ജീവിതത്തിന്റെ കയ്പ് വല്ലപ്പോഴുമെങ്കിലും നമുക്കു പകര്‍ന്നു തരാന്‍ മലയാളത്തില്‍ ഇന്ന് ഒരു സാഹിത്യശാഖയ്‌ക്കേ കഴിയുന്നുള്ളൂ. ചെറുകഥയ്ക്കു മാത്രം. അതില്‍ മാത്രമാണ് വല്ലപ്പോഴും ജീവിതം നുരയിട്ടു പൊന്തുന്നത് നാം കാണുന്നത്. നോവല്‍ വളരെക്കാലമായി മരിച്ച അവസ്ഥയിലാണ്. നിരൂപണം ഒരു കാലത്തും മലയാളത്തില്‍ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛനും കുഞ്ചന്‍ നമ്പ്യാരും കുമാരനാശാനും വൈലോപ്പിള്ളിയും ഇടശ്ശേരിയും എഴുതിപ്പൊലിപ്പിച്ച മണ്ണില്‍ ഇപ്പോള്‍ കവിതയും ഏകദേശം ഊര്‍ദ്ധ്വന്‍ വലിക്കുന്ന സ്ഥിതിയില്‍ത്തന്നെ. ചുള്ളിക്കാടിനുശേഷം ഒരു പ്രതിഭയുടെ ശബ്ദം നാം കേള്‍ക്കുന്നതേയില്ല. എന്നാല്‍ ചെറുകഥ നമ്മളെ പലപ്പോഴും ആനന്ദിപ്പിക്കുന്നുണ്ട്. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി’ പോലെ ജീവിതത്തിന്റെ നേര്‍സ്പന്ദമായിട്ടുള്ള കഥകള്‍ കൂടെക്കൂടെ വന്നു പോകുന്നതൊരാശ്വാസം. കഥയുടെ ദാരിദ്ര്യം പലപ്പോഴും ചെറുകഥ നികത്തുന്നു എന്നത് സന്തോഷമുണ്ടാക്കുന്നു.
ജീവിതത്തെ മൊത്തത്തില്‍ വകഞ്ഞ് അതില്‍ നിന്ന് ചില മുത്തുകളെടുത്ത് ചില ചെറുകഥാകൃത്തുകള്‍ നമ്മുടെ മുന്നില്‍ വയ്ക്കുന്നു. അത്തരത്തിലൊരു കഥയാണ് 2024 ജനുവരി ലക്കം ഭാഷാപോഷിണിയിലെ ‘ഇനിപ്പ്’ എന്ന കഥ. കഥാകൃത്തിന്റെ നിലപാട് പുതിയ തലമുറയ്ക്കു യോജിക്കാനാവുന്നതല്ല. എന്നിരിക്കിലും കഥയുടെ പാരായണം നമ്മെ ചലിപ്പിക്കുന്ന ചില ചോദ്യങ്ങള്‍ ഉള്ളിലുയര്‍ത്താന്‍ പര്യപ്തമായതുമാണ്.
