കൊല്ലവര്‍ഷം 1097 തുലാമാസത്തിലെ കറുത്ത വാവ് ദിവസം (1921 നവംബര്‍ ഒന്നോ രണ്ടോ) കോഴിക്കോട് താലൂക്ക് നീലേശ്വരം ദേശത്ത് കുഴിക്കലാട്ട് കാടംകുനി തറവാട്ടില്‍ സന്ധ്യയ്ക്ക് ശേഷം ഉടനെ അത്താഴം കഴിഞ്ഞു. അന്ന് പകല്‍ മുഴുവന്‍ അവര്‍ക്ക് തിരക്കായിരുന്നു. ഉടുപടയും അരിയും ഉപ്പും മുളകും ഒക്കെ കെട്ടും ഭാണ്ഡവും മുറുക്കുക, പ്രായമുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും നിത്യവും കഴിക്കാനുള്ള മരുന്നുകളും എണ്ണയും ഉപ്പ് മാങ്ങയുമൊക്കെ ഭരണികളിലാക്കി ഇലവാട്ടി മുഖം പൊതിഞ്ഞ് കെട്ടി പനയോലയില്‍ പൊതിഞ്ഞ് വെക്കുക എന്നീ തിരക്കില്‍….
തറവാട്ട് കാരണവരായ കോമു എന്ന കുഞ്ഞുണ്ണി നായരും സഹോദരന്‍ അപ്പുനായരും സന്ധ്യക്ക് തന്നെ ഗുളികന്‍ കാവില്‍ വിളക്ക് വെച്ച് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. ‘ധര്‍മ്മ ദൈവങ്ങളെ, ഗുരുകാരണവന്മാരേ എന്ന് തിരിച്ചെത്തുമെന്നറിയില്ല. ഞങ്ങള്‍ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പോവ്വാണ്. പെണ്ണുങ്ങള്‍ക്കും മക്കള്‍ക്കും ആപത്തൊന്നുമില്ലാതെ വെക്കംതന്നെ മടങ്ങാന്‍ കഴിയണെ, കന്നുകാലികളെയൊക്കെ ലഹളക്കാരേം നരീന്റേം കണ്ണില്‍പെടാതെ പാലിച്ചോളണേ.’ കന്നിക്കൊയ്ത്ത് കഴിഞ്ഞ് പാട്ടം വടിച്ച് ബാക്കിയുള്ള നെല്ല് പത്തായത്തിലാണ്. പത്തായം പൂട്ടി താക്കോലും ചെമ്പ്, ഓട്ട് പാത്രങ്ങള്‍, വിളക്ക്, കിണ്ടി, കോളാമ്പി തുടങ്ങിയവ കാവിന്റെ തെക്ക്ഭാഗത്തുള്ള വലിയ പൊത്താച്ചി പ്ലാവിന്റെ ഒരാള്‍ക്ക് കടന്നിരിക്കാവുന്ന പൊത്തില്‍വെച്ച് ഇല്ലിക്കെട്ട്‌കൊണ്ട് മറച്ചുവെച്ചതാണ്. ആലയിലുള്ള രണ്ടേര് (രണ്ട് ജോഡി) മൂരികളെയും മൂന്ന് പശുക്കളെയും ഒരു കിടാവിനെയും കഴുത്തിലെ കുടുക്ക് അഴിച്ചു വിട്ടു. ഒരു പശു മുടന്തിയാണ്. കുഞ്ഞു പ്രായത്തില്‍ കുറുക്കന്‍ കടിച്ചതാണ്.
ഇടിവെട്ടോടുകൂടി തിമര്‍ത്ത് പെയ്ത തുലാവര്‍ഷത്തിന്റെ കലിതുള്ളല്‍ ഒന്നടങ്ങിയ നേരം നോക്കി രണ്ട് മൂന്ന് സുറൂംങ്കുറ്റിയുടെ 1 വെട്ടത്തില്‍ കെട്ടും ഭാണ്ഡവും കുണ്ടന്‍വടിയും ഓലക്കുടയുമായി ആ പതിനെട്ടംഗ സംഘം അഭയംതേടി ഇടവഴിയിലേക്കിറങ്ങി.
