നാലു മാസങ്ങള്‍ കടന്നു പോയി. കുംഭമാസം പിറന്നപ്പോഴേക്കും (1922 ഫെബ്രുവരി) നാട്ടിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പോലീസ് പരാജയപ്പെട്ടിടത്ത് ഗൂര്‍ക്കപ്പട്ടാളം ഇറങ്ങി. ലഹള നിഷ്‌ക്കരുണം അടിച്ചമര്‍ത്തി. ലഹളക്കാരെയും അവര്‍ക്ക് സൗകര്യം ചെയ്ത് കൊടുത്തവരേയും തേടിപ്പിടിച്ച് ജയിലിലാക്കി. കുറേ പേരെ അന്തമാനിലേക്ക് നാടുകടത്തി. ലഹളത്തലവന്മാരുടെ വാക്കുകള്‍ വിശ്വസിച്ച്, ഒഴിഞ്ഞുപോയ ഹിന്ദുക്കളാരും ഇനി തിരിച്ചു വരില്ല എന്ന് കരുതി മാപ്പിളമാര്‍ കയ്യേറി താമസിച്ചിരുന്ന വീടുകളെല്ലാം ഒഴിവായി. നാട്ടില്‍ യുദ്ധാനന്തര ശ്മശാന ശാന്തത കാണുമാറായി. ഒഴിഞ്ഞ് പോയവരൊക്കെ തിരിച്ചു വന്നു തുടങ്ങി. അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും പോലീസുകാരും അധികാരിയുമൊക്കെ വന്ന് എല്ലാവരെയും സ്വദേശത്തേക്ക് തിരിച്ചു പോവാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. പ്രായമായവരും രോഗികളും കൈക്കുഞ്ഞുങ്ങളുമായി പലരും അഭയസങ്കേതങ്ങളില്‍ മരണപ്പെട്ടു. ഗര്‍ഭിണികളായിരുന്നവര്‍ പ്രസവിച്ച് കൈക്കുഞ്ഞുങ്ങളുമായാണ് മടങ്ങിയത്. വിപരീത സാഹചര്യങ്ങളില്‍ ഒട്ടു വളരെ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രമുണ്ടായി.
കഴിവതും നന്മകള്‍ മാത്രം ചെയ്തിരുന്ന, ഒരു ദോഷവും ആര്‍ക്കും വരുത്തിയിട്ടില്ലാത്ത കാടംകുനിക്കാരുടെ കാര്യത്തില്‍ അത്തരം ദൗര്‍ഭാഗ്യമൊന്നുമുണ്ടായില്ല. തോണിക്കടവില്‍ നിന്നും കാലൊടിഞ്ഞിരുന്ന ഇട്ടിച്ചിര വല്ല്യമ്മക്ക് അത്യാവശ്യം നടക്കാമെന്നായി. പനോളിക്കര തറവാട്ടില്‍ നിന്നും യാത്ര പറയുമ്പോള്‍ ഇരുകൂട്ടരും തമ്മില്‍ ദൃഢമായൊരു ഹൃദയബന്ധം സ്ഥാപിച്ചിരുന്നു. വികാര വിക്ഷുബ്ധരായിരുന്നു എല്ലാവരും. സ്വദേശത്തേക്ക് മടങ്ങുന്ന സന്തോഷം ആതിഥേയരോടുള്ള കടപ്പാട്, ഉറ്റവരെ പിരിയുന്ന സങ്കടം എല്ലാം ചേര്‍ന്ന അന്തരീക്ഷം വിവരണാതീതമായിരുന്നു. “പോയി വരട്ടെ” എന്ന യാത്രാമൊഴി യാഥാര്‍ത്ഥ്യമാക്കാനുള്ള വഴികളെക്കുറിച്ചാണോ എന്നറിയില്ല, ഉണ്യേച്ചി അമ്മ ചിന്തയിലാണ്ടു. ആ മുഖത്ത് കണ്ണീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരിയുണ്ടായിരുന്നു. അഞ്ചാറ് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന നല്ല പ്രസരിപ്പുള്ള ഒരു കൊച്ചു സുന്ദരിയെ ചേര്‍ത്ത് പിടിച്ച് മൂര്‍ദ്ധാവില്‍ തലോടുമ്പോള്‍ ആ അമ്മയുടെ കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നുവോ! സമപ്രായക്കാരായ കൂട്ടുകാരെ പിരിയാന്‍ കിട്ടനും, കണാരനും (കൃഷ്ണനും, കരുണാകരനും) മാധവിക്കും, ചെറൂട്ടിക്കും മനസ്സ് വരുന്നില്ല. ഇരുട്ടിന്റെ മറവില്‍ ഒഴിഞ്ഞു പോന്നിടത്തേക്ക് പകല്‍ വെളിച്ചത്തിലവര്‍ നടന്നടുത്തു.
