സംഘപ്രസ്ഥാനത്തെ പരിചയപ്പെടുത്തിയതും ആ ആദര്‍ശങ്ങളെ നെഞ്ചിലേറ്റാന്‍ പ്രേരണ പകര്‍ന്നതും അച്ഛനായിരുന്നു. വഴി നടന്നു തുടങ്ങിയത് ബാലഗോകുലം, എബിവിപി എന്നീ പ്രസ്ഥാനങ്ങളിലൂടേയും. ഇതിലൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍സംഘപ്രചാരകന്മാരെക്കുറിച്ച് ഒരുപാട് കേട്ടറിഞ്ഞതിനാല്‍ അവരോട് സ്‌നേഹവും ബഹുമാനവും കൂടുതലായിരുന്നു. അതുകൊണ്ട് അവരുടെ അടുത്ത് കാര്യമാത്രമായ അടുപ്പം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഹരിയേട്ടനെ പരിചയപ്പെട്ട നാള്‍ മുതലാണ് അതില്‍ മാറ്റം ഉണ്ടായത്.
1997- ലാണ് എന്നാണോര്‍മ്മ. ആലുവ ചൊവ്വര മാതൃഛായയില്‍ നടന്ന ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാലയില്‍ പ്രഭാഷണത്തിനായി ആര്‍. ഹരിയേട്ടന്‍ എത്തിയിരുന്നു. ശ്രീകൃഷ്ണന്റെ നീല നിറത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. അന്ന് ആ പ്രഭാഷണം കേട്ടത് കാതുകൊണ്ടായിരുന്നുവെങ്കിലും അതിപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. പിന്നീടാണ് അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുന്നത്. 2012 ല്‍ പിറവം ചിന്മയ ഫൗണ്ടേഷനില്‍ നടന്ന ഭാരതീയ വിചാര കേന്ദ്രത്തിന്റെ ശിബിരത്തില്‍ ഏകാത്മമാനവദര്‍ശനത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ‘അഹം’ ബോധമില്ലാത്ത ‘സഹ’ ബോധമുള്ള അദ്ദേഹം എത്ര വലിയ വിഷയവും ലളിതവും സരളവുമായി അവതരിപ്പിക്കുമായിരുന്നു. ശ്രീകൃഷ്ണന്റെ നീല നിറം എന്ന ലളിതമായ വിഷയം മുതല്‍ ഏകാത്മമാനവദര്‍ശനം എന്ന ഗഹനമായ വിഷയം വരെ ഹരിയേട്ടനില്‍ നിന്ന് കേള്‍ക്കുമ്പോള്‍ സാധാരണക്കാരായ നമുക്കൊക്കെ മനസ്സിലാവുന്നത് ഒരേ തരത്തിലായിരുന്നു. ലളിതമായ വിഷയത്തെ ഗൗരവപൂര്‍ണ്ണമാക്കാനും ഗഹനമായ വിഷയത്തെ ലളിതമാക്കാനും ഹരിയേട്ടന് നിഷ്പ്രയാസം സാധിക്കുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം തന്നെ. അത് പലതവണ അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചുവെന്ന് സൂചിപ്പിച്ചതാണ്.
മാതാ പിതാ ഗുരു ഇവ മൂന്നും കൂടിയാല്‍ ഹരിയേട്ടന്‍. എന്റെ മാത്രമല്ല, ഒരുപാട് പേരുടെ അനുഭവം അങ്ങനെ ആയിരിക്കുമെന്ന് തോന്നുന്നു. മഹാമനീഷി, ജ്ഞാനസൂര്യന്‍, വിജ്ഞാനവടവൃക്ഷം അങ്ങനെ പലതുമായിരുന്നു അദ്ദേഹം. സംശയനിവാരണത്തിനായി പേടി കൂടാതെ സമീപിക്കാവുന്ന ആ മഹാ ഋഷി കളിയാക്കലോ ഒറ്റപ്പെടുത്തലോ ഒന്നുമില്ലാതെയാണ് എന്റെ ഏതു ചോദ്യങ്ങള്‍ക്കും ഉത്തരം തരാറുണ്ടായിരുന്നത്. പരിചയപ്പെടുന്ന എല്ലാ മുഖങ്ങളേയും വ്യക്തമായി ഓര്‍ത്തു വെക്കുന്ന ഹരിയേട്ടന്‍ ഏവര്‍ക്കും ഒരു അത്ഭുതം തന്നെയായിരുന്നു.
