വളരെ ചെറിയ കാലം കൊണ്ട് തന്നെഒരുജന്മം മുഴുവന്‍ എടുത്തു പറഞ്ഞാലും തീരാത്തത്ര വാത്സല്യമാണ് ഹരിയേട്ടന്‍ പകര്‍ന്നു നല്‍കിയത്. ഹരിയേട്ടനെ അനുസ്മരിക്കുമ്പോള്‍ ആ വാത്സല്യവും, കരുതലും ഇനിയില്ലല്ലോയെന്ന നഷ്ടബോധമാണ് ആദ്യം ഉണ്ടാവുന്നത്, അത് തന്നെയാണ് ഏറ്റവും വലിയ ദുഖവും. ഹരിയേട്ടനെ അറിയുന്ന ഏതൊരാള്‍ക്കും ആ വിഷമം എളുപ്പത്തില്‍ മനസ്സിലാവും.
നമുക്ക് ഓരോരുത്തര്‍ക്കും മറ്റൊരാളുടെ ജീവിതത്തില്‍ ഏതെങ്കിലുമൊക്കെ ഒരു സ്ഥാനത്ത് ഇരിക്കാന്‍ സാധിക്കും. അച്ഛന്‍, അമ്മ, ചേട്ടന്‍, ചേച്ചി, അപ്പൂപ്പന്‍, അമ്മുമ്മ, ഗുരുനാഥന്‍ ഇങ്ങനെയെല്ലാം. എന്നാല്‍ ഒരാള്‍ക്ക് ഈ പറഞ്ഞ എല്ലാ സ്ഥാനത്തും അതാത് സ്ഥാനങ്ങളുടെ പ്രാധാന്യത്തോടെ ഇരിക്കാന്‍ സാധിക്കുമോ? അതായിരുന്നു ഹരിയേട്ടന്‍; അദ്ദേഹം ആരായിരുന്നു എന്ന് ഒറ്റ വാക്കില്‍ പറയാന്‍ സാധിക്കില്ല. അമ്മയും, അച്ഛനും, ഗുരുവും എല്ലാമായിരുന്നു ഹരിയേട്ടന്‍.
ഹരിയേട്ടന്‍ എന്ന പേര് ആദ്യമായി കേട്ടപ്പോള്‍ ഉള്ളില്‍ ഭയം കലര്‍ന്ന പരിഭ്രമമാണ് ഉണ്ടായത്. എല്ലാവരും വലിയ പണ്ഡിതനെന്നും, സംഘത്തിന്റെ വലിയ ചുമതലകള്‍ വഹിച്ച വ്യക്തിയെന്നും വാഴ്ത്തുന്ന മനുഷ്യനെ കാണുമ്പോഴുണ്ടാകുന്ന പരിഭ്രമമായിരുന്നു അത്. 2019 ഫെബ്രുവരിയില്‍ എന്റെ വിവാഹം തീരുമാനിച്ചതിനു ശേഷം എന്നെ കാണാനായി വീട്ടില്‍ വന്നപ്പോഴാണ് ആദ്യമായി ഹരിയേട്ടനെ കാണുന്നത്. ഹരിയേട്ടന്‍ വരുന്നുണ്ടെന്ന് അറിഞ്ഞത് മുതല്‍ എന്നില്‍ ഉണ്ടായിരുന്ന പരിഭ്രമം കണ്ടമാത്രയില്‍ അത്ഭുതവും, സ്‌നേഹവും ഒക്കെ ആയി മാറി, അല്ല ഹരിയേട്ടന്‍ മാറ്റി. ആദ്യമായി കാണുന്നതിന്റെ യാതൊരു സങ്കോചവും നല്‍കാതെ മുന്‍പരിചയത്തില്‍ സംസാരിക്കുന്നത് പോലെ പേരു വിളിച്ചും, അടുത്തിരുത്തിയും, വിശേഷങ്ങള്‍ ചോദിച്ചും തുടങ്ങിയ ഹരിയേട്ടന്‍ ഒരു മുത്തച്ഛനായ് മാറി.