‘ഇനിപ്പ്’ പഴമയും പുതുമയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയാണ്. പുതിയ തലമുറ മുന്നോട്ടുവയ്ക്കുന്ന ‘ലിവിങ്ങ് ടുഗദറി’നെ പഴമയുടെ മനസ്സുള്ള യുവാവ് അടിച്ചു തകര്‍ക്കുന്നതാണ് ഇതിവൃത്തം. മാത്രവുമല്ല സ്വപ്‌നങ്ങള്‍ ചെറിയ ചെറിയ ശില്പങ്ങള്‍ തീര്‍ത്ത അയാളുടെ കൊച്ചു ഭവനത്തെ ആ നഗരത്തിലെ സുഹൃത്തും കാമുകിയും തങ്ങള്‍ക്കുമേളിക്കാനുള്ള വേശ്യാഗൃഹമാക്കി മാറ്റിയതിനോട് അയാള്‍ക്കുള്ള പ്രതിഷേധവും കഥയില്‍ കത്തിജ്ജ്വലിക്കുന്നു. വിവാഹത്തെ പവിത്രമായി കാണുന്ന പഴയ തലമുറയും ആ മനസ്സുള്ള പുതുമക്കാരും ഒരു ജീവിതകാലം മുഴുവന്‍ ഒരാളോടൊപ്പം കഴിയാനാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ പുതുമക്കാര്‍ ചേര്‍ച്ചയില്ലാത്ത ബന്ധങ്ങളെ വെറുതെ കൂട്ടിക്കെട്ടി വയ്ക്കുന്നതിനെ എതിര്‍ക്കുന്നു. അവര്‍ ഇഷ്ടമുള്ളവരോടൊപ്പം മാറി മാറി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആരും ശ്രദ്ധിക്കാന്‍ കൂട്ടാക്കാത്ത ഒരു വാര്‍ദ്ധക്യം തങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അവര്‍ ചിന്തിക്കുന്നേയില്ല. യുവത്വത്തിന്റെ പളപളപ്പില്‍ പുതിയ പുതിയ ബന്ധങ്ങള്‍ ലഭിക്കും. എന്നാല്‍ യൗവ്വനം പടിയിറങ്ങിക്കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കാന്‍ ആരും ഉണ്ടാകില്ല. അന്നേരമാണ് ബന്ധങ്ങളുടെ ആവശ്യകത തോന്നുന്നത്. അപ്പോള്‍ വൈകിപ്പോകും. പിന്നെ വൃദ്ധസദനങ്ങള്‍ തന്നെ അഭയം. അത്തരക്കാരെ പലരേയും നമ്മള്‍ കാണുന്നുണ്ട്.
ഇതിനൊരു മറുപുറമാണ് പുതിയ കൂറ്റുകാര്‍ പറയുന്നത്. ചേര്‍ച്ചയില്ലാത്തവരെ കോടതിയും മറ്റും നിര്‍ബ്ബന്ധിച്ചു ചേര്‍ത്തുവിടുന്നതാണ് പലപ്പോഴും ആത്മഹത്യയ്ക്കും കൊലപാതകത്തിനുമൊക്കെ കാരണമാകുന്നത് എന്നാണ് അവരുടെ അഭിപ്രായം. അതുകൊണ്ട് വിവാഹമോചനം ആഗ്രഹിക്കുന്ന ദമ്പതികളെ പെട്ടെന്ന് പിരിച്ചുവിടുന്നതാണ് ഉത്തമമെന്നാണ് ഇക്കൂട്ടരുടെ വാദം അതിലും നല്ലത് ‘ലിവിങ് ടുഗദര്‍’ ആണത്രേ! ഇഷ്ടമുള്ളപ്പോള്‍ നിയമത്തിന്റെ നൂലാമാലകളില്ലാതെ പിരിയുക. വാര്‍ദ്ധക്യത്തെ അന്നു കാണുന്ന രീതിയില്‍ നേരിടുക രണ്ടഭിപ്രായങ്ങളും സമൂഹം ചര്‍ച്ച ചെയ്യട്ടേ. മെച്ചപ്പെട്ടത് തെരഞ്ഞെടുക്കട്ടേ! എന്തായാലും കെ.എസ്. രതീഷിന്റെ കഥ ‘ഇനിപ്പ്’ നമ്മുടെ മനസ്സില്‍ ഇനിപ്പിനു പകരം വലിയ ദുഃഖത്തിന്റെ കയ്പു പകരുന്നു. ”ചെരിപ്പിട്ടു വീട്ടിനുള്ളില്‍ നടക്കരുതെന്ന് എന്നോട് പറയാറുള്ള അമ്മ അവന്‍ വന്നപ്പോള്‍ ഷൂസ് അഴിക്കരുതെന്നാണ് പറഞ്ഞത്” എന്ന് കഥാകൃത്ത് പറയുമ്പോള്‍ സമ്പന്നനെ ആദരിക്കുന്ന ഫ്യൂഡല്‍ കാലത്തെ ദാരിദ്ര്യം ഇന്നും കേരളത്തിലുണ്ട് എന്നു നമുക്കു കാണാം. സമ്പന്നന്‍ വെറുക്കപ്പെടേണ്ടവനാണെന്ന കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടും ഈ ഫ്യൂഡല്‍ കാഴ്ചപ്പാടുപോലെ എതിര്‍ക്കപ്പെടേണ്ടതുതന്നെ. സമ്പത്തിനെ നിസ്സംഗതയോടെ നോക്കിക്കാണാന്‍ പഠിക്കണം; സമ്പന്നനേയും കൂടുതല്‍ ആദരിക്കുകയോ വെറുക്കുകയോ ചെയ്യേണ്ട കാര്യമില്ല. അതൊരു തൊഴില്‍ ആണെന്ന രീതിയിലുള്ള സാമാന്യ പരിഗണനമാത്രം നല്‍കുകയാണു ശരിയായ രീതി.
