്കുമതിയും, ലോകത്തിന്റെ 65% എണ്ണ വ്യാപാരവും ഈ മേഖലയില്‍ കൂടിയാണ് കടന്നുപോകുന്നത്. ചൈന പോലൊരു വഴക്കാളിയും ചതിയനുമായ രാഷ്ട്രം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്വാധീനം നേടുന്നത് ലോക രാഷ്ട്രങ്ങള്‍ക്ക് സ്വീകാര്യമായ കാര്യമല്ല.
ഈ മേഖലകളിലൊക്കെ ഭാരതത്തെ പ്രതിരോധിക്കാന്‍ ചൈന String of Pearls എന്ന അവരുടെ പദ്ധതിയാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ വ്യാളീതന്ത്രത്തെ ഭാരതം തിരികെ വരിഞ്ഞ് മുറുക്കുന്നത് Necklace of Diamonds എന്ന മറു പദ്ധതി കളത്തിലിറക്കിയാണ്. ഭാരതത്തിന് മാലിദ്വീപില്‍ എടുത്തുപറയത്തക്ക സൈനിക സാന്നിധ്യമുണ്ട്. 2020ല്‍ ചൈനയുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ മാലിദ്വീപ് ആര്‍മിക്ക് ഭാരതം Maritime Surveillance Aircraft ആയ Dornier കൂടെ നല്‍കിയിരുന്നു.
2023 സപ്തംബര്‍ മാസത്തില്‍ ഭരണത്തിലേറിയ മുഹമ്മദ് മിസു ചൈനീസ് അനുകൂലിയും ഭാരത വിരുദ്ധനുമായ പ്രസിഡന്റാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി ചൈനീസ് പക്ഷത്താണെന്ന് മാത്രമല്ല, പരസ്യമായി ഭാരത വിരുദ്ധത പ്രകടിപ്പിക്കുന്നവരുമാണ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിലെ പ്രധാന മുദ്രാവാക്യം തന്നെ ‘ഇന്ത്യ പുറത്ത്’ എന്നതായിരുന്നു. മാലിദ്വീപില്‍ മുന്‍പും ചൈനീസ് അനുകൂല സര്‍ക്കാരുകള്‍ വന്നിട്ടുണ്ടെങ്കിലും ഭാരതവുമായുള്ള ഇത്തരമൊരു അകല്‍ച്ച ഇതാദ്യമായി സംഭവിക്കുന്നതാണ്. ഭാരതത്തിനെതിരെ ഇപ്പോള്‍ നടത്തിയ പ്രസ്താവന മാലിദ്വീപിന് ഭാരതവുമായുള്ള ബന്ധത്തില്‍ കനത്ത തിരിച്ചടി തന്നെയാകും. ഭാരതം പോലൊരു മഹാശക്തിയെ ഇനി ആര്‍ക്കും പിണക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം പകല്‍ വെളിച്ചം പോലെ മുന്നില്‍ നില്‍ക്കുമ്പോള്‍ മന്ത്രിമാരുടെ പ്രസ്താവന എത്രമാത്രം അസ്ഥാനത്തായിരുന്നു എന്നത് ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇതുമുന്നില്‍ കണ്ടുകൊണ്ടാണ് അധിക്ഷേപ പരാമര്‍ശം നടത്തിയ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്ത് മാലിദ്വീപ് അനുരഞ്ജനത്തിന് ശ്രമിക്കുന്നത്. മേഖലയില്‍ ചൈന, ശ്രീലങ്ക പോലുള്ള രാജ്യങ്ങളെ String of Pearls ഉപയോഗിച്ച് വന്‍ കടക്കെണിയിലാക്കുന്നതിനെക്കുറിച്ചും മറ്റും മാലിദ്വീപ് ഭരണകൂടത്തിനും ബോധ്യം വരേണ്ടതുണ്ട്. അതിനോടൊപ്പം തന്നെ ease my trip പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ മാലിയിലേക്കുള്ള മുഴുവന്‍ ബുക്കിങ്ങുകളും ക്യാന്‍സല്‍ ചെയ്തു കഴിഞ്ഞു എന്നതും അവര്‍ക്ക് ലഭിക്കുന്ന ശക്തമായ സൂചനയാണ്.
സോഷ്യല്‍ മീഡിയയിലെ വെറും മൂന്ന് ഫോട്ടോകള്‍ കൊണ്ട് മറ്റൊരു രാജ്യത്തിന്റെ മൂന്ന് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ തക്ക ശേഷിയുള്ള രാജ്യമായി ഭാരതം വളര്‍ന്നു കഴിഞ്ഞു എന്നതാണ് ഈ വിഷയത്തില്‍ നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അതുകൊണ്ട് തന്നെ ഈ വിഷയം എത്രയും വേഗം പരിഹരിക്കാന്‍ മാലിദ്വീപിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാകും. ഭാരതം ഇന്ന് ഒരു ബ്രാന്‍ഡാണ്. ലോകം മുഴുവന്‍ ഗൗരവമായി പരിഗണിക്കുന്ന മികച്ച ബ്രാന്‍ഡ്. അതിന്റെ ബ്രാന്‍ഡ് അംബാസഡര്‍, നരേന്ദ്രമോദിയാണ്.