റൊണാള്‍ഡ് ഡാളിന്റെ (Ronald Dahl) ചെറുകഥയാണ് lamb to the slaughter.. സസ്‌പെന്‍സ് ചിത്രങ്ങളുടെ രാജാവായ ആല്‍ഫ്രഡ് ഹിച്ച് കോക്ക്(Alfred Joseph Hitch cock) ഇതേ പേരില്‍ത്തന്നെ ഈ ചെറുകഥയെ ചെറിയ ചില വ്യത്യാസങ്ങളൊക്കെ വരുത്തി ചലച്ചിത്രമാക്കിയിട്ടുണ്ട്. മേരി മലോണി (Mary Maloney) എന്ന വീട്ടമ്മ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോകും എന്നു തോന്നിയപ്പോള്‍ പോലീസ് ചീഫ് കൂടിയായ അദ്ദേഹത്തെ വധിക്കുന്നതാണ് കഥ. ദമ്പതികളില്‍ ഒരാളെ മറ്റേയാള്‍ വധിക്കുന്നതിന് ഇംഗ്ലീഷില്‍ മാരിറ്റിസൈഡ് (Mariticide) എന്നാണ് പറയുന്നത്. എങ്കിലും ഇപ്പോള്‍ ഈ വാക്ക് ഭാര്യ ഭര്‍ത്താവിനെ കൊല്ലുന്നതിനു മാത്രമേ ഉപയോഗിക്കാറുള്ളൂ. ഭാര്യയെ ഭര്‍ത്താവ് കൊന്നാല്‍ അക്‌സോറിസൈഡ് (uxoricide) എന്നാണ് പറയുക.
പിതൃഹത്യ (Patricide), മാതൃഹത്യ (matricide) ഒക്കെ സാഹിത്യത്തില്‍ വിഷയങ്ങളായിട്ടുണ്ട്. Oedipus Rex (സോഫോ ക്ലീസിന്റെ പ്രശസ്ത നാടകം) ദസ്തയോവ്‌സ്‌കിയുടെ കരമസോവ് ബ്രദേഴ്‌സുമൊക്കെ പിതൃഹത്യ വിഷയമാക്കപ്പെട്ടവയാണ്.
റൊണാള്‍ഡ് ഡാളിന്റെ ചെറുകഥയില്‍ ഭാര്യ മേരി മെലോണി ഭര്‍ത്താവായ പാട്രിക്കിനെ നേരിട്ടു കൊല്ലുകയാണ്. എന്നാല്‍ ദേശാഭിമാനി വാരികയില്‍ (ഡിസംബര്‍ 17) വി.കെ ദീപ എഴുതിയിരിക്കുന്ന ‘സോയ @ sixty plus -Vibes’ എന്ന കഥയിലെ സോയ മാത്യൂസ് ഭര്‍ത്താവിനെ കൊല്ലുന്നില്ല. എന്നാല്‍ ആ കഥാപാത്രം പലപ്പോഴും ആഗ്രഹിച്ചിരുന്നത് അതാണ്. അങ്ങനെ ഒരാഗ്രഹം സോയയില്‍ ഉണ്ടെന്ന് ഒരിക്കലും കഥാകൃത്ത് പറയുന്നില്ല. എങ്കിലും അങ്ങനെ ഒന്ന് അവരുടെ ഹൃദയത്തില്‍ ഉണ്ടായിരുന്നുവെന്ന് കഥാന്ത്യത്തില്‍ നമുക്ക് മനസ്സിലാകും. ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം നടക്കുന്നത് അച്ഛനെപ്പോലെ കരുണയില്ലാത്ത തന്റെ മകനെ കൊന്നുകൊണ്ടാണ്. ഭര്‍ത്താവിനോടുള്ള പകയ്ക്ക് ശമനം കിട്ടാന്‍ മകനെ എന്തിനു കൊന്നു എന്നു നമ്മള്‍ സംശയിക്കാം. ഇതൊരു അസാധാരണ കഥയായി മാറുന്നത് സോയ എന്ന മധ്യവയസ്‌കയുടെ മനസ്സിന്റെ ഉള്ളറകളെ തുറന്നുകാണിക്കാന്‍ കഥാകൃത്തിനു കഴിയുന്നതു കൊണ്ടാണ്. തികച്ചും മനശ്ശാസ്ത്രപരമായിത്തന്നെ കഥയെ സമീപിക്കാന്‍ ദീപ എന്ന കാഥികയ്ക്കു കഴിയുന്നു. ഭര്‍ത്താവിനെ സോയ നേരിട്ടുകൊന്നിരുന്നുവെങ്കില്‍ അതൊരു സാധാരണ കഥയേ ആകുമായിരുന്നുള്ളൂ. തീര്‍ച്ചയായും വായനക്കാരനെ പിടിച്ചുലയ്ക്കുന്ന കഥ.
”തന്നതില്ലപരനുള്ളുകാട്ടുവാ
നൊന്നുമേ
നരനുപായമീശ്വരന്‍
ഇന്നുഭാഷയിതപൂര്‍ണ്ണമിങ്ങ
ഹോ വന്നു പോം
പിഴയുമര്‍ത്ഥശങ്കയാല്‍”
കഴിഞ്ഞ നൂറ്റാണ്ടില്‍ ആശാനെഴുതിയ അസാധാരണമായ ജീവിതനിരീക്ഷണങ്ങളില്‍ ഒന്നാണ് ഈ വരികളിലുള്ളത്. മനുഷ്യഭാവങ്ങളേയും വികാരങ്ങളേയും സൂക്ഷ്മനിരീക്ഷണം ചെയ്ത കവിയാണ് ആശാന്‍ എന്നതാണ് അദ്ദേഹത്തിന്റെ പ്രസക്തി ഏറി ഏറി വരുന്നതിന് ഒരു കാരണം. അക്കാലത്തെ മറ്റു പല കവികളും മങ്ങിപ്പോകുന്നതിനു കാരണം ഈ സൂക്ഷ്മ നിരീക്ഷണപാടവമില്ലാത്തതാണ്.
ഇപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്ന മെക്‌സിക്കക്കാരിയും പോസ്റ്റ് മോഡേണ്‍ കവിയുമായ G.B Rogut തന്റെ Words are Not enough എന്ന കവിതയില്‍ എഴുതുന്നതു നോക്കൂ.
My skin is good communicator
My fingers know all the language in the World
And my mouth-
Eventhough it won’t utter a single word
Will speak volumes about
What I feel for you.
ഇവിടെ ആശാന്‍ പറയുന്നതുപോലെയുള്ള പ്രണയമില്ല. കാമമാണ് മുന്നിട്ടു നില്‍ക്കുന്നത്. ആശാന്റേതുപോലുള്ള ഗഹനതയൊന്നും പോസ്റ്റ് മോഡേണ്‍ കവിയ്ക്കില്ല. എങ്കിലും രണ്ടുപേരും ഭാഷയുടെ പരിമിതിയെ സൂചിപ്പിക്കുന്നുണ്ട്. പോസ്റ്റ് മോഡേണ്‍ കവിയ്ക്ക് സത്യത്തില്‍ ഭാഷ വേണമെന്നില്ല. അവരുടെ ഉടല്‍ ആശയവിനിമയം നടത്തും. എന്നാല്‍ ആശാനു ഭാഷ തികയുന്നതേയില്ല.