അന്ന് വീട്ടില്‍ നിന്നും ഹരിയേട്ടന്‍ ഇറങ്ങുമ്പോള്‍ പറഞ്ഞത് ‘വിളിക്കാം’ എന്ന് മാത്രമാണ്. അത് ഔപചാരികമായി എല്ലാവരും പറയാറുള്ളതുപോലെയാണെന്ന് കരുതിയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടു ദിവസത്തിന് ശേഷം ഹരിയേട്ടന്‍ വിളിച്ചു. ആ വിളി പിന്നീട് പലപ്പോഴായി തുടര്‍ന്നു. അങ്ങനെ ആര്‍. ഹരിയെന്ന പരിഭ്രമം നല്‍കിയ പേര് ഹരിയേട്ടനെന്ന മുത്തച്ഛന്റെ വാത്സല്യമായി മാറി.
കുറച്ചു നാളുകള്‍ക്കു ശേഷം ഹരിയേട്ടനെ വീണ്ടും കാണുന്നത് എന്റെ വിവാഹ നിശ്ചയത്തിനായ് വന്നപ്പോഴാണ്; അന്ന് എന്റെ കൈകളിലേക്ക് ഒരു പുസ്തകം നല്‍കിക്കൊണ്ട് വായിക്കണം എന്നു പറഞ്ഞു. വായനാശീലം തീരെ ഇല്ലാതിരുന്ന എനിക്ക് പ്രചോദനം നല്‍കി എന്നെകൊണ്ട് ആ പുസ്തകം മുഴുവന്‍ ഹരിയേട്ടന്‍ വായിപ്പിച്ചു. അങ്ങനെ പിന്നെയും പുസ്തകങ്ങള്‍ നല്‍കി പുസ്തകവായനയുടെ ലോകത്തേക്ക് ഹരിയേട്ടന്‍ കൈപിടിച്ച് നടത്തി.
പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരണ നല്‍കി ഒപ്പം ഉണ്ടായിരുന്ന ഹരിയേട്ടന്‍ എന്റെ വിവാഹത്തിനു ശേഷം ഗുരുവിന്റെ സ്ഥാനത്തേക്ക് കൂടി വന്നു. ഭഗവദ്ഗീത, സംസ്‌കൃതം എന്നിവ നിത്യവും ചിട്ടയായി പഠിപ്പിക്കുകയും ഏകാത്മതാസ്‌ത്രോത്രവും, ശ്രീരാമോദന്തവുമെല്ലാം അര്‍ത്ഥസഹിതം പറഞ്ഞു തരികയും ചെയ്തുകൊണ്ടാണ് ഹരിയേട്ടന്‍ ഗുരുസ്ഥാനീയനായത്.
പഠനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ വിത്ത് കൂടി ഹരിയേട്ടന്‍ ഉള്ളില്‍ പാകി കൊണ്ടിരുന്നു. കുറേനാള്‍ കഴിഞ്ഞതിനു ശേഷം നാട്ടിലെ കുട്ടികളെ എന്തെങ്കിലും പഠിപ്പിക്കണമെന്ന ആശയം ഉണ്ടാവുകയും അത് ഹരിയേട്ടനുമായ് പങ്കുവെക്കുകയും ചെയ്തപ്പോള്‍ പരമേശ്വര്‍ജിയുടെ ആവിഷ്‌കാരരമായ ‘സംസ്‌കൃതം, യോഗ, ഗീത’ എന്നൊരു പദ്ധതി പറഞ്ഞു തരികയും, ഹൈന്ദവ ധര്‍മ്മ പാഠശാല എന്ന പേരു നിര്‍ദ്ദേശിച്ച് ആ പദ്ധതി ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 2021 സപ്തംബറില്‍ ഹരിയേട്ടന്റെ പ്രേരണയോടെ തുടങ്ങിയ ധര്‍മ്മപാഠശാല ആഴ്ചയില്‍ രണ്ടു ദിവസമായി ആലപ്പുഴ ജില്ലയിലെ നൂറനാട്ടില്‍ ഇപ്പോഴും തുടരുന്നു. ഈ ധര്‍മ്മ പാഠശാലയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഹരിയേട്ടന്‍ വിളിച്ച് അന്വേഷിച്ച് വിലയിരുത്തുകയും, ആവശ്യമായ തിരുത്തലുകള്‍ പറഞ്ഞുതരികയും ചെയ്തു പോന്നിരുന്നു. തികച്ചും പ്രാദേശികമായ ഈയൊരു ചെറിയ പ്രവര്‍ത്തനത്തെപ്പോലും വളരെ പ്രാധാന്യത്തോടെയായിരുന്നു ഹരിയേട്ടന്‍ കണ്ടിരുന്നത്.
സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആഹ്ലാദിക്കാനുളളതും, നിരാശപ്പെടുത്തുന്നതുമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാകാമെന്നുള്ള സൂചന തുടക്കത്തിലേ തന്നെ നല്‍കിക്കൊണ്ട് രണ്ടിനും വശപ്പെടാതെ മുന്നോട്ട് പോകാനുള്ള മാര്‍ഗദര്‍ശനങ്ങള്‍ നല്‍കി ഹരിയേട്ടന്‍ എന്നും ഒപ്പമുണ്ടായിരുന്നു.
സമൂഹത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാത്രമല്ല കുടുംബജീവിതത്തിനു വേണ്ടുന്ന ഉപദേശങ്ങളും ഹരിയേട്ടന്‍ എപ്പോഴും നല്‍കി കൊണ്ടിരുന്നു. അടുക്കളയില്‍ പുതിയ വിഭവങ്ങള്‍ പരീക്ഷിക്കാനുള്ള രുചിക്കൂട്ടുകള്‍ പറഞ്ഞു തരിക, പറഞ്ഞു തന്ന രീതിയില്‍ അത് ഉണ്ടാക്കിയോ എന്ന് അന്വേഷിക്കുക, വീട്ടിലുള്ളവരെ വിളിച്ച് ആ വിഭവം ഉണ്ടാക്കിയത് എങ്ങനെയുണ്ടെന്ന് തിരക്കി നമ്മളെ പ്രോത്സാഹിപ്പിക്കുക. ഇതൊക്കെയും ഹരിയേട്ടന്‍ ചെയ്തിരുന്നു. ജീവിതത്തിലെ ഓരോ വിശേഷ ദിനങ്ങളും, പിറന്നനാളുകളും ഓര്‍ത്തുവെച്ച് വിളിച്ച് അനുഗ്രഹങ്ങള്‍ നല്‍കി. ഇങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലയിലും നമ്മെ ഉയര്‍ത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹരിയേട്ടന്റെ ഇടപെടലുകള്‍.
ഇതെല്ലാമായിരുന്നു ഹരിയേട്ടനെങ്കിലും ഇന്ന് എല്ലാവരും പറയുന്ന രീതിയില്‍ എല്ലാവരും ബഹുമാനിക്കുന്ന, ആരാധിക്കുന്ന ആ വലിയ മനുഷ്യനായിരുന്നോ നമ്മളോളം ചെറുതായി ഇത്രയും കാലം ഒപ്പമുണ്ടായിരുന്നത് എന്ന് ചിന്തിക്കാന്‍ സാധിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം എല്ലാവരുടെയും വീടുകളില്‍ ഹരിയേട്ടന്‍ മുടങ്ങാതെ വര്‍ഷങ്ങളായി ചെയ്തുവരുന്നു എന്നറിഞ്ഞപ്പോള്‍ അത്ഭുതം അത്യത്ഭുതമായി മാറി. ഇന്ന് ആ ഭാഗ്യം ഒപ്പം ഇല്ലെങ്കിലും ഹരിയേട്ടന്‍ നല്‍കിയ പ്രേരണയും, ഉപദേശങ്ങളും, പ്രോത്സാഹനങ്ങളുമായി ഹരിയേട്ടന്‍ പറഞ്ഞു തന്ന രീതിയില്‍ ജീവിതത്തില്‍ മുന്നോട്ട് പോകുവാന്‍ സാധിക്കണമേയെന്ന പ്രാര്‍ത്ഥന മാത്രമേ ബാക്കിയുള്ളൂ.