‘അവര്‍ ആഘോഷിച്ച ക്യാമ്പസിന്റെ മൂലയില്‍ വെറും ഉറക്കം തൂങ്ങി മരമായിരുന്നു ഞാന്‍’, ‘വഴുക്കന്‍ ബഞ്ചിന്റെ കൈയില്‍ ഞാന്‍ മുറുക്കെപ്പിടിച്ചു സാരമില്ലെന്ന് അതിന്റെ തണുപ്പ് ആശ്വാസം പറഞ്ഞു’, ‘അന്നു ഭാര്യ തന്ന ചുംബനത്തില്‍ ഞാനുണ്ടാക്കിയെടുത്ത വ്യാജ ഭൂതകാലത്തിനോടുള്ള ആരാധന കലര്‍ന്നിരുന്നു. ‘നശിച്ച ഓര്‍മകളെ നീട്ടിത്തുപ്പി ഞാനെഴുന്നേറ്റു’ ഈ വരികളില്‍ കവിതയ്ക്കു നഷ്ടപ്പെടുന്നത് കഥ നേടിയെടുക്കുന്നത് നമ്മള്‍ കാണുന്നു. കഥാകൃത്തായ കെ.എസ്.രതീഷിനെ അഭിനന്ദിക്കാന്‍ മടിക്കേണ്ട കാര്യമില്ല.
പെരുമാള്‍ മുരുകന്‍ വലിയ ഒരു എഴുത്തുകാരനാണെന്നാണ് ടി.എസ്. ദിവ്യ ഭാഷാപോഷിണിയില്‍ എഴുതിയിരിക്കുന്നത്. തമിഴ് അറിയാത്തതിനാല്‍ അതിനെക്കുറിച്ച് വ്യക്തമായി പറയാന്‍ വയ്യ. അദ്ദേഹത്തിന്റെ ഏതോ ഒരു നോവലിന്റെ (പേര് ഓര്‍ക്കുന്നില്ല) മലയാളം തര്‍ജ്ജമ വായിച്ചതോര്‍ക്കുന്നു. കേശവദേവ് പണ്ടെഴുതിയതുപോലുള്ള ഒരു കൃതി. കൂടുതലായുള്ളത് കുറച്ചു ‘മലമൂത്രങ്ങളും’ ലൈംഗികതയുടെ തുറന്നെഴുത്തുമാണ്. ദേവിന്റെ കാലത്ത് അങ്ങനെയെഴുതാന്‍ ആകുമായിരുന്നില്ലല്ലോ! ദാരിദ്ര്യം ഇന്നും തമിഴ്‌നാട്ടില്‍ വലിയ ഒരു പ്രശ്‌നമാണെന്ന് തോന്നുന്നു. കാരണം എല്ലാ പ്രധാനപ്പെട്ട തമിഴ് കൃതികളും ആവിഷ്‌ക്കരിക്കുന്നത് ദാരിദ്ര്യത്തിന്റെ പ്രശ്‌നങ്ങളാണ്; പിന്നെ ജാതിസംഘര്‍ഷങ്ങളും. ബീഹാര്‍ പോലും ജാതിയുടെ ദുരിതത്തില്‍ നിന്നും മിക്കവാറും മോചനം നേടിക്കഴിഞ്ഞിട്ടും ഇന്നും തമിഴ്‌നാടിന് വലിയ മാറ്റമൊന്നുമില്ല. അവിടെ എല്ലാ ജാതിക്കാരും തമ്മില്‍ മത്സരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പട്ടികജാതി വിഭാഗക്കാരുപോലും മിശ്ര വിവാഹത്തിന്റെയൊക്കെപ്പേരില്‍ പരസ്പരം കൊല്ലുന്ന കാഴ്ച തമിഴ്‌നാട്ടിലേയുള്ളൂ, പിന്നെ കേരളത്തിലും. അതുകൊണ്ടു തന്നെ പെരുമാള്‍ മുരുകന്മാര്‍ക്ക് വളക്കൂറൊരുക്കുന്ന മണ്ണാണ് അവിടെയുള്ളത്.