രണ്ട് മുത്തശ്ശിമാര്‍, ആറ് പുരുഷന്മാര്‍, അഞ്ച് ചെറുപ്പക്കാരികള്‍, പന്ത്രണ്ടും പത്തും വയസ്സുകാരായ രണ്ട് ആണ്‍കുട്ടികള്‍, പത്തും അഞ്ചും രണ്ടും വയസ്സുള്ള മൂന്ന് പെണ്‍കുട്ടികള്‍ ….നാലുപുരക്കലും പിലാത്തോട്ടത്തിലും ഒന്നും ആരുമില്ല. ചീവീടുകളുടെ കരച്ചിലും മിന്നാമിനുങ്ങിന്‍വെട്ടവും ഒന്നും ആരും ശ്രദ്ധിച്ചില്ല. കന്നിക്കൊയ്‌ത്തൊഴിഞ്ഞ വയല്‍ മുറിച്ചു നടന്ന് അരീപ്പറ്റ എടവഴിയിലൂടെ റോഡിലെത്തി. കരിവില്ലിപ്പാറയും കഴിഞ്ഞ് മാങ്ങാപൊയില്‍ കടന്നുപോവണം. മാങ്ങാപ്പൊയില്‍ കോയമ്മറിനെക്കുറിച്ച് ഏതാണ്ടൊക്കെ കേട്ടിട്ടുണ്ട്. പേടിക്കണം. രണ്ട് സുറൂംങ്കുറ്റികള്‍ ഊതിക്കെടുത്തി. കൂട്ടത്തില്‍ കുറച്ച് ധൈര്യശാലിയായ അപ്പുനായര്‍ തന്റെ കൈവശമുള്ള സുറൂങ്കുറ്റിയുമായി കുറച്ചുദൂരം മുമ്പോട്ട് നടന്ന് നില്‍ക്കും. ബാക്കിയുളളവര്‍ മിന്നല്‍ വെളിച്ചത്തില്‍ തപ്പിത്തടഞ്ഞ് അടുത്തെത്തിയാല്‍ വെളിച്ചക്കാരന്‍ പിന്നേം നടക്കും. കുറുക്കുവഴിക്ക് പോയാല്‍ മഠത്തില്‍ മൂസ്സക്കുട്ടിയുടെ പറമ്പിലൂടെയാണ് വേണ്ടൂരമ്പലത്തിനടുത്തെത്തേണ്ടത്. ആ വഴി ഒഴിവാക്കി റോഡിന് തന്നെ നടന്ന് മുത്തേരി വട്ടോളിപ്പറമ്പ് മുത്താലം വഴി നടക്കുകയാണ്. രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളെ മാറിമാറിയെടുത്ത്, കരയുമ്പോള്‍ വായപൊത്തി മുമ്പോട്ട് നടക്കുമ്പോള്‍ ആരും കാര്യമായൊന്നും മിണ്ടുന്നില്ല. പെണ്ണുങ്ങളുടെ കുശുകുശുപ്പ് പലപ്പോഴും ഉച്ചത്തിലാവുമ്പോള്‍ ആണുങ്ങള്‍ തിരികെ വന്ന് സ്വരം താഴ്ത്തി ശാസിക്കും. റോഡിന്നിരുവശത്തുമുള്ള ചുരുക്കം വീടുകളിലേ വെളിച്ചമുള്ളൂ. മുത്താലത്തെത്തിയപ്പോള്‍ ഇത് പോലെ രണ്ട് മൂന്ന് സംഘങ്ങളെക്കൂടി കണ്ടു. തമ്മില്‍തമ്മില്‍ ആരെന്നുപോലും ചോദിച്ചില്ല. കുറച്ച് കൂടി മുമ്പോട്ട് കാഞ്ഞിരത്തിങ്ങല്‍ (മുട്ടയം) വീണ്ടും കൂടുതല്‍ ആളുകളുണ്ട്. എല്ലാവരും ഒരേ ദിശയിലേക്ക് പടിഞ്ഞാറോട്ട്…ഇടിവെട്ടുന്നുണ്ട്.