ആ വൃക്ഷത്തിന്റെ സ്‌നേഹവും വാത്സല്യവും നുകരുവാന്‍ ഭാഗ്യം സിദ്ധിച്ചതിനാല്‍ മക്കള്‍ മൂന്ന് പേര്‍ക്കും അക്ഷരദീക്ഷ നല്‍കി അനുഗ്രഹിക്കുവാന്‍ മറ്റൊരാചാര്യനെക്കുറിച്ച് ചിന്തിക്കേണ്ടി പോലും വന്നിട്ടില്ല. ഹരിയേട്ടന് സൗകര്യമാണോ എന്നന്വേഷിച്ചപ്പോള്‍ സന്തോഷത്തോടെ ആ ആഗ്രഹം ഏറ്റവും ഭംഗിയായി പൂര്‍ത്തീകരിച്ചു തന്നു. എറണാകുളം പ്രാന്ത കാര്യാലയത്തില്‍ രാവിലെ ഞങ്ങള്‍ എത്തുമ്പോള്‍ ഹരിയേട്ടന്‍ ചടങ്ങിനു വേണ്ടുന്ന എല്ലാ കാര്യങ്ങളും ഒരുക്കിയിരുന്നു. മോള്‍ കരയാതെ നാക്കു നീട്ടുന്നതിനായി ഹരിയേട്ടന്‍ കുറച്ച് തേന്‍ എടുത്തു വച്ചിരുന്നു. അത് ആദ്യം അവള്‍ക്ക് കൊടുത്തു. തേന്‍ കിട്ടിയതോടെ ഹരിയേട്ടന്‍ പറഞ്ഞതെല്ലാം അവള്‍ അനുസരിച്ചു. ഹരിയേട്ടന്‍ അക്ഷരദീക്ഷ കുറിച്ച കുഞ്ഞുങ്ങളെയെല്ലാം അദ്ദേഹം എല്ലാ വിജയദശമി ദിവസങ്ങളിലും വിളിക്കുകയും കാര്യങ്ങള്‍ തിരക്കി അനുഗ്രഹിക്കുകയും ചെയ്യുക പതിവായിരുന്നു. എന്നെയും വിളിച്ച് അവളുടെ പഠന കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു. അവളുടെ ഇന്നത്തെ പഠന-പാഠ്യേതര മികവ് അവളുടെ ഗുരുവിന്റെ അനുഗ്രഹമാണെന്ന് ഞാനും വിശ്വസിക്കുന്നു.
എനിക്ക് മോന്‍ ജനിച്ച് 18 ദിവസത്തിനു ശേഷമാണ് അനിയത്തിക്ക് മോള്‍ ജനിക്കുന്നത്. അതറിഞ്ഞ് ഹരിയേട്ടനും സേതുവേട്ടനും മക്കളെ കാണാനായി ഏറ്റുമാനൂരെ എന്റെ വീട്ടില്‍ വന്നു. ലോകം ബഹുമാനിക്കുന്ന ഒരാള്‍, കേട്ടും വായിച്ചും ദൂരെ നിന്ന് ഭയഭക്തി ബഹുമാനത്തോടെ കണ്ടതുമായ ഹരിയേട്ടന്‍ എന്റെ വീട് തിരഞ്ഞ് പിടിച്ച് വീട്ടിലെത്തിയ നിമിഷം. കുഞ്ഞുമക്കളെ ഹരിയേട്ടനും സേതുവേട്ടനും മാറിമാറിയെടുത്ത് താലോലിച്ച നിമിഷം, എന്നെ സംബന്ധിച്ച് മറക്കാനാകാത്ത ഭാഗ്യ നിമിഷങ്ങളായിരുന്നു. മോനെ എഴുത്തിനിരുത്തേണ്ട സമയത്തും എനിക്ക് മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നില്ല. ഞാന്‍ ഹരിയേട്ടന്റെ അടുത്താണ് പോകുന്നതെന്നറിഞ്ഞ അനിയത്തി അവളുടെ മോള്‍ക്കും ഹരിയേട്ടനെ ഗുരുവായി കിട്ടുമോ എന്നു ചോദിച്ചു. അദ്ദേഹം അത് സന്തോഷപൂര്‍വ്വം ഏറ്റെടുത്തു. മൂന്നു മക്കളുടേയും ഗുരുവും മുത്തച്ഛനും ഹരിയേട്ടന്‍ തന്നെ.
2016 ല്‍ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തില്‍ വിദ്യാനികേതന്റെ ശിബിരത്തില്‍ ടീച്ചര്‍മാര്‍ക്ക് ക്ലാസ്സ് എടുക്കുന്നതിനായി അദ്ദേഹം എത്തിയിരുന്നു. ആ സമയത്ത് കോഴിക്കോട് താമസിക്കുന്ന എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. ഞാന്‍ ഇവിടെയുണ്ട്. രജനിക്ക് സമയമുണ്ടെങ്കില്‍, തിരക്കില്ലെങ്കില്‍ മോളുമായിട്ട് വരാന്‍ സാധിക്കുമോ എന്ന്. ഫോണ്‍ കട്ട് ചെയ്ത ഉടനെ ഞാനും മോളും തയ്യാറായി അദ്ദേഹത്തിനരികില്‍ ഓടിയെത്തി. ഒരിക്കലും ഒരു കര്‍ക്കശക്കാരനായി അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. എപ്പോഴും സ്‌നേഹം വഴിയുന്ന സംസാരവും പ്രവൃത്തിയുമാണ് ഹരിയേട്ടനില്‍ നിന്ന് എനിക്ക് ലഭിച്ചിരുന്നത്.
അച്ഛന്‍ മരിച്ച് അഞ്ചുമാസം കഴിഞ്ഞപ്പോഴായിരുന്നു ഓണം. അന്ന് ഭക്ഷണം കാര്യമായൊന്നും ഞാന്‍ ഉണ്ടാക്കിയിരുന്നില്ല. ഒരു 11 മണിയായപ്പോള്‍ എന്നെ വിളിച്ചു. എന്തെല്ലാം ഉണ്ടാക്കി എന്നന്വേഷിച്ചു. സാമ്പാര്‍, തോരന്‍, ചോറ് എന്നു പറഞ്ഞപ്പോള്‍ എന്താ പായസം വക്കാഞ്ഞത്. മക്കള്‍ ചെറുതല്ലേ. അവരെ വിഷമിപ്പിക്കരുത്. ഉടന്‍ പായസം ഉണ്ടാക്കി അവര്‍ക്ക് കൊടുക്കണം എന്നു പറഞ്ഞു.ഞാന്‍ അതനുസരിച്ചു. അതൊക്കെ ഇനി ഓര്‍മ്മകള്‍ മാത്രം.