ദിവ്യ പറയുന്നതുപോലെ വലിയ എഴുത്തുകാരനാണ് പെരുമാള്‍ മുരുകനെങ്കില്‍ അദ്ദേഹം കൂടുതല്‍ ആദരിക്കപ്പെടട്ടേ എന്നേ ഇപ്പോള്‍ പറയാന്‍ കഴിയൂ. ഒരു നോവല്‍ മാത്രം വായിച്ച് എഴുത്തുകാരനെ വിലയിരുത്താന്‍ കഴിയാത്തതിനാല്‍ ആ വിഷയത്തില്‍ കൂടുതല്‍ പറയാനില്ല. കൂടുതല്‍ നോവലുകള്‍ വായിച്ചശേഷം ദിവ്യയുടെ അഭിപ്രായം പരിശോധിക്കാം.
മരണം അനിവാര്യമായ പ്രതിഭാസമാണ്. ആര്‍ക്കും അതില്‍ നിന്നു രക്ഷപ്പെടാനാവില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ പക്ഷേ എപ്പോഴും ഓര്‍ക്കാറില്ല. എപ്പോഴും അതോര്‍ത്ത് ഇരിക്കേണ്ട കാര്യവുമില്ല. ആ യാഥാര്‍ത്ഥ്യത്തോട് സാധാരണ മനുഷ്യര്‍ പെട്ടെന്നു പൊരുത്തപ്പെടും. പെരുത്തപ്പെട്ടേ തീരൂ എന്നവര്‍ക്കറിയാം. അതുകൊണ്ടുതന്നെ ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം പോലും അവര്‍ പെട്ടെന്നു മറക്കുന്നു അല്ലെങ്കില്‍ മറന്നതായി നടിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനേ കഴിയാറില്ല. അവര്‍ അതിന്റെ വേദനയില്‍ നീറിയൊടുങ്ങുന്നു. ചില വിയോഗങ്ങള്‍ താങ്ങാനാവാതെ പങ്കാളിയും ഒപ്പം പോകുന്ന സംഭവങ്ങള്‍ നമ്മള്‍ കാണാറുണ്ട്. തകഴിയുടെ ‘കയറില്‍’ ഉച്ഛംഖലകളായ പല സ്ത്രീകളെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ടെങ്കിലും ചീലാന്തിപ്പിള്ളില്‍ പരമു ആശാന്റെ മകള്‍ ഉണ്ണാച്ചിയമ്മ ഭര്‍ത്താവിനേക്കാള്‍ താണജാതിയില്‍പ്പെട്ടവള്‍ എന്ന ആക്ഷേപങ്ങളൊക്കെ കേട്ടവളാണെങ്കിലും ഭര്‍ത്താവ് ഈശ്വരപ്പിള്ളയുടെ വിയോഗം താങ്ങാനാവാതെ ഒപ്പം പോകുന്നു. ഉണ്ണാച്ചിയമ്മയുടെ മകള്‍ കുഞ്ഞുമാളുവമ്മയും അമ്മയുടെ വഴിതന്നെ പിന്‍തുടരുന്നു. ഭര്‍ത്താവ് ചേന്നാട്ടു കുഞ്ചുനായര്‍ മരിച്ചപ്പോള്‍ കുഞ്ഞുമാളുവമ്മയും ഇരുന്നയിരുപ്പില്‍ വീണത്രേ!