ചെത്ത്കടവ് കഴിഞ്ഞ് മലയമ്മ വരെ വിജനമായ സ്ഥലമാണ്. മലയമ്മ മുതല്‍ വഴിയ്ക്കിരുവശവും പ്രത്യേകിച്ചൊന്നും സംഭവിച്ചതായി തോന്നിയില്ല. മുട്ടയം, മുത്താലം, വട്ടോളിപ്പറമ്പ് ഭാഗങ്ങളില്‍ ചില വീടുകള്‍ കത്തിച്ചാമ്പലായിട്ടുണ്ട്. ആലകള്‍ ശൂന്യമാണ്. തിരിച്ചു വരുന്നവരും വന്നവരുമായ ആളുകളെ അങ്ങിങ്ങ് കാണാം. കരിവില്ലിപ്പാറയും, അരീപ്പറ്റ ഇടവഴിയും കടന്ന് കുഴിക്കലാട്ട് അമ്പലക്കണ്ടിയിലെത്തിയപ്പോഴാണ് നടുക്കുന്ന ആ കാഴ്ച കാണുന്നത്. അമ്പലം തകര്‍ന്ന് കിടക്കുന്നു. പനയോല മേഞ്ഞിരുന്ന ഭാഗം ഒരുപിടി ചാരമാണ്. ഉല്‍കണ്ഠയോടെയാണ് പിലാത്തോട്ടവും നാലുപുരക്കലും കടന്ന് കാടംകുനി എത്തിയത്.
അടുക്കളപ്പുര വീണുകിടക്കുന്നു. ഉമ്മറവാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ചിട്ടുണ്ട്. അകത്ത് കടന്ന് നോക്കി, പത്തായത്തിന്റെ പൂട്ടും പൊളിച്ചിട്ടുണ്ട്. ഒരു തരി നെല്ല് പോലും ബാക്കിയുണ്ടായിരുന്നില്ല. ആലയിലാണെങ്കില്‍ പശുക്കളും മൂരികളുമൊന്നുമില്ല. യാത്ര ചെയ്ത് ക്ഷീണിതരായ അവര്‍ ഈ അവസ്ഥ കണ്ട് തളര്‍ന്നിരുന്നു. കെട്ടും ഭാണ്ഡവുമൊക്കെ കോലായില്‍ വെച്ചു. വീടും പരിസരവും അടിച്ചു വൃത്തിയാക്കി. ചാണകം കുടഞ്ഞു. കരിയിലയും മറ്റും കണ്ടത്തില്‍ കൂട്ടി തീയിട്ടു.
അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കിയ അരിയും സാധനങ്ങളുമുള്ളത് ഒന്നോ രണ്ടോ ദിവസത്തേക്ക് കാണും. പ്ലാപൊത്തില്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങളൊക്കെ അവിടെത്തന്നെയുണ്ട്. അടുപ്പിലെ പുകയും കണ്ടത്തില്‍ കരിയില കത്തുന്ന പുകയും ആളനക്കവുമൊക്കെ കണ്ടിട്ടാവാം ആ മുടന്തിപ്പശു എവിടെ നിന്നോ എത്തി മുറ്റത്ത് വന്ന് “ഉമ്പേ” എന്ന് കരഞ്ഞത് കണ്ടപ്പോഴുള്ള സന്തോഷം പറയാവതല്ല. നല്ലവണ്ണം തടിച്ചു കൊഴുത്തിട്ടുണ്ട്. ആണുങ്ങള്‍ സന്ധ്യക്ക് ഗുളികന്‍കാവ് പുല്ലു ചെത്തി ചാണകം കുടഞ്ഞ് വിളക്ക് വെച്ചു. പ്രാര്‍ത്ഥിച്ചു. “ഗുരുകാരണവന്മാരെ! ഗുളികന്‍ കണ്ടാകര്‍ണ്ണന്മാരെ! ഞങ്ങളെത്തി. ദൈവാധീനം കൊണ്ട് ആളപായം ഒന്നും ണ്ടായില്ല. വ്ടുന്നങ്ങോട്ട് ഒക്കെ ഒന്നേന്ന് തൊടങ്ങണം. കാത്തോളണെ”………അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. യാത്രാക്ഷീണം …… അന്നെല്ലാവരും നേരത്തെ തന്നെ കിടന്നുറങ്ങി. മാസങ്ങള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ വെറും നിലത്ത് നിവര്‍ത്തിയിട്ട പായ അവര്‍ക്ക് പട്ടുമെത്തയായി…..
