അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊണ്ട് സ്വന്തം ജീവന്‍ ബലിദാനം ചെയ്യേണ്ടിവന്ന ഭാരതത്തിലെ ഒരുപക്ഷേ ആദ്യത്തെ വ്യക്തിയായിരിക്കാം മഹാശയ് രാജ്പാല്‍. ആര്യസമാജത്തിന്റെ ആദ്യകാല പ്രചാരകന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. 1885 ല്‍ പഞ്ചാബിലെ സാംസ്‌കാരിക നഗരമായ അമൃത്‌സറിലെ ഒരു ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. ഭാരതത്തിന്റെ ധാര്‍മ്മികമൂല്യം ഉള്‍ക്കൊണ്ട് രാജ്പാല്‍ സാമൂഹിക-മത പരിഷ്‌കര്‍ത്താവായ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ഹിന്ദു സമൂഹത്തെ സാമൂഹിക തിന്മകളില്‍ നിന്നും മതപരമായ അന്ധവിശ്വാസങ്ങളില്‍ നിന്നും ശുദ്ധീകരിക്കുന്നതിനു വേണ്ടി ആര്യസമാജവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.
അവിഭക്ത പഞ്ചാബിന്റെ തലസ്ഥാന നഗരമായ ലാഹോറില്‍ സാമൂഹിക, സാംസ്‌കാരിക മത-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെല്ലാം കാര്യമായ രീതിയില്‍ നടക്കുന്നുണ്ടായിരുന്നു. ആര്യസമാജത്തിന്റെ മുഖ്യ പ്രവര്‍ത്തന കേന്ദ്രം കൂടിയായ ലാഹോറില്‍ സനാതന ധര്‍മ്മ പ്രചാരം നടത്താന്‍ കെല്‍പ്പുള്ള നൂറിലധികം പ്രചാരകന്മാര്‍ ഉണ്ടായിരുന്നു. മാപ്പിള ലഹളകാലത്ത് മലബാറിലേക്ക് ഹിന്ദുക്കളെ സഹായിക്കാനായി ആദ്യം ഓടിയെത്തിയ ആര്യസമാജം പ്രവര്‍ത്തകര്‍ ലാഹോറില്‍ നിന്നുമുള്ളവരാണ്. ഇസ്ലാമിനുവേണ്ടി ഭാരതത്തിന്റെ വിഭജനം നടക്കുന്നതുവരെ ആര്യസമാജത്തിന് വന്‍ വേരോട്ടമുള്ള സ്ഥലമായിരുന്നു ലാഹോര്‍. രാജ്പാല്‍ജി പഞ്ചാബ് കേന്ദ്രീകരിച്ച് ആര്യസമാജത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. സത്യത്തിനും സനാതനധര്‍മത്തിനും വേണ്ടി നിലകൊണ്ട അസാമാന്യ ധൈര്യശാലിയായ ഒരു പ്രസാധകനെന്ന നിലയില്‍ അദ്ദേഹം ഹിന്ദു സമൂഹത്തിന് വേണ്ടി സദാ പ്രവര്‍ത്തനനിരതനായിരുന്നു. 1912 ല്‍ ലാഹോറില്‍ രാജ്പാല്‍ ആന്റ് സണ്‍സ് എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിലൂടെയാണ് രാജ്പാല്‍ജി പ്രസാധന മേഖലയിലേക്ക് കടന്നു വരുന്നത്. വിഭജനാനന്തരം ആ സ്ഥാപനം ദല്‍ഹിയിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയാണുണ്ടായത്.