ഭാഷാപോഷിണിയില്‍ ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയിരിക്കുന്ന കഥ ‘കത്രീനാ മന്‍സിലും’ മേല്‍സൂചിപ്പിച്ച പോലെ ഒരു സംഭവം തന്നെയാണ് ആവിഷ്‌ക്കരിക്കുന്നത്. കത്രീനാ മന്‍സിലിലെ ഡോക്ടര്‍ വര്‍ഗീസ് പുന്നന്‍ അറുത്തകൈയ്ക്ക് ഉപ്പുതേയ്ക്കാത്ത പ്രവാസിയാണ്. എങ്കിലും പോര്‍ച്ചുഗീസ് വേരുകളുള്ള ഭാര്യ കത്രീനാപുന്നന്റെ വിയോഗം താങ്ങാന്‍ അയാള്‍ക്കാവുന്നില്ല. ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തുന്ന പുന്നന്‍ ആകെ മാറിപ്പോകുന്നു. നാട്ടുകാരെ തിരിഞ്ഞു നോക്കാതിരുന്ന അയാള്‍ നാല്പതുസെന്റ് സ്ഥലമാണ് അവര്‍ക്ക് ക്ലബ്ബും വായനശാലയുമുണ്ടാക്കാന്‍ പതിച്ചുകൊടുക്കുന്നത്. നാട്ടുകാരെക്കൊണ്ടു നല്ലതുപറയിച്ച ശേഷം ഒരു ഹാര്‍ട്ട് അറ്റാക്കോടെ അയാള്‍ ഭാര്യയെ അനുഗമിക്കുന്നു. ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ എന്ന കഥാകൃത്തിന്റെ പേനയിലൂടെ ഈ സംഭവം (അല്ലെങ്കില്‍ ഭാവന) പുറത്തു വന്നപ്പോള്‍ അതു കാവ്യാത്മകമായ ഒരു കഥയായി മാറി. നാടിനോടും നാട്ടിലെ പ്രകൃതിയോടുമൊക്കെ കഥാകൃത്തിനുള്ള പ്രണയം വര്‍ഗ്ഗീസ് പുന്നനിലൂടെ പുറത്തുവരുന്നു. നാടിനേയും പ്രകൃതിയേയുമൊക്കെ എല്ലാവരും സ്‌നേഹിക്കാറുണ്ടെങ്കിലും ചിലരില്‍ ആ പ്രണയം തീവ്രമാകുന്നു. എഴുത്തുകാരില്‍ പലരും അത്തരം പ്രണയം കൊണ്ടുനടക്കുന്നവരാണ്. അങ്ങനെ അല്ലാത്ത, ജന്മനാടിനോടോ ജന്മരാജ്യത്തോടോ ഒരു കൂറുമില്ലാതെ വിദേശങ്ങളിലൊടുങ്ങുന്ന എത്രയോ എഴുത്തുകാരുമുണ്ട്. എന്തായാലും ഉണ്ണികൃഷ്ണന്‍ അത്തരക്കാരനാണെന്നു തോന്നുന്നില്ല. കഥയില്‍ വര്‍ഗ്ഗീസ് പുന്നനിലൂടെ സംസാരിക്കുന്നത് ഉണ്ണികൃഷ്ണന്‍ കിടങ്ങൂരിന്റെ ഹൃദയമാണെന്നു തോന്നുന്നു. ‘കത്രീനാ മന്‍സില്‍’ എന്നു കഥയ്ക്ക് പേരിട്ടത് എന്തിനാണോ എന്തോ? കിടങ്ങൂര്‍ ഭാഗത്തെവിടെയെങ്കിലും അങ്ങനെയൊരു വീടുണ്ടോ? അതോ കഥാകൃത്തിന്റെ മതേതരബോധം സൃഷ്ടിച്ച പേരാണോ? അറിയില്ല.
മോഹനകൃഷ്ണന്‍ കാലടിയുടെ ഭാഷാപോഷിണിക്കവിത മൂന്നാം സെല്‍ഫി മലയാളത്തിലെ കവിതാദാരിദ്ര്യത്തിന്റെ തീവ്രമുഖം പ്രകടമാക്കുന്നു. എന്തെഴുതണം എന്ന് ഇപ്പോള്‍ കവികള്‍ക്കാര്‍ക്കും നിശ്ചയമില്ലതായിരിക്കുന്നു. എങ്ങനെ എഴുതണം എന്നും ധാരണയില്ല. ഗദ്യമോ പദ്യമോ ഇനി ഗദ്യപദ്യമയമായ ചമ്പുവോ? ആര്‍ക്കും ഒരു നിശ്ചയമില്ല. ആ നിശ്ചയമില്ലായ്മ മോഹനകൃഷ്ണന്റെ കവിതയിലുമുണ്ട്. വാമനനും ബലിയും ചേര്‍ന്നുനിന്ന് സെല്‍ഫി എടുക്കുന്നത്രേ! ശിവശിവ! എന്നല്ലാതെ എന്തു പറയാന്‍.