ഭയപ്പാടോടെ എല്ലാം ഇട്ടെറിഞ്ഞ് ജീവന്‍ രക്ഷിക്കാനുളള ഓട്ടത്തില്‍ ദൈവത്തിന്റെ വെളിച്ചമായി മിന്നല്‍ പിണരുകള്‍ തുരുതുരാ മിന്നുന്നുണ്ട്. ശാപവാക്കുകള്‍, കുറ്റപ്പെടുത്തലുകള്‍, നാമജപം, ഏങ്ങിയേങ്ങിക്കരച്ചില്‍, പിഞ്ചു കുഞ്ഞുങ്ങളുടെ വാവിട്ടുകരയല്‍ മുന്നോട്ടും പിന്നോട്ടും ഓടുന്ന വികൃതി ചെക്കന്മാരെ അടക്കിനിര്‍ത്താനുള്ള വെപ്രാളം, ആള്‍ക്കൂട്ടത്തില്‍ കൂട്ടം തെറ്റിപ്പോവാതിരിക്കാനുള്ള വല്ല്യമ്മമാരുടെ ബേജാറ്…. വഴിയിലെ കുഴികളില്‍ നിറഞ്ഞ ചെളിവെള്ളം കാലില്‍ തട്ടിത്തെറിച്ച് മറ്റൊരാളുടെ ദേഹത്ത് പറ്റുമ്പോഴുള്ള ശകാരം……. മയില്‍ കുറ്റികളില്‍ തളര്‍ന്നിരിക്കുന്നവര്‍, നടന്നു തളര്‍ന്ന മുത്തശ്ശിമാരുടെ പരിദേവനം. ഓരോ സംഘങ്ങളും മറ്റു സംഘങ്ങളുമായി കൂടിക്കലരാതെ അകലം പാലിച്ചു. ഓരോ കൂട്ടവും എന്ത് കൂട്ടരാണെന്നറിയില്ലല്ലൊ! നാടും വീടും വിട്ട് ജീവനും മാനവും കയ്യില്‍ പിടിച്ചു കൊണ്ടുള്ള പലായനത്തിലും ജാതിക്കുശുമ്പ് ഉണര്‍ന്നു.
ഒന്നു മാത്രമവര്‍ക്കറിയാം, തങ്ങളുടെ ഈ നെട്ടോട്ടത്തിന് ഒരേ ഒരു കാരണം ലഹളയാണ്. പിടിച്ചു കൊണ്ടുപോവാനും കൊന്നുതള്ളാനും കൂട്ടത്തില്‍ കൂട്ടാനും ഓടിവരുന്ന മാപ്പിളമാര്‍ക്ക് ജാതി നോട്ടമില്ലെന്നും അവരുടെ കണ്ണില്‍ തങ്ങളെല്ലാവരും നിര്‍ബന്ധപൂര്‍വ്വം സ്വര്‍ഗത്തിലേക്ക് മാര്‍ക്കം കൂട്ടേണ്ട കാഫിറാണെന്നും അറിയാം. എന്നാല്‍ ജീവനും മാനവും വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കാന്‍ ഓടിപ്പോകുന്ന ഈ വിവിധ സംഘങ്ങള്‍ കല്ലും വടിയും വെട്ടുകത്തിയും കയ്യിലെടുത്ത് ഒന്നിച്ച് തിരിഞ്ഞു നിന്നാല്‍ “പര്‍ത്തിക്കുന്നവന്‍ പാഞ്ഞോളും” എന്ന മാര്‍ജ്ജാരശ്വാനന്യായം അവര്‍ക്കറിയില്ല. ഒരോ കൂട്ടവും എങ്ങോട്ടാണ് ഓടുന്നത് എന്നും തമ്മില്‍ ത്തമ്മില്‍ അറിയില്ല. എത്രയും വേഗം ചെറുപുഴ കടന്ന് (ചെത്ത്കടവ്) മാക്കൂട്ടത്തിലെത്തിയാല്‍ (കുന്ദമംഗലം) പിന്നെ പേടിക്കാനില്ല എന്നാണവരുടെ ആശ്വാസം. അവിടെ പോലീസ് സ്റ്റേഷനുണ്ട്, ബന്ധുക്കളും പരിചയക്കാരുമുണ്ട്. പുഴക്കടവുകളില്‍ കളരി അഭ്യാസികള്‍ – കുറഞ്ഞതോതില്‍ – കാവലുണ്ട്. പറച്ചിപ്പാറയും മലയമ്മയും കടന്ന് വലിയ പൊയിലും ചാത്തമംഗലവും പിന്നിട്ട് ചെത്ത്കടവിലെത്തിയപ്പോള്‍ സമയം പാതിര കഴിഞ്ഞിരുന്നു. പുഴയില്‍ വെള്ളം കൂടുതലാണ്. തോണിക്കാരന്‍ കടവിലില്ല. നൂറുകണക്കിനാളുകളാണ് കടവില്‍ തോണി കാത്ത് എത്തിയിട്ടുള്ളത്. കൂരാകൂരിരുട്ട്, മഴക്കോള് അടങ്ങിയിരിക്കുന്നു എന്നത് മാത്രമാണാശ്വാസം. ഒന്നിരിക്കാന്‍ പോലും സ്ഥലമില്ല. തോണിപ്പുര നിറയെ പുരുഷാരമാണ്. കുട്ടികളും വയസ്സന്മാരും കരച്ചിലും പിഴിച്ചിലും ബഹളമയം. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടവരുണ്ട്. മുറിവേറ്റ് കഷ്ടിച്ച് രക്ഷപ്പെട്ടവരുണ്ട്. തോണിക്കാരന്‍ ഇനി രാവിലെയേ എത്തുള്ളു. കാടംകുനി സംഘം കടവില്‍ നിന്ന് കുറച്ച് ഇപ്പുറം ഒരു പ്ലാവിന്‍ ചുവട്ടില്‍ ചെന്നിരുന്നു. നനഞ്ഞുകുതിര്‍ന്ന ചപ്പിലയില്‍ നിന്നും നനവ് അരിച്ച് കയറി. കൊതുകുകള്‍ കൂട്ടത്തോടെ ആക്രമിച്ചു. പിറ്റേന്ന് പുലര്‍ച്ചക്ക് തന്നെ തോണിക്കാരനെത്തി. തോണിയില്‍ കയറാന്‍ ആളുകള്‍ തിക്കിത്തിരക്കി. അറവുശാലയില്‍ നിന്ന് ഓടിരക്ഷപ്പെടാന്‍ വെമ്പുന്ന ബലിമൃഗങ്ങളെ പ്പോലെ….