‘നളിനി’ പ്രസിദ്ധീകരിച്ചിട്ട് ഒരു നൂറ്റാണ്ട് ആയിരിക്കുന്നു. ദേശാഭിമാനിയില്‍ ആ കവിതയിലെ ഒരു വരി തലക്കെട്ടാക്കി ശ്രീകണ്ഠന്‍ കരിക്കകം കഥയെഴുതിയിരിക്കുന്നു. ‘തന്നതില്ല പരനുള്ള കാട്ടുവാന്‍’ എന്നാണ് കഥയുടെ പേര്. ഇതില്‍ അഭിലഷണീയമായ ചില പ്രവണതകള്‍ ഉണ്ട്. ഒന്ന് പൂര്‍വ്വകാലത്തെ ഒരു കവിയുടെ ഒരുവരി തലക്കെട്ടാക്കി എന്നതാണ്. അത് നമ്മുടെ സാഹിത്യത്തിന്റെയും ഭാഷയുടേയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇത്തരത്തില്‍ നൂറുകണക്കിന് കൃതികള്‍ കാണാനാവും. പഴയകാല കൃതികളില്‍ നിന്ന് തലക്കെട്ട് കണ്ടെടുക്കുന്നത് അവരുടെ ഒരു പതിവാണെന്ന് വേണമെങ്കില്‍ പറയാം. തോമസ്ഹാര്‍ഡിയുടെ നോവല്‍ “Far from the Madding Crowd’ ആ പേര് സ്വീകരിച്ചത് തോമസ് ഗ്രേയുടെ”Elegy written in a country church yard’ എന്ന ലോകപ്രസിദ്ധമായ കവിതയിലെ “”Far from the madding crowd’s ignoble strife….”’ എന്നു തുടങ്ങുന്ന വരിയില്‍ നിന്നാണ്. ഷേക്‌സ്പിയറില്‍ നിന്നും തലക്കെട്ടു സ്വീകരിച്ച നൂറിലധികം രചനകളെങ്കിലും എടുത്തു പറയാവുന്നവയായി ഉണ്ടാകും. മാര്‍സെയില്‍ ഫ്രൂസ്തിന്റെ “Remembrance of things past’ ആ പേര് സ്വീകരിച്ചത് ഷേക്‌സ്പിയറിന്റെ ഒരു സോണറ്റില്‍ നിന്നാണ്. ജോണ്‍ സ്റ്റെയില്‍ബക്കിന്റെ (John Steinbeck) “The Winter of Discontent’ ന്റെ പേരും ഇതേ നാടകകൃത്തിന്റെ വക തന്നെ. “”Now is the winter of our discontent made glorious summer…” എന്ന ഭാഗത്തു നിന്നാണ് ഈ ശീര്‍ഷകം.
ജോണ്‍ഗ്രീനിന്റെ(John Green) “Fault in our Stars’ ജൂലിയസ് ‘സീസറിലെ “”The fault, dear brutus, is not our stars…” എന്ന ഭാഗത്തു നിന്നും കടമെടുത്തിരിക്കുന്നു. തലക്കെട്ടുകള്‍ കടമെടുക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് Aldous Huxley ആണെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ “After many a Summer Dies the Swam’ ലോര്‍ഡ് ടെന്നിസണില്‍ നിന്നും കടമെടുത്തതാണ്. Antic Hay Beyond the Mexique Bay, The Doors of the perception, Eyeless in Gaza എന്നീ കൃതികളുടെയൊക്കെ തലക്കെട്ടുകള്‍ ഹക്‌സ്‌ലി മുന്‍ഗാമികളില്‍ നിന്നും കടംകൊണ്ടതാണ്. അതൊന്നും അദ്ദേഹത്തിന്റെ കൃതിയുടെ നിറം കെടുത്തുന്നില്ല. മറിച്ച് ഇംഗ്ലീഷ് സാഹിത്യത്തെ കൂടുതല്‍ പോഷിപ്പിക്കുകയാണു ചെയ്യുന്നത്.
ഇവിടെ ശ്രീകണ്ഠന്‍ കരിക്കകം ചെയ്യുന്നതും ഒരു ഭാഷാപോഷണം തന്നെ. നല്ല കഥകള്‍ ധാരാളം എഴുതി വായനക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റാറുള്ള കാഥികനാണ് ശ്രീകണ്ഠന്‍. ഈ കഥയിലും അദ്ദേഹം നമ്മെ നിരാശപ്പെടുത്തുന്നില്ല. ”ഞങ്ങള്‍ക്കിടയില്‍ കാലം ഒരു ആസ്തമാ രോഗിയായി നില്‍ക്കുകയാണ്. വലിച്ചു കയറ്റിയ ഒറ്റശ്വാസത്തില്‍ പിടിച്ചു കെട്ടിയപോലെ നില്‍ക്കുകയാണ്.” ഇതുവരെ ആരും ഉപയോഗിക്കാത്ത താരതമ്യം ചെയ്യല്‍. അനുപമമായ ഉപമ. ”ഞാന്‍ കാലത്തെ കല്ലാക്കി. പിന്നെ ആ കല്ലിന്റെ പുറത്തുകയറി ചുറ്റുംനോക്കി.” ഇതും മനോഹരമായ രൂപകം തന്നെ. ഇവിടെ കഥ കവിതയായി മാറുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, രണ്ടുതവണ വിവാഹം കഴിച്ച കാമുകിയെ, അവര്‍ വൃദ്ധയായിരുന്നിട്ടും പ്രണയിക്കുന്ന കാല്പനിക മനസ്സിനെക്കുറിച്ച് നമുക്ക് വിട്ടുകളയാം. അഭിനന്ദനം അര്‍ഹിക്കുന്ന കഥയാണ് ശ്രീകണ്ഠന്റേത്.