ആര്യസമാജമുള്‍പ്പെടെയുള്ള സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ പലപ്പോഴും ഒത്തുചേരുന്ന ലാഹോറിലെ പ്രധാന സ്ഥലമായിരുന്നു അത്. അവിടെ മിക്കപ്പോഴും മതാന്തര സംവാദങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്തപ്പെടുമായിരുന്നു. തികച്ചും സമാധാനപരമായ ഒരു അന്തരീക്ഷത്തിലായിരുന്നു ഇതെല്ലാം നടന്നു പൊയ്‌ക്കൊണ്ടിരുന്നത്. ഈ സംവാദങ്ങള്‍ വൈദേശിക മത സംഹിതകളുടെ മനുഷ്യത്വവിരുദ്ധതയെയും ഉള്ളുകള്ളികളെയും തുറന്നുകാട്ടി. സുന്നി വിഭാഗത്തിലെ ചില തീവ്ര മുസ്ലിങ്ങള്‍ക്കള്‍ക്ക് മറ്റ് മതങ്ങളോടുള്ള അസഹിഷ്ണുത മൂലം ആ സമാധാന അന്തരീക്ഷം അധികനാള്‍ നീണ്ടുനിന്നില്ല. ഈ കൂട്ടര്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കാന്‍ എപ്പോഴും തയ്യാറായിരുന്നു. എന്നാല്‍ ആശയതലത്തില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് ആര്യസമാജത്തിന്റെ നേതൃത്വത്തില്‍ അതേ നാണയത്തില്‍ ഹിന്ദുക്കള്‍ തിരിച്ചടികള്‍ നല്‍കുമായിരുന്നു. അത്തരത്തിലുള്ള ഒരു മത സംവാദവുമായി ബന്ധപ്പെട്ടാണ് രാജ ്പാല്‍ജിക്ക് ജീവന്‍ ബലിദാനം ചെയ്യേണ്ടി വന്നത്. 1923 ല്‍ ചില തീവ്ര മുസ്ലീങ്ങള്‍ ഹിന്ദുക്കളേയും ആര്യസമാജികളെയും പ്രകോപിപ്പിക്കുന്നതിനുവേണ്ടി രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു, ഭഗവാന്‍ കൃഷ് ണനെയും മഹര്‍ഷി ദയാനന്ദസരസ്വതിയെയും നികൃഷ്ട ഭാഷയില്‍ നിന്ദിച്ചുകൊണ്ടാണ് അവ പുറത്തുവന്നത്. കൃഷ്ണ തേരി ഗീതാ ജലാനി പടേഗി (കൃഷ്ണാ നിന്റെ ഗീത കത്തിക്കേണ്ടി വരും) ഉന്നീസ്വിന്‍ സദി കാ മഹര്‍ഷി (പത്തൊമ്പതാം നൂറ്റാണ്ടിന്റെ മഹര്‍ഷി) എന്നിവയായിരുന്നു ആ രണ്ട് പുസ്തകങ്ങള്‍. ഇതും പോരാഞ്ഞ് സീതാമാതാവിനെ വേശ്യയാക്കി ചിത്രീകരിച്ച് കൊണ്ടുള്ള ഒരു ലഘുലേഖയും സുന്നി തീവ്രവാദികള്‍ പുറത്തിറക്കി. ഇതിലൂടെ ഹിന്ദുക്കളെ നിന്ദിച്ച ശേഷം അപകര്‍ഷതാ ബോധത്തിലേക്ക് തളളിവിട്ട് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഈ പുസ്തകങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ആരും അക്കാലത്ത് ധൈര്യം കാണിച്ചില്ല. ആര്യസമാജത്തിന്റെ കരുത്തുറ്റ നേതാവായിരുന്ന പണ്ഡിറ്റ് ചമുപതി ഈ പുസ്തകങ്ങള്‍ക്ക് പ്രമാണസഹിതം മറുപടി നല്‍കുമെന്ന് പ്രതിജ്ഞയെടുത്തതിനെ തുടര്‍ന്ന് രംഗീല റസൂല്‍ എന്ന പുസ്തകം രചിച്ചു. പ്രവാചകനായ മുഹമ്മദിന്റെ സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ചാണ് പുസ്തകം പ്രതിപാദനം ചെയ്തത്. തുടര്‍ന്ന് രാജ് പാല്‍ ജി ഈ പദ്ധതിയെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണയ്ക്കുകയും 1926 ല്‍ ലേഖകന്റെ പേര് വെക്കാതെ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. മുസ്ലീം തീവ്രവാദികളെ ഇത് പ്രകോപിപ്പിക്കുകയും ചെയ്തു. പുസ്തകത്തിന്റെ അണിയറ ശില്പികളെക്കുറിച്ചുള്ള വിവരം രഹസ്യമായി രാജ്പാല്‍ജി സൂക്ഷിച്ചു. എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ച രാജ്പാല്‍ജി മുസ്ലീം തീവ്രവാദികളുടെ കണ്ണിലെ കരടായി മാറി. പണ്ഡിറ്റ് ചമുപതി എന്ന മഹാപണ്ഡിതന് ഒരാപത്തും വരാതിരിക്കാന്‍ വേണ്ടിയാണ് രാജ്പാല്‍ജി ഇതിന്റെ ഭവിഷ്യത്തുകള്‍ സ്വയം ഏറ്റെടുക്കാന്‍ സധൈര്യം മുന്നോട്ട് വന്നത്. രംഗീല റസൂല്‍ കാരണം പഞ്ചാബിന്റെ ചില ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. ഹിന്ദുക്കളെ ആദ്യം പ്രകോപിപ്പിച്ചത് ആരാണെന്നു പോലും നോക്കാതെ ഗാന്ധിജി തന്റെ വാരികയായ യങ് ഇന്ത്യയില്‍ ഇങ്ങനെ എഴുതി: ‘രംഗീല റസൂലിന്റെ പ്രചാരം പിന്‍വലിക്കുകയും എഴുത്തുകാരനും പ്രസാധകനും നിയമപ്രകാരം ശിക്ഷിക്കപ്പെടുന്നതും പ്രാദേശിക ഭരണകൂടം ഉറപ്പാക്കേണ്ടിയിരിക്കുന്നു.’ അങ്ങനെ ഇസ്ലാമിന്റെ സംരക്ഷകന്‍ എന്ന കുപ്പായം ഗാന്ധിജി സ്വയം ഏറ്റെടുത്തു. ശ്രീകൃഷ്ണനെയും ഗീതയെയും, സീതാമാതാവിനെയും അപകീര്‍ത്തിപ്പെടുത്തുമ്പോള്‍ ഉണ്ടാവാത്ത ആത്മരോഷം പ്രവാചകനെ വിമര്‍ശിച്ചപ്പോള്‍ പൊട്ടിപ്പുറപ്പെട്ടു.