തങ്ങളുടെ ഊഴം വന്നപ്പോള്‍ കാരണവര്‍ കുഞ്ഞുണ്ണ്യമ്മോന്‍ എല്ലാരെയും പിടിച്ച് തോണിയില്‍ കയറ്റി ഒട്ടുമിക്കവരും ആദ്യമായി തോണിയില്‍ കയറുന്നവരാണ്. യാത്രക്കാരുടെ വെപ്രാളം കാരണം തോണി ആടിയുലയുന്നു. ഒരുവിധം അക്കരെ എത്തി ഓരോരുത്തരും പരസ്പരം കൈപിടിച്ച് ഇറങ്ങിക്കൊണ്ടിരിക്കുകയാണ് അവിടെയും തിരക്കുകൂട്ടുന്നവരുണ്ട്. പെട്ടെന്ന് ഇട്ടിച്ചിര അമ്മ ( ഉണ്ണ്യോട്ടി അമ്മയുടെ ജ്യേഷ്ഠത്തി) കാല്‍ വഴുക്കി പുറത്തേക്ക് വിണു. എല്ലാവരും ചേര്‍ന്ന് പൊക്കിയെടുത്തു നോക്കിയപ്പോള്‍ കാല് നിലത്ത് വെക്കാന്‍ പറ്റാത്ത വേദന. ഒരടി നടക്കാന്‍ കഴിയില്ല. നേരം പരപരാന്ന് വളുത്ത് തുടങ്ങിയിട്ടേയുള്ളൂ. ആരൊക്കെയോ എവിടെയോ പോയി ഒരു മുളദണ്ഡ് കൊണ്ടുവന്നു. ഭാണ്ഡക്കെട്ടില്‍ നിന്ന് പുതപ്പ് വലിച്ചെടുത്തു. മഞ്ചല് പോലെ ദണ്ഡില്‍ കെട്ടി ഇട്ടിച്ചിര വല്ല്യമ്മയെ രണ്ട് പേര് ചുമലിലെടുത്ത് യാത്ര തുടര്‍ന്നു. വര്യട്ട്യാക്കും മാക്കൂട്ടവും കടന്ന് കാരന്തൂര് എത്തി. കൂടെയുണ്ടായിരുന്ന കുറെ സംഘങ്ങള്‍ ചെത്ത്കടവ് കടന്ന് പലവഴിക്ക് പിരിഞ്ഞു പോയിരുന്നു. നാട്ടുകാരാരോ പറഞ്ഞു, ഇവിടെ അടുത്ത് തന്നെ ഒരു കളരി ഗുരിക്കള്‍ ഉണ്ട്. വല്ല്യമ്മയെ അവിടെ കാണിക്കാം. അപ്പു അമ്മാവനും കരുണാകരനും കൂടി വല്ല്യമ്മയെ കാണിച്ച ഗുരുക്കളുടെ അടുത്ത് നിന്നു. ബാക്കിയുള്ളവര്‍ വടക്ക് ഭാഗത്തേക്ക് പുഴക്കടവ് ലക്ഷ്യമാക്കി നടന്നു. പൂനൂര്‍ പുഴയിലെ പാറക്കടവ് കടന്ന് പത്ത് മണിയോടെ പൈമ്പ്രയിലെ പനോളിക്കര വീട്ടിലെത്തി (ഇപ്പോഴത്തെ കുരുവട്ടൂര്‍ പഞ്ചായത്തിലാണ് പൈമ്പ്ര). അവിടത്തെ കാരണവര്‍ അവരുടെ പത്തായപ്പുരയില്‍ താമസിച്ചോളാന്‍ സമ്മതം നല്‍കി. കാരണവര്‍ പറഞ്ഞു “വിശേഷങ്ങളൊക്കെ പിന്നെ പറയാം. എല്ലാരും നല്ലോണം കുഴങ്ങീറ്റ്ണ്ട്. വെക്കം പല്ല് തേച്ച് കുളിക്കാന്‍ നോക്കിന്‍. കുറച്ച്കഴിഞ്ഞപ്പോഴേക്കും തറവാട്ടിലെ സ്ത്രീജനങ്ങള്‍ വലിയ പാത്രത്തില്‍ കഞ്ഞിയും കാന്താരിമുളകിന്റെ ചമ്മന്തിയും ഉണ്ടാക്കികൊണ്ടുവെച്ചു. ആര്‍ത്തിയോടെ കുടിക്കുന്ന ആ കഞ്ഞിയില്‍ ധാര ധാരയായി ഒഴുകിയ കണ്ണീരിന്റെ ഉപ്പും കലര്‍ന്നു. വീട്ടുകാര്‍ കൊറേ പനയോലപ്പായയും മെടഞ്ഞെടുത്ത തെങ്ങോലത്തടുക്കും കൊണ്ടുകൊടുത്തു. വലിയമ്മയെ കുരിക്കളെ കാണിക്കാന്‍ പോയവര്‍ ഇനിയും വന്നിട്ടില്ല. കാരണവര്‍ സമാധാനിപ്പിച്ചു. “ബേജാറാവേണ്ട ഇവിടുന്നൊരാളെ പറഞ്ഞയക്കാം. ങ്ങള് കൊറച്ച് സമാതാനപ്പെടിന്‍.” അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അവിടുന്നൊരാള്‍ കാരന്തൂര്‍ക്ക് പുറപ്പെട്ടു. ഉച്ച തിരിയാറായപ്പോള്‍ അപ്പു അമ്മാവനും കുരിക്കള്‍ കൂടെ അയച്ചുകൊടുത്ത മറ്റൊരാളും കരുണാകരനും തെരഞ്ഞു പോയ ആളും കൂടി വലിയമ്മയെ പുതപ്പ് മഞ്ചലില്‍ എടുത്ത് പനോളിക്കരയില്‍ എത്തിച്ചേര്‍ന്നു. പനോളിക്കരക്കാരും കടംകുനിക്കാരും പരസ്പരം പണ്ട് മുതലേ ഇണങ്ങര്‍2 സ്ഥാനം ഉള്ളവരാണ്. അങ്ങനെ മുന്‍പരിചയം ഉണ്ടായിരുന്നതിനാലാണ് മറ്റൊന്നും ചിന്തിക്കാതെ ഇങ്ങോട്ടു തന്നെ പോന്നത്.
ആ വീട്ടുകാര്‍ എവിടെന്നോ വലിയ രണ്ട് മൂന്ന് പാത്രങ്ങള്‍ സംഘടിപ്പിച്ച് കൊണ്ടുവന്നു. ചകിരിയും ചിരട്ടയും വിറകും മറ്റും കൊടുത്തു. തങ്ങള്‍ കൊണ്ടുവന്ന ഭാണ്ഡക്കെട്ടില്‍ അരിയും ഉപ്പും മുളകുമൊക്കെ ഒരു നാലഞ്ച് ദിവസത്തേക്ക് തികയും. അത് കഴിഞ്ഞാല്‍…..???.. അവിടെ അടുത്തുള്ള മറ്റ് വീടുകളിലും പല ഭാഗത്ത് നിന്നായി ഇത്തരം അഭയാര്‍ത്ഥികള്‍ എത്തിയിട്ടുണ്ട്. ആ ഗ്രാമത്തിന് താങ്ങാനാവുന്നതിലധികം ആളുകള്‍ ഉണ്ടാവും. ഏതായാലും തല്‍ക്കാലം ആരും ആരെയും കൈവിട്ടില്ല. ഒന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മുതിര്‍ന്ന പുരുഷന്മാര്‍ രണ്ടുപേര്‍ നേരവും തരവും നോക്കി നാട്ടില്‍ വന്നു നോക്കാന്‍ തീരുമാനിച്ചു. സ്ത്രീകളുടെ വിലക്ക് വകവെച്ചില്ല. ഭക്ഷണം കഴിക്കണ്ടേ? അഭയം തന്ന വീട്ടുകാര്‍ക്ക് എത്ര ദിവസം ഇവരെ പോറ്റാന്‍ കഴിയും? അങ്ങിനെ മൂന്നാം ദിവസം പുലര്‍ച്ചെ കുഞ്ഞുണ്ണി അമ്മോനും അളിയന്‍ കൃഷ്ണന്‍ നായരും (ഉണ്ണ്യേച്ചി അമ്മയുടെ ഭര്‍ത്താവ്) നാട്ടിലേക്ക് തിരിച്ചു.