കഥകള്‍ രണ്ടും മനോഹരമാണെങ്കിലും ദേശാഭിമാനിയിലെ കവിത (ചുവപ്പ് – രാജഗോപാല്‍ നാട്ടുകല്‍) വളരെ ദയനീയമായിപ്പോയി. ‘ചുവപ്പു കണ്ട കാളയെപ്പോലെ’ എന്നൊരു ചൊല്ലുണ്ടല്ലോ! (കാളയ്ക്ക് ചുവപ്പു കാണാന്‍ കഴിവില്ലെന്ന് ഒരു സംഘം ശാസ്ത്രസാഹിത്യപരിഷത്തുകാര്‍ പുസ്തകങ്ങളില്‍ എഴുതിവച്ചതു വായിച്ച് പലരോടും ആ വിഡ്ഢിത്തം പറഞ്ഞു പോയിട്ടുണ്ട്. നിറങ്ങള്‍ കാണാന്‍ മനുഷ്യനെപ്പോലെ കഴിവില്ലെങ്കിലും കാളയ്ക്ക് നിറങ്ങളെ തിരിച്ചറിയാന്‍ കഴിയും എന്ന് ഈയടുത്ത് ആണ് ചില ജീവശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലായത്). ദേശാഭിമാനിയായതുകൊണ്ട് ചുവപ്പ, ചുവപ്പ് എന്നിങ്ങനെ ആവര്‍ത്തിച്ചാല്‍ കവിതയെ അവര്‍ നെഞ്ചേറ്റിക്കൊള്ളും എന്ന് ബുദ്ധിമാനായ രാജഗോപാല്‍ നാട്ടുകാലിന് അറിയാം. എന്നാല്‍ വായനക്കാര്‍ വിഡ്ഢികളല്ലെന്നു കവി മനസ്സിലാക്കണം. ചുവപ്പ് നന്മയുടെ പ്രതീകമേ അല്ല, അത് ചോരയുടേയും പ്രതികാരത്തിന്റെയും അടയാളമാണ്. കവികള്‍ മാനവികതയുടെ പക്ഷത്തു വേണം നില്‍ക്കാന്‍; തീവ്രവാദത്തോടൊപ്പം അല്ല. അതുകൊണ്ടുതന്നെ രക്തം, രക്തം! എന്നിങ്ങനെ ദുര്‍മന്ത്രവാദികളെപ്പോലെ ആര്‍ത്തുവിളിക്കാന്‍ കവികള്‍ ഇറങ്ങിത്തിരിക്കരുത്.
മാധ്യമം ആഴ്ചപ്പതിപ്പിലെ എം.എസ്. ബനേഷിന്റെ (ഡിസംബര്‍ 11-18) കവിത ‘ക്ഷാമ കാലത്തെ വാക്കുകള്‍’ ഒരു മുപ്പതു കൊല്ലം മുന്‍പ് എഴുതപ്പെട്ടിരുന്നെങ്കില്‍ നല്ല കവിതയെന്ന് കൊണ്ടാടപ്പെട്ടേനേ. ഇന്ന് അതിനൊന്നും പ്രസക്തിയില്ല. അക്കാലത്തെ ഇന്ത്യയില്‍ പട്ടിണി മരണങ്ങള്‍ പതിവായിരുന്നു. തീവ്ര ഇടതുപക്ഷങ്ങള്‍ എന്നു പറഞ്ഞിറങ്ങിയവര്‍ക്ക് ജനങ്ങളോടും രാജ്യത്തോടും ഇന്നത്തെ ഇടതുപക്ഷക്കാരേക്കാള്‍ സ്‌നേഹം ഉണ്ടായിരുന്നു. അവരില്‍ നല്ലൊരു വിഭാഗം രാജ്യത്തിന്റേയും ദരിദ്രരുടേയും ഉന്നമനം എന്ന ലക്ഷ്യത്തെ മനസ്സില്‍ വച്ച് ആരാധിച്ചിരുന്നു. എന്നാലിന്നോ ഇത്തരക്കാരുടെ കാപട്യം ഏവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ഇത്തരം കവിതയ്ക്കും പ്രസക്തിയില്ല.