സുന്നി മുസ്ലീങ്ങളുടെ കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ രാജ്പാലിനെതിരെ കേസ് ഫയല്‍ ചെയ്ത് അറസ്റ്റിലാക്കി. ഒന്നര വര്‍ഷത്തെ തടവിനും 1000 രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട രാജ്പാല്‍ജിയെ നാല് വര്‍ഷത്തിലേറെ നീണ്ടുനിന്ന നിയമനടപടികള്‍ക്കു പിന്നാലെ കുറ്റവിമുക്തനാക്കി. തന്റെ പുസ്തകമായ രംഗീല റസൂലില്‍ പുതിയതായി ഒന്നുമില്ലെന്നും മുഴുവന്‍ വിവരങ്ങളും ഇസ്ലാമിക പണ്ഡിതരുടെ രചനകളില്‍ നിന്ന് കടമെടുത്തതാണെന്നുമുള്ള മഹാശയ് രാജ്പാല്‍ജിയുടെ വിശദീകരണത്തോട് കോടതി യോജിച്ചു. ഇസ്ലാമിലെ പ്രാമാണിക ഗ്രന്ഥമായ സ്വഹീഹ് ബുഖാരിയുടെ ഹദീസില്‍ നിന്നുമാണ് രംഗീല റസൂല്‍ രചിച്ചതെന്നും അസത്യമായ ഒരു വസ്തുതയും ആ പുസ്തകത്തിലില്ലെന്നും രാജ്പാല്‍ജി കോടതിക്ക് മുന്നില്‍ സംശയമേതുമില്ലാതെ സ്ഥാപിച്ചു. മതഭ്രാന്തരായ മുസ്ലീങ്ങള്‍ മുഹമ്മദിനെ അപമാനിച്ചവനെ ഏത് വിധേനയും ശിക്ഷിക്കാന്‍ തീരുമാനിച്ചു. ഇസ്ലാം അപകടത്തില്‍ എന്ന വിഷയത്തില്‍ മത പ്രബോധനങ്ങള്‍ പള്ളികളില്‍ നിന്നും നിത്യേന മുഴങ്ങി. നബിയെ നിന്ദിച്ചുവെന്നാരോപിച്ച് മഹാശയ് രാജ്പാലിനെ കൊല്ലുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിനെ തുടര്‍ന്ന് ഇല്ലുമുദീന്‍ എന്ന ഒരു മതഭ്രാന്തന്‍ 1929 ഏപ്രില്‍ 6 ന് മഹാശയ് രാജ്പാല്‍ജിയെ നിര്‍ദ്ദാക്ഷിണ്യം കുത്തി കൊലപ്പെടുത്തി. ഇതിനെ തുടര്‍ന്ന് വ്യാപകമായ കലാപം പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ടു. ഇല്ലുമുദീനെ പിന്നീട് വധശിക്ഷക്ക് വിധിച്ച് തൂക്കിലേറ്റി കൊന്നു. ഇന്ന് പാകിസ്ഥാന്റെ ഒരു ദേശീയ ആരാദ്ധ്യ പുരുഷനായിട്ടാണ് ഇല്ലുമുദീന്‍ കണക്കാക്കപ്പെടുന്നത്. ഏതെങ്കിലും മതസമൂഹത്തിന്റെ സ്ഥാപകരെയോ നേതാക്കളെയോ അപമാനിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി മാറ്റുന്നതിനായി 1927-ല്‍ ബ്രിട്ടീഷ് ഭരണകൂടം നിയമഭേദഗതി രംഗീല റസൂല്‍ കേസിനെ തുടര്‍ന്ന് നടപ്പിലാക്കി. തല്‍ഫലമായി വിദ്വേഷ പ്രസംഗ നിയമം സെക്ഷന്‍ 295(അ) നിലവില്‍ വന്നു. സനാതനധര്‍മ്മത്തിനെതിരെ ജിഹാദി പ്രസ്ഥാനങ്ങള്‍ അപവാദ പ്രചരണം അഴിച്ചുവിട്ടപ്പോള്‍ അതിനെ ആശയതലത്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതിനാണ് മഹാശയ് രാജ്പാല്‍ജിക്ക് തന്റെ ജീവന്‍ ബലിനല്‍കേണ്ടി വന്നത്. പാകിസ്ഥാന്‍ അഥവാ ഭാരതത്തിന്റെ വിഭജനം എന്ന പുസ്തകത്തില്‍ രാജ്പാല്‍ജിയുടെ കൊലപാതകത്തെക്കുറിച്ച് അംബേദ്കര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.