ഹിന്ദു വീടുകളിലൊന്നും ആളനക്കമില്ല. ഏതാനും ചിലയിടത്ത് ആണുങ്ങള്‍ മാത്രമുണ്ട്. ലഹളക്കാരൊന്നും എത്തിയിട്ടില്ല. പരിചയമുള്ള ചില മാപ്പിളമാര്‍ “നായരെ, ങ്ങോട്ടൊന്നും എത്തീറ്റ്ല്ല. ന്നാലും ങ്ങള് കരുതിക്കോളിന്‍” എന്ന് പറഞ്ഞു. വാതില്‍ തുറന്ന് ഒരാള്‍ക്ക് എടുക്കാവുന്നത്ര നെല്ല് ചാക്കില്‍ കെട്ടി, മറ്റൊരു ചാക്കില്‍ വാഴക്കുലയും, പറമ്പില്‍ നട്ടിട്ടുണ്ടായിരുന്ന കാച്ചില്‍, ചേമ്പ് എന്നിവയും ശേഖരിച്ചു. തറവാട്ടിലെ പണിക്കാരനായ കണ്ണനെന്ന ചെറുപ്പക്കാരനെ കണ്ടെത്തി. കുറച്ച് സാധനങ്ങള്‍ അയാള്‍ക്ക് കുടിയില്‍ കൊടുക്കാനായി ഏല്‍പ്പിച്ചു. മറ്റൊരു ചാക്കിലും കൂടി നെല്ല് നിറച്ച് കണ്ണനും എടുത്തു. രാത്രി വൈകി മൂന്ന് പേരും പൈമ്പ്ര തിരിച്ചെത്തി. കണ്ണന്‍ അന്നവിടെ നിന്നു. പിറ്റേന്നു തിരിച്ചു പോന്നു.
പിറ്റേന്ന് ഒഴുകില്‍ ഇല്ലത്തെ കാര്യസ്ഥന്‍ കൂടിയായ കൃഷ്ണന്‍ നായര്‍ പറഞ്ഞു. “ഞാന്‍ കണ്ണന്റെ കൂടെ നാട്ടിലേക്ക് തിരിച്ചുപോവാം. ഇല്ലത്തിന്റെ താക്കോല്‍ എന്റെ കയ്യില്‍ തന്നിട്ടാണ് നമ്പൂതിരിമാര്‍ നാട് വിട്ടത്. മൂരികളും പൈക്കളുമൊക്കെ ആലയില്‍ കൂടാനുണ്ട്. സ്വന്തം തറവാടായ തെക്കേതൊടികയിലും ഒന്ന് നോക്കണം. പറ്റിയാല്‍ മൂന്നാലീസം അവിടെ എവിടെയെങ്കിലും നില്‍ക്കാം. പെണ്ണുങ്ങളൊന്നും ഇല്ലല്ലോ, ഒറ്റത്തടി നോക്കിയാല്‍ പോരേ?” രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഒക്കത്തും, അഞ്ചും എട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ ഇരുഭാഗത്തുമായി ഉണ്ണ്യേച്ചി അമ്മ ഭര്‍ത്താവിന്റെ കണ്ണിലേക്ക് നോക്കി കണ്ണുനിറച്ചു. അയാള്‍ ഒക്കത്തുള്ള കൊച്ചു ദേവകിയുടെ തലയില്‍ തലോടി കണ്ണന്റെ കൂടെ നടന്നു മറഞ്ഞു.
(തുടരും)
കുറിപ്പ്:
1. സുറൂങ്കുറ്റി: (ഓടത്തണ്ടില്‍ മണ്ണെണ്ണ ഒഴിച്ച് തുണികൊണ്ട് അടപ്പിട്ട് കത്തിക്കുന്ന പന്തം)
2. ഇണങ്ങര്‍: (പരസ്പരം രക്തബന്ധമില്ലാത്ത, പരമ്പരാഗതമായി വിശേഷാവസരങ്ങളില്‍ പരസ്പരം സഹവര്‍ത്തിക്കുന്ന കുടുംബങ്ങള്‍)