പിറ്റെ ദിവസം രാവിലെ ഉറക്കമെഴുന്നേറ്റു വന്നപ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ ഉദയസൂര്യന് പകരം വലിയൊരു ചോദ്യചിഹ്നത്തിന്റെ രൂപത്തിലുള്ള മേഘശകലമാണവര്‍ കണ്ടത്. അതെ, തുടര്‍ ജീവിതം തുറിച്ചു നോക്കുന്ന ഒരു ചോദ്യചിഹ്നം തന്നെയായിരുന്നു. കഴിഞ്ഞ നാലു മാസങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ടത് വര്‍ഷങ്ങള്‍ നീണ്ടുനിന്ന അധ്വാനത്തിലൂടെ നേടിയെടുത്തിരുന്ന ജീവനോപാധികളാണ്. തെങ്ങിലെ കരിക്ക് ഉള്‍പ്പെടെ അടര്‍ത്തി പോയിട്ടുണ്ട്. രണ്ട് മാസം കഴിഞ്ഞാല്‍ വിഷുപ്പക്ഷി വിത്തും കൈക്കോട്ടും പറഞ്ഞ് വരുമ്പോള്‍ കൃഷിയിറക്കാന്‍ വിത്തൊന്നും ശേഷിച്ചിട്ടില്ല. വാങ്ങാനാണെങ്കില്‍ പണവുമില്ല. നിത്യചെലവിന് പോലും വഴിയില്ല. ആരോടും ചോദിക്കാനുമില്ല. എല്ലാവരും തുല്യ ദു:ഖിതര്‍…. മാപ്പിള ലഹളയുടെ ഇരകള്‍ കൊടും പട്ടിണിയിലേക്ക്….!
പല കുടുംബങ്ങളിലും ഓടിയൊളിച്ച കുടുംബനാഥരടക്കം പലരും തിരിച്ചെത്തിയിട്ടില്ല. കൂലിപ്പണിക്ക് പോവാമെന്ന് വെച്ചാല്‍ പണിയെടുപ്പിക്കാന്‍ കര്‍ഷകരുടെ കൈവശം പണമോ, നെല്ലോ ഇല്ല. കുടപ്പനകള്‍ ധാരാളമുള്ള പ്രദേശമാണ്. മൂപ്പെത്തിയ പനകള്‍ ഒന്നൊന്നായി നിലം പൊത്തി. വെട്ടിപ്പൊളിച്ച് കൊണ്ട് വന്ന് തറച്ചിടിച്ച് കലക്കി പൊടിയെടുത്ത് വെരകി എടുക്കുന്ന പനങ്കഞ്ഞി മുഖ്യാഹാരമായി. പനമ്പൊടി ഉപയോഗിച്ച് വൈവിധ്യമാര്‍ന്ന പലഹാരങ്ങള്‍ ഉണ്ടാക്കുന്നതില്‍ വീട്ടമ്മമാര്‍ ഗവേഷണം നടത്തി.
ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ അയല്‍വാസികളും മുന്‍ സുഹൃത്തുക്കളുമായിരുന്ന മാപ്പിളമാര്‍ മെല്ലെ മെല്ലെ തറവാട്ടില്‍ വരാന്‍ തുടങ്ങി. അവരില്‍ പലരും പോലീസിനെയും പട്ടാളത്തെയും പേടിച്ച് നാടുവിട്ടവരാണ്, പോലീസ് പിടിച്ച് കേസാക്കി നാടുകടത്താന്‍ ശിക്ഷിക്കപ്പെട്ട് തിരിച്ചു വന്നവരുമുണ്ട്. ക്ഷേമാന്വേഷണത്തിനാണ് വരുന്നത്. തങ്ങള്‍ക്കാര്‍ക്കും ലഹളയില്‍ പങ്കില്ല എന്നും തെക്കരാണ് അക്രമങ്ങള്‍ കാട്ടിയതെന്നും അവരെ എതിര്‍ത്തിരുന്നുവെങ്കില്‍ ഞങ്ങളും ആക്രമിക്കപ്പെടുമായിരുന്നു എന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ തക്കിടി താളം പറഞ്ഞ് പിന്‍തിരിപ്പിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ബാക്കിയായത് എന്നും അവകാശപ്പെട്ടു. നെല്ലും പണവുമൊക്കെ കടം കൊടുക്കാന്‍ തയ്യാറായി. ഹിന്ദു വീടുകളില്‍ നിന്നും കൊള്ളയടിച്ച് കൊണ്ടുവെച്ച വഹ അവരുടെ ശേഖരത്തില്‍ ഉണ്ടായിരിക്കാം. താമരക്കുളങ്ങര പോക്കര് ഒരു പലക കട്ടിലും തലയിലേറ്റി വന്നു. “നായരെ ആ തെക്കമ്മാര് കാക്കാമ്മാര് പറഞ്ഞു. ങ്ങളൊന്നും ഞ്ഞി മടങ്ങി ബരൂലാന്ന്. വ്വടെ ഇസ്‌ലാം രാജ്യാക്കവാണ് ന്ന്. അത് ബിശ്വസിച്ച് ഞമ്മള് കൊണ്ടോയതാ. ങ്ങളേതായാലും ബന്ന്വല്ലോ! നിശീബ് തന്നെ. ദ് ങ്ങള് തന്നെ എടുത്തോളി”എന്നും പറഞ്ഞ് പോക്കര് നല്ല പുള്ളിയായി. ചിലര്‍ വെച്ച വാഗ്ദാനം വിത്തും പണവും തരാം, കൃഷി വിളവെടുക്കുമ്പോള്‍ പകുതി അവര്‍ക്ക് കൊടുത്താല്‍ മതി എന്നതായിരുന്നു. മറ്റു ചിലര്‍ വയലും പറമ്പും അവരെ ഏല്‍പ്പിച്ചാല്‍ തല്‍ക്കാലം കുറച്ച് പണം സഹായിക്കാം. വര്‍ഷാവര്‍ഷം പാട്ടവും തരാം. വേറെ ചിലര്‍ ഭൂമി വിലക്കെടുക്കാന്‍ തയ്യാറാണ്. വിത്തും പണവും വാങ്ങി വിളവെടുപ്പ് കാലത്ത് പകുതി കൊടുക്കാമെന്ന് വെച്ചാല്‍ ജന്മിക്ക് കൊടുക്കേണ്ട പാട്ടവും കഴിച്ചാല്‍ അധ്വാനിച്ചതിന് യാതൊരു ഫലവുമുണ്ടാവില്ല എന്ന് കാരണവന്മാര്‍ കണക്ക് കൂട്ടി. ഭൂമി പണയമായോ കാണമായോ ഏല്‍പ്പിച്ചു കൊടുത്താല്‍ തല്‍ക്കാലം ലഭിക്കുന്ന കാണപ്പണവും വിളവെടുപ്പ് കാലത്ത് പാട്ടവും ലഭിക്കും. സ്വന്തമായി പണിയെടുക്കുകയും വേണ്ട. അവര്‍ക്ക് തന്നെ പണിയെടുത്തു കൊടുത്താല്‍ വല്ലിയും (കൂലി) കിട്ടും. ഇതാണ് മെച്ചം എന്ന് കണ്ട് സ്ഥലം ഏല്‍പ്പിച്ചു കൊടുക്കാന്‍ തയ്യാറായി. ആ ഭൂമി എന്നെന്നേക്കുമായി കൈവിട്ടു പോവുകയാണെന്ന് ആ ശുദ്ധാത്മാക്കള്‍ മനസ്സിലാക്കിയിട്ടില്ല എന്നതായിരുന്നു ഈ ഇടപാടിന്റെ ദുരന്തം. തറവാട്ടു വക ധാരാളം മരങ്ങള്‍ ഉണ്ട്. പ്ലാവ്, മാവ്, തേക്ക്, കുന്നി തുടങ്ങിയ വന്‍ മരങ്ങള്‍. മാപ്പിള ചങ്ങാതിമാരുടെ കണ്ണ് അവയിലുടക്കി. വീടിന്റെ അറ്റകുറ്റപ്പണി, പെണ്‍കുട്ടികളുടെ കെട്ടുകല്ല്യാണം, മരണ അടിയന്തിരം, വിവാഹം തുടങ്ങിയ അടിയന്തരാവശ്യങ്ങള്‍ ഒന്നൊന്നായി വരാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറയുന്ന വിലക്ക് മരങ്ങളും ഒന്നൊന്നായി നിലം പതിച്ചു.
തറവാട് വീട് വാസയോഗ്യമാക്കാന്‍ പുതുക്കി പണിയേണ്ടി വന്നു. അതിന് മരങ്ങളും പറമ്പും വിറ്റ് പണം കണ്ടെത്തി. രണ്ട് മൂന്ന് വര്‍ഷങ്ങളിലെ കഠിനാധ്വാനം കൊണ്ടാണ്് ജീവിതം സാധാരണ നിലയിലേക്ക് വന്നത്. എങ്കിലും ആ കര്‍ഷക കുടുംബം കര്‍ഷക തൊഴിലാളികളായി മാറിയിരുന്നു.
പത്ത് വര്‍ഷം കഴിഞ്ഞു. വലിയമ്മമാരായ ഉണ്യോട്ടി അമ്മയും ഇട്ടിച്ചിര അമ്മയും ഉണ്യേച്ചി അമ്മയുടെ ഭര്‍ത്താവ് കൃഷ്ണന്‍ നായരും, സഹോദരന്‍ അപ്പുനായരും മരിച്ചു. പിന്നീട് തറവാട്ടിലെ ഏറ്റവും മൂത്ത അംഗം ഉണ്യേച്ചി അമ്മയാണ്. അവരുടെ മകന്‍ ലഹളക്കാലത്തെ പന്ത്രണ്ട് വയസ്സുകാരന്‍ കിട്ടന്‍ ഇപ്പോള്‍ ഇരുപത്തി രണ്ട് വയസ്സ് തികഞ്ഞ കൃഷ്ണന്‍ നായര്‍ എന്ന കര്‍ഷക യുവാവാണ്. ഒരു ദിവസം കാരണവരോട് ഉണ്യേച്ചി അമ്മ പറഞ്ഞു. ”കുഞ്ഞുണ്ണ്യേ! മ്പളെ കിട്ടന്റെ പുടമുറിയൊക്കെ ആലോചിക്കാനായീലെ? യ്യല്ലേ അയ്‌ന് മുന്നിട്ടിറങ്ങണ്ടത്?” കുഞ്ഞുണ്ണിനായര്‍ പറഞ്ഞു “കുട്ട്യേട്‌ത്യേ! ഞാനത് അങ്ങട് പറയണംന്ന് നെനച്ചതാ. മ്പക്കന്യേഷിക്ക്യാ,”.
ഉണ്യേച്ചി അമ്മ ചിന്തയിലാണ്ടു പതിയെ പറഞ്ഞു. “പനോളിക്കരക്കാരെ വെള്ളം കൊറേ കുടിച്ചതല്ലേ, മ്പള്? ആടെ അന്ന് നാലഞ്ച് കുട്ട്യോളെ കണ്ടീനു. നല്ല സ്‌നേഹള്ള കൂട്ടരാ. ആടെ ആ ദേവകീന്ന് പറഞ്ഞ കുട്ടീനെപ്പം കല്ല്യാണം കഴിക്കാനൊക്കെ ആയിറ്റ് ണ്ടാവും. യ്യൊന്ന് പോയ്യോക്ക്”. പത്ത് കൊല്ലം മുമ്പ് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ താന്‍ മൂര്‍ദ്ധാവില്‍ തലോടിയ ആ കുട്ടിയെ മനസ്സില്‍ താലോലിച്ചു കൊണ്ട് ആ അമ്മ പറഞ്ഞു.
കാരണവര്‍ക്ക് പൂര്‍ണ്ണസമ്മതം. അങ്ങിനെ ആ ആലോചന സഫലമായി. അധികം താമസിയാതെ ഒരു ശുഭമുഹൂര്‍ത്തത്തില്‍ കുഴിക്കലാട്ട് കാടംകുനി കൃഷ്ണന്‍ നായര്‍ പയിമ്പ്ര ദേശത്ത് പനോളിക്കര ദേവകി എന്ന പതിനഞ്ച്കാരിക്ക് ബന്ധുമിത്രാദികളുടെയും കാരണവന്മാരുടെയും സാന്നിധ്യത്തില്‍ പുടവ കൊടുത്തു. ആപത്ത് കാലത്ത് അഭയം നല്‍കിയ വീട്ടുകാരുമായി ദൃഢബന്ധം സ്ഥാപിച്ചു നന്ദി കാട്ടി.
(അവസാനിച്ചു)